21 September Saturday

യുഎസ് മാന്ദ്യഭീതിയില്‍ വിറകൊണ്ട് ലോകം

വെബ് ഡെസ്‌ക്‌Updated: Tuesday Aug 6, 2024

അമേരിക്കൻ സമ്പദ്‌വ്യവസ്ഥ ശക്തമായ മാന്ദ്യത്തിലേക്ക് നീങ്ങുന്നെന്ന ആശങ്ക, ആഗോളതലത്തിൽ ധനവിപണികളിൽ ശക്തമായ വിറയലിന് ഇടയാക്കി. ഇന്ത്യൻ ഓഹരി വിപണിക്കും ഇത് കനത്ത ആഘാതമായി. തിങ്കളാഴ്ച ഒറ്റദിവസത്തിൽ ബോംബെ സ്റ്റോക്ക് എക്‌സ്‌ചേഞ്ച് സൂചിക, സെൻസെക്‌സ് 2222.55 പോയിന്റ് (2.74 ശതമാനം) ഇടിഞ്ഞു. 662.10 പോയിന്റാണ് (2.68 ശതമാനം) നിഫ്റ്റിയുടെ നഷ്ടം. ആഘാതത്തിന്റെ ശക്തി സ്മാൾ ക്യാപ്, മീഡിയം ക്യാപ് ഓഹരികളിൽ കൂടുതൽ പ്രകടമായതോടെ 15.33 ലക്ഷം കോടി രൂപയുടെ നഷ്ടമാണ് ഒറ്റദിനത്തിൽ നിക്ഷേപകർക്ക് നേരിടേണ്ടി വന്നത്.

എന്നാൽ, മാന്ദ്യഭീതി അസ്ഥാനത്താണെന്നും  അമേരിക്കയിൽ കാര്യങ്ങൾ  ഭദ്രമാണെന്നുമുള്ള ആത്മവിശ്വാസം പ്രകടിപ്പിക്കാൻ സാമ്പത്തിക ശക്തികൾ കിണഞ്ഞു പരിശ്രമിക്കുന്ന പശ്ചാത്തലത്തിൽ ചൊവ്വാഴ്ച വിപണികൾ തിരിച്ചു കയറുന്ന  സ്ഥിതിയുണ്ടായി. സാമ്പത്തികരംഗത്തെ പോസിറ്റീവായ ചില ഡാറ്റ അവതരിപ്പിച്ച്‌, രാജ്യാന്തര മാധ്യമങ്ങളുടെ പിന്തുണയോടെ മാന്ദ്യവാർത്തകളെ അവഗണിക്കുന്നതിന് മൂലധന വിപണികൾ ശ്രമിക്കുന്നതാണ് ചൊവ്വാഴ്ച കണ്ടത്. പക്ഷേ, അമേരിക്ക അടക്കമുള്ള സമ്പന്ന രാഷ്ട്രങ്ങൾ അതീവ ഗുരുതര പ്രതിസന്ധിയെയാണ് നേരിട്ടുകൊണ്ടിരിക്കുന്നത്.

