16 June Sunday

വിമാനത്താവളങ്ങളുടെ സ്വകാര്യവൽക്കരണത്തിനു പിന്നില്‍

വി ശിവന്‍കുട്ടിUpdated: Monday Feb 18, 2019

ഇന്ത്യയിലെ പ്രധാനപ്പെട്ട ആറ് വിമാനത്താവളം സ്വകാര്യവൽക്കരിക്കാനുള്ള നടപടികളുമായി മോഡി സർക്കാർ മുന്നോട്ടുപോകുകയാണ്.  പൊതുഖജനാവിലെ കോടിക്കണക്കിന് രൂപ ചെലവഴിച്ച്, ആധുനികവൽക്കരണം നടപ്പാക്കിയ വിമാനത്താവളങ്ങളാണ് സ്വകാര്യമേഖലയ‌്ക്ക‌് കൈമാറുന്നത്. ഇവ ചുരുങ്ങിയ വിലയ‌്ക്ക് വിൽപ്പന നടത്തുന്നതിലൂടെ പൊതുഖജനാവ് കോർപറേറ്റുകൾക്ക് പകൽക്കൊള്ള നടത്താനുള്ള അവസരമാണ് ഒരുക്കുന്നത്. എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യയിലെ ജീവനക്കാർ സ്വകാര്യവൽക്കരണ നടപടികൾക്കെതിരെ ഫെബ്രുവരി 20 മുതൽ അനിശ്ചിതകാല സമരത്തിലാണ്. ഇത് രാജ്യത്തിന്റെ താൽപ്പര്യം സംരക്ഷിക്കേണ്ട ബഹുജന സമരമായി മാറണം.
സ്വകാര്യവൽക്കരണം ചെലവ്‌ വർധിപ്പിക്കുന്നു

