29 March Wednesday

‘ഹസ്താ ലാ വിക്ടോറിയ സിയംബ്രെ’ - ചെ ഗുവേരയുടെ മകൾ ഡോ. അലെയ്‌ഡ ഗുവേര നടത്തിയ പ്രസംഗം

വെബ് ഡെസ്‌ക്‌Updated: Friday Jan 6, 2023

കെ ആർ ഗൗരിയമ്മ ഫൗണ്ടേഷൻ ഏർപ്പെടുത്തിയ ആദ്യ അന്താരാഷ്‌ട്ര പുരസ്‌കാരത്തിന്‌ 
അർഹയായ ചെ ഗുവേരയുടെ മകൾ ഡോ. അലെയ്‌ഡ ഗുവേര നടത്തിയ പ്രസംഗം

പ്രിയ സുഹൃത്തുക്കളേ,
പ്രിയ സഖാക്കളേ,

ഈ അവാർഡ് സ്വീകരിക്കുന്നത് ഒരു വലിയ ബഹുമതിയാണെന്ന കാര്യത്തിൽ എനിക്ക്‌ സംശയമൊന്നുമില്ല, പക്ഷേ, എന്നെ ദുഃഖിപ്പിക്കുന്ന  കാര്യം, ഏറെ സാമൂഹ്യപ്രതിബദ്ധതയുള്ള, സാമൂഹ്യസേവന തൽപ്പരയായിരുന്ന  മഹതിയുടെ നിര്യാണമാണ് ഈ അവാർഡിന് നിമിത്തമായത്‌ എന്നതു മാത്രമാണ്. ആ മഹതിയെപ്പോലുള്ള വ്യക്തിത്വത്തെ സഖാവും വഴികാട്ടിയുമൊക്കെയായി കിട്ടുകയെന്നത്‌ എന്നെ സംബന്ധിച്ചിടത്തോളം ഏറെ ഇഷ്ടമുള്ള സംഗതിയായിരുന്നു. പക്ഷേ, നമ്മുടെയൊക്കെ ജീവിതാവസ്ഥകളുടെ പ്രത്യേകതകൾ കൊണ്ട് ചില ആഗ്രഹങ്ങൾ ഒരിക്കലും സാധ്യമാകാറില്ലല്ലോ. അവരുടെ പ്രവർത്തനത്തെക്കുറിച്ചുള്ള പ്രചാരണം കേവലം ഇന്ത്യയിൽമാത്രം ഒതുങ്ങേണ്ട ഒന്നല്ല, ലോകത്തിന്റെ മറ്റു ഭാഗങ്ങളിൽക്കൂടി അവ എത്തിച്ചേരേണ്ടതുണ്ട്. അവരുടെ ജീവിതം ലിംഗവിവേചനത്തിൽ അധിഷ്ഠിതമായ വിദ്യാഭ്യാസവും യുക്തിരഹിതമായ ആചാരങ്ങളും കാരണം അടിച്ചമർത്തപ്പെട്ട ഒട്ടേറെപ്പേർക്ക്, പ്രത്യേകിച്ചും സ്ത്രീകൾക്ക് ഉയിർത്തെഴുന്നേൽക്കാനുള്ള പ്രചോദനവും ആത്മധൈര്യവും നൽകുമെന്ന കാര്യത്തിൽ സംശയിക്കേണ്ടതില്ല.

