26 May Sunday

"നിങ്ങൾ ഹസാര ആണെങ്കിൽ ശവപ്പറമ്പിലേക്ക്‌ പോകുക'; താലിബാന്റെ തോക്കിൻമുനയിൽനിന്നും ജീവിതത്തിലേക്ക്‌ തിരിച്ചെത്തിയ കഥ

ഷിനോയ്‌ ചന്ദ്രൻUpdated: Monday Feb 11, 2019

താലിബാൻ ഭീകരർ കൊല്ലാൻ ശ്രമിച്ചിട്ടും അത്‌ഭുതകരമായി രക്ഷപ്പെട്ട, കടലിൽ വച്ച് ബോട്ട് യാത്രയിൽ  മരണത്തിന്റെ  വക്കിൽ നിന്നും തിരിച്ചു വന്ന ഓസ്‌ട്രേലിയയിൽ ജീവിക്കുന്ന അഫ്ഗാൻ അഭയാർത്ഥിയായ ഹനീഫ് റഹിമിയുടെയും ഭാര്യ കമേലയുടെയും  കുടുംബത്തിന്റെയും  ജീവിത പോരാട്ട കഥ.

1996 മുതൽ 2001 വരെ അഫ്ഗാനിലെ മുക്കാൽപങ്ക് പ്രവിശ്യകളുടെയും ഭരണം താലിബാൻ എന്ന ഭീകരസംഘടനക്കായിരുന്നു. ഇവിടങ്ങളിലൊക്കെ ഇസ്ലാമിക നിയമമായ "ശരിയ" ആയിരുന്നു അവർ നടപ്പിലാക്കിയിരുന്നത്. 1992-1996 കാലഘട്ടത്തിലെ ആഭ്യന്തരയുദ്ധത്തിന്റെ ഫലമായാണ് 1994 ഓടെ താലിബാൻ എന്ന  സംഘടനയുടെ പിറവി. തുടക്കകാലത്ത് ഇതിലെ പ്രധാന അംഗങ്ങളായ വിദ്യാർഥികൾ (Talib) ഭൂരിഭാഗവും തെക്കുകിഴക്കൻ അഫ്ഗാനിലെ പഷ്ടൂൺ  പ്രവിശ്യകളിൽ നിന്നുള്ളവരായിരുന്നു. ഇവരിൽ പലരും സോവിയറ്റ് യൂണിയൻ- അഫ്ഗാൻ യുദ്ധത്തിൽ (1979-1989)നേരിട്ട് പങ്കെടുത്തവരുമായിരുന്നു.

ഇവരുടെ പ്രധാന പ്രവർത്തനങ്ങൾ അഫ്ഗാൻ പൗരന്മാരെ കൂട്ടക്കൊല ചെയ്യുക, 16,0000 ഓളം വരുന്ന പട്ടിണിപ്പാവങ്ങൾക്ക് ഐക്യരാഷ്ട്രസഭ നൽകിയ ഭക്ഷണങ്ങൾ തിരസ്കരിക്കുക, ചരിത്രസ്മാരകങ്ങൾ നശിപ്പിക്കുക, കൃഷി സ്ഥലങ്ങൾ തീയിട്ട് നശിപ്പിക്കുക എന്നതൊക്കെയായിരുന്നു.

 2001 ഓടെ ഇവരിൽ നിന്ന് രക്ഷപ്പെടാൻ അഭയാർത്ഥികളായി രാജ്യാന്തര പലായനംചെയ്ത്‌ ഓസ്‌ട്രേലിയയിൽ എത്തിച്ചേർന്ന ഹനീഫയുടെയും  കുടുംബത്തിന്റെയും  ജീവിതകഥയാണ് ഇത് .

ഹനീഫും കമേലയും

ഹനീഫും കമേലയുംഅവരുടെ വാക്കുകളിലൂടെ:

അഫ്ഗാനിസ്ഥാൻ ജീവിതം...

ഹനീഫ: ഞാൻ മരിച്ചെന്ന് അവർ കരുതിയത് കൊണ്ട് മാത്രമാണ് ഞാൻ ഇന്ന് ജീവിച്ചിരിക്കുന്നത്!.

