10 June Saturday

ഐപ്സോ ദേശീയ സമ്മേളനം ; സമാധാനശ്രമങ്ങൾക്ക്‌ കരുത്തുപകരാൻ

അഡ്വ. ജി സുഗുണൻUpdated: Thursday Mar 2, 2023

അഖിലേന്ത്യ സമാധാന ഐക്യദാർഢ്യ സമിതിയുടെ (ഐപ്സോ) ദേശീയ സമ്മേളനം വരുന്ന  നാലിനും അഞ്ചിനും പഞ്ചാബിലെ ചണ്ഡീഗഢിൽ ചേരുകയാണ്. സമാധാനത്തിനും ഐക്യത്തിനും വേണ്ടിയുള്ള ശക്തമായ പ്രവർത്തനങ്ങൾ രാജ്യവ്യാപകമായിത്തന്നെ സംഘടിപ്പിക്കേണ്ട സാഹചര്യമാണ്‌ ഇപ്പോൾ. സംഘടനയുടെ ഈ ദേശീയ സമ്മേളനം അതിനാവശ്യമായ പ്രവർത്തന പരിപാടികൾക്കു രൂപം കൊടുക്കും

അഖിലേന്ത്യ സമാധാന ഐക്യദാർഢ്യ സമിതിയുടെ (ഐപ്സോ) ദേശീയ സമ്മേളനം ഈ മാസം നാലിനും അഞ്ചിനും പഞ്ചാബിലെ ചണ്ഡീഗഢിൽ ചേരുകയാണ്. യുദ്ധഭീതി നിലനിൽക്കുന്ന സ്ഥിതിവിശേഷമാണ് ലോകത്തുള്ളത്. നമ്മുടെ രാജ്യത്തെ സംബന്ധിച്ചിടത്തോളം ഭരണഘടനയുടെ അടിത്തറയായ മതനിരപേക്ഷത തകർക്കപ്പെടുകയും രാജ്യം തന്നെ അർധഫാസിസ്റ്റ് ഭീകരവാഴ്ചയിലേക്ക് നീങ്ങുകയുമാണ്‌.

ആഗോളവൽക്കരണവും പുത്തൻസാമ്പത്തിക നയങ്ങളും വൻകിട മുതലാളിത്ത സാമ്രാജ്യത്വ രാജ്യങ്ങളെപ്പോലും വലിയ പ്രതിസന്ധിയിൽ കൊണ്ടുചെന്ന്‌ എത്തിച്ചു. ഇതിൽനിന്നു രക്ഷനേടാൻ സ്വാഭാവികമായും യുദ്ധത്തെ പ്രയോജനപ്പെടുത്തണമെന്നുള്ളത് സാമ്രാജ്യത്വ കാഴ്ചപ്പാടാണ്. റഷ്യ–- ഉക്രെയ്‌ൻ യുദ്ധത്തിന് ഉഭയകക്ഷി ചർച്ചകളിൽകൂടി പരിഹാരം കാണണമെന്ന് ചൈനയും മറ്റു ചില രാജ്യങ്ങളും ആവശ്യപ്പെട്ടിട്ടുണ്ട്. ആ നിലയിലേക്ക് കാര്യങ്ങൾ ചെന്നെത്തിയാൽ ഒരു മഹാവിപത്തിൽനിന്നു ലോകത്തെ രക്ഷപ്പെടുത്താം.

