31 January Tuesday

ജീവൻ രക്ഷിക്കാനാകണം ആ കുതിപ്പ്‌

കെ പ്രേമനാഥ്‌Updated: Saturday Oct 22, 2022

ആംബുലൻസുകളുടെ സൈറൺ കേൾക്കുമ്പോൾ ആരുടെയും ചങ്കിടിപ്പ്‌ കൂടും.  കാൽനടക്കാർ ഭയന്ന്‌ മാറും. മറ്റു വാഹനങ്ങൾ വശംചേർന്ന്‌ ഒതുക്കും. ലൈറ്റുകൾ പ്രകാശിപ്പിച്ച്‌ കുതിച്ചെത്തുന്ന വാഹനം നമ്മെ കടന്നുപോയാലേ അമ്പരപ്പ്‌ മാറൂ.  ഇത്‌ കാലങ്ങളായുള്ള കാഴ്‌ച, അനുഭവം. ഒരു ജീവൻ നിലനിർത്താനായുള്ള ആ യാത്രയ്‌ക്ക്‌ ജനത നൽകുന്ന ആദരം കേരളത്തിന്‌ തിരിച്ചടിയാകുകയാണോ. ജീവൻരക്ഷാ വാഹനങ്ങൾ തന്നെ മരണവാഹനമാകുന്നു.

തിരുവനന്തപുരം–- വെഞ്ഞാറമൂട്ടിൽ അച്ഛനും കുഞ്ഞുമകളും ആംബുലൻസ്‌ ഇടിച്ചു മരിച്ചത്‌ ദിവസങ്ങൾക്കുമുമ്പ്‌–-ഒക്‌ടോബർ എട്ടിന്‌ അതിരാവിലെ. നാല്‌ വയസ്സുകാരിയായ മകൾ അലംകൃതയ്‌ക്ക്‌ വയറുവേദനയായപ്പോൾ ഡോക്ടറെ കാണിച്ച്‌ സ്‌കാൻ ചെയ്യാൻ വന്നതായിരുന്നു അവർ. ബൈക്ക്‌ റോഡരികിൽ നിർത്തി കടയ്‌ക്കുമുന്നിൽ കാത്തുനിൽക്കുമ്പോഴാണ്‌ സൈറൺ മുഴക്കി മിന്നൽ വേഗതയിൽ ആംബുലൻസ്‌ എത്തിയത്‌. തെറിച്ചുവീണ ഷിബു ഉടൻ മരിച്ചു. മകൾ രണ്ടു ദിവസം കഴിഞ്ഞും. അനാഥമായത്‌ രണ്ട്‌ കുടുംബം. ഷിബുവിന്റെ അച്ഛനും അമ്മയും ആറ്റിങ്ങലിൽ. ഭാര്യ സന്ധ്യയും അച്ഛനമ്മമാരും ഒരു വയസ്സുള്ള മകളും വെഞ്ഞാറമൂട്ടിൽ. ഇവരുടെ ഏക വരുമാന മാർഗമായിരുന്നു ഷിബുവിന്റെ കെട്ടിടനിർമാണത്തൊഴിൽ.

രോഗിയുമായി പോകുകയായിരുന്നില്ല ഈ സ്വകാര്യ ആംബുലൻസ്‌. തിരുവനന്തപുരം മെഡിക്കൽ കോളേജിൽനിന്ന്‌ ഡിസ്‌ചാർജ്‌ ചെയ്‌ത രോഗിയെ ഇടുക്കി കട്ടപ്പനയിൽ എത്തിച്ചുള്ള മടക്കയാത്ര. ഡ്രൈവറായിരുന്നില്ല വാഹനമോടിച്ചത്‌, പകരം മെയിൽ നഴ്‌സ്‌. കേരളത്തിലെ റോഡുകളിൽ പതിവുകാഴ്‌ചയാകുന്ന ആംബുലൻസ്‌ അപകടങ്ങളിൽ ഏറ്റവും അവസാനത്തേതാണ്‌ ഇത്‌.

