13 July Monday

"മുതലെടുപ്പ് രാഷ്ട്രീയത്തിന്റെ' സാമ്പത്തിക പാക്കേജ്

സന്തോഷ്‌ ടി വർഗീസ്‌Updated: Thursday May 14, 2020
എംഎസ്എംഇകള്‍ക്ക് പ്രഖ്യാപിച്ച മൂന്നുലക്ഷം കോടിരൂപയുടെ സിംഹഭാഗവും താരതമ്യേനെ ഉയർന്ന തലത്തിൽ ബിസിനസ്സ് നടത്തി വ്യാപാര സ്വഭാവത്തോടെ  പ്രവർത്തിക്കുന്ന ലക്ഷക്കണക്കിന് യൂണിറ്റുകൾക്ക് നൽകാനാണ് അവയുടെ നിർവചനം മാറ്റുന്നത്.രാജ്യത്തെ അസംഘടിത-അനൗപചാരിക മേഖലയിൽ പണിയെടുക്കുന്ന  അതിഥി തൊഴിലാളികളുൾപ്പടെയുള്ളവരുടെ ദയനീയ സ്ഥിതിയും സാധാരണ ജനവിഭാഗങ്ങളുടെ കൈകളിലേക്ക് പണമെത്തിക്കുന്നതിനുള്ള പരിപാടികളും  കേന്ദ്ര സർക്കാരിന്റെ ആലോചനയിൽപോലും ഇല്ലെന്ന കാര്യം മഹാമാരിയേക്കാൾ വലിയ വെല്ലുവിളിയായി മാറുകയാണ്...സന്തോഷ്‌ ടി വർഗീസ്‌ എഴുതുന്നു.

ഹാമാരി സൃഷ്ടിച്ച പ്രതിസന്ധി മറികടക്കുന്നതിനു വേണ്ടി ജിഡിപിയുടെ 10% തുകയ്ക്കുള്ള രണ്ടാംഘട്ട സാമ്പത്തിക പാക്കേജ് പ്രധാനമന്ത്രി പ്രഖ്യാപിച്ചപ്പോൾ അത് മുൻപ്  മഹാമാരിയുടെ പേരിൽ നടപ്പാക്കിയ മുതലെടുപ്പ് ശ്രമങ്ങളുടെ തുടർച്ചയായി മാറുമെന്ന് ആരും കരുതിയിട്ടുണ്ടാവില്ല. ജിഡിപിയുടെ 10 ശതമാനം വരുന്ന സാമ്പത്തിക പാക്കേജ് പ്രധാനമന്ത്രി പ്രഖ്യാപിച്ചപ്പോൾ മോശമല്ലാത്ത സാമ്പത്തിക ഇടപെടൽ സമ്പദ് വ്യവസ്ഥയിൽ നടത്താൻ പോകുന്നുവെന്ന വിലയിരുത്തലാണ് പൊതുവെയുണ്ടായത്. സമ്പദ് വ്യവസ്ഥയിൽ സർക്കാർ നടത്തുന്ന ഇടപെടലുകളോട് വലിയ രീതിയിൽ എതിർപ്പ് പ്രകടിപ്പിക്കുന്ന അമേരിക്ക പോലും സമ്പദ് വ്യവസ്ഥയുടെ 10 ശതമാനത്തിനുമേലുളള തുകയും,  ജപ്പാൻ  21 ശതമാനം തുകയുമാണ് സാമ്പത്തിക പാക്കേജിനായി പ്രഖ്യാപിച്ചതെന്ന വസ്തുത പരിഗണിക്കുമ്പോൾ ഈ രണ്ടു വികസിത രാജ്യങ്ങൾ നേരിടുന്നതിനേക്കാളും വലിയ പ്രതിസന്ധി നേരിടുന്ന നമ്മുടെ രാജ്യത്തിന്  മതിയായ അളവിലുള്ള സാമ്പത്തിക പാക്കേജാണ് പ്രധാനമന്ത്രി പ്രഖ്യാപിച്ചതെന്ന് പറയാന്‍ കഴിയില്ല. എങ്കിൽ കൂടി  'മോശമല്ലാത്ത പാക്കേജെന്ന' രീതിയിൽ പൊതുവേ പ്രഖ്യാപനം സ്വാഗതം ചെയ്യപ്പെടുകയാണുണ്ടായത്.