വിമാനത്താവളങ്ങളുടെ സ്വകാര്യവൽക്കരണ നടപടികളെ അന്താരാഷ്ട്ര എയർ ട്രാൻസ്പോർട്ട് അസോസിയേഷൻ (അയാട്ട) അതിശക്തമായി എതിർക്കുകയാണ്. സ്വകാര്യവൽക്കരണം നടപ്പാക്കുന്നതിലൂടെ പൊതുതാൽപ്പര്യം സംരക്ഷിക്കുന്നതിൽ സർക്കാർ പരാജയപ്പെട്ടെന്നും ഡൽഹി വിമാനത്താവളത്തെ സ്വകാര്യവൽക്കരിച്ചതുമൂലം ലോകത്തിലെ ഏറ്റവും ചെലവേറിയ വിമാനത്താവളങ്ങളുടെ കൂട്ടത്തിലായെന്നും അയാട്ട കുറ്റപ്പെടുത്തുന്നു. ഇന്റർനാഷണൽ സിവിൽ ഏവിയേഷൻ ഓർഗനൈസേഷൻ (ഐസിഎഒ) വിമാനത്താവളങ്ങളുടെ സുരക്ഷിതത്വവും സാമ്പത്തിക പ്രായോഗികത എന്നിവ പരിഗണിച്ച് വിമാനത്താവളവും, എയർ നാവിഗേഷൻ സേവനങ്ങളും ഒറ്റ സ്ഥാപനത്തിന്റെ കീഴിൽ കൊണ്ടുവരണമെന്ന് നിർദേശിക്കുന്നു. എന്നാൽ, ഇതിൽനിന്ന‌് വ്യത്യസ‌്തമായിട്ടാണ‌് മോഡി സർക്കാർ രാജ്യത്തെ വിമാനത്താവളങ്ങളുടെ നടത്തിപ്പ് വിവിധ സ്വകാര്യ ഏജൻസികൾക്ക് നൽകുന്നത്. ലോകത്തെ വിമാനത്താവളങ്ങളുടെ ഉടമസ്ഥത പരിശോധിക്കുമ്പോൾ 86 ശതമാനം വിമാനത്താവളങ്ങളും പൊതുമേഖലയിലാണ് പ്രവർത്തിക്കുന്നത്. വിമാനത്താവളങ്ങളുടെ വികസനവും അവയെ ലാഭകരമാക്കുക എന്ന ലക്ഷ്യത്തോടെയുമാണ് സ്വകാര്യവൽക്കരണം നടപ്പാക്കുന്നതെന്ന സർക്കാർ വാദം തെറ്റാണെന്ന് തെളിയിക്കുന്നതാണ്, ലാഭത്തിൽ പ്രവർത്തിക്കുന്ന വിമാനത്താവളങ്ങളെ സ്വകാര്യവൽക്കരിക്കാനുള്ള പട്ടികയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
വിമാനത്താവളങ്ങളുടെ സ്വകാര്യവൽക്കരണം നടപ്പാക്കിയതുമൂലം കേന്ദ്ര സർക്കാർ സ്ഥാപനമായ എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യക്കുണ്ടായ നഷ്ടത്തെപ്പറ്റി കംപ്ട്രോളർ ആൻഡ‌് ഓഡിറ്റർ ജനറൽ, പാർലമെന്റിന്റെ മേശപ്പുറത്തു വച്ച റിപ്പോർട്ടിൽ പറയുന്നു. ഡൽഹി, മുംബൈ വിമാനത്താവള സംയുക്ത സംരംഭക കമ്പനി ഓപ്പറേഷൻസ്, മെയിന്റനൻസ് ആൻഡ‌് ഡെവലപ്മെന്റ് കരാർ തെറ്റായി നടപ്പാക്കിയതുമൂലം എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യക്ക‌് കുറഞ്ഞത് 100 കോടിരൂപയുടെ നഷ്ടം ഉണ്ടായി. ബാംഗ്ലൂർ എച്ച്എഎൽ വിമാനത്താവളം അടച്ചുപൂട്ടിയതുമൂലം 300 കോടിരൂപയുടെ വാർഷിക ആവർത്തന നഷ്ടം ഉണ്ടായി.

2012 ‐13 ലെ ഓഡിറ്റ് റിപ്പോർട്ടിന്റെ അധ്യായം 4 ലെ ഖണ്ഡിക 2.2 ൽ പറയുന്നത് 30 വർഷത്തേക്കുള്ള സ്റ്റേറ്റ് സപ്പോർട്ട് കരാർപ്രകാരം 150 കിലോ മീറ്ററിനുള്ളിൽ മറ്റൊരു വിമാനത്താവളം ആസൂത്രണം ചെയ്യുകയാണെങ്കിൽ, അതു സംബന്ധിച്ച് ആദ്യ നിരാകരണത്തിനുള്ള അവകാശം സ്വകാര്യ സംരംഭക കമ്പനിക്ക് അനുവദിച്ചിരിക്കുന്നു. ഇതുമൂലം ഈ പ്രദേശത്ത് പുതിയ വിമാനത്താവളം എന്നുള്ളത് പൂർണമായും സ്വകാര്യ കമ്പനികളുടെ ദയാദാക്ഷിണ്യപ്രകാരം മാത്രമേ പ്രാവർത്തികമാകുകയുള്ളൂ. ഖണ്ഡിക 2.6 ൽ പറയുന്നത് ഡൽഹി ഇന്റർ നാഷണൽ എയർപോർട്ട് (പ്രൈവറ്റ്) ലിമിറ്റഡിന് 240 ഏക്കർ ഭൂമിയുടെ വാണിജ്യപരമായ ചൂഷണത്തിനുള്ള അവകാശമാണ് തുച്ഛമായ തുകയ്ക്ക് നൽകിയത്. ഏക്കറിന് 681 കോടിരൂപ വിലയുള്ള ഭൂമി ഡൽഹി ഇന്റർ നാഷണൽ എയർപോർട്ട് (പ്രൈവറ്റ്) ലിമിറ്റഡ് പ്രതിവർഷം ഏക്കറിന് 100 രൂപവീതം മാത്രമാണ് അടയ‌്ക്കുന്നത‌്. എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യയുടെ ആക്ടിനും വ്യവസ്ഥകൾക്കും വിരുദ്ധമായിട്ട് യാത്രക്കാരിൽനിന്ന് വികസന ഫീ ചുമത്തിയതിലൂടെ ഡൽഹി ഇന്റ്ർ നാഷണൽ എയർപോർട്ട് (പ്രൈവറ്റ്) ലിമിറ്റഡിന‌് ഒരു നിക്ഷേപവും കൂടാതെ 3415 കോടിരൂപയുടെ അവിഹിത നേട്ടം ലഭിക്കുകയും, അതുപയോഗിച്ച് വിമാനത്താവളം സ്വന്തമാക്കാനും കഴിഞ്ഞു.
പൊതുമേഖലാ സ്ഥാപനങ്ങളെ സംരക്ഷിക്കുക