സൈറൺ കേട്ടും ലൈറ്റ്‌ കണ്ടും എല്ലാവരും റോഡ്‌ ഒഴിഞ്ഞുകൊടുത്തിട്ടും കേരളത്തിൽ ആംബുലൻസുകളുടെ അപകടം കൂടുകയാണ്‌. 2019ൽ 119 അപകടമുണ്ടായിരുന്നത്‌ 2020ൽ 156 ആയി. 2021ൽ വീണ്ടും ഉയർന്നു–-186ലേക്ക്‌. മരണവും ഇതിനനുസരിച്ച്‌ കൂടുന്നു. 2018 മുതൽ 2021 വരെയുള്ള നാലു കൊല്ലത്തിൽ ആംബുലൻസ്‌ കൊന്നൊടുക്കിയത്‌ 125 പേരെ. ഇതേ കാലത്ത്‌ അപകടത്തിൽ പരിക്കേറ്റവർ 746.

ജനങ്ങളെ ഇങ്ങനെ ഭീതിയിലാഴ്‌ത്തി റോഡ്‌ കൈയേറി കുതിക്കാൻ ആരാണ്‌ ആംബുലൻസുകാർക്ക്‌ അധികാരം നൽകിയത്‌. ‘മരണത്തോട്‌ മല്ലിടുന്ന ഒരാൾ അതിനകത്തുണ്ടാകുമല്ലോ. അവർ വേഗം ആശുപത്രിയിലെത്തട്ടെ’ എന്ന ജനങ്ങളുടെ വിശ്വാസത്തെയാണ്‌  മുതലെടുക്കുന്നത്‌. റോഡും തിരക്കും നോക്കാതെ 100 നുമേലെ കുതിക്കാൻ ഒരവകാശവും ആംബുലൻസുകാർക്ക്‌ ഇല്ല. റോഡ്‌ സേഫ്‌ടി അതോറിറ്റി ഇപ്പോൾ പരിഗണിക്കുന്നത്‌, ഓരോ റോഡിലും വാഹനങ്ങൾക്ക്‌ എത്ര വേഗതയാണോ അനുവദിച്ചിട്ടുള്ളത്‌ അതിന്റെ 10 ശതമാനംകൂടി വേഗത ആംബുലൻസിന്‌ നൽകാമെന്നാണ്‌. അതും രോഗിയുമായി പോകുമ്പോൾമാത്രം.

അപ്പോൾ  നാം കാണുന്നതല്ല നിയമം. റോഡിൽ തോന്നുന്ന ശബ്ദത്തിൽ സൈറൺ മുഴക്കാനോ, പേടിപ്പെടുത്തുംവിധം ലൈറ്റ്‌ തെളിക്കാനോ ആംബുലൻസ്‌ ഡ്രൈവർക്ക്‌ അധികാരമില്ല. വാഹനത്തിൽ മൃതദേഹമാണെങ്കിലും രോഗിയില്ലെങ്കിലും അതിവേഗത പാടില്ല. നാഷണൽ ആംബുലൻസ്‌ കോഡ്‌ അനുസരിച്ച്‌ സൈറണിന്റെ ശബ്ദം, അതിന്റെ ഉയർച്ച–- -താഴ്‌ചകൾ, ലൈറ്റ്‌ എന്നിവ രോഗിയുടെ അവസ്ഥയ്‌ക്ക്‌ അനുസരിച്ച്‌ മാറണമെന്നുണ്ട്‌.

