18 June Tuesday

വിമോചനാത്മക വിദ്യാഭ്യാസം വീണ്ടെടുക്കുക

ഡോ.കെ കെ ദാമോദരൻUpdated: Friday Mar 22, 2019

കടുത്ത സാമ്പത്തിക സമൂഹ്യ അസമത്വം ലോകത്തെല്ലായിടത്തും നിലനിൽക്കുന്നു. അമേരിക്കയിൽ അസമത്വം രണ്ടാം ലോകമഹായുദ്ധത്തിന്റെ മുമ്പുള്ള സ്ഥിതിയിലേക്കെത്തിയിരിക്കുന്നു. 2018 ജൂലൈയിൽ പുറത്തുവന്ന ഓക‌്സ‌്ഫാം റിപ്പോർട്ട് പ്രകാരം ഇന്ത്യയുൾപ്പെടെയുള്ള രാജ്യങ്ങളിൽ ജനാധിപത്യ സംവിധാനങ്ങൾക്കും ക്രമസമാധാനത്തിനും ഭീഷണിയാകുന്ന നിലയിലേക്ക്  അസമത്വം വഷളായിരിക്കുന്നു.  മനുഷ്യരാശിയുടെ പുരോഗതിക്ക് തടസ്സമായി നിൽക്കുന്ന ഈ തിന്മ  ലോക മുതലാളിത്തം സൃഷ്ടിക്കുന്നതും  അവരാൽ പരിപാലിക്കപ്പെടുന്നതുമാണ്   എന്നത് സാധാരണ ജനങ്ങൾക്കുപോലും ബോധ്യപ്പെട്ടുതുടങ്ങിയിരിക്കുന്നു.

ചോദ്യങ്ങൾ ചോദിക്കാനും കാരണം കണ്ടെത്താനും പരിഹാരം തേടാനും മനുഷ്യനെ പ്രാപ്തനാക്കുന്ന വിമോചനാത്മക വിദ്യാഭ്യാസം ഇനി ചോദ്യംചെയ്യാൻ പോകുന്നത് ലോകത്ത് നിലനിൽക്കുന്ന അസമത്വത്തിന് കാരണമായിരിക്കുന്ന മുതലാളിത്തത്തെയാണ്.

വിദ്യാഭ്യാസരംഗത്തെ ഇടപെടൽ
ദരിദ്രനെ പരമദരിദ്രനാക്കുകയും സമ്പന്നനെ അതിസമ്പന്നനാക്കുകയും ചെയ്യുന്ന  മുതലാളിത്ത നയങ്ങൾക്കെതിരെ 2011 ൽ അമേരിക്കയിൽ നടന്ന  വാൾസ്ട്രീറ്റ് കൈയടക്കൽ സമരത്തിന്റെ അലയൊലികൾ ലോകത്തിലെ എല്ലാ വികസിതരാജ്യങ്ങളിലും ഉണ്ടായി.  ഇതിന്റെ തുടർച്ചയും വളർച്ചയും ഇന്നും ശക്തമായി നിലനിൽക്കുന്നു.  ഫ്രാൻസിലെ എണ്ണവിലക്കയറ്റത്തിനെതിരെയുള്ള സമരം, ഓസ‌്ട്രേലിയയിലെ സേവനവേതനവ്യവസ്ഥകൾ ഭേദഗതി ചെയ‌്തതിനെതിരെ നടക്കുന്ന സമരം, തെക്കൻ കൊറിയയിൽ മിനിമം വേതനം ആവശ്യപ്പെട്ടുള്ള സമരം, ചെലവുചുരുക്കൽ നടപടിക്കെതിരെ ഗ്രീസിൽ നടക്കുന്ന സമരം തുടങ്ങി ഇന്ത്യയിലെ കർഷകപ്രക്ഷോഭങ്ങളും പൊതുപണിമുടക്കുകളുമെല്ലാം ഒരേ കാരണങ്ങൾ കൊണ്ടുള്ള സമരങ്ങളാണ്. ആഗോള മൂലധനത്തിനെ ഇത് വലിയതോതിൽ അലോസരപ്പെടുത്തുന്നുണ്ട്. പരിഹാരം തേടി പരക്കം പായുകയാണവർ.

