22 July Monday

നവകേരളവും ഉന്നതവിദ്യാഭ്യാസ രംഗവും

ഡോ. സി പത്മനാഭൻUpdated: Saturday Mar 9, 2019


നവകേരളം എന്നത് കേവലം അടിസ്ഥാനസൗകര്യവികസനമായും ശാസ്ത്രീയ നിർമാണ പ്രവർത്തനങ്ങളായും  ചുരുക്കിക്കണ്ടവർക്ക്,  അതിൽ സാമൂഹ്യവും സാംസ‌്കാരികവുമായ അർഥതലങ്ങൾകൂടി ഇഴുകിച്ചേരുന്നു എന്ന് ബോധ്യപ്പെടുത്തിയത‌് , ശബരിമലയിലെ സ്ത്രീ പ്രവേശവിധിക്ക‌് ശേഷം കേരളത്തിൽ അരങ്ങേറിയ സംഭവങ്ങളാണ‌്.  നവോത്ഥാനപ്രവർത്തനങ്ങൾക്ക‌്‌ തുടർച്ചയുണ്ടാകേണ്ടതുണ്ടെന്നും അത്തരം തുടർപ്രവർത്തനങ്ങളിലൂടെ സുസ്ഥാപിതമാകുന്ന അടിയുറച്ച സാംസ‌്കാരികമൂല്യബോധമില്ലാതെ നവകേരളം കെട്ടിപ്പടുക്കുക സാധ്യമല്ലെന്നും ആ സംഭവങ്ങൾ  ബോധ്യപ്പെടുത്തി. നവകേരളം സ്ഥാപിച്ചെടുക്കാനുള്ള നിരവധി ഉപാധികളിൽ ഏറ്റവും പ്രധാനപ്പെട്ടത‌് ഉന്നതവിദ്യാഭ്യാസ മേഖല തന്നെയാണ് എന്ന വസ‌്തുതയും ഇതോടെ വീണ്ടും ചർച്ചാവിഷയമായി.

വർഗീയത പടർത്താനുള്ള ശ്രമങ്ങൾ 
എന്നാൽ,  ഇന്ത്യയിലെ ഉന്നതവിദ്യാഭ്യാസ മേഖല നേരിടുന്ന അതിരൂക്ഷമായ  വെല്ലുവിളികളെ കാണാതെ നമുക്ക് നവകേരളചർച്ചകൾ തുടങ്ങിവയ‌്ക്കാൻപോലും സാധിക്കില്ല. കാൽ നൂറ്റാണ്ടുകാലമായി ഇന്ത്യൻ ഭരണകൂടം ഉന്നതവിദ്യാഭ്യാസ മേഖലയെ കച്ചവടവൽക്കരിക്കാനുള്ള ശ്രമങ്ങൾ തകൃതിയായി നടത്തിവരികയാണ്.  പാഠ്യപദ്ധതിയിലും അധികാരസ്ഥാനങ്ങളിലും മാത്രമല്ല, ഉന്നതവിദ്യാഭ്യാസ സംബന്ധിയായ നിയമങ്ങളിൽ പോലും വർഗീയത പടർത്താനും പ്രചരിപ്പിക്കാനുമുള്ള ശ്രമങ്ങൾ നടക്കുകയാണ്. സംസ്ഥാനങ്ങളുടെ അധികാരങ്ങൾ കവർന്നെടുക്കുക, സർവകലാശാലകളുടെ സ്വയംഭരണാവകാശം പാടേ നിഷേധിക്കുക, സ്വതന്ത്രചിന്തകരെ കടന്നാക്രമിക്കുക, പരിഹാസ്യമായ അന്ധവിശ്വാസങ്ങളെ അക്കാദമിക് വേദികളിൽ വിളിച്ചുകൂവി ലോകനിന്ദയേറ്റുവാങ്ങുക തുടങ്ങിയ വർഗീയ ഫാസിസ്റ്റ് കാര്യപരിപാടികൾ ഇന്ത്യൻ ഉന്നതവിദ്യാഭ്യാസ മേഖലയെ മൃതപ്രായമാക്കി മാറ്റിയിരിക്കുന്നു.

കേന്ദ്രതലത്തിലും സംസ്ഥാനതലത്തിലും തികച്ചും വിഭിന്നങ്ങളായ അവസ്ഥകൾ നിലനിൽക്കുന്ന ഈ സാഹചര്യത്തിലാണ്, കേരളത്തിലെ എയ്ഡഡ് കോളേജ് അധ്യാപകരുടെ കരുത്തുറ്റ ഐക്യനിരയായ ദി ഓൾ കേരള പ്രൈവറ്റ് കോളേജ് ടീച്ചേഴ്സ് അസോസിയേഷൻ (എകെപിസിടിഎ ) അതിന്റെ അറുപത്തിയൊന്നാം സംസ്ഥാന സമ്മേളനം കോഴിക്കോട് ടാഗോർ സെന്റിനറി ഹാളിൽ മാർച്ച് 9, 10 തീയതികളിലായി  നടത്തുന്നത്.  "ഫാസിസത്തിനെതിരെ - നവോത്ഥാന മുന്നേറ്റങ്ങളോടൊപ്പം' എന്ന പ്രമേയമാണ് ഇത്തവണ സംഘടന അതിന്റെ സമ്മേളനമുദ്രാവാക്യമായി തെരഞ്ഞെടുത്തിരിക്കുന്നത‌്.