കേരളത്തിൽ നാലുതരം ഉടമസ്ഥതയിൽ ആംബുലൻസുണ്ട്‌–സർക്കാർ-,  സ്വകാര്യ ആശുപത്രി, ചാരിറ്റബിൾ സംഘടനകൾ, സ്വകാര്യ വ്യക്തികൾ. മോട്ടോർ വാഹനവകുപ്പിന്റെ കണക്കനുസരിച്ച്‌ 8800 ആംബുലൻസ്‌ സംസ്ഥാനത്ത്‌ സർവീസ്‌ നടത്തുന്നുണ്ട്‌. ആംബുലൻസായി രജിസ്റ്റർ ചെയ്‌താൽ നികുതിയിലും മറ്റും ഇളവുകളുണ്ട്‌. ഈ ആനുകൂല്യം ഉപയോഗിച്ച്‌ പല ആംബുലൻസും ടൂറിസ്റ്റ്‌ വാഹനങ്ങളായി ഓടുന്നുണ്ടെന്നതും പരസ്യമായ രഹസ്യം. ഡോക്ടർമാർക്കും ആശുപത്രി സ്റ്റാഫിനും തടസ്സമില്ലാതെ യാത്രചെയ്യാനും സാധനങ്ങൾ കൊണ്ടുപോകാനും മാത്രമായി സർവീസ്‌ നടത്തുന്നവയുമുണ്ട്‌.  മയക്കുമരുന്നുകടത്തിനും ചില ‘ജീവൻരക്ഷാ വാഹന’ങ്ങൾ  ഉപയോഗിക്കുന്നുണ്ട്‌. എന്നാൽ, ഇതിനെല്ലാം അപവാദമായി രോഗികളെയും പരിക്കേറ്റവരെയും എടുത്തുകൊണ്ടുപോയി അവർക്കൊപ്പം ആശുപത്രിയിൽ തുണ നിൽക്കുകയും മരുന്നും ഭക്ഷണവുമെല്ലാം വാങ്ങിക്കൊടുക്കുന്നവരുണ്ട്‌.

കേരളത്തിൽ എല്ലാ വാഹനത്തിനും നിശ്ചിത വാടകയുണ്ട്‌. വിമാനംമുതൽ ട്രോളികൾ വരെ ഇതിൽപ്പെടും. എന്നാൽ, വാടകയിൽ ഒരു വ്യവസ്ഥയുമില്ലാത്ത ഏകവാഹനം ആംബുലൻസുകളാണ്‌. മൃതദേഹം കയറ്റുമ്പോൾ പറഞ്ഞുറപ്പിച്ചതാകില്ല വീട്ടിലെത്തി ബന്ധുബലം കാണുമ്പോൾ പറയുക. മരണവീട്ടിൽ തർക്കമുണ്ടാകാൻ പാടില്ലല്ലോ. ഡ്രൈവർ പറയുന്നതാണ്‌ നിരക്ക്‌. ബസ്‌–-ടാക്‌സി നിരക്ക്‌ തുടങ്ങിയവ നിശ്ചയിക്കാൻ വർഷങ്ങളായി കേരളത്തിലൊരു സംവിധാനമുണ്ട്‌, ജസ്റ്റിസ്‌ രാമചന്ദ്രൻ കമീഷൻ. എന്നാൽ, ആംബുലൻസുകൾക്കൊരു ലക്ഷ്‌മണരേഖയിടാൻ ഈ കമീഷനായിട്ടില്ല.