അഭ്യസ്തവിദ്യരായ തൊഴിൽരഹിതരെ നിലയ‌്ക്കുനിർത്താൻ ട്രേഡ് യൂണിയനുകൾ നിയന്ത്രിച്ചതുകൊണ്ടോ നിരോധിച്ചതുകൊണ്ടോ  ദീർഘകാലാടിസ്ഥാനത്തിൽ  കഴിയില്ല എന്ന തിരിച്ചറിവാണ് വിദ്യാഭ്യാസരംഗത്ത് ഇടപെടാൻ ലോക മുതലാളിത്തത്തെ പ്രേരിപ്പിക്കുന്നത്. നിർദയമായ സ്വകാര്യവൽക്കരണമാണ് ഒന്നാമത്തെ ഇടപെടൽ. മികച്ച വിദ്യാഭ്യാസ സ്ഥാപനങ്ങളെയും സർവകലാശാലകളെയും സ്വയംഭരണം നൽകി സ്വകാര്യവൽക്കരിക്കുക. സമ്പന്നരും അതിസമർഥരുമായവർക്ക‌ും മാത്രമായി ഗവേഷണാത്മകവും സംവാദാത്മകവുമായ വിദ്യാഭ്യാസം പരിമിതപ്പെടുത്തുക. ഏതുരാജ്യത്തുനിന്നും സമ്പാദിച്ച ഭാഗികവിജയങ്ങളും യോഗ്യതകളും  മറ്റേതുരാജ്യവും അംഗീകരിക്കുമെന്നതിനാൽ  പണമുള്ളവർക്ക് പലരാജ്യങ്ങളിലെ പല സ്ഥാപനങ്ങളിൽ നിന്നായി  ഒരു കോഴ്സ് പൂർത്തിയാക്കാം. ഒരു കോഴ്സിലെ തന്നെ വ്യത്യസ‌്ത വിഷയങ്ങൾ വ്യത്യസ‌്ത കോളേജുകളിൽ നിന്നോ വ്യത്യസ‌്ത രാജ്യങ്ങളിൽനിന്നോ പഠിക്കാം. സ്ഥിരമായ വിദ്യാർഥികളോ  സ്ഥിരമായ അധ്യാപകരോ സ്ഥിരമായ ശമ്പളമോ ഇല്ലാത്ത  വിദ്യാർഥി –- അധ്യാപക ചലനാത്മകത വളരെ കൂടിയ ഒരു ഉന്നതവിദ്യാഭ്യാസ ലോകം. സർവകലാശാലകൾക്കും കോളേജുകൾക്കും ഈ വിധം പ്രവർത്തിക്കാനുള്ള അനുമതിയുടെ ആദ്യപടിയാണ് 2018 ആഗസ‌്തിൽ ഇന്ത്യയിലെ 52 സർവകലാശാലകൾക്കും എട്ട് കോളേജുകൾക്കും നൽകിയ ഗ്രേഡഡ് ആട്ടോണമി പദവി.  വിദ്യാർഥികളെയും അധ്യാപകരെയും സംബന്ധിച്ചിടത്തോളം സ്ഥിരമായ ഒരു ക്യാമ്പസ‌് ഇല്ലാതാകുന്നതോടെ, ഇന്ന് സർവകലാശാലകളിൽനിന്നുയരുന്ന മറുചോദ്യങ്ങളെയും വിപ്ലവചിന്തയെയും നിഷ‌്പ്രയാസം ഒഴിവാക്കാനും ആ സ്ഥാനത്ത് ലോകോത്തര വിദ്യാഭ്യാസം നേടിയ, മുതലാളിത്തത്തിന്റെ ഉപാസകരായ    ഒരു ഭരണവർഗത്തെ സൃഷ്ടിക്കാമെന്നുമാണ് കണക്കുകൂട്ടൽ. 