പാളം തെറ്റിയോടിയിരുന്ന പരീക്ഷകളും ഫലപ്രഖ്യാപനങ്ങളും സമയബന്ധിതമായി നടക്കുന്നു എന്നു മാത്രമല്ല കേരളത്തിലെ സർവകലാശാലകൾ അവയുടെ അക്കാദമിക് കാര്യപരിപാടികൾ വീണ്ടെടുക്കുകയാണ‌്

കേരളത്തിൽ പ്രശ‌്നങ്ങൾ പരിഹരിക്കുന്നു
കേരളത്തിന്റെ ചരിത്രത്തിലാദ്യമായി  ഉന്നത വിദ്യാഭ്യാസവകുപ്പിന‌്  പ്രത്യേകമായി ഒരു മന്ത്രിയെ ചുമതലയേൽപ്പിച്ചുകൊണ്ട‌് ഈ മേഖലയ‌്ക്ക‌് തങ്ങൾ നൽകുന്ന പ്രാധാന്യം വ്യക്തമാക്കിയിരിക്കുകയാണ്  ഇടതുപക്ഷ ജനാധിപത്യ മുന്നണി സർക്കാർ. അതിനെ തുടർന്ന് ഈ മേഖലയിൽ കെട്ടിക്കിടക്കുന്ന നിരവധി പ്രശ്നങ്ങൾ പരിഹരിക്കുന്നതിന്റെ ഭാഗമായി പല തലങ്ങളിലായി അദാലത്തുകൾ നടന്നുവരികയാണ്. പാളം തെറ്റിയോടിയിരുന്ന പരീക്ഷകളും ഫലപ്രഖ്യാപനങ്ങളും സമയബന്ധിതമായി നടക്കുന്നു എന്നു മാത്രമല്ല കേരളത്തിലെ സർവകലാശാലകൾ അവയുടെ അക്കാദമിക് കാര്യപരിപാടികൾ വീണ്ടെടുക്കുകയാണ‌്. ആരോഗ്യമേഖലയിലും ഇതര സാമൂഹ്യസുരക്ഷാ മേഖലകളിലും പൊതുവിദ്യാഭ്യാസ മേഖലയിലും കേരളം കൈവരിച്ചുകൊണ്ടിരിക്കുന്ന ഉജ്വലനേട്ടങ്ങൾ ഉന്നതവിദ്യാഭ്യാസ മേഖലയിലും  ആവർത്തിക്കപ്പെടേണ്ടതായുണ്ട്. ഉന്നതവിദ്യാഭ്യാസ മേഖലയെ ഗുണനിലവാരത്തിന്റെ കാര്യത്തിൽ അന്താരാഷ്ട്രതലത്തിലേക്ക് കൈപിടിച്ചുയർത്താനുള്ള ശ്രമങ്ങൾ സർക്കാരിന്റെ നേതൃത്വത്തിൽ നടക്കുമ്പോൾ,  അതിന് സർവവിധ പിന്തുണയും നൽകേണ്ട ബാധ്യത കേരളത്തിലെ അധ്യാപകരടക്കമുള്ള അക്കാദമിക് സമൂഹത്തിനുണ്ട‌്.

രാജ്യം ഒരു പൊതുതെരഞ്ഞെടുപ്പിനെ നേരിടാൻ പോകുന്ന ഘട്ടത്തിൽ ഉന്നതവിദ്യാഭ്യാസ രംഗത്തെ വിവിധ സർക്കാരുകളുടെ പ്രവർത്തനങ്ങൾ സ്വാഭാവികമായും വിലയിരുത്തപ്പെടും. ഉന്നതവിദ്യാഭ്യാസ മേഖലയെ രക്ഷിച്ചെടുക്കാനുള്ള  പ്രവർത്തനങ്ങൾക്ക് ശക്തിപകരുക എന്നതായിരിക്കും പൊതുതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുള്ള അക്കാദമിക് സമൂഹത്തിന്റെ പ്രത്യക്ഷദൗത്യം.

(ദി ഓൾ കേരള പ്രൈവറ്റ് കോളജ് ടീച്ചേഴ്സ് അസോസിയേഷൻ പ്രസിഡന്റാണ്‌ ലേഖകൻ)


പ്രധാന വാർത്തകൾ
 Top