19 April Monday

റഫാൽകോഴ വീണ്ടും ഉയരുമ്പോൾ

സാജൻ എവുജിൻUpdated: Thursday Apr 8, 2021

കുഴിച്ചുമൂടാൻ എത്ര ശ്രമിച്ചാലും സത്യം ഒരിക്കൽ പുറത്തുവരുമെന്നതിന്‌ ഉദാഹരണമാണ്‌ റഫാൽ യുദ്ധവിമാന ഇടപാടിൽ ഇപ്പോൾ പുറത്തുവരുന്ന കാര്യങ്ങൾ. റഫാൽ ഇടപാടിൽ ആയുധവ്യാപാര ദല്ലാളിന്‌ 8.6 കോടിയോളം രൂപ കോഴ ലഭിച്ചതായി ഫ്രഞ്ച്‌ അഴിമതിവിരുദ്ധ ഏജൻസി(എഎഫ്‌എ) കണ്ടെത്തിയെന്ന ‌ വിവരം പുറത്തുവന്നിരിക്കുന്നു. അഗസ്‌ത വെസ്‌റ്റ്‌ലാൻഡ്‌ ഹെലികോപ്‌ടർ ഇടപാട്‌ അഴിമതിക്കേസിൽ പ്രതിയായ സുശേൻ ഗുപ്‌തയുടെ കമ്പനിക്കാണ്‌ പണം ലഭിച്ചത്‌. അന്വേഷണാത്മക വാർത്താമേഖലയിൽ, പാരീസ്‌ കേന്ദ്രമായി പ്രവർത്തിക്കുന്ന വെബ്‌സൈറ്റായ ‘മീഡിയ പാർട്ട്‌’ ആണ്‌ ഇക്കാര്യം പുറത്തുകൊണ്ടുവന്നത്‌. റഫാൽ കരാർ ഉറപ്പിച്ചതിനു പിന്നാലെയായിരുന്നു ഈ പണംകൈമാറ്റം.

‘ഇടപാടുകാർക്കുള്ള സമ്മാനം’ എന്ന ഇനത്തിൽ ദസോ 10 ലക്ഷത്തിൽപ്പരം യൂറോ(8.6 കോടിയിൽപ്പരം രൂപ) ഇന്ത്യയിലെ ഡെഫ്‌സിസ്‌ സൊല്യൂഷൻസ്‌ എന്ന കമ്പനിക്ക്‌ കൈമാറിയെന്നാണ്‌ എഎഫ്‌എയുടെ പരിശോധകർ കണ്ടെത്തിയത്‌. ദസോയുടെ ഉപകരാറുകാരായ ‌ ഡെഫ്‌സിസ് കമ്പനി‌ സുശേൻ ഗുപ്‌തയുടെ കുടുംബത്തിന്റെ ഉടമസ്ഥതയിലുള്ളതാണ്. ഇത്തരത്തിൽ നൽകിയ ഇതര ‘സമ്മാനങ്ങളേക്കാൾ’ ഈ തുക വളരെയധികം ഉയർന്നതിനെക്കുറിച്ച്‌ എഎഫ്‌ഐ വിശദീകരണം തേടി. തൃപ്‌തികരമായ വിശദീകരണം നൽകാൻ കമ്പനിക്ക്‌ കഴിഞ്ഞില്ല. റഫാൽ ഇടപാടിൽ സുശേൻ ഗുപ്‌ത ഇടനിലക്കാരനായി പ്രവർത്തിച്ചുവെന്നും ഇയാൾക്ക്‌ പ്രതിരോധമന്ത്രാലയത്തിൽനിന്ന്‌ രഹസ്യരേഖകൾ ലഭിച്ചുവെന്നും 2019 ജനുവരിയിൽ മാധ്യമങ്ങൾ റിപ്പോർട്ട്‌ ചെയ്‌തിരുന്നു. കോൺഗ്രസ്‌ ഭരണകാലത്തെ പ്രതിരോധഇടപാട്‌ ദല്ലാളന്മാർ ബിജെപി സർക്കാരിലും പിടിപാട്‌ തുടരുകയാണെന്ന്‌‌ തെളിയുകയാണ്‌.

