19 February Tuesday

സഖാവ് അഭിമന്യുവിന് ഒരു രക്തസാക്ഷിക്കുറിപ്പ്... അമൽ പുല്ലാർക്കാട്ട്‌ എഴുതുന്നു

അമൽ പുല്ലാർക്കാട്ട്‌Updated: Wednesday Jul 4, 2018

എറണാകുളം മഹാരാജാസ്‌ കോളേജിൽ അഭിമന്യു എന്ന വിദ്യാർഥിയെ എസ്‌ഡിപിഐ ക്രിമിനലുകൾ കുത്തിക്കൊലപ്പെടുത്തിയ ദാരുണ സംഭവത്തെക്കുറിച്ച്‌ മഹാരാജാസിലെ പൂർവ വിദ്യാർഥിയും മുൻ ജെഎൻയു വിദ്യാർഥി യൂണിയൻ വൈസ്‌ പ്രസിഡന്റുമായ അമൽ പുല്ലാർക്കാട്ട്‌ എഴുതുന്നു...

മറക്കാൻ കഴിയാത്ത ഒരു ദിവസമാണ് ഇന്നലെ (ജൂലൈ 2, 2018). തികച്ചും സാധാരണമായ് ഉണർന്നെണീറ്റ ഒരു ദിവസം ഒരൊറ്റ നിമിഷം കൊണ്ട് ഒരൊറ്റ മെസേജിലൂടെയാണ് മാറിമറിഞ്ഞത്. ഓർത്തുപോവുകയാണ് ഏകദേശം പത്ത് വർഷം മുൻപുള്ള ഞങ്ങളുടെ മഹാരാജാസിനെ. അഭിമന്യുവിനെ കൊലപ്പെടുത്തിയ വാർത്ത മനസ്സിൽ കിടന്ന് കലങ്ങിമറിയുമ്പോൾ എത്തിച്ചത് ചുവരെഴുത്തുകളിലേക്കും വെൽക്കം ക്യാമ്പയ്നിലേക്കും മുദ്രാവാക്യം വിളികളിലേക്കും പാട്ടുകളിലേക്കും രക്തബന്ധത്തേക്കാൾ വളർന്ന കോമ്രേഡ്ഷിപ്പിലേക്കുമാണ്. അതിനാൽത്തന്നെ സഖാവ് അഭിമന്യു പാടിക്കൊണ്ടിരുന്ന ഞങ്ങളുടേതു കൂടിയായ തലമുറകൾ കൈമാറി വന്ന ആ പഴയ നാടൻപാട്ടുകൾ അറിയാതെ കണ്ണിൽ നിന്ന് നീർപൊട്ടിയൊഴുകുന്നിടത്തേക്ക് എത്തി. മഹാരാജാസിന്റെ എത്രയോ മനോഹരമായ രാത്രികളിൽ ഞങ്ങളിങ്ങനെ ക്യാമ്പസിനെ അണിയിച്ചൊരുക്കുന്നതിൽ മുഴുകിയിട്ടുണ്ട്, എൻഎസ്എസ്‌ ക്യാമ്പുകളിൽ പാട്ടുമായ് ഒത്തു ചേർന്നിട്ടുണ്ട്. ഒരിക്കലും സ്വപ്നങ്ങളിൽ പോലും കണ്ടില്ല വരുംകാലത്ത് ഇതുപോലൊരു രാത്രിയിൽ ഒരു കൂടപിറപ്പ് കുത്തുകൊണ്ട് വീണ് പ്രാണൻവെടിയുമെന്ന്.

