17 January Sunday

രാഷ്‌ട്രീയത്തിലെ ശരികൾക്കൊപ്പമാണ്‌ കേരളം

വെബ് ഡെസ്‌ക്‌Updated: Wednesday Dec 2, 2020

മുമ്പെങ്ങുമില്ലാത്ത രാഷ്‌ട്രീയ പ്രസക്തിയാണ്‌ ഇത്തവണ തദ്ദേശ തെരഞ്ഞെടുപ്പിന്‌. നിയമസഭാ തെരഞ്ഞെടുപ്പിന്റെ കർട്ടൺറൈസർ മാത്രമല്ലിത്‌, രാജ്യത്തിന്റെ ഭാവിയിലേക്കും വിരൽചൂണ്ടുന്നതാകും. ദശലക്ഷങ്ങൾ തെരുവിൽ പൊരുതുന്ന രാജ്യത്ത്‌ ഇടതുപക്ഷത്തിന്റെ ബദൽരാഷ്‌ട്രീയമാതൃക മുന്നോട്ടുവയ്‌ക്കുന്ന കേരളം ഇന്ത്യക്ക്‌ പ്രതീക്ഷയുടെ വെളിച്ചമാണ്‌. അതുകൊണ്ടാണ്‌ ഒരു ചെറിയ സംസ്ഥാനത്തെ പ്രാദേശിക തെരഞ്ഞെടുപ്പിന്‌ ഇത്രയേറെ ദേശീയ പ്രാധാന്യം. അതുകൊണ്ടുതന്നെയാണ്‌ വലതുപക്ഷ–-മുതലാളിത്ത ശക്തികളൊന്നാകെ സർവസന്നാഹങ്ങളുമായി ആ വെളിച്ചത്തെ തല്ലിക്കെടുത്താൻ രംഗത്തിറങ്ങിയിരിക്കുന്നത്‌.തദ്ദേശ തെരഞ്ഞെടുപ്പിന്റെ രാഷ്‌ട്രീയപ്രാധാന്യത്തെക്കുറിച്ച്‌ സിപിഐ എം സംസ്ഥാന സെക്രട്ടറിയുടെ ചുമതല വഹിക്കുന്ന, എൽഡിഎഫ്‌ കൺവീനർ കൂടിയായ എ വിജയരാഘവൻ ‘ദേശാഭിമാനി’യോട്‌ സംസാരിക്കുന്നു.

 

നടക്കാൻ പോകുന്നത്‌ തദ്ദേശ തെരഞ്ഞെടുപ്പാണ്‌. ദേശീയ, സംസ്ഥാന രാഷ്‌ട്രീയസാഹചര്യം ഒരു പ്രാദേശിക തെരഞ്ഞെടുപ്പിനെ എത്രത്തോളം സ്വാധീനിക്കും?

ദേശീയ, സംസ്ഥാന രാഷ്‌ട്രീയത്തിൽ വളരെ പ്രസക്തമായ വിഷയങ്ങൾ ഗൗരവപൂർവം ചർച്ചചെയ്യുന്ന തെരഞ്ഞെടുപ്പാണിത്‌. കേന്ദ്രസർക്കാർ സാധാരണക്കാരുടെ എല്ലാ അവകാശങ്ങളും കവർന്നെടുക്കുകയാണ്‌. സമൂഹത്തെ മതപരമായി ഭിന്നിപ്പിക്കാനാണ്‌ അവർ ശ്രമിക്കുന്നത്‌. പാർലമെന്ററി സംവിധാനത്തെ നിശ്ശബ്ദമാക്കി അമിതാധികാരത്തിലൂടെ നീങ്ങുകയാണ്‌. തൊഴിലാളികളും കർഷകരും പരിമിതമായ അവകാശങ്ങൾ നിഷേധിക്കുന്നതിനെ ചോദ്യംചെയ്‌ത്‌ തെരുവിലാണ്‌. പ്രതിരോധവും പ്രതിഷേധവും ശക്തമാകുന്നു‌. ശക്തമായ രാഷ്‌ട്രീയബദൽ ഉയർത്തുന്ന സംസ്ഥാനമാണ്‌ കേരളം. അതുകൊണ്ട്‌, ഇടതുപക്ഷ സർക്കാരിനുണ്ടാകുന്ന വർധിച്ച ജനപിന്തുണ ഇന്ത്യയിലെ ജനകീയ മുന്നേറ്റങ്ങൾക്ക്‌ കരുത്തുപകരും.