റഫാൽ കരാറിനെക്കുറിച്ച്‌ അന്വേഷിക്കണമെന്ന്‌ ഫ്രഞ്ച്‌ പബ്ലിക്ക്‌ പ്രോസിക്യൂഷനിലെ ധനകാര്യകുറ്റകൃത്യവിഭാഗം ആവശ്യപ്പെട്ടിരുന്നതായും ‘മീഡിയപാർട്ട്‌‘ വെളിപ്പെടുത്തി. അഴിമതിവിരുദ്ധമേഖലയിൽ പ്രവർത്തിക്കുന്ന സർക്കാരിതര സംഘടന ‘ഷെർപ’ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പ്രാഥമിക അന്വേഷണം നടത്തിയശേഷമാണ്‌ ഈ ശുപാർശ നൽകിയത്‌. എന്നാൽ ‘ഫ്രാൻസിന്റെ ദേശീയതാൽപ്പര്യം സംരക്ഷിക്കാൻ’ എന്ന പേരിൽ പ്രോസിക്യൂഷൻ മേധാവി ശുപാർശ തള്ളുകയായിരുന്നു. അന്നത്തെ ഫ്രഞ്ച്‌ പ്രസിഡന്റ്‌ ഫ്രാൻസ്വ ഒളാന്ദിന്റെ ജീവിതപങ്കാളി അഭിനയിച്ച ചലച്ചിത്രം നിർമിക്കാൻ അനിൽ അംബാനി ഗ്രൂപ്പ്‌ 10 ലക്ഷം യൂറോ മുടക്കിയത്‌ വെളിച്ചത്തുവന്ന സാഹചര്യത്തിലാണ്‌ ‘ഷെർപ’ പരാതി നൽകിയത്‌. റഫാൽ കരാറിൽ അനിൽ അംബാനിയുടെ കമ്പനി പങ്കാളിയായത്‌ നേരത്തെ വിവാദമായിരുന്നു. പ്രധാനമന്ത്രി നരേന്ദ്രമോഡി 2015 ഏപ്രിലിൽ നടത്തിയ പാരീസ്‌ സന്ദർശനത്തിൽ ധാരണയായ റഫാൽ കരാറിൽ ഉന്നതരാഷ്ട്രീയനേതൃത്വത്തിന്റെ അവിഹിത ഇടപെടലുകൾ സംബന്ധിച്ച്‌ തുടക്കംമുതൽ ആരോപണം ഉയർന്നതാണ്‌.

പ്രതിരോധനിർമാണമേഖലയിൽ തീരെ പ്രവൃത്തിപരിചയമില്ലാത്ത അനിൽ അംബാനി ഗ്രൂപ്പിനെ കരാറിൽ പങ്കാളിയാക്കിയതിൽ റഫാൽ നിർമാതാക്കളായ ദസോ കമ്പനിയിൽ അതൃപ്‌തി രൂപമെടുത്തിരുന്നു. കമ്പനിയിലെ ജീവനക്കാരുടെ സംഘടനകൾ പരസ്യമായി പ്രതിഷേധിച്ചു. ദസോയുടെ വിശ്വാസ്യത തകരാൻ കരാർ ഇടയാകുമെന്ന്‌ അവർ വാദിച്ചു. ഫ്രഞ്ച്‌ സർക്കാരിന്റെ നിർദേശ പ്രകാരമാണ്‌ കരാറിൽ റിലയൻസിനെ പങ്കാളിയാക്കിയതെന്നും ഇന്ത്യൻ അധികൃതരിൽനിന്ന്‌ റിലയൻസിനുവേണ്ടി സമ്മർദമുണ്ടെന്നും ദസോ മാനേജ്‌മെന്റ്‌ തൊഴിലാളിസംഘടനകളോട്‌ വിശദീകരിച്ചു. അന്ന്‌ സാമ്പത്തിക പ്രതിസന്ധി നേരിട്ടിരുന്ന ദസോ കമ്പനിക്ക്‌ ഏതെങ്കിലും വൻകിട കരാർ ലഭിക്കുകയെന്നത്‌ നിലനിൽപ്പിന്റെ പ്രശ്‌നമായിരുന്നു. ഇന്ത്യയിൽനിന്ന്‌ കരാർ ലഭിച്ചാൽ ഇതര രാജ്യങ്ങളും റഫാൽ വാങ്ങുമെന്ന്‌ തൊഴിലാളികളെ കമ്പനി ധരിപ്പിച്ചു.