ഗൗരിയമ്മ ഭരണാധികാരിയെന്ന നിലയിലും എഴുത്തുകാരിയെന്ന നിലയിലും നയതന്ത്രജ്ഞയെന്ന നിലയിലും എല്ലാത്തിനുപരി 20–-ാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ ജനിച്ച ഒരു മാർക്സിസ്റ്റ് വിപ്ലവകാരിയെന്ന നിലയിലും തന്റെ ജീവിതസാഹചര്യങ്ങളോട് ചങ്കുറപ്പോടെ ഇടപെടുന്നതിനും വേറൊരു ലോകം സാധ്യമാണെന്ന് തന്നത്താനും മറ്റുള്ളവരെയും വിശ്വസിപ്പിച്ചെടുക്കുന്നതിനുമുള്ള മാനസികക്കരുത്തും നിശ്ചയദാർഢ്യവും കാണിച്ചെന്നത് നമ്മെ ആശ്ചര്യപ്പെടുത്തുന്നുണ്ടാകാം. ഗൗരിയമ്മയെ കാണാനും അവരുമായി അളവില്ലാതെ വിവിധ വിഷയങ്ങളെക്കുറിച്ച് ആശയവിനിമയം നടത്താനും അവരുടെ ജ്ഞാനത്തെയും അനുഭവസമ്പത്തിനെയും അടുത്തറിയാനും കഴിഞ്ഞിരുന്നെങ്കിൽ അത്‌ എനിക്കേറെ സന്തോഷം നൽകിയേനെ.  നിർഭാഗ്യവശാൽ അത്‌ ഇനിയും സാധ്യമല്ലല്ലോ. അതുകൊണ്ടുകൂടിയാണ് അവർ ഇനി ഇല്ലെന്ന അറിവ് എന്നെ സംബന്ധിച്ചിടത്തോളം വേദനാജനകമാകുന്നത്.


 

മറ്റു പല ക്യൂബൻ ഭിഷഗ്വരരെപ്പോലെ എനിക്കും ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ വിവിധ അവസ്ഥകളിൽ ജോലിചെയ്യാനുള്ള അവസരം ലഭിച്ചിട്ടുണ്ട്. അത്തരം വിവിധ സ്ഥലങ്ങളും സന്ദർഭങ്ങളുമൊക്കെത്തന്നെ കൊടുത്തതിൽ കൂടുതൽ അനുഭവങ്ങളായി എനിക്ക് തിരിച്ചുനൽകുകയും അവയൊക്കെത്തന്നെ എന്നെ ഒരു മികച്ച ഡോക്ടറാക്കുന്നതിനും  സംശയലേശമന്യേ,  മികച്ച സാമൂഹ്യ ജീവിയാക്കുന്നതിനും നിമിത്തമായിത്തീരുകയും ചെയ്തിട്ടുണ്ട്. ആരോഗ്യസ്ഥിതി മെച്ചപ്പെടുമ്പോൾ കുട്ടികളുടെ മുഖത്ത് പ്രത്യക്ഷപ്പെടുന്ന പുഞ്ചിരിയേക്കാൾ വലുതായൊരു സമ്മാനം  ഡോക്ടർക്ക്‌ ലഭിക്കാനില്ല. അതുപോലെ തന്നെ അജ്ഞതകൊണ്ടോ ചികിത്സാ സൗകര്യങ്ങളുടെയോ മരുന്നുകളുടെയോ അപര്യാപ്തതകൊണ്ടോ ഒരു ജീവൻ നഷ്ടപ്പെടുമ്പോൾ അതുണ്ടാക്കുന്ന വേദനയ്‌ക്ക്‌ മുകളിലല്ല ഡോക്ടർക്ക് മറ്റൊരു വേദനയും. രോഗിയെ രക്ഷപ്പെടുത്താൻ ഉതകുന്ന അറിവുണ്ടായിട്ടും അടിയന്തരമായി നൽകേണ്ട ചികിത്സ, ചികിത്സാസൗകര്യങ്ങളുടെ അപര്യാപ്തത നിമിത്തം നൽകാൻ കഴിയാതെ വരുന്ന നിസ്സഹായാവസ്ഥയാണ് എന്റെ ജീവിതത്തിൽ ഞാൻ അഭിമുഖീകരിക്കുന്ന ഏറ്റവും ദുഃഖകരവും ബുദ്ധിമുട്ടേറിയതുമായ അവസ്ഥ.