അമേരിക്കയിലെ ഏജൻസികൾതന്നെ പുറത്തുവിടുന്ന കണക്കുകൾ പ്രതിസന്ധിയുടെ ആഴവും പരപ്പും വ്യക്തമാക്കുന്നതാണ്. അമേരിക്കയുടെ സാമ്പത്തികവളർച്ച കാര്യമായ ഇടിവ് നേരിടുന്നെന്ന ബ്യൂറോ ഓഫ് ഇക്കണോമിക് അനാലിസിസിന്റെ (ബിഇഎ) റിപ്പോർട്ടുകളാണ് കഴിഞ്ഞ ദിവസങ്ങളിൽ ലോക വിപണികളെ  വിറകൊള്ളിച്ചത്. ഇതോടൊപ്പം പശ്ചിമേഷ്യയിൽ യുദ്ധത്തിന്റെ കാർമേഘങ്ങൾ പടരുന്നതും സാമ്പത്തിക മേഖലയ്‌ക്കു മുന്നിൽ വലിയ വെല്ലുവിളികളാണ് ഉയർത്തുന്നത്. 2024 ജനുവരി മുതൽ മാർച്ച് വരെയുള്ള കാലയളവിൽ യുഎസ് സമ്പദ്ഘടനയുടെ വളർച്ച 1.6 ശതമാനമായി കുറഞ്ഞെന്ന ബിഇഎയുടെ റിപ്പോർട്ടാണ് മൂലധന വിപണിയെ കടുത്ത പ്രതിസന്ധിയിലേക്ക് നയിച്ചത്. 2023 ഒക്ടോബർമുതൽ ഡിസംബർവരെയുള്ള ത്രൈമാസത്തിൽ അമേരിക്കയുടെ വളർച്ച 3.4 ശതമാനമായിരുന്നതാണ് അപ്രതീക്ഷിത ഇടിവിലേക്ക് വീണത്. സാമ്പത്തികത്തളർച്ച പ്രകടമായിരുന്നെങ്കിലും ജനുവരി–- മാർച്ച് കാലയളവിൽ 2.2 ശതമാനമെങ്കിലും ജിഡിപി വളർച്ച കൈവരിക്കാനാകുമെന്നായിരുന്നു സാമ്പത്തിക വിദഗ്‌ധർ അനുമാനിച്ചിരുന്നത്.

അതേസമയം,  ജൂലൈയിൽ പണപ്പെരുപ്പ നിരക്ക് (വിലക്കയറ്റം) 2.3 ശതമാനത്തിലേക്ക് ഉയരുമെന്നുള്ള റിപ്പോർട്ടുകളും മാർക്കറ്റുകൾക്ക് നൽകിയത് നല്ല സൂചനകളല്ല. 2.2 ശതമാനമായിരുന്നു ജൂണിലെ പണപ്പെരുപ്പ നിരക്ക്. ഇത്തരമൊരു സാഹചര്യത്തിൽ സെപ്തംബറിൽ പ്രതീക്ഷിക്കുന്ന യുഎസ് ഫെഡറൽ റിസർവിന്റെ  ‘റേറ്റ് കട്ട്' ( അടിസ്ഥാന പലിശ നിരക്ക് കുറയ്ക്കൽ) ഇനിയും താമസിക്കുമോ എന്ന ആശങ്കയും വിപണികളുടെ തകർച്ചയ്‌ക്ക് കാരണമായി. കഴിഞ്ഞ മാസം ചേർന്ന ഫെഡറൽ ഓപ്പൺ മാർക്കറ്റ് കമ്മിറ്റി (എഫ്ഒഎംസി ) പലിശ നിരക്കിൽ മാറ്റം വരുത്താൻ തയ്യാറായില്ലെന്നത് ശ്രദ്ധേയമാണ്. നിരക്ക് 5.25– 5.50 ശതമാനത്തിൽ നിലനിർത്താനാണ് എഫ്ഒഎംസി തീരുമാനിച്ചത്. അതുകൊണ്ട് സെപ്തംബറിൽ എന്ത് തീരുമാനമാണ്  ഉണ്ടാകുകയെന്ന കാര്യത്തിലും ശക്തമായ ആശങ്ക നിഴലിക്കുന്നുണ്ട്.