വികേന്ദ്രീകൃത ആസൂത്രണത്തിലൂടെ സാധാരണക്കാരുടെ സാമൂഹ്യസുരക്ഷയ്‌ക്കും സാമ്പത്തിക ഉന്നമനത്തിനും സഹായിക്കുന്ന രീതിയിൽ തദ്ദേശസ്ഥാപനങ്ങൾ മാറിയത്‌ ഇടതുപക്ഷ ഭരണത്തിലാണ്‌. പ്രതിവർഷം 40000 കോടിയോളം രൂപ വ്യത്യസ്ത പദ്ധതികളിലൂടെ നൽകുന്നുണ്ട്‌. സ്വതന്ത്രമായി പഞ്ചായത്തുകൾക്ക്‌ വിഭവസമാഹരണം നടത്താം. ഇത്‌ കേരളത്തിന്റെമാത്രം പ്രത്യേകതയാണ്‌. അതിനാൽ, തദ്ദേശസ്ഥാപനങ്ങളുടെ പ്രവർത്തനവും പ്രാദേശിക സാഹചര്യവും ചർച്ചയാക്കിയാലും എൽഡിഎഫിന്‌ അനുകൂലസ്ഥിതി തന്നെയാണ്‌.

ഭരണവിരുദ്ധവികാരം കാണുന്നില്ല എന്നത്‌ പൊതുവേ എല്ലാവരും അംഗീകരിക്കുന്നു‌. വികസന അജൻഡയെ ഭയപ്പെടുന്നതുകൊണ്ടാണോ പ്രതിപക്ഷം മറ്റ്‌ വിഷയങ്ങൾ ഉന്നയിക്കുന്നത്‌?

കേരളത്തിൽ സമഗ്രമായ സാമൂഹ്യമാറ്റത്തിനുള്ള പരിഷ്‌കരണങ്ങൾ നടപ്പാക്കിയത്‌ ഇടതുപക്ഷ സർക്കാരുകളാണ്‌. കാർഷിക ഭൂപരിഷ്‌കരണം, സമ്പൂർണ സാക്ഷരത, ജനകീയാസൂത്രണം തുടങ്ങി ഓരോ കാലത്തും അത്‌ കൂടുതൽ വിപുലമാക്കപ്പെട്ടു. നവീനമായ ശാസ്‌ത്രനേട്ടങ്ങളെ സാധാരണക്കാരന്‌ പ്രാപ്‌തമാക്കുന്ന വികസനമാണ്‌ എൽഡിഎഫ്‌ സർക്കാർ നടത്തുന്നത്‌. കേരളം നേടിയെടുത്ത നേട്ടങ്ങളെ ഗുണപരമായ പരിവർത്തനത്തിന്‌ വിധേയമാക്കി. വിദ്യാഭ്യാസം, ആരോഗ്യം തുടങ്ങിയ മേഖലകളിലെ പരിഷ്‌കരണം ആ ദിശയിലുള്ളതാണ്‌. വലിയ ജനപിന്തുണയാണ്‌ എൽഡിഎഫ്‌ സർക്കാരിന്‌ ലഭിക്കുന്നത്‌. പ്രതിപക്ഷത്തെ സംബന്ധിച്ച്‌ അചിന്തനീയമായ കാര്യമാണിത്‌. യുഡിഎഫിന്റെ രാഷ്‌ട്രീയ തകർച്ചയിലേക്കുതന്നെ കാര്യങ്ങൾ നീങ്ങുകയാണ്‌. കേന്ദ്ര അധികാരത്തിന്റെ തണലിൽ വളരാൻ ആഗ്രഹിക്കുന്ന ബിജെപിക്ക്‌ നേട്ടമുണ്ടാക്കാൻ കഴിയാതെ പോകുന്നത്‌ ജനങ്ങൾക്ക്‌ എല്ലാ മേഖലയിലും കരുതലായി പ്രവർത്തിക്കുന്ന സർക്കാർ ഇവിടെ ഉള്ളതുകൊണ്ടാണ്‌.