 

അനിൽ അംബാനിയെ കരാറിൽ പങ്കാളിയാക്കിയത്‌ മോഡിസർക്കാരിന്റെ നിർബന്ധപ്രകാരമാണെന്ന്‌ ഫ്രാൻസ്വ ഒളാന്ദ്‌ പിന്നീട്‌ അഭിമുഖത്തിൽ തുറന്നുപറഞ്ഞു. യുപിഎ സർക്കാരിന്റെ കാലത്ത്‌ എത്തിച്ചേർന്ന കരാർ അട്ടിമറിച്ചാണ്‌ മോഡി പാരിസ്‌ സന്ദർശനത്തിൽ പുതിയ കരാറിലെത്തിയത്‌. മൊത്തം 126 റഫാൽ വിമാനം സംഭരിക്കാനാണ്‌ പ്രതിരോധ സംഭരണ കൗൺസിൽ പദ്ധതി തയ്യാറാക്കിയത്‌. 18 വിമാനം ഫ്രാൻസിൽ പൂർണമായി നിർമിച്ച്‌ വാങ്ങാനും ബാക്കി വിമാനങ്ങൾ സാങ്കേതിക വിദ്യകൈമാറ്റത്തോടെ ഇന്ത്യൻ പൊതുമേഖലാ സ്ഥാപനമായ ഹിന്ദുസ്ഥാൻ എയ്‌റോനോട്ടിക്കൽ ലിമിറ്റഡിൽ(എച്ച്‌എഎൽ) നിർമിക്കാനുമായിരുന്നു ആദ്യകരാർ. എന്നാൽ 2015ൽ അന്നത്തെ പ്രതിരോധമന്ത്രി മനോഹർ പരീക്കറെ കൂട്ടാതെ പാരീസിലേ‌ക്ക്‌ പോയ പ്രധാനമന്ത്രി മോഡിയാകട്ടെ പൊതുമേഖലാ സ്ഥാപനത്തെ കരാറിൽനിന്ന്‌ ഒഴിവാക്കി. അനിൽ അംബാനിയും പ്രധാനമന്ത്രിയെ അനുഗമിച്ചിരുന്നു.

പുതിയ കരാർപ്രകാരമുള്ള റഫാൽ വിമാനത്തിന്റെ വില വെളിപ്പെടുത്താൻ മോഡിസർക്കാർ തയ്യാറല്ല. ആദ്യകരാറിൽ 527 കോടി രൂപയാണ് ഒരു വിമാനത്തിന്‌ വിലയിട്ടത്. പുതിയ കരാർ 59,000 കോടി രൂപയുടേതാണെന്ന് മാത്രം കേന്ദ്രം വിശദീകരിച്ചു. ഇങ്ങനെ നോക്കുമ്പോൾ ഒരു വിമാനത്തിന്‌ 1,670 കോടി രൂപയാകും. ഇതുപ്രകാരം 30,000 കോടിയിൽപ്പരം രൂപ അധികം നൽകുകയാണ്. ഇതേ ച്ചൊല്ലി വിവാദം കത്തിയപ്പോൾ സുപ്രീംകോടതിയിൽ ഹർജികൾ ഫയൽ ചെയ്യപ്പെട്ടു. കോടതി മേൽനോട്ടത്തിൽ അന്വേഷണം ആവശ്യപ്പെട്ടായിരുന്നു ഹർജികൾ. എന്നാൽ കരാറിന്റെ വിശദാംശങ്ങളിലേ‌ക്ക്‌ കടക്കാൻ കഴിയില്ലെന്നും പ്രതിരോധകരാറുകൾ പരിശോധിക്കുന്നതിൽ പരിമിതിയുണ്ടെന്നും കാണിച്ച്‌ ഹർജികൾ കോടതി തള്ളി. കരാറിനെ കോടതി അംഗീകരിച്ചെന്നും അഴിമതി ആരോപണം തള്ളിയെന്നും സർക്കാർ അവകാശപ്പെട്ടു.