സത്യത്തിൽ ഞങ്ങളോരോരുത്തരും തന്നെയാണ് അഭിമന്യു. കാലമേറെ കഴിഞ്ഞിട്ടും മഹാരാജാസ് എന്ന പത്മവ്യൂഹത്തിൽ നിന്ന് പുറത്തു കടക്കാൻ കഴിയാത്തവർ. ജീവിതത്തിൽ ഏറ്റവും സർഗാത്മകമായ സമയം കലാലയ ജീവിതമാണെന്ന് പലരും പറഞ്ഞു കണ്ടിട്ടുണ്ട്. മനസ്സിനെ തീപിടിപ്പിക്കുന്ന ആശയങ്ങളിലേക്കും സൗഹൃദങ്ങളിലേക്കും പ്രണയങ്ങളിലേക്കുമെല്ലാം കടന്നു ചെല്ലുന്നകാലം. തന്റെ വ്യക്തിത്വം നിർമ്മിക്കപെടുന്ന ഈ ഒരു സർഗാത്മക ജീവിതകാലം മതാന്ധത പിടിച്ച കരങ്ങൾ തല്ലിക്കൊഴിച്ചുകളയുന്നത് ന്യായീകരിക്കാൻ മനുഷ്യരായ്‌ ജീവിക്കുന്ന ആർക്കും കഴിയില്ല. അഭിമന്യു എന്ന വിദ്യാത്ഥി ആരായിരുന്നു എന്ന് അവന്റെ ജീവിതത്തിലേക്ക് തന്നെ നോക്കിയാൽ മതി. കുടുംബത്തിൽനിന്നു മാത്രമല്ല സ്വന്തം ഗ്രാമത്തിൽനിന്നു തന്നെ ജില്ലക്ക് പുറത്തേക്ക് ഡിഗ്രി പഠനത്തിനായി പോകുന്ന ആദ്യത്തെ കുട്ടി. കൈയ്യിൽ പണമില്ലാത്തതിനാൽ ഭക്ഷണം പോലും കഴിക്കാതിരുന്നിരുന്നവൻ, കഷ്ടപ്പാടുകൾക്കിടയിലും സ്വന്തം ജീവിതത്തേക്കാളേറെ സാമൂഹിക പ്രവർത്തനങ്ങൾക്ക്‌ വിലനൽകിയിരുന്നവൻ, ഒറ്റമുറി ലായത്തിൽ അഞ്ച് കുടുംബാംഗങ്ങളുമായ് കഴിയുന്നവൻ, ദളിതൻ, അക്ഷരാഭ്യാസമില്ലാത്ത കർഷകത്തൊഴിലാളികളുടെ മകൻ, ഭാഷാന്യൂനപക്ഷക്കാരൻ... ഇതെല്ലാം തരണംചെയ്ത് നഗരത്തിലെ ഒരു മികച്ച ഗവൺമെന്റ് കോളേജിൽ ബിഎസ്‌സി കെമിസ്ട്രിക്ക് പഠിക്കണമെങ്കിൽ അവൻ താണ്ടിയ കനൽവഴികൾ സോഷ്യൽമീഡിയയിലിരുന്ന് ഗീർവാണങ്ങൾ തള്ളിവിടുന്ന സ്വത്വവാദ‐പോസ്റ്റ്മോഡേൺ ബുദ്ധിജീവികൾക്ക് സ്വപ്നംകാണാൻ കഴിയുന്നതിലുമപ്പുറത്താണ്. മഹാരാജാസിലെത്തി ഒരു വർഷത്തിനകം എൻഎസ്‌എസ്‌ വളന്റിയർ സെക്രട്ടറിയും ഹോസ്റ്റൽ സെക്രട്ടറിയുമായ അവന്റെ സാമൂഹിക പ്രതിബദ്ധതയും സമൂഹം ജീവിതത്തിൽ അടിച്ചേൽപ്പിക്കുന്ന കുറവുകളെ മറികടക്കാനുള്ള അസാധ്യമായ മെയ്വഴക്കവും ഒരു സ്വത്വ വർഗീയവാദിക്കും വഴങ്ങുന്നതല്ല.

