04 June Thursday

‘ഒരിഞ്ചുപോലും പിന്നോട്ടുപോകില്ല’- ഐഷി ഘോഷ് അഭിമുഖം

വെബ് ഡെസ്‌ക്‌Updated: Tuesday Jan 7, 2020


ജെഎൻയു ക്യാമ്പസിൽ സംഘപരിവാർ നടത്തിയ ഭീകരാക്രമണത്തിന്‌ ഇരയായ ജെഎൻയു വിദ്യാർഥി യൂണിയൻ പ്രസിഡന്റ്‌ ഐഷി ഘോഷ്‌ ‘ദേശാഭിമാനി’യോട്‌ സംസാരിക്കുന്നു

വിദ്യാർഥികൾക്കെതിരെ പ്രയോഗിക്കുന്ന ഓരോ ഇരുമ്പുവടിക്കും ആശയപരമായ സംവാദംകൊണ്ട്‌ മറുപടി നൽകും. ആർഎസ്‌എസിന്റെ നേതൃത്വത്തിലുള്ള കിരാത ആക്രമണങ്ങൾ എത്ര തുടർന്നാലും വിദ്യാർഥികൾ ഒരിഞ്ചുപോലും പിന്നോട്ടുപോകില്ല. ചോദ്യങ്ങളുന്നയിക്കുന്ന സംവാദത്തെ സ്വാഗതംചെയ്യുന്ന ജെഎൻയുവിന്റെ സംസ്‌കാരം എത്ര ശ്രമിച്ചാലും ഇല്ലാതാക്കാനാകില്ല. വൈവിധ്യങ്ങളെ അംഗീകരിക്കുന്ന ജനാധിപത്യരീതിയെ അവസാനിപ്പിക്കാനാണ്‌ സംഘപരിവാർ ശ്രമിക്കുന്നത്‌. കേന്ദ്രസർക്കാരിന്റെ പിന്തുണയോടെ പൊലീസിന്റെയും വൈസ്‌ ചാൻസലറുടെയും അനുവാദത്തോടെയാണ്‌ ആക്രമണങ്ങൾ നടത്തുന്നത്‌. 

ആസൂത്രിതവും സംഘടിതവുമായ ഭീകരാക്രമണം
ആസൂത്രിതവും സംഘടിതവുമായ ഭീകരാക്രമണമാണ്‌ ജെഎൻയുവിൽ ഞായറാഴ്‌ച വൈകിട്ട്‌ നടന്നത്‌. ആർഎസ്‌എസ്‌ അക്രമികളുമായെത്തിയ എബിവിപിക്കാർ വിദ്യാർഥികളെ തെരഞ്ഞുപിടിച്ച്‌ ആക്രമിച്ചു. കഴിഞ്ഞ നാലു ദിവസമായി എബിവിപി തുടരുന്ന അതിക്രമങ്ങൾ ആർഎസ്‌എസുമായി ബന്ധമുള്ള അധ്യാപകരുടെ സഹായത്തിലും പിന്തുണയിലുമാണ്‌ നടന്നത്‌. ഈ അതിക്രമങ്ങൾക്കെതിരെ അധ്യാപക അസോസിയേഷൻ സമാധാനപരമായ പ്രതിഷേധം സംഘടിപ്പിച്ചു. ഇതിനിടയിലേക്ക്‌ ഇരുമ്പു ദണ്ഡുകളും വടികളുമായി ആർഎസ്‌എസ്‌–- എബിവിപി സംഘം പാഞ്ഞുകയറി.

വലിയ കല്ലുകൾ വലിച്ചെറിഞ്ഞാണ്‌ ആക്രമണങ്ങൾ തുടങ്ങിയത്‌. സഹോദരിയും ഡൽഹി സർവകലാശാലാ വിദ്യാർഥിയുമായ ഇഷിക ഘോഷിനൊപ്പമാണ്‌ അധ്യാപക അസോസിയേഷന്റെ പ്രതിഷേധത്തിന്‌ ഞാൻ എത്തിയത്‌. കല്ലേറുണ്ടായതോടെ ആളുകൾ പലവഴി ചിതറിമാറി. തലയിൽ കല്ലേറുകൊണ്ട്‌ അധ്യാപകൻ പ്രൊഫ. ശുക്ല സാവന്ത്‌ താഴെവീണു. മുഖംമൂടി ധരിച്ചെത്തിയ സംഘമാണ്‌ ആക്രമിച്ചത്‌. ഇരുമ്പുകമ്പികൊണ്ടുള്ള അടിയേറ്റ്‌ എന്റെ തലയ്‌ക്കും ഇടതുകൈക്കും പരിക്കേറ്റു. 16 തുന്നിക്കെട്ടിടേണ്ടിവന്നു.


 

തലപൊട്ടി ചോരയൊലിച്ച നിലയിലാണ്‌ എന്നെ സുഹൃത്തുക്കൾ ആശുപത്രിയിലേക്ക്‌ കൊണ്ടുപോയത്‌. ആംബുലൻസിൽ എയിംസിലേക്ക്‌ കൊണ്ടുപോകാൻ ശ്രമിക്കവെ പ്രധാനകവാടത്തിൽ വാഹനം എബിവിപിക്കാർ തടഞ്ഞു. പൊലീസ്‌ കാഴ്‌ചക്കാരായി തുടർന്നതോടെ വാഹനം തിരിച്ച്‌ മറ്റൊരുഗേറ്റിലൂടെ പുറത്തുപോകേണ്ടിവന്നു. തലയ്‌ക്ക്‌ പരിക്കേറ്റ അധ്യാപിക പ്രൊഫ. സുചരിത സെന്നിനെ ആശുപത്രിയിലേക്ക്‌ കൊണ്ടുപോയ ആംബുലൻസും തടഞ്ഞ്‌ തിരിച്ചയച്ചു.