എന്നാൽ പാക്കേജിന്റെ വിശദാംശങ്ങൾ അറിയിച്ചുകൊണ്ടുള്ള ധനമന്ത്രിയുടെ പത്രസമ്മേളനം എല്ലാ പ്രതീക്ഷകളും തെറ്റിച്ചെന്നുമാത്രമല്ല രാഷ്ട്രീയതാൽപ്പര്യങ്ങൾ കുറുക്കുവഴിയിൽ  നടത്തിയെടുക്കാനുള്ള കേവലം മുതലെടുപ്പ് ശ്രമങ്ങൾ മാത്രമായി അധ:പധിക്കുകയാണ് ചെയ്തിരിക്കുന്നത്.
 
ആദ്യമായി ഇത്തരമൊരു മുതലെടുപ്പ് ശ്രമം നടന്നത് ഏപ്രിൽ ആറാം തിയ്യതി നടന്ന കേന്ദ്രമന്ത്രിസഭായോഗ തീരുമാനത്തെ തുടർന്നായിരുന്നു.  പ്രതിസന്ധി മറികടക്കാനെന്ന പേരിൽ  രണ്ട് സുപ്രധാന തീരുമാനങ്ങൾ  അന്ന് പ്രഖ്യാപിച്ചിരുന്നു.   പ്രധാനമന്ത്രിയുടെയും മന്ത്രിസഭാ അംഗങ്ങളുടെയും പാർലമെന്റ് അംഗങ്ങളുടെയും ശമ്പളത്തിൽ  30 ശതമാനം കുറവ് വരുത്തുക, പാർലമെന്റ് അംഗങ്ങളുടെ  പ്രാദേശിക വികസന പരിപാടികൾക്കുള്ള വിഹിതം  രണ്ടു വർഷത്തേക്ക് പൂർണ്ണമായും വെട്ടിക്കുറയ്ക്കുക എന്നിവയായിരുന്നു  അവ.  ഈ രണ്ടു നടപടികളിലൂടെയും ഏതാണ്ട് 7900 കോടിരൂപയാണ് അന്ന് കേന്ദ്ര ഖജനാവിലേക്ക് മുതൽകൂട്ടിയത്.   പ്രസ്തുത തുകകൊണ്ട് 
നടത്താൻ കഴിയുന്ന പുതിയ ചെലവുചെയ്യൽ   പരിപാടികളൊന്നും അന്ന്  പ്രഖ്യാപിക്കാതിരുന്നതിനാൽ മനസ്സിലാക്കാൻ കഴിയുന്ന ഒരേഒരു കാര്യം  അത് കേന്ദ്രസർക്കാരിന്റെ അധികവരുമാനമായി മാറിയെന്നതുമാത്രമാണ്.  ചുരുക്കിപ്പറഞ്ഞാൽ,  മഹാമാരി സൃഷ്ടിച്ച പ്രതിസന്ധിയിൽ നിന്നും ധനകാര്യ മുതലെടുപ്പ് നടത്തുകയായിരുന്നു കേന്ദ്ര സർക്കാർ അന്ന് ചെയ്തത്.
 
