20 February Wednesday

സ്‌മരണയിലെന്നും പടത്തലവൻ

കോടിയേരി ബാലകൃഷ്‌ണൻUpdated: Thursday Mar 22, 2018

എ കെ ജി നമ്മെ വിട്ടുപിരിഞ്ഞിട്ട് 41 ആണ്ടാകുന്നു. ജീവിച്ചിരിക്കെത്തന്നെ ഇതിഹാസനേതാവായി മാറിയ ദേശീയ ജനനായകനാണ് അദ്ദേഹം. ആ മൂന്ന് അക്ഷരം പ്രക്ഷോഭത്തിന്റെ പര്യായമായിരുന്നു. എ കെ ജിയെ ഓർക്കാത്ത ദിനങ്ങൾ കേരളത്തിന് പൊതുവിലും ഇന്ത്യയിലെ വിപ്ലവപ്രസ്ഥാനത്തിന് വിശേഷിച്ചും ഉണ്ടാകാറില്ല. 73‐ാംവയസ്സിൽ അസ്തമിച്ച ആ ജീവിതം മരിക്കാത്ത വിപ്ലവസൂര്യനായി പ്രകാശിക്കുന്നു. അതിന് കാരണം താരതമ്യമില്ലാത്ത സമരപ്രവർത്തനമാണ്. മാതൃരാജ്യത്തിന്റെ അടിമത്തത്തിനെതിരെ വീറോടുകൂടി, സ്വാതന്ത്ര്യാനന്തര ഭാരതത്തിലാകട്ടെ ജനങ്ങൾ അഭിമാനത്തോടെ ജീവിക്കുന്നതിനുവേണ്ടി വിശ്രമരഹിതമായി പോരാടി. ഇതിന്റെയെല്ലാം ഫലമായി ജീവിതത്തിന്റെ നല്ലൊരു പങ്ക് തടവറകൾക്കുള്ളിലായിരുന്നു. ഇന്ത്യ സ്വാതന്ത്ര്യം ആഘോഷിച്ചപ്പോഴും ആ സ്വാതന്ത്ര്യസമരസേനാനി കാരാഗൃഹത്തിലായിരുന്നു. 20 തവണ തടവറയിൽ അടയ്ക്കപ്പെട്ടു. വർഷങ്ങൾ നീണ്ടതായിരുന്നു ജയിൽവാസം. 

ഭരണഘടന പഠിക്കുന്ന നിയമവിദ്യാർഥികൾ പലവട്ടം ഉരുവിടുന്ന വിധിപ്പേരാണ് എ കെ ഗോപാലനും സ്റ്റേറ്റ് ഓഫ് മദ്രാസ് എന്നതും. മൗലികാവകാശങ്ങളെ സംബന്ധിക്കുന്ന ആദ്യത്തെ വിധിയാണ് 1950ൽ സുപ്രീംകോടതിയിൽനിന്ന് ഉണ്ടായത്. ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിക്കുമ്പോൾ എ കെ ജി ഏകാന്തതടവിലായിരുന്നു. അകത്ത് നിരാഹാരവും പുറത്ത് സമരവും നടന്നതിനാൽ ഒക്ടോബർ 12ന് എ കെ ജിയെ മോചിപ്പിച്ചു. എന്നാൽ, ഡിസംബർ 17ന് കരുതൽതടങ്കൽ നിയമം അനുസരിച്ച് വീണ്ടും അറസ്റ്റ് ചെയ്തു. ദേശാഭിമാനി ഫണ്ട് അലങ്കോലപ്പെടുത്താൻ ശ്രമിച്ച പൊലീസുകാരോട് പ്രതികരിച്ചതിനാണ് തടവിലാക്കിയത്.