കടക്കെണിയിൽ മുങ്ങിയിരിക്കുകയും പ്രതിരോധനിർമാണത്തിൽ അനുഭവസമ്പത്ത്‌ ഇല്ലാതിരിക്കുകയും ചെയ്‌ത അനിൽ അംബാനിയെ ഈ കരാറിൽ പങ്കാളിയാക്കിയതിനെക്കുറിച്ച്‌ ചോദ്യങ്ങൾ ശേഷിച്ചു. ഇന്ത്യ–-ഫ്രഞ്ച് പ്രതിരോധമന്ത്രിമാർ തമ്മിൽ റഫേൽ കരാർ ഒപ്പിടുന്നതിന്‌ 13 ദിവസം മുമ്പ് മാത്രമാണ് റിലയൻസ് ഡിഫൻസ് എന്ന കമ്പനി അനിൽ അംബാനി രൂപീകരിച്ചത്. കരാർ നിലവിൽവന്ന് 10 ദിവസത്തിനുശേഷം റിലയൻസ് ഡിഫൻസും ദസോയും ചേർന്ന് ദസോ റിലയൻസ് എയ്റോസ്‌പെയ്‌സ്‌ എന്ന സംയുക്തസംരംഭം രൂപീകരിച്ചു. കരാറിനെക്കുറിച്ച്‌ റിലയൻസിന്‌ മുൻകൂട്ടി വിവരം ലഭിച്ചിരുന്നതായി ഇതിൽനിന്നെല്ലാം വ്യക്തമാണ്‌. 2012ൽ ദസോയും മുകേഷ്‌ അംബാനിയുടെ റിലയൻസ്‌ ഇൻഡസ്‌ട്രീസും തമ്മിൽ പങ്കാളിത്തകരാർ ഒപ്പിട്ടിരുന്നെന്നും ഇതിന്റെ തുടർച്ചയായാണ്‌ അനിൽ അംബാനിയെ റഫാൽ കരാറിൽ പങ്കാളിയാക്കിയതെന്നും വിശദീകരിക്കാൻ കേന്ദ്രസർക്കാരും ബിജെപി നേതാക്കളും ശ്രമിച്ചു. മുകേഷും അനിലും തമ്മിൽ 2005ൽ ബിസിനസ്‌ ബന്ധം വേർപിരിഞ്ഞ സാഹചര്യത്തിൽ ഈ വാദം വിലപ്പോകുന്നതല്ല. റഫാൽ ഇടപാടിൽ എച്ച്‌എഎല്ലിനെ പങ്കാളിയാക്കാനാണ്‌ തുടക്കത്തിൽ തീരുമാനിച്ചിരുന്നതും. എച്ച്‌എഎൽ ഉൾപ്പെട്ട കരാറിനെതിരെ ബിജെപി നേതാക്കൾ ആരോപണം ഉന്നയിച്ചതും വൈകിച്ചതും ആസൂത്രിതമായിരുന്നെന്നും സംശയിക്കണം.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
----
പ്രധാന വാർത്തകൾ
-----
-----
 Top