ഞങ്ങൾ ജനിച്ചുവളർന്നത് ചിൽബാറ്റോ (Chilbaghto) എന്ന കൊച്ചു ഗ്രാമത്തിലാണ്. അക്രമവും യുദ്ധവും ഒക്കെ സാധാരണ സംഭവങ്ങളായിരുന്നു. താലിബാൻ  ഞങ്ങളുടെ പ്രദേശം ഏറ്റെടുത്തശേഷം എല്ലാ ഗ്രാമത്തിലും അവരുടെ സർക്കാരിനെ പ്രഖ്യാപിച്ചു. അവർ വന്നശേഷം പള്ളികളിലെ മൈക്കിലൂടെ ഉണ്ടായ പ്രധാന പ്രഖ്യാപനം ഇങ്ങനെയായിരുന്നു.

"അഫ്ഗാനിസ്ഥാൻ അഫ്ഗാനികൾക്ക് ഒരു ഇസ്ലാമിക രാഷ്ട്രമാണ്, നിങ്ങൾ പഷ്ടൂൺ ആണെങ്കിൽ ഇത് നിങ്ങളുടെ വീടാണ്, നിങ്ങൾ താജിക് ആണെങ്കിൽ താജിക്കിസ്ഥാനിലേക്ക് പോവുക, നിങ്ങൾ ഉസ്ബക്  ആണെങ്കിൽ ഉസ്ബക്കിസ്ഥാനിലേക്ക് പോവുക, നിങ്ങൾ ഹസാര ആണെങ്കിൽ ഗോറിസ്ഥാനിലേക്കു പോവുക''.

'ഗോറിസ്ഥാൻ' എന്നാൽ ശവപ്പറമ്പ്. അതായത് കൂട്ടക്കൊല ചെയ്യുമെന്ന് പച്ചയായ  ഭീഷണി. ഞങ്ങൾ ഹസാര വംശജരായിരുന്നു.

ആദ്യമവർ തേടിപ്പിടിച്ച് കൊന്നത് അവർക്ക് എതിർപ്പ് ഉണ്ടാവാൻ സാധ്യതയുള്ള യുവാക്കളെ ആയിരുന്നു. അടുത്തതായി സർക്കാർ ജീവനക്കാരെയും  വിദ്യാഭ്യാസ പ്രവർത്തകരെയും, അത്  കഴിഞ്ഞ ശേഷം അവരുടെ ലക്ഷ്യം ഹസാര വംശജരായിരുന്നു. അവർ എന്റെ  വീട്ടിലുമെത്തി. കുടുംബത്തിന്റെ മുന്നിൽവച്ച് എന്നെ ബന്ദിയാക്കി മലമുകളിലുള്ള അവരുടെ ജില്ലാ കേന്ദ്രത്തിലേക്ക് കൊണ്ടുപോയി. അവിടെ പതിനഞ്ചോളം പേർ എന്നെപോലെ ഉണ്ടായിരുന്നു. എല്ലാവരും കൊല്ലപ്പെടുമെന്ന് ഞങ്ങൾക്കറിയാമായിരുന്നു. ഭീകര മർദ്ദനം അഴിച്ചുവിട്ടു, തോക്കിൻ പാത്തികൊണ്ട് തലക്കടിച്ചു. എല്ലാവരും കൊല്ലപ്പെട്ടെന്ന് കരുതി ഞങ്ങളുടെ ശരീരം അവർ ഉപേക്ഷിച്ചു. പക്ഷേ ഞാൻ മാത്രം മരിച്ചിരുന്നില്ല. തലക്ക് കിട്ടിയ ആഘാതത്തിൽ ഞാൻ അബോധാവസ്ഥയിലായതായിരുന്നു. ബോധം വരുമ്പോൾ ചുറ്റും ചോരയിൽ കുളിച്ച ശവശരീരങ്ങൾ മാത്രം, അഗാധമായ ഉറക്കത്തിൽനിന്നും എഴുന്നേറ്റത് പോലെ തോന്നി. കഠിനമായ വേദന മാത്രം, ഒന്നും ഓർക്കാൻ കഴിയുന്നില്ല.