ഇന്ന് സ്വന്തം ഫേസ്ബുക്ക്, ട്വിറ്റർ മുറികളിലിരുന്ന് കൊന്ന് കളഞ്ഞവനെ വരെ പ്രതിക്കൂട്ടിൽ ആക്കുന്ന നാറിയ വാദങ്ങൾ നടത്തുന്ന സ്വയം പ്രഖ്യാപിത ന്യൂനപക്ഷ ഭരണഘടനാവാദികകളോട് സഖാവ് അഭിമന്യുവിന്റെ പാട്ടുകളെകുറിച്ചും മുദ്രാവാക്യങ്ങളെകുറിച്ചും അവൻ ബാക്കിവച്ചുപോയ വട്ടവടയിലെ പിന്നോക്കകാർക്കുള്ള വിദ്യാഭ്യാസ ക്യാമ്പടക്കമുള്ള സ്വപ്നങ്ങളെക്കുറിച്ചും പറഞ്ഞിട്ട് ഒരു പ്രയോജനവുമില്ലെന്നറിയാം. കാരണം നഷ്ട്ടപെട്ടത് നിങ്ങൾക്കല്ല ഈ സമൂഹത്തിനാണ്, അവൻ പ്രധിനിധീകരിക്കുന്ന ആ പാവങ്ങളുടെ ദേശത്തിനാണ്, അവൻ പ്രതിനിധാനം ചെയ്യുന്ന പുരോഗമനരാഷ്ട്രീയത്തിനാണ്, നാൻപെറ്റ മകനേ എന്ന് ചങ്ക് പൊട്ടിക്കരയുന്ന അമ്മയ്ക്കാണ് കാണുന്നവരോടെല്ലാം കരച്ചിലടക്കാൻ കഴിയാതെ തന്റെ മകനെ കുറിച്ച് സംസാരിച്ചുകൊണ്ടിരുന്ന കർഷകത്തൊഴിലാളിയായ അച്ഛനും ആ ഒറ്റ മുറിലായത്തിലെ അവനായ്‌ സ്വപ്നങ്ങൾ നെയ്തെടുത്തിരുന്ന സഹോദരങ്ങൾക്കുമാണ്. ഇവരുടെയെല്ലാം ഇടനെഞ്ചിലേക്കാണ് നിങ്ങൾ വർഗീയവാദികളുടെ കഠാര തുളഞ്ഞിറങ്ങിയത്.

മഹാരാജാസിലെ അക്രമങ്ങൾ എന്ന സ്വപ്നാടനകഥകൾ പറഞ്ഞുനടക്കുന്ന ന്യായീകരണവാദികളോട് ഒരു ചോദ്യം മഹാരാജാസ് എന്ന പേരല്ലാതെ ആ കലാലയത്തെക്കുറിച്ച് എന്താണ്‌ നിങ്ങൾക്കറിയാവുന്നത്?ഒരു ദളിത് വനിതയാണ് വിദ്യാർത്ഥി യൂണിയൻ നയിക്കുന്നത്. ഭിന്നലിംഗക്കാർക്കു കൂടി ഇടമുള്ള പ്രവേശനഫോമും സ്വീകാര്യതയും ആ കലാലയത്തിലുണ്ട്. സ്വന്തം കൊടിമരത്തിലെ ബ്രിട്ടീഷ്–നാടുവാഴിത്ത പതാക വലിച്ചുകീറി ഇന്ത്യൻ പതാക നാട്ടിയതുമുതൽ ക്രൂരമായ അടിയന്തരാവസ്ഥയെ ചെറുത്തുതോൽപ്പിച്ചതു തുടങ്ങി എല്ലാ സാമൂഹികനീതിയേയും തകിടം മറിക്കുന്ന സ്വയംഭരണത്തെ സമരാഗ്നിയിലൂടെ മുട്ടുകുത്തിച്ച ചരിത്രവും ഒരു കാലത്തും വർഗീയവാദികൾക്ക്‌ വഴങ്ങാത്ത വർത്തമാനകാലവും അവിടെയുണ്ട്. ക്യാമ്പസ്‌ ഫ്രണ്ടും സഹോദരസ്ഥാപനമായ എസ്ഐഓയും പിന്നെ അവസരത്തിനൊത്ത് പേരുമാറി മാറിവന്ന വർഗീയത ഒളിച്ചുകടത്താൻ ശ്രമിക്കുന്ന ഇവരുടെ മഴവിൽ സഖ്യമായ ഈങ്കുലാബും ഫ്രട്ടേണിറ്റിയും പോലുള്ള ആളില്ലാ സംഘടനകൾ മാത്രമല്ല ഇവരേക്കാൾ താരതമ്യേന വലുതും ഹിന്ദുത്വ തീവ്രവാദസംഘടനയുമായ എബിവിപിയും പോലും ഇന്നേ വരെ ഒരു ക്ലാസ്റെപ്പ് സീറ്റിൽ പോലും പച്ചതൊട്ടിട്ടില്ല. വിദ്യാർത്ഥി സംഘർഷങ്ങൾ ഉണ്ടായിട്ടുണ്ടെങ്കിലും ഒരു വിദ്യാർത്ഥിയെ പുറത്തു നിന്ന് ആളെ കൊണ്ടുവന്ന്‌ ക്യാമ്പസിലിട്ട്‌ കുത്തിക്കൊല്ലുന്ന സംഭവം കെഎസ്‌യു തോമസ് ഐസക്ക് എന്നുധരിച്ച് മുത്തുക്കോയയെ എഴുപതുകളിൽ കൊന്നുകളഞ്ഞതിനുശേഷം ഇപ്പോഴാണ്. 1979ൽ ത്രിപ്പൂണിത്തുറ ആയുർവേദ കോളേജിൽ സഖാവ് പി കെ രാജന്റെ രക്തസാക്ഷിത്വത്തിന്ശേഷം എറണാകുളം ജില്ലയിൽ ക്യാമ്പസിന് അകത്തുവച്ച് ക്രൂരമായ് കൊല്ലപ്പെടുന്ന ആദ്യ വിദ്യാർത്ഥിയാണ്‌ സഖാവ് അഭിമന്യു. ഇതിനർത്ഥം മഹാരാജാസിലെന്നല്ല എറണാകുളം ജില്ലക്ക് അകത്തുതന്നെ ഇത്ര വലിയ അക്രമ സാഹചര്യം നിലനിൽക്കുന്നില്ല എന്നതാണ്.