പകൽ രണ്ടരയോടെ ക്യാമ്പസിനുള്ളിൽ പുറത്തുനിന്നുള്ളവരുടെ സാന്നിധ്യം ശ്രദ്ധയിൽപ്പെട്ടപ്പോൾത്തന്നെ പൊലീസിനെ അറിയിച്ചു. തങ്ങൾ സുരക്ഷിതരല്ലെന്ന്‌ അറിയിച്ചിട്ടും പൊലീസിന്റെ ഭാഗത്തുനിന്ന്‌ ഒരിടപെടലും ഉണ്ടായില്ല. ഇതിനിടെ, എസ്‌എഫ്‌ഐ പ്രവർത്തകനായ സൂരി കൃഷ്‌ണയ്‌ക്കുനേരെ ആക്രമണമുണ്ടായി. പെരിയാർ ഹോസ്റ്റലിനു സമീപം സംഘടിച്ചവരാണ്‌ സൂരിയെ ആക്രമിച്ചത്‌. പുറത്തുനിന്നുള്ള അക്രമികൾ ക്യാമ്പസിൽ കടന്നതറിഞ്ഞ്‌ അധ്യാപകനായ അമിത്‌ തൊറാട്ട്‌ സംഭവം അന്വേഷിക്കാൻ എത്തി. അമിത്‌ തൊറാട്ടിനും ഇവരുടെ മർദനമേറ്റു. ഇതിനുശേഷമാണ്‌ അക്രമികൾ സംഘടിതമായി മാർച്ച്‌ ചെയ്‌ത്‌ അധ്യാപകരും വിദ്യാർഥികളും നടത്തിയ പ്രതിഷേധ സ്ഥലത്തെത്തി ആക്രമണം നടത്തിയത്‌.

ഇടതുപക്ഷ പ്രവർത്തകരെ വളഞ്ഞിട്ടാക്രമിച്ചു
അക്രമികൾ അഴിഞ്ഞാടുമ്പോൾ ഡൽഹി പൊലീസും വൈസ്‌ ചാൻസലർ എം ജഗദീഷ്‌ കുമാറടക്കമുള്ള അധികൃതരും വിദ്യാർഥികളെയും അധ്യാപകരെയും സംരക്ഷിക്കാൻ ഒന്നും ചെയ്‌തില്ല. പെൺകുട്ടികളെ ഹോസ്റ്റലിനുള്ളിൽ കടന്നുപോലും ആക്രമിച്ചു. കശ്‌മീരി വിദ്യാർഥികൾ, ന്യൂനപക്ഷ– -ദളിത്‌ വിദ്യാർഥികൾ, ഇടതുപക്ഷ വിദ്യാർഥി സംഘടനാ പ്രവർത്തകർ എന്നിവരുടെ മുറികൾ തെരഞ്ഞുപിടിച്ച്‌ അടിച്ചുതകർത്തു. വിദ്യാർഥികളോട്‌ ഇടതുപക്ഷ പ്രവർത്തകരാണോ എന്ന്‌ ചോദ്യം ഉന്നയിച്ചു. അല്ല എന്ന്‌ മറുപടി പറഞ്ഞവരുടെ മുറികളിലെ പുസ്‌തകങ്ങളും ചിത്രങ്ങളും പരിശോധിച്ച്‌ ഇത്‌ ഉറപ്പുവരുത്തി. ഇടതുപക്ഷ പ്രവർത്തകരാണെന്ന്‌ വ്യക്തമായവരെ വളഞ്ഞിട്ടാക്രമിച്ചു.

പൊതുവിദ്യാഭ്യാസം സംരക്ഷിക്കണമെന്ന്‌ ആവശ്യപ്പെട്ട്‌ പ്രക്ഷോഭരംഗത്തുള്ള വിദ്യാർഥികളോട്‌ ചർച്ചയ്‌ക്കുപോലും തയ്യാറാകാത്ത വൈസ്‌ ചാൻസലർ എം ജഗദീഷ്‌കുമാർ അക്രമസംഭവത്തിലും വിദ്യാർഥികളെയാണ്‌ കുറ്റപ്പെടുത്തിയത്‌. വിദ്യാർഥികളും അധ്യാപകരും ആക്രമിക്കപ്പെടുമ്പോഴും സംഘപരിവാർ അജൻഡ നടപ്പാക്കാൻ നിലകൊള്ളുന്ന വൈസ്‌ ചാൻസലർ രാജിവയ്‌ക്കണം. വൈസ്‌ ചാൻസലറുടെ രാജിക്കൊപ്പം ഫീസ്‌ വർധന പിൻവലിക്കണമെന്ന ആവശ്യവും അംഗീകരിക്കാതെ വിദ്യാർഥികൾ പ്രക്ഷോഭം അവസാനിപ്പിക്കില്ല.

(തയ്യാറാക്കിയത്‌: പി ആർ ചന്തുകിരൺ)

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top