04 October Wednesday

‘ലാല്‍ ലാല്‍ ലെഹർ ആയേഗാ, അമ്ര ഡല്‍ഹി ജായേഗാ'

വെബ് ഡെസ്‌ക്‌Updated: Saturday May 4, 2019


സിക്കർ ഇക്കുറി ചരിത്രം തിരുത്തിയെഴുതുമോ? സിക്കർ ലോക‌്സഭാ മണ്ഡലത്തിൽ നടക്കുന്ന കടുത്ത ത്രികോണമത്സരത്തിൽ കർഷകസമരങ്ങളുടെ നേതാവായ അമ്ര റാം പ്രചാരണ പ്രവർത്തനങ്ങളിൽ  മുന്നിലാണ്. സിപിഐ എം സംസ്ഥാന സെക്രട്ടറി കൂടിയായ അമ്ര റാം ഏപ്രിൽ മധ്യത്തിൽ നാമനിർദേശപത്രിക നൽകാനായി കലക്ടറേറ്റിലേക്ക‌് നീങ്ങിയപ്പോൾ ഒത്തുകൂടിയ ജനങ്ങൾ സാക്ഷ്യപ്പെടുത്തുന്നത് ഇക്കുറി മത്സരം കനക്കുമെന്നു തന്നെയാണ്.  ജീവിതത്തിന്റെ വിവിധ മേഖലകളിലുള്ള ആണും പെണ്ണും അവിടെ ഒത്തുകൂടിയിരുന്നു. അതിൽ കർഷകരും യുവജനങ്ങളും തൊഴിലാളികളും ഏറെയുണ്ടായിരുന്നു.  രാജസ്ഥാനിലെയും മധ്യപ്രദേശിലെയും സിപിഐ എം മുൻ സംസ്ഥാന സെക്രട്ടറിമാരായ വസുദേവും ബാദൽ സരോജും (ലേഖകൻ) അക്കൂട്ടത്തിൽ ഉണ്ടായിരുന്നു.  സപിഐ എമ്മിന്റെ മാത്രമല്ല സിപിഐയുടെയും സിപിഐ എംഎല്ലിന്റെയും നേതാക്കളെയും അവിടെ കാണാനായി.

കത്തുന്ന വെയിലിനെ കൂസാതെ റാബി വിളവെടുപ്പുകാലമായിട്ടുപോലും ഇത്രയും പേർ നാമനിർദേശ പത്രികാസമർപ്പണത്തിന് എത്തിയത് ഒരു സൂചനയാണ്. ശെഖാവതി മേഖലയിലെ ആബാലവൃദ്ധം ജനങ്ങൾ ബഹുമാനിക്കുന്ന കർഷകനേതാവാണ് അമ്ര റാം. നിരവധി കർഷകസമരങ്ങൾ നയിക്കുകയും വിജയത്തിലെത്തിക്കുകയും ചെയ‌്ത നേതാവാണദ്ദേഹം. നിരവധിതവണ സിക്കർ ജില്ലയിൽനിന്ന് രാജസ്ഥാൻ നിയമസഭയിലേക്ക് അദ്ദേഹം തെരഞ്ഞെടുക്കപ്പെടുകയും ചെയ‌്തു. വിദ്യാർഥി പ്രസ്ഥാനത്തിലുടെയാണ് അമ്ര റാം രാഷ്ട്രീയ ജീവിതത്തിലേക്ക് കടന്നുവന്നത്. സിക്കർ കോളേജിലെ സ്റ്റുഡന്റ്സ് യൂണിയൻ പ്രസിഡന്റായിരുന്നു അദ്ദേഹം. വിദ്യാഭ്യാസം പൂർത്തിയാക്കിയ അമ്ര റാം പിന്നീട് കർഷകർക്കിടയിലാണ് പ്രവർത്തിച്ചത്. സ്വാഭാവികമായും കമ്യുണിസ്റ്റ് പാർടിയിലേക്കും അദ്ദേഹം ആകർഷിക്കപ്പെട്ടു.

രാജസ്ഥാനിലെ ശെഖാവതി മേഖല ഇന്നുവരെ കണ്ടിട്ടില്ലാത്ത കാർഷിക പ്രതിസന്ധിയിലൂടെ കടന്നുപോകുകയാണിപ്പോൾ. സിക്കർ ജില്ലയിലെ ചില മേഖലകളിൽ വർഷത്തിൽ മൂന്ന് വിളകൾവരെ കൃഷിചെയ്യുമായിരുന്നു. ഇപ്പോൾ അത് ഒന്നായി കുറഞ്ഞു. ഭൂഗർഭജലം ഒരു ആസൂത്രണവും ഇല്ലാതെ ഉപയോഗിച്ചതിന്റെ ഫലമായി വറ്റിപ്പോയതാണ് ഇതിന് പ്രധാനകാരണം. അതിനാൽ കനാൽജലം ലഭിക്കണമെന്നതാണ് ഈ മേഖലയിലെ ജനങ്ങളുടെ ഏറ്റവും പ്രധാന ആവശ്യം.  മാറിമാറിവന്ന സർക്കാരുകൾ ഈ ആവശ്യം പരിഗണിക്കാൻ തയ്യാറാകാത്തതിൽ ജനങ്ങൾ രോഷാകുലരാണ്.  കാർഷികവിളകൾക്ക് ന്യായമായ താങ്ങുവില ലഭിക്കണമെന്നതും വിളകൾ സർക്കാർ നേതൃത്വത്തിൽ സംഭരിക്കണമെന്നതുമാണ് കർഷകരുടെ മറ്റ് പ്രധാന ആവശ്യങ്ങൾ. എന്നാൽ, മോഡി–-വസുന്ധരരാജെ സർക്കാരുകളുടെ കാലത്ത് ഈ ആവശ്യങ്ങളൊന്നും പരിഗണിച്ചതേയില്ല.