സ്വതന്ത്ര ഇന്ത്യയിൽ അന്താരാഷ്ട്രപദവി ലഭിക്കുന്ന ആദ്യ വിമാനത്താവളമാണ് തിരുവനന്തപുരം.  മൊത്തം 653.08 ഏക്കർ വിസ‌്തീർണം വിമാനത്താവളത്തിനുണ്ടെങ്കിലും എയർപോർട്ട് അതോറിറ്റിയുടെ ഉടമസ്ഥതയിലുള്ളത് 57.56 ഏക്കർ ഭൂമി മാത്രമാണ്. നിരവധി നിർമാണപ്രവർത്തനങ്ങൾ പുരോഗമിക്കുന്ന അവസരത്തിലാണ് വിമാനത്താവളം സ്വകാര്യവൽക്കരിക്കാൻ മോഡി സർക്കാർ തീരുമാനിച്ചത്. 600 കോടിരൂപ മുടക്കി 18 ഏക്കറിൽ പുതിയ ടെർമിനൽ കെട്ടിടം നിർമിക്കുന്നതിനുള്ള ജോലികൾ പുരോഗമിക്കുകയാണ്. 27.35 കോടി ചെലവിൽ നാല് അധിക ഏപ്രണുകളുടെയും 10.27 കോടിരൂപ ചെലവിൽ പുതിയ ഫയർ സ്റ്റേഷന്റെ നിർമാണവും പുരോഗമിക്കുകയാണ്. കഴിഞ്ഞ ഏഴ് വർഷത്തിനുള്ളിൽ 1000 കോടി രൂപയിലധികം നിക്ഷേപമാണ് എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യ തിരുവനന്തപുരം വിമാനത്താവളത്തിന്റെ വികസനത്തിനായി നടത്തിയിട്ടുള്ളത്.