"ശമ്പളം വെട്ടിക്കുറയ്ക്കൽ" നടപടിയിലൂടെ രാജ്യത്തെ സ്വകാര്യ-അസംഘടിത -അനൗപചാരിക മേഖലകളിൽ   പ്രവർത്തിക്കുന്ന ജീവനക്കാരുടെയും തൊഴിലാളികളുടെയും തുച്ഛമായ ശമ്പളവും കൂലിയും  വെട്ടിക്കുറയ്ക്കാൻ സ്വകാര്യ തൊഴിൽദാതാക്കൾക്ക് പരോക്ഷമായി അനുവാദം നൽകുകയെന്ന  ലക്ഷ്യമായിരുന്നു   കേന്ദ്ര സർക്കാർ നടപ്പിൽ വരുത്തിയത്. അതോടൊപ്പം തന്നെ പരോക്ഷസമ്മർദ്ദത്തിലൂടെ മറ്റ്  സംസ്ഥാന സർക്കാരുകളെകൂടി ശമ്പളം വെട്ടിക്കുറയ്ക്കുന്ന തീരുമാനങ്ങളിലേക്ക് വലിച്ചിഴയ്ക്കാനും അതുവഴി അത്യന്തികമായി രാജ്യമെമ്പാടും കൂലി വെട്ടിക്കുറയ്ക്കാൻ വെമ്പൽകൊണ്ട് നിൽക്കുന്ന സ്വകാര്യ മേഖലയ്ക്ക്  സർവ്വപിന്തുണയും നൽകുകയെന്ന ഗുപ്ത ലക്ഷ്യവുമായിരുന്നു മഹാമാരിയുടെ പേരിൽ നടപ്പാക്കിയെടുത്തത്. എന്നാൽഇത്തരം രാഷ്ട്രീയപരമായ മുതലെടുപ്പ് ശ്രമങ്ങൾ  വീണ്ടുമുണ്ടാകുമെന്ന് ആരും സ്വപനത്തിൽ പോലും പ്രതീക്ഷിച്ചിരുന്നില്ല. 
 
എംഎസ്എംഇ നിർവചന മാറ്റം ദുരുദ്ദേശപരം
 
എംഎസ്എംഇ യൂണിറ്റുകൾക്ക്  യാതൊരു ഈടും ആവശ്യപ്പെടാതെ വായ്പ നൽകാൻ മൂന്നു ലക്ഷം കോടി രൂപ അനുവദിക്കുമെന്നതാണ് ഏതാണ്ട് ആറു ലക്ഷം കോടി രൂപയുടെ സാമ്പത്തിക പാക്കേജ് വിശദീകരിച്ചു കൊണ്ട് ധനമന്ത്രി നടത്തിയ പ്രഖ്യാപനത്തിലെ മുഖ്യമായ കാര്യം. മൂന്നു ലക്ഷം കോടി രൂപയുടെ പാക്കേജ് ആദ്യഘട്ടത്തിൽ പ്രഖ്യാപിച്ച സ്ഥിതിക്ക് 11 ലക്ഷം കോടി രൂപയുടെ വിശദാംശങ്ങൾ കൂടി താമസിയാതെ പുറത്തുവരുമെന്ന് പ്രതീക്ഷിക്കാം. 
 
 
എന്നാൽ എംഎസ്എംഇ മേഖലയിൽ ഘടനാപരമായ മാറ്റം പ്രഖ്യാപിച്ചു കൊണ്ടാണ് ഈ വമ്പൻ ധനസഹായം നടപ്പിൽ വരുത്താൻ ഉദ്ദേശിക്കുന്നതെന്നത് ശ്രദ്ധിക്കേണ്ടതുണ്ട്. കേന്ദ്ര സർക്കാരിന്റെ രാഷ്ട്രീയ താല്പര്യങ്ങൾ നടത്തിയെടുക്കാൻ വേണ്ടിയുള്ള  പരിപാടിയാണ് മഹാമാരിയുടെ പ്രതിസന്ധി ഘട്ടത്തിൽ നടത്തുന്ന എംഎസ്എംഇ (മൈക്രോ, സ്മോൾ ആൻഡ് മീഡിയം സ്കെയിൽ എന്റർപ്രൈസ്) യൂണിറ്റുകളെ വിറ്റുവരവിന്റെ (ടേണോവർ) അടിസ്ഥാനത്തിൽ പുനർനിർവചിക്കാനുള്ള ശ്രമങ്ങൾ  2015 മുതൽ തന്നെ കേന്ദ്ര സർക്കാർ  ആരംഭിച്ചതാണ്.2015 ഡിസംബർ മുതലാണ് ഇതിനുള്ള കൊണ്ടു പിടിച്ച ശ്രമങ്ങൾ തുടങ്ങിയത്. ഇതുസംബന്ധിച്ച ഭേദഗതി ബിൽ അന്ന് ലോക്സഭയിൽ അവതരിപ്പിച്ചിരുന്നെങ്കിലും കടുത്ത എതിർപ്പിനെ തുടർന്ന് പിൻവലിക്കുകയായിരുന്നു. പിന്നീട്  2018 ജൂലൈയിലും ഇതിനുള്ള ശ്രമങ്ങൾ നടത്തിയെങ്കിലും വിജയിക്കാനായില്ല. സംഘപരിവാർ സംഘടനയായ "ലഘു ഉദ്യോഗ് ഭാരതി" അടക്കമുള്ളവരുടെ ശക്തമായ എതിർപ്പിനെ തുടർന്ന് തീരുമാനം മാറ്റിവയ്ക്കുകയായിരുന്നു.
 