അംഗോളയിൽ ഞാൻ ചികിത്സിച്ച ഒട്ടേറെ കുട്ടികളുടെ അരുമയാർന്ന ഓർമകൾ ഇന്നും എന്റെ സ്മൃതിപഥങ്ങളിൽ സജീവമാണ്. ആ കുട്ടികളിൽ ക്ഷയരോഗത്തിന്‌ ചികിത്സിച്ചിരുന്ന സെൽസൺ പ്രഭാതത്തിൽ ഞാൻ വരുന്നതുകാണുമ്പോഴേ അവന്റെ അമ്മയുടെ കൈയിൽനിന്നും എനിക്ക് പുറത്തിടാനുള്ള വസ്ത്രം വാങ്ങിത്തന്ന് എന്നോടൊപ്പം ആശുപത്രിക്കു ചുറ്റും എന്നുമുള്ള പ്രഭാതസവാരിക്ക്‌ വരുമായിരുന്നു. ആ പ്രഭാതസവാരി ആ കുട്ടിക്ക് നൽകിയിരുന്ന ആനന്ദം പറഞ്ഞറിയിക്കാൻ വയ്യാത്തതായിരുന്നു. പക്ഷേ, തീർച്ചയായും സെൽസണ് അജ്ഞാതമായിരുന്നു കാര്യം. അവന്റെ പുഞ്ചിരിയും ആ നടത്തത്തിനിടയിൽ അവന്റെ മാർദവമുള്ള കൈകൾ എന്റെ കഴുത്തിനോട് ചേർന്നിരിക്കുമ്പോൾ എനിക്ക് ലഭിച്ചിരുന്ന ഉന്മേഷവുമാണ് ലുവാണ്ടയിലെ ജോസീന മൈക്കൽ ആശുപത്രിയിലെ ശിശുരോഗവിദഗ്‌ധയെന്ന എന്റെ തൊഴിലിനുവേണ്ട ഒരു ദിവസത്തേക്കുള്ള ഊർജം നൽകിയിരുന്നത്.ക്യൂബയിലെ ജനങ്ങൾക്കൊപ്പം ലോകമൈത്രിക്കുവേണ്ടിയുള്ള ഇൻസ്റ്റിറ്റ്യൂട്ടിൽ ഞാൻ ജോലി ചെയ്യുന്നുണ്ട്. എന്റെ കുടുംബപ്പേര് എനിക്ക്‌ പരിചയമില്ലാത്ത വിവിധ ദേശങ്ങളിൽ ചെല്ലുന്നതിനും ക്യൂബൻ വിപ്ലവത്തെക്കുറിച്ചും എന്റെ പിതാവിന്റെ ജീവിതത്തെയും അദ്ദേഹം ഏറ്റെടുത്തിരുന്ന ദൗത്യത്തെയുംകുറിച്ച് സംസാരിക്കുന്നതിനും എനിക്ക്‌ ഒട്ടേറെ അവസരം നൽകിയിട്ടുണ്ട്. കുട്ടികളും കൗമാരക്കാരും യുവാക്കളും അടങ്ങുന്ന കേൾവിക്കാരിലേക്ക് ഒരു പുതുലോകം സാധ്യമാണെന്ന സന്ദേശമെത്തിക്കാൻ ഞാൻ എന്റെ കഴിവിനൊത്ത് ശ്രമിക്കാറുണ്ട്. അപ്പോഴൊക്കെ എന്നിൽ നിറയുന്ന വികാരം ഞാൻ എന്റെ കർത്തവ്യമാണ് നിറവേറ്റുന്നതെന്ന ആത്മനിർവൃതിയാണ്. ചലനവൈകല്യമുള്ള കുട്ടികളുടെ അവസ്ഥ മെച്ചപ്പെടുത്താനും അവരിൽ സന്തോഷം കൊണ്ടുവരാനും എന്റെ കഴിവിന്റെ പരമാവധി ശ്രമിക്കുമ്പോൾ അത്‌ എനിക്കു നൽകുന്ന അനുഭൂതി  ജീവിതത്തെ കൂടുതൽ ആഴവും പരപ്പും ഉള്ളതാക്കാനുള്ള കരുത്തുനൽകുന്നു. ആ കുട്ടികളും അവർക്ക് വഴികാട്ടുന്ന അധ്യാപകരും എന്റെ കുടുംബത്തിന്റെ ഭാഗമായി മാറുകയും ജീവിതത്തിലെ ഏറ്റവും ലളിതവും മനോഹരവുമായ ചില സംഗതികളുടെ ശ്രേഷ്ഠതയെ എങ്ങനെയാണ് ഉൾക്കൊള്ളേണ്ടതെന്ന് എന്നെ പഠിപ്പിക്കുകയും ചെയ്യുന്നു.