നിപുണരായ തൊഴിലാളികളുടെ ലഭ്യതകൊണ്ടുമാത്രം സാമ്പത്തിക പുരോഗതിയോ തൊഴിലുൽപ്പാദനമോ സാധ്യമാകുകയില്ല. യഥാർഥത്തിൽ പുതിയ ആശയങ്ങളും ആവശ്യവും അന്വേഷണ വൈഭവവുമെല്ലാം ചേർന്നാണ് പുതിയ വ്യവസായങ്ങൾക്ക് വിത്ത് പാകുന്നത്

വിദ്യാഭ്യാസത്തെ തൊഴിൽ കേന്ദ്രീകൃതമാക്കുക എന്നതാണ്  രണ്ടാമത്തെ ഇടപെടൽ. ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളെ സ്വകാര്യവൽക്കരിക്കുകയും  ശ്രേഷ്ഠവൽക്കരിക്കുകയും ചെയ്യുന്നതിന്റെ ഫലമായി ഈ രംഗത്തുനിന്ന‌് പുറംതള്ളപ്പെടുന്നവർക്കായി തൊഴിൽ കേന്ദ്രീകൃത വിദ്യാഭ്യാസപദ്ധതി. ഹൈസ‌്കൂൾ തലം മുതൽ തൊഴിൽനൈപുണ്യങ്ങൾ ശീലിപ്പിക്കുകയും ഹയർ സെക്കൻഡറിയിൽ വച്ച‌് പ്രത്യേക തൊഴിൽമേഖലയെ ലക്ഷ്യം വയ‌്ക്കുകയും  ബിരുദതലത്തിൽ റെഡി ടു വർക്ക് എന്ന നിലയിലേക്ക് മാറ്റുകയും ചെയ്യുക എന്നതാണ് പരിപാടി. വിദ്യാഭ്യാസം നേടിയ നിരവധി ചെറുപ്പക്കാർ തൊഴിലില്ലാതെ വിഷമിക്കുന്ന നിലവിലെ സാഹചര്യത്തിൽ, പഠനശേഷം തൊഴിലെടുക്കാൻ പ്രാപ്തമാക്കുന്ന വിദ്യാഭ്യാസപദ്ധതിയെ സാധാരണ നിലയിൽ രക്ഷിതാക്കളോ നിരീക്ഷകരോ കുറ്റപ്പെടുത്തില്ല. 