അത്തരമൊരു സാഹചര്യത്തിലാണ് 2018 ഡിസംബറിൽ റിസർവ്വ് ബാങ്ക് മുൻ ബീഹാർ കേഡർ ഐഎഎസ് ഉദ്യോഗസ്ഥനും സെബിയുടെ ചെയർമാനുമായിരുന്ന ഉപേന്ദ്ര കുമാർ സിൻഹയുടെ നേതൃത്വത്തിൽ ഒരു എം.എസ്.എം.ഇ  വിദഗ്ധ സമിതിയെ നിയമിച്ചത്. എംഎസ.എംഇ മേഖലയുടെ വ്യവസ്ഥാപിതമായ ഘടന 
പുനഃപരിശോധിക്കുകയെന്നതായിരുന്നു സമിതിയുടെ ഒന്നാമത്തെ പരിഗണനാ വിഷയം. രോഗി ഇച്ഛിച്ചതും വൈദ്യൻ കൽപ്പിച്ചതുമെന്നപോൽ വിറ്റുവരവിന്റെ അടിസ്ഥാനത്തിൽ മേഖലയെ നിർവചിക്കണമെന്ന സർക്കാർ താൽപര്യം തികച്ചും യുക്തിഭദ്രമാണെന്ന് അടിവരയിട്ട് സമർത്ഥിക്കുന്നതായിരുന്നു 2019 ജൂൺ മാസം 'വിദഗ്ദ്ധ സമിതി' സമർപ്പിച്ച റിപ്പോർട്ട്

അതിന്റെ തുടർച്ചയായി, പാർലമെന്റിന്റെ 2020ലെ ബജറ്റ് സമ്മേളനത്തിൽ എം.എസ്.എം.ഇ യൂണിറ്റുകളെ  വിറ്റുവരവിന്റെ  അടിസ്ഥാനത്തിൽ പുനർനിർവചിക്കാൻ കേന്ദ്ര ക്യാബിനറ്റ് തീരുമാനിച്ചതായി നിതിൻ ഗഡ്കരി രാജ്യസഭയിൽ പ്രഖ്യാപിച്ചിരുന്നു. കോൺഗ്രസ് അംഗമായ ജയറാംരമേശ് ജിഎസ്‌ടിയുടെ സുഗമമായ നടത്തിപ്പിന് ഈ നിർവചന മാറ്റം അനിവാര്യമാണെന്നാണ് അഭിപ്രായപ്പെട്ടത്. പക്ഷേ എംഎസ്എംഇ മേഖലയിൽ നിന്നുയർന്ന കടുത്ത എതിർപ്പിനെത്തുടർന്ന് കേന്ദ്രസർക്കാരിന് മുന്നോട്ടു പോകാൻ കഴിഞ്ഞിരുന്നില്ല.

