09 August Sunday

അമിത്‌ഷായുടെ വർഗീയവൈറസ്‌ - വി ബി പരമേശ്വരൻ എഴുതുന്നു

വി ബി പരമേശ്വരൻUpdated: Thursday Jun 11, 2020

രാജ്യം അതീവ ഗുരുതരമായ പ്രതിസന്ധിയിലൂടെയാണ്‌ കടന്നുപോകുന്നത്‌. കൊറോണ വൈറസ്‌ പടർത്തുന്ന കോവിഡ്‌ രോഗഭീതി ഭയാനകമാംവിധം തലയുയർത്തുമ്പോൾ തന്നെ രാജ്യത്തിന്റെ സമ്പദ്‌‌വ്യവസ്ഥ തകർന്നടിയുകയാണ്‌. 75 ദിവസത്തെ ലോക്‌ഡൗണിനുശേഷം രാജ്യം തുറക്കാൻ തുടങ്ങിയപ്പോൾ കോവിഡ്‌ ബാധിതരുടെ എണ്ണം മൂന്നു ലക്ഷത്തിലേക്കും  മരണസംഖ്യ എണ്ണായിരത്തിലേക്കും‌ അടുക്കുകയാണ്‌. ലോക്‌ഡൗൺ ആരംഭിച്ച മാർച്ച്‌ 25ന്‌ 600ൽ താഴെ രോഗികളും 10 മരണവുമായിരുന്നു റിപ്പോർട്ട്‌ ചെയ്‌തത്‌. ഇതിൽനിന്നു തന്നെ ലോക്‌ഡൗൺ ഗുണകരമായിരുന്നുവോ അല്ലയോ എന്ന ചോദ്യത്തിന്‌‌ ഉത്തരം ലഭിക്കുന്നുണ്ട്‌. മഹാഭാരതയുദ്ധം വിജയിച്ചത്‌ 18 ദിവസം കൊണ്ടാണെങ്കിൽ കൊറോണയ്‌ക്കെതിരായ യുദ്ധം 21 ദിവസംകൊണ്ട് (ആദ്യഘട്ടം ലോക്‌ഡൗൺ 21 ദിവസത്തേക്കാണ്‌ പ്രഖ്യാപിച്ചിരുന്നത്‌.)‌ വിജയിക്കുമെന്നായിരുന്നു മാർച്ച്‌ 24നു രാത്രി രാഷ്ട്രത്തോടു നടത്തിയ അഭിസംബോധനയിൽ പ്രധാനമന്ത്രി മോഡി പറഞ്ഞത്‌.

എന്നാൽ, 75 ദിവസം കഴിഞ്ഞപ്പോൾ യുദ്ധത്തിൽ വിജയിച്ചില്ലെന്നു മാത്രമല്ല രോഗം അതിവേഗം പടരുകയുമാണ്‌. അതായത്‌ വേണ്ടത്ര ഗൃഹപാഠമോ ആലോചനയോ ഇല്ലാതെയാണ്‌ ലോക്‌ഡൗൺ പ്രഖ്യാപിച്ചതും ഇപ്പോൾ അൺലോക്‌ഡൗൺ നടപ്പാക്കുന്നതും. ജനകീയാരോഗ്യരംഗത്ത്‌ പ്രവർത്തിക്കുന്ന മൂന്ന്‌ പ്രധാന സംഘടന അടുത്തിടെ പ്രധാനമന്ത്രിക്കു അയച്ച കത്തിലാണ്‌ ഇക്കാര്യം  ചൂണ്ടിക്കാട്ടിയിട്ടുള്ളത്‌. 14 കോടിയോളം വരുന്ന അതിഥിത്തൊഴിലാളികളോട്‌ വീട്ടിലിരിക്കണമെന്നു പറഞ്ഞ സർക്കാർ അവരെ വീട്ടിലിരുത്താനാവശ്യമായ പണമോ അവശ്യവസ്‌തുക്കളോ നൽകുന്നതിന്‌ ഒരുനടപടിയും സ്വീകരിച്ചില്ല. ഡോ. ഡി സി എസ്‌ റാവുവിനെപ്പോലുള്ള പൊതുജനാരോഗ്യ വിദഗ്‌ധർ പറയുന്നത്‌ അടച്ചുപൂട്ടൽ പ്രഖ്യാപിച്ച്, രോഗവ്യാപനം കുറഞ്ഞ ഘട്ടത്തിൽത്തന്നെ അതിഥിത്തൊഴിലാളികളെ നാട്ടിൽ എത്തിച്ചിരുന്നെങ്കിൽ രോഗവ്യാപനം ഇന്നു കാണുന്നരീതിയിൽ വ്യാപിക്കുമായിരുന്നില്ല എന്നാണ്‌. ഒഡിഷ, ബിഹാർ സംസ്ഥാനങ്ങളിൽ  റിപ്പോർട്ട്‌ ചെയ്യപ്പെടുന്ന 75–-80 ശതമാനം രോഗികളും ഗ്രാമങ്ങളിൽ ഉള്ളവരാണെന്നാണ്‌ പുതിയ കണക്ക്‌. ഇത്‌ തെളിയിക്കുന്നത്‌‌ രോഗം നഗരങ്ങളിൽനിന്ന്‌ അകലെയുള്ള ഗ്രാമങ്ങളിലേക്കും പടരുകയാണെന്നാണ്.‌ ഈ ഘട്ടത്തിലാണ്‌ അൺലോക്ക്‌ ചെയ്യുന്നത്‌. സ്വാഭാവികമായും രോഗം കൂടുതൽ വേഗത്തിൽ വ്യാപിക്കുന്നതിന്‌ ഇത്‌ സഹായിക്കുമെന്ന അഭിപ്രായമാണ്‌ ആരോഗ്യപ്രവർത്തകരടക്കം പങ്കുവയ്‌ക്കുന്നത്‌.