ഞാൻ ബ്രസീലിലെ ഭൂരഹിത കർഷകത്തൊഴിലാളികളുടെ പ്രസ്ഥാനവുമായി ഒരുമിച്ചു പ്രവർത്തിച്ച്  ജീവിതാനുഭവങ്ങൾ പങ്കുവയ്‌ക്കുമ്പോൾ എനിക്ക് തിരിച്ചുകിട്ടുന്നത് അവർ കാലങ്ങളായി കരുതിവച്ചിരിക്കുന്ന അളവില്ലാത്ത പൈതൃക ജ്ഞാനമാണ്, നമ്മുടെ ജീവൻ നിലനിർത്തുന്ന ഭൂമിയെ അടുത്തറിയാനുള്ള അവസരമാണ്. എനിക്ക്‌ ലഭ്യമായ അവസരങ്ങളിലൊക്കെത്തന്നെ എന്റേതായ ഇടപെടലുകളും പോരാട്ടങ്ങളും നടത്താൻ ഞാൻ ശ്രമിച്ചിട്ടുണ്ടെങ്കിലും യഥാർഥത്തിൽ ഏറെ മഹത്തായ കാര്യങ്ങളൊന്നുംതന്നെ ചെയ്യാൻ എനിക്ക് കഴിഞ്ഞിട്ടുണ്ടെന്ന് തോന്നുന്നില്ല. ഞാനൊരു അംഗീകൃത ശാസ്ത്രജ്ഞയോ പ്രധാനപ്പെട്ട വ്യക്തിയോ ഒന്നുമല്ല. ഞാൻ ക്യൂബക്കാരുടെ ഉത്തമയായൊരു മകളാണ്, തീർച്ചയായും ഒരു ക്യൂബൻ വനിത എന്നതിൽ എനിക്ക് തികഞ്ഞ അഭിമാനമുണ്ട്, അതനുസരിച്ച്‌ പെരുമാറാൻ ഞാൻ ശ്രമിക്കാറുമുണ്ട്. അതുകൊണ്ടുതന്നെ ഈ പുരസ്കാരത്തിനായി തെരഞ്ഞെടുക്കപ്പെട്ടത് എന്നെ ചെറുതല്ലാതെ വിസ്മയിപ്പിക്കുന്നുണ്ടെങ്കിലും ഈ അവാർഡിനായി പരിഗണിച്ചതിലുള്ള വാക്കുകൾക്ക്‌ അതീതമായ നന്ദി രേഖപ്പെടുത്തുന്നു. ഈ പുരസ്കാരം എന്നെ കൂടുതൽ ഉത്തരവാദിത്വബോധം ഉള്ളവളാക്കുമെന്ന് കരുതാം. ലോകത്ത്‌ എവിടെയാണെങ്കിലും ഞാൻ തുടരുന്ന  കൂടുതൽ തുല്യവും നീതിയുക്തവും വർഗത്തിനും  വർണത്തിനും ജാതിക്കും മതത്തിനും അതീതമായ, എന്തിനേറെ പറയുന്നു വ്യത്യസ്തമായ ആശയസംഹിതകളുള്ളവരെപ്പോലും ഉൾക്കൊള്ളുന്ന, പരിഗണിക്കുന്ന ഒരു ലോകത്തിനുവേണ്ടിയുള്ള, പോരാട്ടത്തിന് അത് കൂടുതൽ കരുത്തുപകരുമെന്നും എനിക്കുറപ്പുണ്ട്. അത്തരമൊരു ലോകം ജനങ്ങൾക്കിടയിലെ ഐക്യദാർഢ്യം നിലനിർത്തുന്നതും അവരുടെ വിജയത്തിലേക്കുള്ള പോരാട്ടത്തിന് പ്രതിജ്ഞാബദ്ധവുമായിരിക്കും എന്നുകരുതാം.

‘ഹസ്താ ലാ വിക്ടോറിയ സിയംബ്രെ ’
(വിജയം വരെ പോരാട്ടം)

എല്ലാവർക്കും വളരെ നന്ദി.

(സ്‌പാനിഷ്‌ ഭാഷയിലുള്ള പ്രസംഗത്തിന്റെ പരിഭാഷ തയ്യാറാക്കിയത്‌ ഇരിങ്ങാലക്കുട ക്രൈസ്‌റ്റ്‌ 
കോളേജിലെ അധ്യാപകൻ സോണി ജോൺ)

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
----
പ്രധാന വാർത്തകൾ
-----
-----
 Top