സംഘടനാ സ്വാതന്ത്രമില്ലെന്ന് മുറവിളി കൂട്ടുന്ന സിഎഫ്ഐക്ക് മഹാരാജാസിൽ ആകെയുള്ളത് ഒരു പ്രവർത്തകനാണ്. കരുതിക്കൂട്ടി കലാലയത്തെ മുഴുവൻ ഭീതിയിലാഴ്ത്താൻ പുറമെനിന്ന്‌ കൂട്ടിക്കൊണ്ടുവന്നവരിൽ ഉള്ളത്‌ ഭൂരിഭാഗവും മറ്റുജില്ലകളിൽ നിന്നുള്ളവരും ആളെ കൊല്ലാൻ മികച്ച പരിശീലനം നേടിയവരുമായ പോപുലർ ഫ്രണ്ട്‌ പ്രവർത്തകർ. പിടിയിലായ പ്രധാനപ്രതിക്ക്  37 വയസ്സും. കൈകൾ തിരിച്ചുപിടിച്ചു നിറുത്തി കൃത്യമായ് ആ ഇരുപതുകാരന്റെ ഇടനെഞ്ചിലേക്ക് കത്തികുത്തിയിറക്കിയപ്പോൾ തൊട്ടപ്പുറത്തുള്ള കെട്ടിടമായ എറണാകുളം ജനറൽ ഹോസ്പിറ്റലിലേക്ക് എടുത്തുകൊണ്ട് പോകുന്നതിനുള്ളിൽ തന്നെ അഭിമന്യുവിന്റെ മരണം സംഭവിച്ചിരുന്നു. മാത്രമല്ല അഭിമന്യുവിന്റെ കൂടെയുണ്ടായിരുന്ന അർജുനും വിനീതിനും നേരെയും വധശ്രമമുണ്ടായി ഇതിൽ അർജുൻ ഇപ്പോഴും മരണവുമായി മല്ലിട്ടുകൊണ്ട് മെഡിക്കൽ ട്രസ്റ്റ്ഹോസ്പിറ്റലിലാണ്. ഇതെല്ലാം വ്യക്തമാക്കുന്നത് ഇവിടെ നടന്നത്‌ കേവലം ഒരു പോസ്റ്ററിനോ ചുവരിനോ വേണ്ടിയുണ്ടായ തർക്കമല്ല മറിച്ച് വളരെ കരുതിക്കൂട്ടി തന്ത്രപരമായി ആവിഷ്കരിച്ച് ആയുധങ്ങളുമായി കടന്നുവന്നുള്ള കൊലപാതക പദ്ധതിയാണ് ഇതെന്നാണ്. മഹാരാജാസിലെ കൊലപാതകത്തിനെതിരെ പ്രതിഷേധ പരിപാടികൾ സംഘടിപ്പിച്ച എസ് എഫ് ഐ പ്രവർത്തകരായ നൗജാസ് മുസ്തഫ, അജയ്‌ എന്നിവരെ ഉടൻതന്നെ ആലപ്പുഴ ചാരുംമൂട്ടിൽ വച്ച് ആയുധങ്ങളുപയോഗിച്ച് ആക്രമിച്ചത് ഇവരുടെ കേരളത്തിലെ ക്യാമ്പസുകളെയാകെ ലക്ഷ്യംവച്ചുള്ള വലിയ ആക്രമണ പദ്ധതിയെ തുറന്നു കാട്ടുന്നു. ഇതുവഴി ജനാധിപത്യ സമൂഹത്തിന് ഒരൊറ്റ സന്ദേശം കൊടുക്കുവാനാണ് ഇക്കൂട്ടർ ആഗ്രഹിക്കുന്നത്. തങ്ങളോട് വിയോജിക്കുന്നവർക്കെല്ലാം കൊലപാതകമോ അംഗഭംഗമോ ആയിരിക്കും ഫലം എന്ന്.