എന്നാൽ, തൊഴിൽലഭ്യതയുടെ കാര്യത്തിൽ  ലോകത്തെമ്പാടും സംഭവിച്ചുകൊണ്ടിരിക്കുന്ന മാറ്റവുംകൂടി കണക്കിലെടുക്കേണ്ടതുണ്ട്.  ലോകമാകെ വമ്പിച്ച തൊഴിൽ ചുരുക്കം അനുഭവപ്പെട്ടുകൊണ്ടിരിക്കുകയാണ‌്. ഇന്ത്യ ഉൽപ്പാദനമേഖല പുനുജ്ജീവിപ്പിക്കുകയും നിർമിതബുദ്ധിയെ കരുതിയിരിക്കുകയും ചെയ‌്തില്ലെങ്കിൽ തൊഴിൽരംഗത്ത്  വൻ ദുരന്തമാണ് കാത്തിരിക്കുന്നത് എന്നാണ് നൊബേൽ സമ്മാന ജേതാവായ പോൾ ക്രുഗ‌്മാൻ ഈയിടെ പറഞ്ഞത്.    ഇന്ത്യയിൽ തൊഴിലില്ലായ്മ നാൽപ്പത്തഞ്ച് വർഷത്തെ ഏറ്റവും ഉയർന്ന നിലയിലാണെന്ന് ദേശീയ സാമ്പിൾ സർവേ ഓർഗനൈസേഷന്റെ 2018ലെ ചോർന്നുകിട്ടിയ റിപ്പോർട്ടിൽ പറയുന്നു. ചുരുക്കത്തിൽ ഒരിക്കലും ലഭിക്കാൻ പോകുന്നതല്ലാത്ത തൊഴിലാണ് പരിശീലിക്കപ്പെടുന്നത്. അല്ലെങ്കിലും നിപുണരായ തൊഴിലാളികളുടെ ലഭ്യതകൊണ്ടുമാത്രം സാമ്പത്തിക പുരോഗതിയോ തൊഴിലുൽപ്പാദനമോ സാധ്യമാകുകയില്ല. യഥാർഥത്തിൽ  പുതിയ ആശയങ്ങളും ആവശ്യവും അന്വേഷണ വൈഭവവുമെല്ലാം ചേർന്നാണ് പുതിയ വ്യവസായങ്ങൾക്ക് വിത്ത് പാകുന്നത്. ഉന്നതവിദ്യാഭ്യാസത്തിന്റെ  അമിതമായ തൊഴിൽ കേന്ദ്രീകരണം വിദ്യാർഥികളെയും  ബിരുദധാരികളെയും സമൂഹത്തിന്റെ പൊതുവായ പ്രശ്നങ്ങൾ നിരീക്ഷിക്കാനോ  പരിഹരിക്കാനോ താൽപ്പര്യമില്ലാത്ത വെറും തൊഴിലന്വേഷകർ മാത്രമാക്കി ചുരുക്കും എന്ന കാര്യത്തിൽ സംശയം വേണ്ട.

ഹിന്ദുത്വ സാംസ‌്കാരിക ദേശീയത
മറ്റു രാജ്യങ്ങളിൽനിന്ന‌് വ്യത്യസ‌്തമായി  ഇന്ത്യൻ ഉന്നത വിദ്യാഭ്യാസരംഗത്ത്  കേന്ദ്രസർക്കാർ നടത്തുന്ന മറ്റൊരിടപെടലാണ് ഹിന്ദുത്വ സാംസ‌്കാരിക ദേശീയതയുടെ തിരിച്ചുകൊണ്ടുവരൽ. നമുക്കറിയാവുന്നതുപോലെ മാനവികത, ആധുനികത, മതേതരത്വം, സോഷ്യലിസം, ശാസ്ത്രീയചിന്ത എന്നിവയിൽ ഊന്നിയാണ് സ്വാതന്ത്ര്യാനന്തര ഇന്ത്യയിലെ വിദ്യാഭ്യാസനയം രൂപപ്പെട്ടത്.  ശാസ്ത്രീയ ചിന്താരീതി ആയിരുന്നു 1950കളിൽ ഇന്ത്യയിൽ വിദ്യാഭ്യാസനയത്തെ നയിച്ചത്. എന്നാൽ, നിലവിലെ കേന്ദ്രസർക്കാർ യുക്തിരാഹിത്യത്തെ വിദ്യാഭ്യാസത്തിലെ അംഗീകൃത രീതിയാക്കിയിരിക്കുന്നു. ഗ്രഹാന്തരയാത്രകളും ജനറ്റിക് എൻജിനിയറിങ്ങും പ്ലാസ‌്റ്റിക‌് സർജറിയും വിമാനവും ടെലിവിഷനും ഇന്റർനെറ്റുമൊന്നും ആധുനിക മനുഷ്യന്റെ കണ്ടെത്തലുകളല്ലെന്നും  ഇതിഹാസകാലംതൊട്ട് ഇന്ത്യയിൽ നിലനിൽക്കുന്നതാണെന്നും ഔദ്യോഗികമായിത്തന്നെ അംഗീകരിച്ചിരിക്കുന്നു.