 

കള്ളപ്പണം നിയന്ത്രിക്കാൻ നോട്ട്‌ റദ്ദാക്കൽ എന്നപോലെ കോവിഡ്‌ വ്യാപനം തടയാൻ ലോക്‌ഡൗൺ ഒരു ഒറ്റമൂലിയാണെന്ന ധാരണയിലാണ്‌ മോഡി സർക്കാർ അത്‌ പ്രഖ്യാപിച്ചതെന്നു വേണം കരുതാൻ. ലക്ഷക്കണക്കിനു മനുഷ്യരുടെ ജീവൻ രക്ഷിക്കാൻ ലോക്‌ഡൗണിന്‌ കഴിഞ്ഞെന്ന മോഡിയുടെയും മറ്റും പ്രചാരണം ഇതാണ്‌ സൂചിപ്പിക്കുന്നത്‌. എന്നാൽ, ലോകത്ത്‌ ഒരിടത്തും ഇതായിരുന്നില്ല ലോക്‌ഡൗണിന്റെ ലക്ഷ്യം. രോഗവ്യാപനം നീട്ടിവയ്‌ക്കാനുള്ള നടപടിയെന്ന നിലയിലാണ്‌ ഭൂരിപക്ഷം രാഷ്ട്രവും ലോക്‌ഡൗണിനെ കണ്ടത്‌. അതിനിടെ, പ്രതിരോധസംവിധാനങ്ങൾ വിന്യസിക്കാനാണ്‌ പല രാഷ്ട്രവും ശ്രമിച്ചത്‌. ക്വാറന്റൈൻ സൗകര്യങ്ങൾ, ഐസിയു, വെന്റിലേറ്റർ ഉൾപ്പെടെ കൂടുതൽ കിടക്ക, താൽക്കാലിക ആശുപത്രികളുടെ നിർമാണം, പിപിഇ കിറ്റുകളുടെ ലഭ്യത ഉറപ്പാക്കൽ എന്നിവയൊരുക്കാനാണ്‌‌ ഈസമയം വിനിയോഗിച്ചത്‌. എന്നാൽ, അത്തരത്തിലുള്ള പ്രവർത്തനങ്ങൾക്ക്‌ കേന്ദ്രം നേതൃത്വം നൽകിയതായി റിപ്പോർട്ടുകളില്ല. മാത്രമല്ല, രാജ്യത്തിന്റെ പലഭാഗത്തും സമൂഹവ്യാപനം യാഥാർഥ്യമായി മാറുകയും ചെയ്‌തു. നേരത്തെ സൂചിപ്പിച്ച പൊതുജനാരോഗ്യ സംഘടനകൾ ഇക്കാര്യം അടിവരയിട്ടു പറഞ്ഞു. എന്നാൽ, ഇക്കാര്യവും അംഗീകരിക്കാൻ കേന്ദ്ര സർക്കാർ തയ്യാറായിട്ടില്ല.