വെല്ലൂർ, രാജമുന്ദ്രി, കോയമ്പത്തൂർ, കടലൂർ എന്നിങ്ങനെ ജയിലുകൾ മാറിമാറി രണ്ടുവർഷം. ഇതിനിടെ കരുതൽതടങ്കൽ ചോദ്യംചെയ്ത് സുപ്രീംകോടതിയിൽ റിട്ട് ഹർജി ഫയൽചെയ്തു. കേസിന്റെ വിചാരണയ്ക്കായി എ കെ ജിയെ ഡൽഹിക്ക് കൊണ്ടുപോയി. സുപ്രീംകോടതിയിൽ എ കെ ജിക്കുവേണ്ടി വാദിച്ചത് ബാരിസ്റ്റർ എം കെ നമ്പ്യാർ (ഇപ്പോഴത്തെ അറ്റോർണി ജനറൽ കെ കെ വേണുഗോപാലിന്റെ പിതാവ്). ആറുദിവസം കേസ് വാദിച്ചു. കേസ് തള്ളപ്പെട്ടെങ്കിലും അതിലെ വിധിന്യായം സുപ്രധാനമായി. ചീഫ് ജസ്റ്റിസ് ഉൾപ്പെടെ ഏഴു ന്യായാധിപന്മാരടങ്ങുന്ന ബെഞ്ചിലെ ഓരോരുത്തരും വെവ്വേറെ വിധിയെഴുതി. കരുതൽതടങ്കൽ നിയമത്തിന്റെ സാധുതയാണ് വിലയിരുത്തിയത്. മൗലികാവകാശങ്ങൾ സംരക്ഷിക്കുന്നതിന് വിധി സഹായകമാണെന്ന് എ കെ ജി അഭിപ്രായപ്പെട്ടു. തുടർന്ന് മദ്രാസ് ഹൈക്കോടതിയെ സമീപിച്ചു. അപ്പോൾ കേസ് വാദിച്ചത് എ കെ ജിതന്നെയായിരുന്നു. മോചനവിധി ലഭിക്കുകയും ചെയ്തു. അങ്ങനെയാണ് നാലുവർഷത്തെ ജയിൽവാസത്തിനൊടുവിൽ എ കെ ജി പുറംലോകത്ത് എത്തുന്നത്.

താരതമ്യം അസാധ്യമാകുംവിധം വൈവിധ്യമാർന്ന പൊതുജീവിതവും സമരജീവിതവുമായിരുന്നു എ കെ ജിയുടേത്. ബ്രിട്ടീഷുകാരെ പുറത്താക്കാനുള്ള സമരം, അയിത്തോച്ചാടനം, വഴിനടക്കാനുള്ള സ്വാതന്ത്ര്യം, ക്ഷേത്രപ്രവേശനസമരം, സാമുദായിക അനാചാരങ്ങൾക്കെതിരെയുള്ള സമരം ഇങ്ങനെ, ദേശീയ സ്വാതന്ത്ര്യ സമ്പാദനത്തിനുമാത്രമല്ല, നവോത്ഥാനപ്രവർത്തനത്തിനുകൂടി സമരത്തെ ആയുധമാക്കി. കോൺഗ്രസിൽനിന്ന് കോൺഗ്രസ് സോഷ്യലിസ്റ്റ് പാർടിവഴി കമ്യൂണിസ്റ്റ് പാർടിയിൽ സമുന്നതനേതാവായി. ജനസമരങ്ങൾ അദ്ദേഹത്തെ പാവങ്ങളുടെ പടത്തലവനാക്കി. കൊടുങ്കാറ്റുപോലെ സമരങ്ങൾ നയിക്കുകയും ആ കൊടുങ്കാറ്റിൽ പല ജനവിരുദ്ധശക്തികളും തറപറ്റുകയും ചെയ്തിട്ടുണ്ട്. അതുകൊണ്ടാണ് എ കെ ജിയുടെ വേഷവും ശൈലിയുംപോലും ആളുകൾ അംഗീകരിച്ചത്. പാർലമെന്റ് അംഗമായിരിക്കെ വിവാഹത്തിനുമുമ്പ്, എ കെ ജി കുറച്ചുകാലം ഹാഫ് മീശ വച്ചിരുന്നു. അന്ന് അത് അനുകരിച്ച് വടക്കെ മലബാറിൽ വ്യാപകമായി ഹാഫ് മീശക്കാരുണ്ടായി.

കേരളത്തിന്റെ അയിത്തോച്ചാടനപോരാട്ടത്തിലെ തിളങ്ങുന്ന അധ്യായമാണ് ഗുരുവായൂർ സത്യഗ്രഹം. അതിന്റെ വളന്റിയർ ക്യാപ്റ്റനായിരുന്ന എ കെ ജിക്ക് കടുത്ത മർദനമേൽക്കേണ്ടി വന്നു. പിന്നീട് നാടിന്റെ പലഭാഗത്തുനിന്നും അയിത്തോച്ചാടന സമരങ്ങളും പന്തിഭോജന പ്രക്ഷോഭങ്ങളും വഴിനടക്കാനുള്ള സ്വാതന്ത്ര്യത്തിനുവേണ്ടിയുള്ള മുന്നേറ്റങ്ങളുമുണ്ടായി. ഇതിലെല്ലാം എ കെ ജിയുടെ നേതൃത്വമോ പങ്കാളിത്തമോ ഉണ്ടായി. ദളിത് ജനവിഭാഗങ്ങൾക്ക് വഴിനടക്കാനുള്ള സ്വാതന്ത്ര്യത്തിനുവേണ്ടിയുള്ള സമരമായിരുന്നു കണ്ണൂർ ജില്ലയിലെ കണ്ടോത്ത് എ കെ ജി നടത്തിയത്. അന്ന് എതിരാളികൾ എ കെ ജിയെ ബോധംകെടുംവരെ ക്രൂരമായി മർദിച്ചു. അയിത്തത്തിനും അനാചാരങ്ങൾക്കും എതിരെയുള്ള പോരാട്ടത്തിന്റെ ഭാഗമായി ഇത്രയേറെ മർദനങ്ങൾ ഏറ്റുവാങ്ങേണ്ടിവന്ന നേതാക്കൾ അപൂർവമാണ്. എ കെ ജി നയിച്ച സമരങ്ങളുടെ വികാരവും ആശയവും അക്ഷരാർഥത്തിൽ സമൂഹത്തിൽ നടപ്പാക്കുന്നതിന് നേതൃത്വം നൽകുന്ന ഒരു സർക്കാരാണ്  ഇന്ന് എൽഡിഎഫിന്റെ നേതൃത്വത്തിൽ കേരളത്തിൽ അധികാരത്തിലുള്ളത്. അതുകൊണ്ടാണ് ദേവസ്വം ബോർഡുകളിലെ ക്ഷേത്രങ്ങളിൽ പിന്നോക്കക്കാർക്കും ദളിതർക്കും ശാന്തിക്കാരാകുന്നതിനുള്ള നിയമന നിയമം നടപ്പാക്കിയത്. ഇതുവഴി പിണറായി വിജയൻ സർക്കാർ ഇന്ത്യക്കുതന്നെ മാതൃകയായിരിക്കുകയാണ്.