തിരുവനന്തപുരം വിമാനത്താവളം തുച്ഛമായ വിലയ‌്ക്ക് തട്ടിയെടുക്കാൻ കോർപ്പറേറ്റുകൾ ലക്ഷ്യമിടുന്നതിന്‌ നിരവധി കാരണങ്ങൾ ഉണ്ട്. ഏത് കാലാവസ്ഥയിലും പ്രവർത്തിക്കുന്ന ഈ വിമാനത്താവളത്തിന് അപകടരഹിത ഫ്ളൈറ്റ് ഓപ്പറേഷനുകളുടെ ട്രാക്ക് റെക്കോഡാണ് ഉള്ളത്. വിമാനത്താവളം കഴിഞ്ഞവർഷം മൊത്തം 170 കോടിരൂപ ലാഭമുണ്ടാക്കി. വരുംവർഷങ്ങളിൽ കൂടുതൽ ലാഭമുണ്ടാക്കുമെന്ന് പ്രതീക്ഷിക്കുന്നു. അന്താരാഷ്ട്ര ഫ്ളൈറ്റ് റൂട്ടിനു നേരെ താഴെയാണ് തിരുവനന്തപുരം വിമാനത്താവളം സ്ഥിതിചെയ്യുന്നത്. അതുകൊണ്ടാണ് ധാരാളം ദീർഘദൂര വിമാനങ്ങൾ ഇന്ധനം വീണ്ടും നിറയ്ക്കുന്നതിനുവേണ്ടി ഈ വിമാനത്താവളത്തെ ഉപയോഗിക്കുന്നത്. ഇതുവഴി ഗണ്യമായ വരുമാനമാണ് ലഭിക്കുന്നത്.
തിരുവനന്തപുരം വിമാനത്താവളം പൊതുമേഖലയിൽ നിലനിർത്തേണ്ടത് ജനങ്ങളുടെ താൽപ്പര്യങ്ങൾ സംരക്ഷിക്കുന്നതിന് അനിവാര്യമാണ്. ഗൾഫ്

മേഖലയിലേക്ക‌് യാത്രചെയ്യുന്ന സാധാരണ തൊഴിലാളികൾ ഭൂരിഭാഗവും ഈ വിമാനത്താവളം വഴിയാണ് യാത്രചെയ്യുന്നത്. സ്വകാര്യവൽക്കണം നടപ്പാക്കുന്നതോടെ വിമാനയാത്രാ ചെലവ് ഗണ്യമായി വർധിക്കുകയും, യാത്രക്കാരിൽനിന്ന‌് ഉയർന്ന ഫീസ് ഈടാക്കാനും ഇടയാക്കുന്നു. സംസ്ഥാനത്തുണ്ടാകുന്ന പ്രകൃതിക്ഷോഭങ്ങൾ, അഗ്നിബാധ തുടങ്ങിയ ദുരന്തങ്ങൾ ഉണ്ടാകുന്ന സന്ദർഭങ്ങളിൽ വലിയ സഹായങ്ങളാണ് വിമാനത്താവളത്തിൽനിന്നും ലഭിക്കുന്നത്. കഴിഞ്ഞ പ്രളയകാലത്ത് രക്ഷാപ്രവർത്തനങ്ങളിൽ വലിയൊരു പങ്ക് തിരുവനന്തപുരം വിമാനത്താവളത്തിനുണ്ടായിരുന്നു. പൊതുമേഖലാ സ്ഥാപനമെന്ന നിലയിൽ ലഭിച്ചുകൊണ്ടിരുന്ന തൊഴിലവസരങ്ങൾ ഇല്ലാതാകും. വിമാനത്താവളത്തിന്റെ വിൽപ്പനയിലൂടെ മോഡി സർക്കാർ നടത്തുന്ന കോർപറേറ്റ് വൽക്കരണം, ശക്തമായ ജനകീയ പ്രക്ഷോഭവും പ്രതിരോധവും ഉയർത്തി ചെറുത്തുതോൽപ്പിക്കണം. തിരുവനന്തപുരം വിമാനത്താവളത്തിന്റെ സ്വകാര്യവൽക്കരണത്തിനെതിരെ നിരവധി പ്രക്ഷോഭങ്ങൾ നടന്നുവരുന്നു. ടാക്സി ഡ്രൈവേഴ്സ് യൂണിയൻ കോ ഓർഡിനേഷന്റെ (സിഐടിയു)നേത്യത്വത്തിൽ അനിശ്ചിതകാല സമരത്തിലാണ്. ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ നേത്യത്വത്തിൽ വിമാനത്താവള സ്വകാര്യവൽക്കരണത്തിനെതിരെ അനിശ്ചിതകാല പ്രക്ഷോഭസമരം നടത്തിവരുന്നു.


പ്രധാന വാർത്തകൾ
 Top