കോവിഡ് മഹാമാരി സൃഷ്ടിച്ച പ്രതിസന്ധി കേന്ദ്രസർക്കാർ തീരുമാനം നടപ്പാക്കാനുള്ള ഏറ്റവും അനുയോജ്യമായ സാഹചര്യമാണെന്ന് തിരിച്ചറിഞ്ഞു കൊണ്ടാണ് ഈ നിർവചന മാറ്റം ഇപ്പോൾ പ്രഖ്യാപിച്ചിരിക്കുന്നത്. യഥാർത്ഥത്തിൽ കേന്ദ്ര സർക്കാരിന്റെ രാഷ്ട്രീയപരമായ താൽപ്പര്യങ്ങൾ നേടിയെടുക്കുന്നതിനുള്ള മുതലെടുപ്പ് തീരുമാനം മാത്രമാണിത്.
 
ഇതിനുമുമ്പ് വരെ എം.എസ്.എം.ഇ യൂണിറ്റുകളെ അവയുടെ ഉൽപാദനത്തിന് ആവശ്യമുള്ള  'യന്ത്രസാമഗ്രികൾക്കും അനുബന്ധ സൗകര്യങ്ങൾക്കുമായി' (പ്ലാന്റ് ആൻഡ് മെഷ്യനറി) നടത്തിയിരിക്കുന്ന നിക്ഷേപ തുകയുടെ അടിസ്ഥാനത്തിലിരുന്നു  തരംതിരിക്കുകയും നിർവചിക്കുകയും ചെയ്തിരുന്നത്.  യഥാർത്ഥത്തിൽ, ഇൻഡസ്ട്രിയൽ ഡെവലപ്മെന്റ് ആൻഡ് റെഗുലേഷൻ ആക്ട് (ഐ.ഡി.ആർ) 1951 പ്രകാരം ഒരു വ്യവസായ യൂണിറ്റിൽ ജോലി ചെയ്യുന്ന തൊഴിലാളികളുടെ എണ്ണത്തിന്റെ അടിസ്ഥാനത്തിലാണ് അവയെ ചെറുകിട ഇടത്തരം  യൂണിറ്റുകളെന്ന്  നിർവചിക്കേണ്ടത് .

എന്നാൽ തൊഴിലാളികളുടെ എണ്ണത്തിന്റെ  കാര്യത്തിൽ വിശ്വസനീയമായ കണക്കുകൾ ലഭിക്കാത്ത സാഹചര്യത്തിലാണ് 'യന്ത്രസാമഗ്രികളും അനുബന്ധ സൗകര്യങ്ങൾക്കുമായി' നടത്തിയിരിക്കുന്ന നിക്ഷേപത്തുക തൊഴിലാളികളുടെ എണ്ണത്തിന്റെ   സൂചകമായി കണക്കാക്കി യൂണിറ്റുകളെ നിർവചിക്കാൻ  തീരുമാനിച്ചത്. എന്നാൽ കഴിഞ്ഞ കുറെ നാളുകളായി വിശേഷിച്ച് ജി.എസ്.ടി നടപ്പിലാക്കിയതിനുശേഷം ഈ നിർവചനത്തിൽ മാറ്റം  വരുത്താനുള്ള ശ്രമങ്ങൾ പല ഭാഗത്തുനിന്നും കാര്യമായി തന്നെ ഉയരുന്നുണ്ടായിരുന്നു.
 