ഇത്തരമൊരുഘട്ടത്തിൽ ഏതൊരു സർക്കാരിന്റെയും ശ്രദ്ധ തിരിയേണ്ടത്‌ രോഗവ്യാപനം തടയുന്നതിനായിരിക്കണം. ആരോഗ്യമന്ത്രാലയത്തിനെന്നപോലെ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിനും ഇതിൽ നിർണായക പങ്കുവഹിക്കാനുണ്ട്‌. എന്നാൽ, കഴിഞ്ഞ മൂന്നു മാസക്കാലത്തിനിടയ്‌ക്ക്‌ ലോക്‌ഡൗൺ നടപ്പാക്കുന്നതു സംബന്ധിച്ച്‌ അമ്പതിലധികം ഉത്തരവ്‌ കേന്ദ്ര ആഭ്യന്തര മന്ത്രാലയം പുറത്തിറക്കിയെങ്കിലും ആഭ്യന്തര മന്ത്രിയെ എവിടെയും കണ്ടിരുന്നില്ല. ലോക്‌ഡൗൺ പ്രഖ്യാപിച്ചപ്പോഴും അതിഥിത്തൊഴിലാളികൾ കിലോമീറ്ററുകൾ താണ്ടി ഗ്രാമങ്ങളിലേക്ക്‌ നഗ്നപാദരായി നടന്നുനീങ്ങിയപ്പോഴും വെള്ളവും ഭക്ഷണവും ലഭിക്കാതെ പലരും മരിച്ചുവീണപ്പോഴും ആഭ്യന്തര മന്ത്രി പ്രതികരിച്ചതേയില്ല. എന്നാൽ, ഇപ്പോൾ ആഭ്യന്തര മന്ത്രി അമിത്‌ ഷാ വീണ്ടും സജീവമായിരിക്കുന്നു.

ദുരന്തകാലത്തും അമിത്‌ ഷായുടെ കണ്ണ്‌ വർഗീയ വൈറസിനെ പടർത്തി വോട്ട്‌ കീശയിലാക്കുന്നതിലാണ്‌. തെരഞ്ഞെടുപ്പു റാലിയെ അല്ല മറിച്ച്‌ ആത്മനിർഭർ ഭാരത്‌ ക്യാമ്പയിന്റെ ഭാഗമായാണ്‌ വെർച്വൽ റാലിയെന്നാണ്‌ അമിത്‌ ഷായുടെ വിശദീകരണം

കോവിഡ്‌ രോഗവ്യാപനം തടയുന്നതിനോ രോഗികളുടെ ജീവൻ രക്ഷിക്കുന്നതിനോ അല്ല മറിച്ച്‌ തെരഞ്ഞെടുപ്പു രാഷ്ട്രീയം കളിക്കുന്നതിനാണ്‌ രംഗത്തെത്തിയിട്ടുള്ളത്‌. ബിഹാറിലും പശ്ചിമബംഗാളിലും ഈ വർഷാവസാനവും അടുത്ത വർഷവുമായി നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളിലാണ്‌ ബിജെപിയുടെ ഈ മുൻ അധ്യക്ഷൻ സജീവമായിട്ടുള്ളത്‌. ടെലഗ്രാഫ്‌ പത്രത്തിന്റെ ഭാഷയിൽ കാക്ക കാ കാ എന്ന്‌ കരയുന്നതുപോലെ അമിത്‌ ഷാ സിഎഎ സിഎഎ എന്ന്‌ വീണ്ടും കരയാൻ തുടങ്ങിയിരിക്കുന്നു. ദുരന്തകാലത്തും അമിത്‌ ഷായുടെ കണ്ണ്‌ വർഗീയ വൈറസിനെ പടർത്തി വോട്ട്‌ കീശയിലാക്കുന്നതിലാണ്‌. തെരഞ്ഞെടുപ്പു റാലിയെ അല്ല മറിച്ച്‌ ആത്മനിർഭർ ഭാരത്‌ ക്യാമ്പയിന്റെ ഭാഗമായാണ്‌ വെർച്വൽ റാലിയെന്നാണ്‌ അമിത്‌ ഷായുടെ വിശദീകരണം. എന്നാൽ, ഷാ സംസാരിച്ചതെല്ലാം തന്നെ രാഷ്ട്രീയമായിരുന്നു. നിതീഷ്‌‌കുമാറിന്റെ നേതൃത്വത്തിൽ മൂന്നിൽരണ്ട്‌ ഭൂരിപക്ഷത്തോടെ  ബിഹാറിൽ അധികാരത്തിൽ തിരിച്ചെത്തുമെന്ന്‌ പറഞ്ഞ അമിത്‌ ഷാ ഹിന്ദുത്വ മുദ്രാവാക്യങ്ങളെല്ലാം എണ്ണിയെണ്ണി പറഞ്ഞ്‌ നേട്ടമായി അവതരിപ്പിക്കാനും മറന്നില്ല. പൗരത്വഭേദഗതി നിയമം, അയോധ്യയിലെ രാമക്ഷേത്ര നിർമാണം, മുത്തലാഖ്‌, ഭരണഘടനയിലെ 370–-ാം വകുപ്പ്‌ റദ്ദാക്കൽ, സർജിക്കൽ സ്‌ട്രൈക്ക്‌ എന്നിവയെക്കുറിച്ചെല്ലാം അമിത്‌ ഷാ വാചാലനായി. പശ്ചിമബംഗാൾ റാലിയിലാകട്ടെ തെരഞ്ഞെടുപ്പ്‌ കഴിഞ്ഞാൽ മമത ബാനർജി രാഷ്ട്രീയ അഭയാർഥിയായി മാറുമെന്നായിരുന്നു അമിത്‌ ഷായുടെ പ്രഖ്യാപനം. ബംഗ്ലാദേശിൽ നിന്നെത്തിയ മുസ്ലിങ്ങളല്ലാത്ത അഭയാർഥികൾക്ക്‌ പൗരത്വം നൽകുന്നതിനെ എതിർത്ത മമതയ്‌ക്ക്‌ വലിയ വില നൽകേണ്ടിവരുമെന്നാണ്‌ അമിത്‌ ഷായുടെ ആക്രോശം.