ചികിത്സാരംഗത്ത്‌ ആംബുലൻസുകൾ നൽകുന്ന സംഭാവനകൾ വിസ്‌മരിച്ചല്ല ഈ വിമർശം. സംസ്ഥാനത്തെ ആരോഗ്യ മുന്നേറ്റത്തിനനുസരിച്ച്‌ ആംബുലൻസുകൾ നവീകരിക്കപ്പെടുന്നില്ല എന്നാണ്‌ പ്രധാന പരാതി. കള്ളനാണയങ്ങളെ തൂത്തെറിയുകയും വേണം. ആംബുലൻസുകളെയെല്ലാം ഒറ്റ ഫോൺ  നമ്പരിൽ കോർത്തിണക്കുകയാണ്‌ ആദ്യം വേണ്ടത്‌. ആശുപത്രിപ്പടിക്കൽ മരണവും കാത്തുകിടക്കുന്ന ‘കഴുകന്മാര’ല്ല, ആധുനിക സൗകര്യമുള്ള ജീവൻ രക്ഷാവാഹനമാണ്‌ നമുക്കിന്ന്‌ ആവശ്യം. അത്‌ കൈകാര്യം ചെയ്യാൻ എമർജൻസി വെഹിക്കിൾ ഓപ്പറേറ്റർ കോഴ്‌സ്‌ (ഇവിഒസി–-ഇവോക്ക്‌) കഴിഞ്ഞ ‘ആംബുലൻസ്‌ പൈലറ്റു’മാരും വേണം. നിലവിലുള്ള വാഹനങ്ങളെയും ഡ്രൈവർമാരെയും ഇങ്ങനെ മാറ്റിയെടുക്കാനാകും. ആവശ്യക്കാർ എവിടെനിന്ന്‌ വിളിച്ചാലും ഉടൻ വാഹനം അവിടെയെത്തണം. അപകടത്തിൽ സ്‌പൈനൽ കോഡിന്‌ ക്ഷതം സംഭവിച്ച്‌ അനങ്ങാൻ കഴിയാതെ കിടക്കുന്നവരെ വാരിവലിച്ചെടുത്ത്‌ കാറിലോ മറ്റോ കുത്തിക്കയറ്റി ആശുപത്രിയിലേക്ക്‌ വിടുന്ന പ്രാകൃതരീതി മാറണം (വടക്കഞ്ചേരിയിൽ ഈയിടെ ടൂറിസ്റ്റ്‌ ബസ്‌ അപകടത്തിൽപ്പെട്ടപ്പോൾ  പരിക്കേറ്റവരിൽ ചിലരെ കള്ള്‌ ലോറിയിലാണ്‌ കയറ്റിവിട്ടത്‌). ഇതിനുവേണ്ടത്‌ ഓട്ടോ–-ടാക്‌സി സ്റ്റാൻഡിലെന്നോണം ആംബുലൻസുകൾ നാട്ടിലാകെ ഉണ്ടാകണം. ആവശ്യക്കാർ വിളിക്കുന്ന സ്ഥലം തിരിച്ചറിഞ്ഞ്‌ അവിടെയുള്ള ആംബുലൻസിന്‌ കോൾ കൈമാറാൻ കഴിയുന്ന സംവിധാനം ഇന്നുണ്ട്‌. 

വാഹനത്തിന്റെ വലുപ്പം, ആധുനിക സൗകര്യം എന്നിവയടക്കം പരിഗണിച്ച്‌ ആംബുലൻസുകളെ നാലോ അഞ്ചോ തട്ടാക്കി തിരിക്കാം. മൃതദേഹം കൊണ്ടുപോകാൻ ഒരുക്കുന്നവയിൽ രോഗികളെ കയറ്റരുത്‌. വാഹനത്തിന്റെ ഗ്രേഡ്‌ അനുസരിച്ച്‌ വാടകനിരക്ക്‌ നിശ്ചയിക്കാം. മിനിമം ചാർജ്‌, ദീർഘദൂര ചാർജ്‌, പകൽ–-രാത്രി, മലയോരമേഖല എന്നിവയും പരിഗണിക്കാം.  ജിപിഎസ്‌ ട്രാക്കിങ് സംവിധാനം ഏർപ്പെടുത്തിയാൽ ദുരുപയോഗവും തടയാനാകും. ആശുപത്രികളുടെ വലുപ്പമനുസരിച്ച്‌ അത്യാധുനിക ആംബുലൻസുകളും മോർച്ചറി ആംബുലൻസുകളും ഇവർക്ക്‌ സ്വന്തമായി വേണമെന്നും നിഷ്‌കർഷിക്കണം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
----
പ്രധാന വാർത്തകൾ
-----
-----
 Top