17 February Sunday

കർഷകപോരാട്ട ചരിത്രത്തിൽ പുത്തനധ്യായം

വെബ് ഡെസ്‌ക്‌Updated: Sunday Dec 30, 2018


ഉത്തർപ്രദേശിലെ ഗോമതിതീരത്ത് ആയിരക്കണക്കിന് കർഷകരുടെ മഹാപ്രതിരോധറാലി ലോകമാധ്യമങ്ങളിൽ വാർത്തയായി. കേന്ദ്രസർക്കാരും യോഗി ആദിത്യനാഥ് സർക്കാരും പിന്തുടരുന്ന കർഷകദ്രോഹനയങ്ങൾക്കും ന്യൂനപക്ഷ‐ ദളിത് വേട്ടയ്ക്കും എതിരെ നടത്തിയ ലഖ്നൗ ചലോ കിസാൻ പ്രതിരോധറാലി ഭരണക്കാർക്ക് വൻതാക്കീതായി. ലക്ഷ്മൺമേള മൈതാനത്ത് അഖിലേന്ത്യ കിസാൻസഭ സംഘടിപ്പിച്ച റാലിയിൽ ആയിരക്കണക്കിന് കർഷകരും കുടുംബാംഗങ്ങളും പങ്കെടുത്തു. മതത്തിന്റെയും ജാതിയുടെയുംപേരിൽ കർഷകരെ വിഭജിച്ച് പ്രക്ഷോഭങ്ങളുടെ മുനയൊടിക്കാനുള്ള സംഘപരിവാർ നീക്കത്തിന് വഴിപ്പെടില്ലെന്നും ആത്മഹത്യയല്ല പോരാട്ടമാണ് വഴിയെന്നും കർഷകർ പ്രതിജ്ഞയെടുത്തു. 

യോഗി ആദിത്യനാഥ് അധികാരമേറ്റശേഷം വൈദ്യുതിമേഖല സമ്പൂർണമായി സ്വകാര്യവൽക്കരിച്ചതോടെ വൈദ്യുതിനിരക്കിൽ 50 ശതമാനത്തിലധികം വർധനയുണ്ടായെന്ന് കർഷകർ ചൂണ്ടിക്കാട്ടി. മിക്ക ജില്ലകളിലും കൃഷിക്കാവശ്യമായ വെള്ളം കിട്ടുന്നില്ല. 

കേന്ദ്ര‐സംസ്ഥാന സർക്കാരുകളുടെ കർഷകവഞ്ചനാനയങ്ങളെ രൂക്ഷമായി പരിഹസിക്കുന്ന ഗാനങ്ങളും കവിതകളും കർഷകർ അവതരിപ്പിച്ചു. മഹാരാഷ്ട്രയിലെ ലോങ്മാർച്ചും രാജസ്ഥാനിലെ മഹാധർണയും രാജ്യമെമ്പാടും നടക്കുന്ന കർഷകപ്രക്ഷോഭങ്ങളും പകർന്ന ഊർജം ഉൾക്കൊണ്ടുള്ള തുടർപോരാട്ടങ്ങളിലൂടെ കേന്ദ്ര‐സംസ്ഥാന സർക്കാരുകളുടെ തെറ്റായ നയങ്ങൾ തിരുത്തിക്കുവാൻ കഴിഞ്ഞു.

രാജ്യചരിത്രത്തിൽ ഇടംപിടിച്ച മഹത്തായ കർഷകമുന്നേറ്റത്തിൽ മഹാരാഷ്ട്രയിലെ ബിജെപി സഖ്യസർക്കാർ മുട്ടുമടക്കി. ആറുദിവസം ലോങ് മാർച്ച് നടത്തി മുംബൈയിലെത്തിയ ലക്ഷം കർഷകരുടെ രോഷത്തിനുമുന്നിൽ അടിയറ പറഞ്ഞ സർക്കാരിന്, അഖിലേന്ത്യാ കിസാൻസഭ മുന്നോട്ടുവച്ച എല്ലാ ആവശ്യങ്ങളും അക്ഷരംപ്രതി അംഗീകരിക്കേണ്ടിവന്നു. ചർച്ചയിൽ തീരുമാനമായ കാര്യങ്ങൾ നടപ്പാക്കാൻ സർക്കാർ ആറുമാസത്തെ സാവകാശം തേടി. ഒത്തുതീർപ്പുവ്യവസ്ഥ നടപ്പാക്കാൻ ആറംഗ മന്ത്രിതലസമിതി രൂപീകരിക്കും. 2017 ജൂൺ 30 വരെയുള്ള കാർഷികകടങ്ങൾ എഴുതിത്തള്ളുമെന്നും വനാവകാശനിയമം ആറുമാസത്തിനകം നടപ്പാക്കുമെന്നും ഉറപ്പുലഭിച്ചു. മിനിമം താങ്ങുവില നിശ്ചയിക്കുന്നത് കിസാൻസഭ നേതാക്കളുടെ പങ്കാളിത്തത്തോടെയായിരിക്കും.

വിളനാശത്തിന് ഏക്കറിന് 40,000 രൂപ നഷ്ടപരിഹാരം, സർക്കാർ പദ്ധതികൾക്ക് ഏറ്റെടുക്കുന്ന ഭൂമിക്ക് ഉചിതനഷ്ടപരിഹാരം നൽകൽ എന്നീ ആവശ്യങ്ങളും അംഗീകരിച്ചു. വിളനാശത്തിന് നഷ്ടപരിഹാരം നൽകുമ്പോൾ കേന്ദ്രസർക്കാരിന്റെ തീരുമാനത്തിന് കാത്തുനിൽക്കില്ലെന്നും ഉറപ്പുനൽകി.
 


പ്രധാന വാർത്തകൾ
 Top