രാജ്യത്ത് എവിടെ ജനങ്ങളെ ഭരണകൂടവും ജന്മി മുതലാളിത്ത ശക്തികളും പീഡിപ്പിക്കുന്നുവോ, അവിടങ്ങളിലെല്ലാം പാർലമെന്റിലെ പ്രതിപക്ഷനേതാവായിരുന്ന എ കെ ജി ഓടിയെത്തുമായിരുന്നു. ഉത്തർപ്രദേശ്, പഞ്ചാബ്, ബിഹാർ, രാജസ്ഥാൻ, മഹാരാഷ്ട്ര തുടങ്ങിയ സംസ്ഥാനങ്ങളിലെ കർഷകസമരങ്ങളിൽ എ കെ ജി ആവേശകരമായ സാന്നിധ്യമായി. തെലങ്കാനയിലെ കർഷകപ്പോരാളികളെ കൊന്നൊടുക്കുന്ന ഭരണകൂടഭീകരതയ്ക്കെതിരെ കൊടുങ്കാറ്റായി ആന്ധ്രയിലെ ഗ്രാമങ്ങളിൽ എ കെ ജി നടത്തിയ പര്യടനവും അമരാവതിയിലെ കർഷകരെ കുടിയൊഴിപ്പിച്ച സർക്കാർനടപടിക്കെതിരെ എ കെ ജി നടത്തിയ നിരാഹാരസമരവും മുടവൻമുകളിൽ മതിൽചാടിയ മിച്ചഭൂമിസമരവും കേരളത്തിലെ കർഷകസമരങ്ങളിലെ സുപ്രധാന ഏടുകളാണ്.

മഹാരാഷ്ട്ര സംസ്ഥാനത്തിന്റെ പ്രധാനമന്ത്രിയായി മൊറാർജി ദേശായി ഭരണം നടത്തുമ്പോൾ, ബോംബെയിൽ മറാത്തി ജനത നടത്തിയ സമരത്തെ സർക്കാർ നേരിട്ടത് ലാത്തിയും വെടിയുണ്ടയും കൊണ്ടായിരുന്നു. ഒരുഡസനിലേറെപ്പേരെ വെടിവച്ചുകൊന്നു. നിശാനിയമവും പ്രഖ്യാപിച്ചു. ഈ ഭീകരാവസ്ഥയ്ക്ക് അന്ത്യംകുറിക്കാൻ എ കെ ജി നടത്തിയ പോരാട്ടം ഉപകരിച്ചു. എ കെ ജിയുടെ സമരപാരമ്പര്യത്തിന്റെ പിന്തുടർച്ചയാണ് മഹാരാഷ്ട്രയിലെ കർഷകരുടെ ലോങ് മാർച്ചിന്റെ വിജയം. എ കെ ജി ഭാരവാഹിയായിരുന്ന സംഘടനയാണ് അഖിലേന്ത്യാ കിസാൻസഭ. അതിന്റെ നേതൃത്വത്തിലായിരുന്നു നാസിക്കിൽനിന്ന് 200 കിലോമീറ്റർ താണ്ടി ചെങ്കൊടിയുമായി പരമദരിദ്രരായ മനുഷ്യർ മുംബൈയിലേക്ക് മാർച്ച് ചെയ്തത്. ആർഎസ്എസ് നയിക്കുന്ന കേന്ദ്ര‐ സംസ്ഥാന ഭരണങ്ങളുടെ കർഷകവിരുദ്ധ നയങ്ങൾക്കേറ്റ പ്രഹരമായിരുന്നു വിജയകരമായ ലോങ് മാർച്ച്.