ഹനീഫ്‌ (ഇടത്തുനിന്ന്‌ മൂന്നാമത്‌) സഹോദരങ്ങൾക്കൊപ്പം അഫ്‌ഗാനിസ്ഥാനിൽ

ഹനീഫ്‌ (ഇടത്തുനിന്ന്‌ മൂന്നാമത്‌) സഹോദരങ്ങൾക്കൊപ്പം അഫ്‌ഗാനിസ്ഥാനിൽപയ്യെപ്പയ്യെ കാര്യങ്ങൾ ഓർമ്മവന്നു. എന്റെ കാലുകൾ നടക്കാനുള്ള പരുവത്തിലായിരുന്നു. പക്ഷേ കാഴ്ച മങ്ങിയിരുന്നു. എല്ലാം രണ്ടായിട്ടാണ്  കണ്ടത്. തലയിലേറ്റ ആഘാതം കാരണമാണത്. മൂന്നുമണിക്കൂറോളം ആരുടേയും കണ്ണിൽപ്പെടാതെ നടന്ന് സ്വന്തം വീട്ടിലെത്തി. ഞാൻ ജീവനോടെയുണ്ടെന്ന് ആർക്കും വിശ്വസിക്കാൻ കഴിഞ്ഞില്ല. ഒരു ചിന്ത മാത്രമേ ആ സമയത്ത് മനസ്സിലുണ്ടായിരുന്നു. ഈ രാജ്യത്ത് നിന്ന് എങ്ങനെയെങ്കിലും രക്ഷപ്പെട്ടേ മതിയാവൂ.

അഫ്ഗാനിൽ നിന്നുള്ള  പലായനം:

കമേല: അദ്ദേഹത്തെ അവർ കൊണ്ടുപോയപ്പോൾ ഞങ്ങൾക്ക് ആകെ ചെയ്യാനുണ്ടായിരുന്നത് പ്രാർത്ഥിക്കുക എന്നത് മാത്രമാണ്. ഞങ്ങളുടെ ജീവിതം അവസാനിച്ചെന്ന്‌ കരുതി. അഫ്ഗാനിസ്ഥാനിൽ കുടുംബത്തിൽ ആണുങ്ങൾ ഇല്ലാതായാൽ നിങ്ങളുടെ ജീവിതവും ഏകദേശം അവസാനിച്ച അവസ്ഥയാണ്. അദ്ദേഹത്തെ കണ്ടപ്പോൾ ജീവനോടെ മടങ്ങിവന്നത് വിശ്വസിക്കാൻ കഴിഞ്ഞില്ല.

ഹനീഫ്: എൻറെ ഭാര്യാ സഹോദരൻ എന്നെ ഖാസ്‌നി എന്ന സ്ഥലത്തെ ആശുപത്രിയിലാക്കി. തലയോട്ടി പിളർന്നിരുന്നെങ്കിലും തലച്ചോറിനുള്ളിൽ കാര്യമായ രക്തസ്രാവം ഇല്ലാതിരുന്നതുകൊണ്ട് സർജറി വിജയിച്ചു. കുറച്ചുദിവസങ്ങൾക്കു ശേഷം എന്റെ  കാഴ്ചശക്തി നേരെയായി. ഒരുപാട് കാലം ഒളിവിൽ താമസിച്ചു. 1999 ലാണ് ഈ സംഭവങ്ങൾ.

അവിടെ നിന്ന് രക്ഷപ്പെട്ട മതിയാവൂ എന്നതിനാൽ സുഹൃത്തുക്കളുടെയും  ബന്ധുക്കളുടെയും  സഹായത്തോടെ കൈയിലുള്ളതെല്ലാം വലിച്ചെറിഞ്ഞു ഞാനും കുടുംബവും ഒരു രാത്രി തലസ്ഥാനമായ കാബൂളിലേക്ക് കടന്നു. അവിടെനിന്നും ഇറാനിലേക്കും. ഇറാനിൽ നിന്നും ഒരു മനുഷ്യക്കടത്ത് ഏജൻറ് വഴി വ്യാജപാസ്പോർട്ട് ഉണ്ടാക്കി അതുപയോഗിച്ച് ഇന്തോനേഷ്യ എത്തിച്ചേർന്നു.