ജോസഫ് മാഷിന്റെ കൈവെട്ടൽ അടക്കമുള്ള വിദ്യാഭ്യാസ മേഖലയിലെ ഇവരുടെ ഇടപെടൽ ഇതുതന്നെയാണ് കാണിക്കുന്നത്. മാത്രമല്ല ആർഎസ്എസ്‌ പോലെയുള്ള ഭൂരിപക്ഷ തീവ്രവാദത്തിനൊപ്പം പിഎഫ്ഐ / എസ്ഡിപിഐ അടക്കമുള്ള ന്യൂനപക്ഷ തീവ്രവാദംകൂടി കേരളത്തിൽ നിലനിൽക്കുന്നു എന്ന യാഥാർത്ഥ്യവും. ഓരോ തവണയും അക്രമങ്ങൾ നടത്തിക്കൊണ്ട് സാഹോദര്യത്തിന്റെ മതമായ ഇസ്ലാം വിശ്വാസികൾക്കാകമാനം ഞങ്ങൾ തീവ്രവാദത്തിൽ വിശ്വസിക്കുന്നില്ല എന്ന് പറയുവാനുള്ള ബാധ്യത കൂടി ഉണ്ടാക്കികൊടുത്തു കൊണ്ടിരിക്കുകയാണ് ഈ അമാനവ‐മഞ്ച്സംഘങ്ങൾ. തങ്ങളുടെ വരവറിയിക്കുവാനായി വഴിയേ നടക്കാനിറങ്ങിയവരെ വെട്ടിവീഴ്ത്തിയ ഡിഎച്ച്ആർഎമ്മിന്റെ മറ്റൊരു പതിപ്പു മാത്രമാണ് ഈ അക്രമസംഘം. ഈ ക്രിമിനലുകളെക്കുറിച്ചും അവർ പടർത്തിവിടുന്ന വെറുപ്പിന്റെ രാഷ്ട്രീയത്തെക്കുറിച്ചും കേരള ജനത അത്യന്തം ജാഗരൂഗരാകേണ്ടതും ഇവരെ പൂർണ്ണമായി ഒറ്റപ്പെടുത്തി ചെറുത്തു തോൽപ്പിക്കേണ്ടതിന്റെ ആവശ്യകതയെ കുറിച്ചും നമ്മുക്കുള്ള ഓർമ്മപ്പെടുത്തലാണ് ഈ സംഭവം.