തൊഴിലില്ലായ്മയുടെ കാര്യത്തിലെ ഏറ്റവും ഒടുവിൽ പുറത്തുവന്ന റിപ്പോർട്ടുകളാണ് അമേരിക്ക വീണ്ടും മാന്ദ്യത്തിലേക്ക് നീങ്ങുന്നെന്ന സൂചന ലോകത്തിന് മുമ്പാകെ വെളിവാക്കിയത്. പുതിയ റിപ്പോർട്ടുകൾ പ്രകാരം തൊഴിലില്ലായ്‌മ നിരക്ക് 4.3 ശതമാനമാണ്. നേരത്തേ ഇത് 4.1 ശതമാനമെന്ന തോതിലായിരുന്നു. ഇക്കാര്യത്തിൽ തൽസ്ഥിതി തുടരുമെന്നാണ് വിദഗ്ധരും അനലിസ്റ്റുകളും പ്രതീക്ഷിച്ചിരുന്നതെങ്കിലും മറിച്ചാണ് സംഭവിച്ചിരിക്കുന്നത്. സ്വകാര്യ മേഖലയിൽ പുതുതായി 1,14,000  തൊഴിലവസരമാണ് സൃഷ്ടിക്കപ്പെട്ടത്. ഇത് നേരത്തേ അനുമാനിച്ചിരുന്ന 1,75,000 തൊഴിലവസരത്തേക്കാൾ ഏറെ താഴെയായതാണ് മാന്ദ്യം കനക്കുന്നെന്ന ആശങ്ക ശക്തമാകാനിടയാക്കിയത്. ഉപഭോക്തൃ ഡിമാൻഡിൽ ഉണർവ് പ്രകടമാകാത്തതാണ് അമേരിക്കയുടെ  തൊഴിൽ വിപണിയെ തളർച്ചയിൽ നിർത്തുന്നത്. ഇത്  ശക്തമായ മാന്ദ്യത്തിന്റെ സൂചനയായിത്തന്നെ കാണേണ്ടി വരും. അല്ലെന്ന നാട്യം പ്രകടമാക്കുന്നതിനുള്ള തീവ്ര ശ്രമമുണ്ടെങ്കിലും പൊതുവിൽ അമേരിക്കൻ സമ്പദ്‌വ്യവസ്ഥ നേരിടുന്ന തളർച്ചയുടെ നേർചിത്രമാണ് ജിഡിപി വളർച്ചയുടെയും തൊഴിലില്ലായ്മയുടെയും കണക്കുകൾ വരച്ചുകാട്ടുന്നത്.

ലോകത്തെ മൂന്നാമത്തെ സാമ്പത്തികശക്തിയായ  ജപ്പാന്റെ അവസ്ഥയും ഒട്ടും ഭിന്നമല്ല. 2023 ജൂലൈ–-- സെപ്തംബർ ഘട്ടത്തിൽ ജപ്പാന്റെ ജിഡിപി വളർച്ച -3.3 ശതമാനം ഇടിവിലേക്ക് നീങ്ങി. ഒക്ടോബർ–- ഡിസംബർ കാലയളവിൽ ഇത് 0.4 ശതമാനമെന്ന നിലയിലേക്ക് മയപ്പെട്ടിട്ടുണ്ടെങ്കിലും ഗുരുതര സാമ്പത്തികപ്രതിസന്ധിയാണ് ജപ്പാൻ അഭിമുഖീകരിക്കുന്നത്. 1.4 ശതമാനം പോസിറ്റീവ് വളർച്ചയുണ്ടാകുമെന്നാണ് ജപ്പാൻ പ്രതീക്ഷിച്ചിരുന്നത്. ഡിമാൻഡിൽ ഉണ്ടായിരിക്കുന്ന കാര്യമായ ഇടിവ് ഉൽപ്പാദന മാന്ദ്യത്തിലേക്ക്  ജപ്പാനെ തള്ളിവിട്ടിരിക്കുകയാണ്. 2018 മുതൽ തുടർച്ചയായി ജപ്പാൻ സാമ്പത്തികവളർച്ചയുടെ കാര്യത്തിൽ ഇടിവ് നേരിടുന്നുവെന്നതാണ് സ്ഥിതി ദുഷ്കരമാക്കുന്നത്.