അവിടെ ഈ മനുഷ്യക്കടത്ത് ഏജൻസി തയ്യാറാക്കിയ ഒരു മരത്തിന്റെ ബോട്ടിൽ  കയറിപ്പറ്റി. 30 - 40 പേർക്ക് കയറാവുന്ന ബോട്ടിൽ ഞങ്ങൾ 149 പേരെ  കുത്തിനിറച്ചു. ശുചിമുറിയിൽ പോകേണ്ടിവന്നാൽ തിരിച്ചുവരുമ്പോഴേക്കും ഇരിക്കാൻ സ്ഥലം ഉണ്ടാവില്ല എന്നതായിരുന്നു അവസ്ഥ. ആറോളം ദിവസം അങ്ങനെ ഭീതിജനകമായ യാത്ര അതും പ്രക്ഷുബ്ധമായ കടലിലൂടെ! എല്ലാവരും മരിക്കുമെന്ന് തന്നെ കരുതി. ആറു  ദിവസങ്ങൾക്കുശേഷം ഓസ്‌ട്രേലിയൻ  അതിർത്തിയിലേക്ക് ഞങ്ങളുടെ ബോട്ട് എത്തി. ഓസ്ട്രേലിയൻ നാവികസേന ഞങ്ങളെ കണ്ടെത്തിയപ്പോൾ ഞങ്ങളെല്ലാം ഒരുപാട് ആശ്വസിച്ചു. ഇല്ലെങ്കിൽ മരിക്കുമെന്ന് ഉറപ്പായിരുന്നു.

ബോട്ടിന് അപ്പോഴേക്കും തകരാർ സംഭവിച്ചിരുന്നു. വെള്ളം ഉള്ളിലേക്ക് കടക്കാൻ ആരംഭിച്ചപ്പോൾ ഞങ്ങൾ പുറത്തേക്ക് കോരിയൊഴിച്ചു കൊണ്ടേയിരുന്നു. അപ്പോഴാണ് നാവികസേനയുടെ നിരീക്ഷണ വിമാനം ഞങ്ങളെ കണ്ടെത്തിയത്. ഉടനെതന്നെ നാവികസേനയുടെ ഒരു  ബോട്ടും കപ്പലും ഞങ്ങളുടെ അടുത്തെത്തി. ബോട്ടിൽ നിന്നും ആയുധധാരികളായ രണ്ടു പട്ടാളക്കാർ ഞങ്ങളുടെ ബോട്ടിൽ വന്ന്  ആർക്കെങ്കിലും ഇംഗ്ലീഷ് അറിയാമോ എന്ന് ചോദിച്ചു. ഒരു യുവാവ് മുന്നോട്ടുവന്നു അവരോട് ഇംഗ്ലീഷിൽ "ഞങ്ങൾ അഫ്ഗാനിസ്ഥാനിൽ നിന്നുള്ള അഭയാർത്ഥികളാണ്" എന്ന് പറഞ്ഞു. എല്ലാവരെയും അവിടെനിന്ന് പ്രാരംഭ പരിശോധനകൾ നടത്തിയശേഷം വ്യക്തിഗതവിവരങ്ങൾ എഴുതിയെടുത്തു. "നിങ്ങളിപ്പോൾ സുരക്ഷിതരാണ് "എന്ന് അവർ പറഞ്ഞ നിമിഷം ഞാൻ ജീവിതത്തിലൊരിക്കലും മറക്കില്ല. അതെങ്ങനെ പറഞ്ഞറിയിക്കണം എന്നെനിക്കിപ്പോഴും അറിയില്ല.

കമേല: ആ ബോട്ടിൽ ഉള്ളപ്പോൾ മരണത്തെ കുറിച്ച് മാത്രമാണ് ചിന്തിച്ചത്. കാലാവസ്ഥ പലപ്പോഴും വളരെ മോശമായിരുന്നു. വലിയ തിരമാലകൾ പേടിപ്പെടുത്തി. കുട്ടികളൊക്കെ ഭയന്നു നിലവിളിച്ചപ്പോൾ പ്രാർത്ഥിക്കാൻ മാത്രമെ ഞങ്ങൾക്ക‌് കഴിയുമായിരുന്നുള്ളൂ. ഓസ്ട്രേലിയൻ നേവി ഉദ്യോഗസ്ഥർ വളരെ ദയാലുക്കളായിരുന്നു. വളരെ നല്ല പെരുമാറ്റം. ഞങ്ങളെ അവർ ഡാർവിൻ തീരത്ത് എത്തിച്ചു. അവിടെനിന്ന് വൂമറ ഡിറ്റൻഷൻ സെന്ററിലേക്ക് വിമാനത്തിൽ കൊണ്ടുപോയി. എല്ലാവർക്കും ഇംഗ്ലീഷ് പഠിക്കാൻ ക്ലാസുകൾ ഏർപ്പാടാക്കി. കുട്ടികളെ പഠിപ്പിക്കാൻ ടീച്ചർമാരെയും.