അടിയന്തരാവസ്ഥയുടെ നാളുകളിൽ അതിനെതിരായുള്ള പ്രവർത്തനങ്ങളിലും എ കെ ജി സജീവമായി. അമിതാധികാരവാഴ്ച നടത്തിയ ഇന്ദിരാഗാന്ധിയെ ജനങ്ങൾ താഴെയിറക്കിയ ഘട്ടത്തിലാണ് എ കെ ജി നമ്മെ വിട്ടുപിരിഞ്ഞത്. പ്രവർത്തിച്ച മേഖലകളിലെല്ലാം സവിശേഷമായ ശൈലിയിലൂടെ വ്യക്തിമുദ്ര പതിപ്പിച്ച നേതാവായിരുന്നു അദ്ദേഹം. ഇന്ത്യൻ രാഷ്ട്രീയം അതി സങ്കീർണമായ ഘട്ടത്തിലൂടെ കടന്നുപോകുമ്പോഴാണ് ഇക്കുറി എ കെ ജിയുടെ സ്മരണ പുതുക്കുന്നത്. ബിജെപി നേതൃത്വത്തിലുള്ള സർക്കാർ ജനങ്ങളിൽനിന്ന് കൂടുതൽ ഒറ്റപ്പെടുകയാണ്. യുപി, ബിഹാർ, ഉപതെരഞ്ഞെടുപ്പ് ഫലങ്ങൾ ഇക്കാര്യത്തിലുള്ള ചൂണ്ടുപലകയാണ്. ബിജെപി നേതൃത്വത്തിലുള്ള സർക്കാരിന്റെ നാലുവർഷത്തെ ഭരണംകൊണ്ട് അതിസമ്പന്നമായ ഒരു ന്യൂനപക്ഷം കൂടുതൽ സമ്പന്നരായി മാറി. എന്നാൽ, ദരിദ്രരുടെ എണ്ണവും അവരുടെ ദുരിതവും വർധിക്കുകയും ചെയ്തു. ഇതിനെതിരായ രാജ്യവ്യാപകപ്രക്ഷോഭം വളർത്തിയെടുക്കുക എന്നതാണ് ആവശ്യം. ബിജെപിയുടെയും കോൺഗ്രസിന്റെയും സാമ്പത്തികനയങ്ങൾ സമാനതയുള്ളതാണ്.

കേരളത്തിലെ ഇന്നത്തെ രാഷ്ട്രീയസാഹചര്യത്തെ കൂടുതൽ ശ്രദ്ധേയമാക്കുന്നത് എൽഡിഎഫ് സർക്കാരിന്റെ കരുത്തുറ്റ ചുവടുവയ്പുകളാണ്. ബിജെപി‐ ആർഎസ്എസ് ശക്തികളുടെ പടയോട്ടത്തെ പിടിച്ചുകെട്ടുന്ന ആശയസൂര്യനാണ് എൽഡിഎഫ് സർക്കാർ. അതുകൊണ്ടുതന്നെ ഈ സർക്കാരിനെ അസ്ഥിരപ്പെടുത്താൻ കേന്ദ്ര ഭരണകക്ഷിയും പിന്തിരിപ്പന്മാരും വലിയതോതിൽ ആഗ്രഹിക്കുന്നുണ്ട്. ഈ ഘട്ടത്തിലാണ് ചെങ്ങന്നൂർ നിയമസഭാ മണ്ഡലത്തിലെ ഉപെതരഞ്ഞെടുപ്പ് സംജാതമായിരിക്കുന്നത്. ഇവിടെ യുഡിഎഫ്‐ ബിജെപി സ്ഥാനാർഥികളെ പരാജയപ്പെടുത്തി, എൽഡിഎഫിന് അഭിമാനവിജയം ഉറപ്പാക്കേണ്ടതുണ്ട്. അതിനായുള്ള അക്ഷീണപരിശ്രമങ്ങളിൽ ഏർപ്പെടാൻ എ കെ ജി സ്മരണ കരുത്തേകുന്നതാണ്. രാജ്യത്തിന്റെ മതനിരപേക്ഷരാഷ്ട്രീയത്തെ മുന്നോട്ട് കൊണ്ടുപോകുന്നതിന് എൽഡിഎഫ് വിജയം അനിവാര്യമാണ്. മതനിരപേക്ഷ ഇന്ത്യക്കുവേണ്ടി പോരാടിയ നേതാവായിരുന്നു എ കെ ജി. സമരതീക്ഷ്ണമായ യൗവനമായിരുന്നു എന്നും എ കെ ജി. ആ ജീവിതം നമുക്കെന്നും പ്രചോദനമാണ്

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top