വിറ്റുവരവിന്റെ അടിസ്ഥാനത്തിൽ നാമമാത്ര--ചെറുകിട--ഇടത്തരം യൂണിറ്റുകളെ നിർവചിക്കാൻ തുടങ്ങിയാൽ ഉത്പാദനപ്രക്രിയയിൽ ഏർപ്പെടാതെതന്നെ വിദേശ രാജ്യങ്ങളുൾപ്പെടെയുള്ള സ്രോതസ്സുകളിൽ നിന്ന് കുറഞ്ഞ വിലയ്ക്ക് ഉത്പന്നങ്ങൾ ശേഖരിക്കുകയും രാജ്യത്തിനകത്ത് വിറ്റഴിക്കുകയും ചെയ്യുന്ന അസ്സൽ വ്യാപാര സ്വഭാവമുള്ള യൂണിറ്റുകൾ "എംഎസ്എംഇ" വിഭാഗത്തിൽ കടന്നുകയറുകയും ഉത്പാദനത്തിന് ഊന്നൽ നൽകുന്ന യൂണിറ്റുകളെ നിഷ്കാസനം ചെയ്യുമെന്നുമുള്ള ആശങ്കയായിരുന്നു  വ്യാപകമായി ഉയർന്നുവന്ന എതിർപ്പിന്റെ കാരണം. ഉത്പാദന പ്രക്രിയയ്ക്കും തൊഴിൽ സൃഷ്ടിക്കുന്നതിനും ഊന്നൽ നൽകുന്നതായിരുന്നു ഐ.ഡി.ആർ ആക്ട് പ്രകാരമുള്ള നിർവ്വചനം.
 
യഥാർത്ഥത്തിൽ ഉൽപാദനമേഖലയെ ശക്തിപ്പെടുത്തുന്നതിനും "മെയ്‌ക്ക് ഇൻ ഇന്ത്യ" പദ്ധതിക്ക് ശക്തി പകരുന്നതിനും പഴയ നിർവചനമായിരുന്നു അനുയോജ്യമായത്. എന്നാൽ ജിഎസ്‌ടി നടപ്പിലാക്കിയതോടുകൂടി യൂണിറ്റുകളുടെ വിറ്റുവരവിന്റെ കണക്കുകൾ കമ്പ്യൂട്ടർ ശൃംഖലയിൽ ലഭ്യമായി തുടങ്ങി. വാർഷിക വിറ്റുവരവ് കണക്കുകൾ ലഭ്യമായതോടുകൂടി ബിസിനസ് യൂണിറ്റുകളുടെ  തരംതിരിക്കൽ  എളുപ്പമായിമാറി. പഴയ നിർവചനമനുസരിച്ച് യൂണിറ്റുകളെ കൃത്യമായി തരംതിരിക്കണമെങ്കിൽ ഫീൽഡ് വിസിറ്റ് അടക്കമുള്ള നിരവധി പരിശോധനകൾ നടത്തിയെങ്കിൽ മാത്രമേ കഴിയുമായിരുന്നുള്ളൂ. അത്തരം കാലതാമസവും ഉദ്യോഗസ്ഥ തലത്തിലുള്ള പരിശോധനകളും ഒഴിവാക്കുന്നതിനെയാണ് 

"വേഗത്തിൽ ബിസിനസ് നടത്തിയെടുക്കുക"  (ഈസ് ഓഫ് ഡൂയിങ് ബിസിനസ്സ്) എന്ന  മാനേജ്മെന്റ് ആശയം കൊണ്ട് ഉദ്ദേശിക്കുന്നത്.  നടത്തിപ്പിന്റെ സൗകര്യത്തിനാണ് "ഈസ് ഓഫ് ഡൂയിങ് ബിസിനസ്സ്" പരമ പ്രാധാന്യം നൽകുന്നതെന്നാണ് പുറമേയ്ക്ക് പറയുന്നത്. മൂലധന സഞ്ചയം (കാപ്പിറ്റൽ അക്യൂമിലേഷൻ) സൃഷ്ടിക്കുന്നതിനുള്ള ശ്രമങ്ങൾക്ക് ആക്കം കൂട്ടുകയെന്നതാണ്  യഥാർത്ഥ ലക്ഷ്യം. അതല്ലാതെ രാജ്യത്ത് നടക്കുന്ന ഉൽപ്പാദന പ്രക്രിയയ്ക്കും അത്  സൃഷ്ടിക്കുന്ന തൊഴിൽ അവസരങ്ങൾക്കും പിന്തുണയോ പ്രോത്സാഹനമോ നൽകുകയല്ല ഇപ്പോഴത്തെ നിർവചന മാറ്റം കൊണ്ട് ലക്ഷ്യം വയ്ക്കുന്നത്. 
 