ഹനീഫ: ഒരു കൂട്ടിൽ എന്നപോലെയായിരുന്നു വൂമറയിലെ ജീവിതം. ഒരു ജയിലിൽതന്നെ. പക്ഷേ ഞങ്ങൾ വളരെയധികം സന്തുഷ്ടരായിരുന്നു. സമാധാനത്തോടെ ഒരുപാട് വർഷങ്ങൾക്ക് ശേഷം ഉറങ്ങാൻ പറ്റി. സ്വർഗത്തിലെത്തിയ അവസ്ഥയായിരുന്നു .

2001 മാർച്ച് 26ന് ഞങ്ങൾക്ക് സർക്കാർ താൽക്കാലിക അഭയാർത്ഥി വിസ തന്നു. അങ്ങനെ ഞങ്ങൾ അഡലെയ്ഡ് എത്തി.

പുതുജീവിതം:

ഹനീഫ: ഞങ്ങൾ ബ്ലെയറാത്തോൾ  എന്ന സ്ഥലത്താണ് എത്തിയത്. ഉടനെതന്നെ ജോലിക്ക് വേണ്ടിയുള്ള ശ്രമങ്ങൾ തുടങ്ങി. ഫാമുകളിൽ മുന്തിരി പറിക്കാനുള്ള ജോലിയാണ് ആദ്യം കിട്ടിയത്. കഠിനാധ്വാനം ചെയ്ത്‌ ചുരുങ്ങിയ മാസം കൊണ്ട് 50 പേരുടെ സൂപ്പർവൈസറായി മാറി. അപ്പോഴേക്കും കിൽബൺ എന്ന സ്ഥലത്ത് ഫാക്ടറി ജോലികിട്ടി. ഒരു മൈനിങ് കമ്പനിക്ക് പാർട്സ് ഉണ്ടാക്കുന്ന സ്ഥാപനം. വീടെടുക്കാൻ ബാങ്ക് ലോണിന് അപേക്ഷിച്ചു. എനിക്ക് താൽക്കാലിക വിസ ആയിരുന്നെങ്കിലും ബാങ്ക് ലോൺ അനുവദിച്ചു. ഈ വിസയിൽ ആദ്യമായി വീടെടുത്തത് ഞാനായിരുന്നു. 2002 ലായിരുന്നു അത്. ജോലികഴിഞ്ഞുള്ള സമയങ്ങളിൽ ടാക്‌സി ഓടിച്ചിരുന്ന ഞാൻ ഒരു ടാക്‌സി പെർമിറ്റ് വാടകക്കെടുത്ത് സ്വന്തമായി ടാക്സി  ഓടിക്കാൻ തുടങ്ങി. ഒന്നിൽനിന്നും രണ്ടായി, മൂന്നായി അവസാനം നാല്പതോളം ടാക്‌സി കാറുകൾ എൻറെ സ്വന്തമായി. 80 ഡ്രൈവർമാരെ വച്ച് 24 മണിക്കൂറും അത് ഓടി. അതിനുശേഷം ഒരു മെക്കാനിക്ക് ഷോപ്പും സൂപ്പർമാർക്കറ്റും  സ്വന്തമാക്കി. നല്ലൊരു ജീവിതം കെട്ടിപ്പടുത്തു. തിരിഞ്ഞു നോക്കുമ്പോൾ എല്ലാം ഒരു സ്വപ്നം പോലെ. പക്ഷേ ഇതുവരെ  ബന്ധുക്കളെ കാണാൻ ഒരിക്കൽ പോലും  പോകാൻ പറ്റിയില്ല.


പിൻകുറിപ്പ്: ഈ സംഭവങ്ങൾ 2002–--2003 കാലഘട്ടത്തിൽ ഉള്ളതാണ്. ഇപ്പോൾ ഓസ്‌ട്രേലിയയിലെ  നിയമങ്ങൾ ഒക്കെ മാറി, അഭയാർത്ഥികളെ  എടുക്കുന്ന രീതിയും മാറി. വിവരങ്ങൾക്കും ചിത്രങ്ങൾക്കും പ്രാദേശിക പത്രത്തിന്റെ വീക്കെൻഡ് എഡിഷനോട് കടപ്പാട്.


പ്രധാന വാർത്തകൾ
 Top