സിറ്റിങ് എംപി സുമേധാനന്ദ സരസ്വതി ഇക്കുറിയും ബിജെപി ടിക്കറ്റിൽ മത്സരരംഗത്തുണ്ട്. യോഗഗുരു രാംദേവിന്റെ സ്വാധീനത്തിലാണ് കാവിവസ്ത്രധാരിയായ സുമേധാനന്ദയ‌്ക്ക് സ്ഥാനാർഥിത്വം ലഭിച്ചത്. സുഭാഷ് മഹരിയയാണ് കോൺഗ്രസ് സ്ഥാനാർഥി. മണ്ഡലത്തെ മൂന്നുതവണ ബിജെപി ടിക്കറ്റിൽ പ്രതിനിധീകരിച്ച സുഭാഷ് മഹരിയ വാജ്പേയി മന്ത്രിസഭയിൽ സഹമന്ത്രിയായും പ്രവർത്തിച്ചിട്ടുണ്ട്. കഴിഞ്ഞ ലോക‌്സഭാ തെരഞ്ഞെടുപ്പിൽ ബിജെപി ടിക്കറ്റ് കിട്ടാത്തതിനെത്തുടർന്ന് സ്വതന്ത്രനായി മത്സരിച്ച് തോറ്റ സുഭാഷ് മഹരിയക്ക് ഇക്കുറി കോൺഗ്രസ് ടിക്കറ്റ് നൽകുകയായിരുന്നു. കോൺഗ്രസ്, ബിജെപി സ്ഥാനാർഥികൾ പണം ഒഴുക്കിയുള്ള പ്രചാരണത്തിന് നേതൃത്വം നൽകുമ്പോൾ കാർഷിക പ്രശ്നങ്ങളുയർത്തിയാണ് അമ്ര റാം പ്രധാനമായും പ്രചാരണം നടത്തുന്നത്.

അമ്ര റാം തന്റെ പ്രചാരണപരിപാടിയിൽ ഉടനീളം സംസാരിക്കുന്നതും കൃഷിക്കാരുടെ ആവശ്യങ്ങൾക്ക‌ുവേണ്ടി നടത്തിയ പോരാട്ടങ്ങളെക്കുറിച്ചാണ്. അതോടൊപ്പം കോൺഗ്രസും ബിജെപിയും കൈക്കൊള്ളുന്ന കർഷകവിരുദ്ധ സമീപനങ്ങളെക്കുറിച്ചും അദ്ദേഹം സംസാരിക്കുന്നുണ്ട്. അശോക് ഗെഹ‌്‌ലോട്ട‌് സർക്കാർ വാഗ‌്ദാനങ്ങൾ നടപ്പാക്കുന്നതിൽ പരാജയപ്പെട്ടതിനെക്കുറിച്ചും നരേന്ദ്ര മോഡി വാരിവിതറുന്ന പൊള്ളയായ വാഗ‌്ദാനങ്ങളെക്കുറിച്ചും ജനങ്ങളെ പറഞ്ഞു മനസ്സിലാക്കാനും അമ്ര റാം സമർഥമായി ശ്രമിക്കുന്നുണ്ട്.  അതുകൊണ്ടുതന്നെ 17–-ാം ലോക‌്സഭയിൽ കൃഷിക്കാരുടെ ശബ‌്ദമുയരാൻ അവരുടെ പ്രതിനിധികൾ ലോക‌്സഭയിൽ എത്തണമെന്നും അതിലൊരാൾ സിക്കറിൽ നിന്നായിരിക്കുമെന്നും അമ്ര റാം പറയുമ്പോൾ ‘ ലാൽ ലാൽ ലെഹർ ആയേഗാ, അമ്ര ഡൽഹി ജായേഗാ'(ചെങ്കൊടി പാറിപ്പറക്കും അമ്ര റാം ഡൽഹിയിലേക്ക‌് പോകും) എന്ന മുദ്രാവാക്യമാണ് അന്തരീക്ഷത്തിൽ ഉയർന്നത്. മെയ് ആറിനാണ് സിക്കറിൽ വോട്ടെടുപ്പ്.

രാജസ്ഥാനിലെ മൂന്ന് സീറ്റിലാണ് സിപിഐ എം മത്സരിക്കുന്നത്. സിക്കറിന് പുറമെ ബിക്കാനീറിലും ചുരുവിലും സിപിഐ എം മത്സരിക്കുന്നു. ബിക്കാനീറിൽ സിപിഐ എമ്മിന്റെ യുവ നേതാവ് ഷോപത്ത് റാം മെഗവാലാണ് സ്ഥാനാർഥി. ഹനുമൻഗഢ് ജില്ലയിലെ ഭദ്ര മണ്ഡലത്തിൽനിന്ന‌് നിയമസഭയിലെത്തിയ ബൽവാൻ പൂനിയയാണ് ചുരുവിലെ സിപിഐ എം സ്ഥാനാർഥി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
----
പ്രധാന വാർത്തകൾ
-----
-----
 Top