കൂടുതൽ യൂണിറ്റുകളെ ഈ മേഖലയിൽ ഉൾപ്പെടുത്തുന്നതിനുവേണ്ടിയാണ് വിറ്റുവരവിന്റ അടിസ്ഥാനത്തിൽ പുനർനിർവചനം നടത്തുന്നതെന്നാണ് ധനമന്ത്രി മറുപടി പറഞ്ഞത്.  പക്ഷേ അഞ്ച് കോടി രൂപ വിറ്റുവരവുള്ള സ്ഥാപനങ്ങളെ സൂഷ്മ യൂണിറ്റുകളെന്നും  അൻപത് കോടി രൂപ വിറ്റുവരവുള്ളവയെ  ചെറുകിട യൂണിറ്റുകളെന്നും  നൂറു കോടി രൂപ വിറ്റുവരവുള്ളവയെ ഇടത്തരം യൂണിറ്റുകളെന്നും നിർവചിക്കുമ്പോൾ  വമ്പൻ 'വ്യാപാര' സ്വഭാവമുള്ള സ്ഥാപനങ്ങൾ നിയമത്തിന്റെ പഴുതുകൾ ഉപയോഗിച്ച് കടന്ന് കയറി ഉത്പാദനത്തിനും അതിന്റെ അടിസ്ഥാനത്തിലുള്ള തൊഴിൽ സൃഷ്ടിക്കും ഊന്നൽ നൽകുന്നതിനായി 1951 മുതൽ പ്രോത്സാഹനം നൽകി വളർത്തിയെടുത്ത മേഖലയെ ഒറ്റയടിക്ക്  തകർക്കുന്നതിന് കാരണമാകുമെന്ന് മറന്നു പോകുകയാണ്. 
 
കേന്ദ്ര സർക്കാരിന്റെ താൽപര്യങ്ങൾ വ്യക്തമാണ്. ഇപ്പോൾ നൽകാൻ തീരുമാനിച്ചിരിക്കുന്ന മൂന്നുലക്ഷം കോടിരൂപയുടെ സിംഹഭാഗവും താരതമ്യേനെ ഉയർന്ന തലത്തിൽ ബിസിനസ്സ് നടത്തി വ്യാപാര സ്വഭാവത്തോടെ  പ്രവർത്തിക്കുന്ന ലക്ഷക്കണക്കിന് യൂണിറ്റുകൾക്ക് നൽകണമെങ്കിൽ ഈ രീതിയിലുള്ള നിർവചന മാറ്റമൊക്കെ മഹാമാരി സൃഷ്ടിച്ച പ്രതിസന്ധി മുതലെടുത്ത് നടപ്പാക്കേണ്ടതുണ്ട്. അതിനപ്പുറമുള്ള വേവലാതിയൊന്നും കേന്ദ്ര സർക്കാരിന് സമ്പദ് വ്യവസ്ഥയെക്കുറിച്ചില്ലെന്ന കാര്യം ഈ തീരുമാനത്തിലൂടെ വ്യക്തമാവുകയാണ്. രാജ്യത്തെ അസംഘടിത-അനൗപചാരിക മേഖലയിൽ പണിയെടുക്കുന്ന  അതിഥി തൊഴിലാളികളുൾപ്പടെയുള്ളവരുടെ ദയനീയ സ്ഥിതിയും സാധാരണ ജനവിഭാഗങ്ങളുടെ കൈകളിലേക്ക് പണമെത്തിക്കുന്നതിനുള്ള പരിപാടികളും  കേന്ദ്ര സർക്കാരിന്റെ ആലോചനയിൽപോലും ഇല്ലെന്ന കാര്യം മഹാമാരിയേക്കാൾ വലിയ വെല്ലുവിളിയായി മാറുകയാണ്.
 
(ലേഖകൻ എറണാകുളം മഹാരാജാസ് കോളേജിൽ സാമ്പത്തിക ശാസ്ത്ര വിഭാഗം അധ്യാപകനാണ്)

 

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top