യുഡിഎഫിന്റെ തകർച്ച എത്രത്തോളമാണ്‌. കേരള കോൺഗ്രസ്‌ മാണി വിഭാഗം എൽഡിഎഫിലെത്തിയത്‌ എത്ര പ്രസക്തമാണ്‌?

പരമ്പരാഗതമായി യുഡിഎഫിനെ പിന്തുണച്ച വിവിധ ജനവിഭാഗങ്ങൾ ഇടതുപക്ഷത്തോട്‌ അടുക്കുന്നു. കാർഷികവിഷയങ്ങളിൽ സർക്കാർ സ്വീകരിച്ച സമീപനം കൃഷിക്കാർക്ക്‌ കൈത്താങ്ങായി. താങ്ങുവിലയും ഉൽപ്പന്ന സംഭരണവും പൊതുവിതരണ സമ്പ്രദായവും ഇല്ലാതാക്കാൻ കേന്ദ്രസർക്കാർ ശ്രമിക്കുമ്പോൾ ഈ മേഖലയിലെല്ലാം കൂടുതൽ സഹായങ്ങൾ നൽകിയത്‌ സർക്കാരിന്റെ സ്വീകാര്യത വർധിപ്പിച്ചു. കേരള കോൺഗ്രസ്‌ യുഡിഎഫ്‌ വിടുന്നത്‌ ഈ സാഹചര്യത്തിൽ കൂടിയാണ്‌. അനുദിനം ക്ഷീണിക്കുന്ന യുഡിഎഫിന്റെ തകർച്ചയുടെ വേഗത കൂട്ടിയ പ്രധാന ഘടകമാണിത്‌. തെരഞ്ഞെടുപ്പിൽ അത്‌ പ്രതിഫലിക്കും.

യുഡിഎഫ്‌ ക്ഷയിച്ചാൽ ബിജെപിയാണ്‌ വളർന്നുവരികയെന്നും അതിനാൽ തങ്ങൾക്ക്‌ വോട്ടുചെയ്യണമെന്നുമാണ്‌ ന്യൂനപക്ഷങ്ങൾക്കിടയിൽ യുഡിഎഫ്‌ പ്രചാരണം.

ബിഹാർ തെരഞ്ഞെടുപ്പോടെ വ്യക്തമായ ഒരുകാര്യമുണ്ട്‌. ബിജെപിവിരുദ്ധ സഖ്യത്തിലെ ഏറ്റവും ദുർബലമായ കണ്ണി കോൺഗ്രസാണ്‌ എന്നതാണത്‌. ബിജെപിവിരുദ്ധ പോരാട്ടത്തിലെ ഏറ്റവും വിശ്വാസ്യതയുള്ള ഘടകമാണ്‌ ഇടതുപക്ഷം. അവസരവാദപരമായ രാഷ്‌ട്രീയ നിലപാടുകളിലൂടെ പലപ്പോഴും ബിജെപിക്ക്‌ സഹായകമായ മൃദു ഹിന്ദുത്വനയമാണ്‌ കോൺഗ്രസ്‌ സ്വീകരിച്ചത്‌. ഇത്‌ ബിജെപിവിരുദ്ധ രാഷ്‌ട്രീയചേരിയെ ദുർബലപ്പെടുത്തി. വിശ്വാസ്യത നഷ്ടപ്പെട്ട കോൺഗ്രസ്‌ അവസരവാദം മറച്ചുവയ്‌ക്കാനാണ്‌ ഇത്തരം പ്രചാരവേല നടത്തുന്നത്‌. ജനങ്ങൾ ഇത്‌ വിശ്വാസത്തിലെടുക്കില്ല.

ഒരുവശത്ത്‌ ബിജെപിയുമായി ബാന്ധവം നിലനിർത്തി മറുവശത്ത്‌ വെൽഫെയർ പാർടിയുമായി പരസ്യമായ കൂട്ടുകെട്ടിലാണ്‌ യുഡിഎഫ്‌. ഇത്‌ ഇടതുപക്ഷത്തിന്റെ വിജയത്തെ ബാധിക്കുമോ‌?