രൂപയ്‌ക്ക് വൻ തകർച്ച


രൂപ നേരിടുന്ന കനത്ത ഇടിവാണ് മാറിയ സാമ്പത്തിക സാഹചര്യത്തിൽ  ഇന്ത്യ നേരിടുന്ന കടുത്ത പ്രതിസന്ധി. ഒരു ഡോളറിന്റെ വില 84.15 രൂപ എന്ന റെക്കോഡ് നിലവാരത്തിലേക്കാണ് കഴിഞ്ഞ ദിവസം നീങ്ങിയത്. ഒരു വർഷം മുമ്പത്തെ കണക്കുകൾ നോക്കുമ്പോൾ ഡോളറിന്റെ നിരക്ക് 82.89 രൂപയായിരുന്നു, 1.52 ശതമാനം വർധന. 1947ൽ ഒരു ഡോളറിന്റെ വില ഒരു രൂപയായിരുന്നെന്നതും ഇന്നത്തെ വിലയും തമ്മിൽ തട്ടിച്ചു നോക്കുമ്പോൾ ഇന്ത്യൻ കറൻസി നേരിടുന്ന പ്രതിസന്ധിയുടെ ആഴം വ്യക്തമാകും. ഇന്ത്യയുടെ  ഇറക്കുമതി ബില്ലിനെ തകിടം മറിക്കുന്ന മാറ്റങ്ങളാണ് കറൻസി മാർക്കറ്റിൽ സംഭവിക്കുന്നത്. രൂപ നേരിടുന്ന പ്രതിസന്ധി കൂടുതൽ ആഴമേറിയതാകുമെന്നാണ് വിനിമയ വിപണി വിദഗ്ധർ നൽകുന്ന സൂചന.

അമേരിക്കയിലെ സാമ്പത്തികമാന്ദ്യവും ഇറാൻ–-- ഇസ്രയേൽ സംഘർഷം വഴിവിടുന്നതും ക്രൂഡ് ഓയിൽ വിപണിയെ അക്ഷരാർഥത്തിൽ തളർത്തിയിട്ടുണ്ട്. ബ്രെന്റ്, ഡബ്ല്യുടിഐ ഇനങ്ങളുടെ വില ജനുവരിക്കു ശേഷമുള്ള ഏറ്റവും താഴ്ന്ന നിലവാരത്തിലേക്ക് നീങ്ങി. മാന്ദ്യവും യുദ്ധഭീതിയും ക്രൂഡ് ഡിമാൻഡിനെ ബാധിച്ചേക്കുമെന്ന ആശങ്കയാണ് രാജ്യാന്തര വിപണിയെ മുൾമുനയിൽ നിർത്തുന്നത്. തിങ്കളാഴ്ച ബ്രെന്റ് ക്രൂഡ് വില ബാരലിന് 75.21 ഡോളറിലേക്കും ഡബ്ല്യുടിഐ ഇനത്തിന്റെ വില 71.77 ഡോളറിലേക്കും താഴ്ന്നു. ചൊവ്വാഴ്ച വിലകൾ അൽപ്പം ഉയർന്നെങ്കിലും ആഗോള സാഹചര്യങ്ങൾ ക്രൂഡ് മാർക്കറ്റിനെ ചാഞ്ചാട്ട പാതയിൽ ചലിപ്പിക്കുകയാണ്. ക്രൂഡ് ഓയിൽ വില ഇടിയുന്ന വാർത്ത വായിച്ച്  തൃപ്തിയടയാമെന്നതു മാത്രമാണ് ഇന്ത്യയിലെ ഉപയോക്താക്കൾക്ക് അതുകൊണ്ടുള്ള നേട്ടം.  

പുതിയ സാഹചര്യം സ്വർണത്തെ വീണ്ടും ശ്രദ്ധാകേന്ദ്രമാക്കുന്നുണ്ട്. ഒരു ഔൺസ് സ്വർണത്തിന്റെ അന്താരാഷ്ട്ര നിരക്ക് 2458 ഡോളർവരെ ഉയർന്നെങ്കിലും പിന്നീട്   2404  ഡോളറിലേക്ക് താഴുകയുണ്ടായി. എന്നാൽ, പശ്ചിമേഷ്യയിലെ സംഘർഷം മൂർച്ഛിക്കുന്നത് സ്വാഭാവികമായും സ്വർണവില ഉയരത്തിൽ നിർത്തുമെന്നാണ് മാർക്കറ്റ് വൃത്തങ്ങൾ നൽകുന്ന സൂചന. ( മുതിർന്ന സാമ്പത്തിക കാര്യ മാധ്യമ പ്രവർത്തകനാണ്‌ ലേഖകൻ)


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top