സഖാവ് ജിഷ്ണു പ്രണോയിയുടെ രക്തസാക്ഷിത്വത്തിന് ശേഷം നമ്മുടെ ക്യാമ്പസുകളിലാകമാനം നടന്നുകൊണ്ടിരിക്കുന്ന വിഷയങ്ങളെക്കുറിച്ച്‌ ജാഗരൂകരാവേണ്ട സന്ദർഭത്തെക്കുറിച്ച്‌ വ്യക്തമാക്കി എല്ലാ കലാലയങ്ങളിലും വിദ്യാർത്ഥികളുടെ സുരക്ഷക്കായി വിദ്യാർത്ഥി രാഷ്ട്രീയവും തിരഞ്ഞെടുപ്പുംവേണം എന്ന സന്ദേശം ഉയർത്തി ഇടതുപക്ഷ സർക്കാർ കൊണ്ടുവരുന്ന ബിൽ കൂടി ചെറുത്ത് കലാലയങ്ങൾ മുഴുവൻ അരാഷ്ട്രീയവൽക്കരിച്ച് വർഗീയതയുടെ കൂത്തരങ്ങാക്കി മാറ്റാനുള്ള ഇവരുടെ ശ്രമവും ഇതിൽ ഉണ്ടെന്നു തന്നെ വേണം കരുതാൻ.

പ്രിയ സഖാവിന് ഇന്ന് യാത്ര നൽകുമ്പോൾ എസ്എഫ്ഐ ഇടുക്കി ജില്ലാ കമ്മിറ്റി അംഗവും മഹാരാജാസിലെ വിദ്യാർത്ഥികൾക്കും അധ്യാപകർക്കും ഒരു പോലെ പ്രിയങ്കരനുമായ അഭിമന്യുവിന്റെ മരണം കലാലയത്തേയും പിറന്ന നാടിനേയുമെല്ലാം എത്രത്തോളം ഞെട്ടിച്ചു കളഞ്ഞു എന്നും ദുഖത്തിലാഴ്ത്തി എന്നും വ്യക്തമാക്കുന്നതാണ് കണ്ണീരിൽ കുതിർന്ന് ഈ സമൂഹമാകമാനം അഭിമന്യുവിന് യാത്രനൽകാൻ എത്തിയ ദൃശ്യം. 

ഇവിടെ കേരളത്തിൽ ഏറ്റവും അധികം ആളുകളെ കൊന്നുകളഞ്ഞ സംഘടനയായ കോൺഗ്രസ്സും കെഎസ്‌യുവും അവസരവാദ പ്രസ്ഥാപനകൾ മാത്രമായി കടന്നുവരുന്നത് നിറുത്തി ഈ വർഗീയവാദികളാണ് സമൂഹത്തിന്റെ ഏറ്റവും വലിയ ശത്രുക്കൾ എന്ന്‌ തിരിച്ചറിഞ്ഞ് ഈ കൊലയാളികളെ ചെറുക്കുവാനുള്ള സമരത്തിൽ അണിചേരുകയാണ് വേണ്ടത്. ജാതി‐മത‐രാഷ്ട്രീയഭേദമന്യേ നമ്മുടെ സമൂഹമൊന്നാകെ ഈ തീവ്രവാദ സഖ്യത്തിനെതിരെ ഒറ്റക്കെട്ടായി രംഗത്ത് വന്ന് ഇവരെ ഈ സമൂഹത്തിൽ നിന്ന് തുടച്ചുനീക്കുക തന്നെ വേണം.

പ്രിയ സഖാവ് അഭിമന്യു ഞങ്ങളുടെ സമരങ്ങളിലൂടെ, ഞങ്ങളുടെ ഹൃദയങ്ങളിലൂടെ ജീവിക്കുകതന്നെ ചെയ്യും. സഖാവ് ഇടനെഞ്ചോട് ചേർത്തുപിടിച്ച സ്വാതന്ത്രവും ജനാധിപത്യവും സോഷ്യലിസവും ആലേഖനം ചെയ്ത നക്ഷത്രാങ്കിത ശുഭ്ര പതാക ഞങ്ങളിലൂടെയും പിറകേവരുന്ന ആയിരങ്ങളിലൂടെയും ഉയരത്തിൽ തന്നെ പാറുകയും ചെയ്യും. രക്താഭിവാദ്യങ്ങൾ പ്രിയ സഖാവേ!!! 

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top