രാഷ്‌ട്രീയമായി കോൺഗ്രസിന്റെ ചാഞ്ചാട്ട നിലപാടുകളുടെ ഗുണഭോക്താക്കൾ വർഗീയശക്തികളാണ്‌. ദീർഘനാളായി കോൺഗ്രസ്‌ ഇത്തരം സംഘടനകളുമായി ഉണ്ടാക്കിയ അവസരവാദസഖ്യം ജനകീയാടിത്തറ ദുർബലമാക്കി. ജാതിമത വർഗീയ ഘടകങ്ങളുടെ പിന്തുണയില്ലാതെ സ്വയം അസ്‌തിത്വമില്ലാത്ത ഒന്നാണ്‌ ഇന്നത്തെ കോൺഗ്രസ്‌. തെരഞ്ഞെടുപ്പുകളിൽ വിജയിക്കാൻ ബിജെപിമുതൽ ജമാഅത്തെ ഇസ്ലാമിവരെയുള്ളവരുമായി സഖ്യമുണ്ടാക്കാൻ കോൺഗ്രസിന്‌ ഒരു മടിയുമില്ല. കൂടുതൽ വലിയ തകർച്ചയിലേക്ക്‌ യുഡിഎഫിനെ ഇത്‌ എത്തിക്കും. നാടിന്‌ അപകടകരമായ ഇത്തരം കൂട്ടുകെട്ടുകൾ ജനങ്ങൾക്കുമുന്നിൽ നിരന്തരം തുറന്നുകാട്ടിയാണ്‌ എൽഡിഎഫ്‌ തെരഞ്ഞെടുപ്പിനെ നേരിടുന്നത്‌.

ബിജെപിയുമായി കൂട്ടുകച്ചവടം ഉറപ്പിക്കുന്നതാണ്‌ കേരളത്തിൽ കോൺഗ്രസിന്റെ രീതി. എന്നാൽ, കുറേ വർഷങ്ങളായി ഇത്തരം കൂട്ടുകെട്ടിനെ മുറിച്ചുകടന്ന്‌ വിജയിക്കാൻ എൽഡിഎഫിന്‌ കഴിയുന്നുണ്ട്‌. പിണറായി വിജയന്റെ നേതൃത്വത്തിലുള്ള സർക്കാരിന്റെ നല്ല പ്രവർത്തനങ്ങളെ ജനങ്ങൾ വിശ്വാസത്തിലെടുക്കുന്നു. വരാൻ പോകുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ ഇത്തരം കൂട്ടുകെട്ടിലൂടെ അധികാരം പിടിക്കാൻ യുഡിഎഫിന്‌ കഴിയാത്ത സാഹചര്യം രൂപപ്പെടുത്താൻ സർക്കാരിന്റെ പ്രവർത്തനത്തിന്‌ സാധിച്ചിട്ടുണ്ട്‌. രാഷ്‌ട്രീയത്തിലെ അവസരവാദ കൂട്ടുകെട്ടുകൾക്ക്‌ ജനങ്ങൾ ജീവിതാനുഭവങ്ങളുടെ പശ്‌ചാത്തലത്തിൽ മറുപടി നൽകും. രാഷ്‌ട്രീയത്തിലെ ശരികൾക്കൊപ്പമാണ്‌ കേരളം നിൽക്കുക.

ഈ തെരഞ്ഞെടുപ്പിൽ എൽഡിഎഫിന്‌ എത്രത്തോളം വിജയമുണ്ടാകും‌?

ചരിത്രത്തിലെ ഏറ്റവും വലിയ മുന്നേറ്റം ഇടതുപക്ഷത്തിന്‌ ഈ തെരഞ്ഞെടുപ്പിൽ ഉണ്ടാകും. സാമൂഹ്യസുരക്ഷാ പെൻഷൻ വഴി 60 ലക്ഷത്തോളം കുടുംബത്തെയാണ്‌ സർക്കാർ സഹായിക്കുന്നത്‌. രണ്ടര ലക്ഷത്തോളം കുടുംബത്തിന്‌ നല്ല വീടുകൾ നൽകി. സ്മാർട്ട്‌ ക്ലാസ്‌റൂമുകൾ, കോവിഡ്‌ പ്രതിരോധത്തിനായുള്ള ആധുനിക സംവിധാനങ്ങൾ, പ്രളയകാലത്തെ ജനകീയ പ്രതിരോധശൈലി, കിഫ്‌ബി വഴി 60000 കോടിയോളം രൂപയുടെ വികസനം എന്നിവ ശ്രദ്ധേയ നേട്ടങ്ങളാണ്‌. കോവിഡ്‌കാലത്ത്‌ ആരും പട്ടിണി കിടന്നില്ല. ജനങ്ങളെ പരിരക്ഷിക്കുകയും ജനങ്ങൾ പരിരക്ഷിക്കുകയും ചെയ്യുന്ന മുന്നണിയും സർക്കാരുമാണ്‌ കേരളത്തിലുള്ളത്‌.