സാംസ‌്കാരിക ദേശീയതയുടെ ഹിന്ദുരാഷ്ട്രപദ്ധതിക്ക് അനുഗുണമായ ആശയപരിസരം രൂപീകരിക്കുക എന്നതും അസുഖകരമായ യാഥാർഥ്യങ്ങളിൽനിന്ന് ഒളിച്ചോടാൻ സമൂഹത്തെ പരുവപ്പെടുത്തുക എന്നതുമാണ് ഇത്തരം അവകാശവാദങ്ങളുടെ ലക്ഷ്യം. പുരോഗമനവിദ്യാഭ്യാസം പഠിതാവിനെ  ചോദ്യങ്ങൾ ചോദിക്കാനും പ്രശ്നങ്ങൾക്ക് പരിഹാരം തേടാനും പ്രേരിപ്പിക്കും. എന്നാൽ, വിശ്വാസകേന്ദ്രീകൃതമായ വിദ്യാഭ്യാസം  ഭാഗ്യനിർഭാഗ്യങ്ങളിൽ വിശ്വസിക്കുന്ന നിരുപദ്രവകാരികളെയാണ് സൃഷ്ടിക്കുക. തന്റെ ജീവിതപ്രയാസങ്ങളുടെ കാരണം തന്റെ ദൗർഭാഗ്യമാണെന്നും മറ്റുള്ളവരുടെ ഐശ്വര്യത്തിന‌്  കാരണം അവരുടെ ഭാഗ്യവും ദൈവാനുഗ്രഹവുമാണെന്നും വിശ്വസിക്കുന്ന, പ്രയാസങ്ങളിൽ നിന്ന‌് മോചിതരാകാൻ വഴിപാടുകളിലും ദാനധർമങ്ങളിലും അഭയം തേടുന്ന യുവതയെയാണ‌് സൃഷ്ടിക്കുക. ഇത്തരമൊരു സാഹചര്യം  മൂലധനത്തിന്റെ ചൂഷണാധിഷ‌്ഠിതമായ തേരോട്ടത്തിനുള്ള വഴി സുഗമമാക്കുമെന്നാണ് അവർ കണക്കുകൂട്ടുന്നത്.

ആഗോളവൽക്കരണ നയങ്ങൾക്കെതിരെ ലോകത്താകമാനം ഉയർന്നുവരുന്ന ചെറുത്തുനിൽപ്പിന്റെ കടയ‌്ക്കൽ കത്തിവയ‌്ക്കുന്ന ഈ സാമ്രാജ്യത്വ ഗൂഢാലോചന തിരിച്ചറിയുകയും  വിദ്യാഭ്യാസരംഗത്ത്  പുരോഗമനബദലുകൾ ഉയർത്തിക്കൊണ്ടുവരികയും ചെയ്യണം. ഈ പശ്ചാത്തലത്തിലാണ്  വിമോചനാത്മകവിദ്യാഭ്യാസം വീണ്ടെടുക്കുകയെന്ന മുദ്രാവാക്യമുയർത്തിക്കൊണ്ട് കേരളത്തിലെ സർക്കാർ കോളേജ‌് അധ്യാപകരുടെ ഏറ്റവും വലിയ സംഘടനയായ എകെജിസിടിയുടെ അറുപത്തൊന്നാമത് സംസ്ഥാനസമ്മേളനം ചേരുന്നത്.  2019 മാർച്ച് 22 മുതൽ  മൂന്നുദിവസം എറണാകുളം മഹാരാജാസ് കോളേജിൽ ചേരുന്ന സമ്മേളനം ഉന്നതവിദ്യാഭ്യാസം സംബന്ധിച്ച പ്രശ്നങ്ങളെ സമഗ്രമായി ചർച്ചചെയ്യുകയും ബദൽ നിർദേശങ്ങൾ മുന്നോട്ടുവയ‌്ക്കുകയും ചെയ്യും.

(എകെജിസിടി ജനറൽ സെക്രട്ടറിയാണ‌് ലേഖകൻ)


പ്രധാന വാർത്തകൾ
 Top