ഞായറാഴ്‌ചയാണ്‌ ബിഹാറിലെ തെരഞ്ഞെടുപ്പ്‌ റാലിയെങ്കിൽ തിങ്കളാഴ്‌ച ഒഡിഷയിലും ചൊവ്വാഴ്‌ച പശ്ചിമബംഗാളിലും വെർച്വൽ റാലിയിൽ അമിത്‌ ഷാ പങ്കെടുത്തു. ഓരോ സംസ്ഥാനത്തും ലക്ഷക്കണക്കിന്‌ ആളുകളെയാണ്‌ റാലി വീക്ഷിക്കാൻ ബിജെപി സംഘടിപ്പിച്ചത്‌. അതിനായി പ്രത്യേക ടിവി സെറ്റുകൾ പോലും സംഘടിപ്പിച്ചു. രാജ്യത്തിന്റെ പ്രമുഖ രാഷ്ട്രീയ പാർടി അവരുടെ ശ്രദ്ധ മുഴുവൻ കോവിഡിനെ നേരിടുന്നതിനായല്ല മറിച്ച്‌ രാഷ്ട്രീയനേട്ടം ഉറപ്പിക്കുന്നതിനായാണ്‌ ഉപയോഗിച്ചത്‌. ലോക്‌ഡൗൺ പ്രഖ്യാപിക്കുന്നത്‌ നീട്ടിവച്ചതുപോലും മധ്യപ്രദേശിലെ കമൽനാഥ്‌ സർക്കാരിനെ അട്ടിമറിക്കാനായിരുന്നു. ഇപ്പോഴാകട്ടെ രാജ്യസഭയിൽ ഭൂരിപക്ഷം നേടുന്നതിനായി ഗുജറാത്തിലും രാജസ്ഥാനിലും മറ്റും കോൺഗ്രസ്‌ എംഎൽഎമാരെ വലവീശിപ്പിടിക്കുന്ന തിരക്കിലാണ്‌ കേന്ദ്രം ഭരിക്കുന്ന കക്ഷി. മഹാമാരിക്കും മരണത്തിനും ഇടയിലും രാഷ്ട്രീയവിജയമാണ്‌ ബിജെപിക്കും അവർ നയിക്കുന്ന സർക്കാരിനും പഥ്യം. മനുഷ്യൻ കൂട്ടത്തോടെ മരിച്ചാലെന്ത്‌? അധികാരം ഊട്ടിയുറപ്പിക്കണം. മോഡി സർക്കാരിന്റെ മനുഷ്യത്വരഹിത മുഖമാണ്‌ ഇവിടെ അവതീർണമാകുന്നത്‌.


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top