യുഡിഎഫിന്റെ അഴിമതി പ്രധാന ചർച്ചാവിഷയമല്ലേ?

യുഡിഎഫ്‌ നേതാക്കൾക്കും എംഎൽഎമാർക്കുമെതിരെ കേവലം അഴിമതി ആരോപണങ്ങളല്ല, കൈയോടെ പിടിക്കപ്പെട്ട വസ്തുതകളാണ്‌. വിശദഅന്വേഷണത്തിനുശേഷം തെളിവുകൾ കണ്ടെത്തി പഴുതടച്ചാണ്‌ നടപടികൾ സ്വീകരിച്ചത്‌. ഒരുതരത്തിലുള്ള രാഷ്‌ട്രീയ പകപോക്കലും ഇടതുപക്ഷ രീതിയല്ല. പ്രതിപക്ഷനേതാവ്‌ ഉൾപ്പെടെയുള്ളവർക്ക്‌ പണം നൽകിയവർതന്നെ അക്കാര്യം വെളിപ്പെടുത്തി. മുസ്ലിംലീഗ്‌ എംഎൽഎ ലീഗുകാരുടെ പണമാണ്‌ തട്ടിയെടുത്തത്‌. അധികാരദുർവിനിയോഗം എത്രത്തോളം നടത്താമെന്നതിന്‌ മാതൃകയാണ്‌ ഇബ്രാഹിംകുഞ്ഞ്‌. യുഡിഎഫ്‌ ചെയ്‌തതിന്റെ ശിക്ഷ അവർക്ക്‌ ലഭിക്കാൻ പോകുന്നതേയുള്ളൂ. ആ മുന്നണിയുടെ ജീർണസംസ്‌കാരം വിചാരണ ചെയ്യപ്പെടും.

സർക്കാരിനെതിരെ നിരന്തരമായ വിവാദങ്ങളാണ്‌ പ്രതിപക്ഷവും ബിജെപിയും ഒരുവിഭാഗം മാധ്യമങ്ങളും ചേർന്ന്‌ ഉയർത്തുന്നത്‌. ഇത്തരം വിവാദങ്ങൾ എൽഡിഎഫിന്റെ ജയസാധ്യതയെ ബാധിക്കുമോ?

വിവാദങ്ങൾ സൃഷ്ടിച്ച്‌ ഇടതുപക്ഷത്തെ ദുർബലപ്പെടുത്താനാണ്‌ പ്രതിപക്ഷവും ഇടതുപക്ഷവിരുദ്ധ മാധ്യമങ്ങളും ശ്രമിക്കുന്നത്‌. വസ്തുതകളെ മറച്ചുവയ്‌ക്കാനും പൊതുബോധ നിർമിതിയെ മറ്റൊരു വഴിയിൽ തിരിച്ചുവിടാനുമാണ്‌ ശ്രമം. ഒറ്റപ്പെട്ട പ്രശ്‌നങ്ങൾക്കു ചുറ്റും തിരിഞ്ഞ്‌ മാസങ്ങളോളം വാർത്തകളും ചർച്ചകളും സംഘടിപ്പിച്ച്‌ ജനങ്ങളെ കബളിപ്പിക്കുന്ന രീതിയാണ്‌ പിന്തുടരുന്നത്‌. അഴിമതിരഹിതമായ സർക്കാരിനെ അപകീർത്തിപ്പെടുത്തി ദുർബലപ്പെടുത്താനുള്ള ശ്രമം വിജയിക്കില്ല. സർക്കാരിന്റെ വാക്കും പ്രവൃത്തിയും അതിലെ സുതാര്യതയും ജനങ്ങൾ തിരിച്ചറിയുകതന്നെ ചെയ്യും. അസത്യ പ്രചാരണത്തിന്‌ കേരളം കീഴ്‌പ്പെടില്ലെന്ന്‌ ജനവിധി തെളിയിക്കും.

തയ്യാറാക്കിയത്‌: വിജേഷ്‌ ചൂടൽ

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top