വിവിധ രാജ്യങ്ങളിലെ ആഭ്യന്തര പ്രശ്നങ്ങൾ അവിടങ്ങളിൽ വലിയ സംഘർഷങ്ങളിലേക്ക് വഴിവച്ചിട്ടുണ്ട്. ഇറാനെപ്പോലുള്ള പല രാജ്യങ്ങളിലും ജനകീയ പ്രശ്നങ്ങൾ വെടിവയ്‌പുകളിലേക്കും കൊലപാതകങ്ങളിലേക്കും നയിക്കുന്നുണ്ട്. പല രാജ്യങ്ങളിലും ജനാധിപത്യ കീഴ്‌വഴക്കങ്ങൾ ലംഘിച്ച്‌  പട്ടാളത്തെയും പൊലീസിനെയും നിർലജ്ജം ഉപയോഗിച്ചു വരുകയാണ്. നിരപരാധികളാണ് പലപ്പോഴും കൊല്ലപ്പെടുന്നത്. നമ്മുടെ രാജ്യത്തെ സംബന്ധിച്ചിടത്തോളം പൗരവകാശ ഭേദഗതി നിയമം അടക്കമുള്ള അനേകം കരിനിയമങ്ങൾ മൗലികാവകാശങ്ങൾ പോലും കവർന്നെടുക്കുന്നതാണ്. സാമ്രാജ്യത്വ രാജ്യങ്ങൾ വികസ്വര രാജ്യങ്ങളുടെമേൽ വലിയ കടന്നാക്രമണങ്ങൾ ഇപ്പോഴും തുടരുകയാണ്. ലാറ്റിൻ അമേരിക്കയിലെ ഇടതുപക്ഷ സർക്കാരുകൾക്കെതിരായി അമേരിക്കയുടെയും സാമ്രാജ്യത്വ ശക്തികളുടെയും ഭീഷണികൾക്ക് ഒരു കുറവും ഉണ്ടായിട്ടുമില്ല.

അഖിലേന്ത്യ സമാധാന ഐക്യദാർഢ്യ സമിതി (ഐപ്സോ) 1948ൽ ആരംഭിച്ച ലോകസമാധാന സംഘടനയുടെ ഇന്ത്യൻ ഘടകമാണ്. 1951ൽ ഈ സംഘടന രൂപമെടുത്തതുമുതൽ ജനാധിപത്യ മതനിരപേക്ഷ മൂല്യങ്ങളിൽ അടിയുറച്ച് പ്രവർത്തിക്കുകയാണ്‌. ആഗോള ആസ്ഥാനം ഗ്രീസിലെ ഏതൻസിലാണ്. ഡോ. സെയ്ഫുദീൻ കിച്ചുലു, ഗാന്ധിജിയുടെ ശിഷ്യനായിരുന്ന പണ്ഡിറ്റ് ചിന്തർലാൽ, ഡോ. എം എം അടൽ, എ കെ ജി, അജയഘോഷ്,  ചരിത്രകാരൻ ഡി ഡി കൊസാംബി, സിനിമാനടൻ പൃഥിരാജ് കപൂർ, വള്ളത്തോൾ, സി അച്യുതമേനോൻ, സി പി നാരായണൻ തുടങ്ങിയ പ്രമുഖർ സമിതിയുടെ  ഭാഗമായിരുന്നു. സിപിഐ എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി, സിപിഐ ദേശീയ ജനറൽ സെക്രട്ടറി ഡി രാജ  തുടങ്ങിയ നേതാക്കൾ നേതൃനിരയിൽ ഇപ്പോഴുമുണ്ട്. സമാധാനത്തിനും ഐക്യത്തിനും വേണ്ടിയുള്ള ശക്തമായ പ്രവർത്തനങ്ങൾ രാജ്യവ്യാപകമായിത്തന്നെ സംഘടിപ്പിക്കേണ്ട സാഹചര്യമാണ്‌ ഇപ്പോൾ. സംഘടനയുടെ ഈ ദേശീയ സമ്മേളനം അതിനാവശ്യമായ പ്രവർത്തന പരിപാടികൾക്കു രൂപം കൊടുക്കും.

(ലേഖകൻ അഖിലേന്ത്യ സമാധാന ഐക്യദാർഢ്യ സമിതി തിരുവനന്തപുരം ജില്ലാ പ്രസിഡന്റാണ്)


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
----
പ്രധാന വാർത്തകൾ
-----
-----
 Top