17 May Tuesday

ലിംഗനീതിക്കായി പോരാട്ടം - അഡ്വ. സി എസ് സുജാത എഴുതുന്നു

വെബ് ഡെസ്‌ക്‌Updated: Saturday Dec 18, 2021

അഖിലേന്ത്യ ജനാധിപത്യ മഹിളാ അസോസിയേഷൻ സ്ഥാപക നേതാവും തൊഴിലാളി നേതാവുമായ  സുശീല ഗോപാലന്റെ ഇരുപതാമത് സ്മരണദിനമാണ് ഡിസംബർ 19. ഈ ദിനത്തിൽ ലിംഗനീതിക്കായുള്ള പോരാട്ടങ്ങളെ ശക്തിപ്പെടുത്താൻ മഹിളാ അസോസിയേഷൻ ആഹ്വാനം ചെയ്യുകയാണ്. ആർഭാടവിവാഹത്തിനെതിരായും സ്‌ത്രീധനത്തിനെതിരായും എക്കാലത്തും പോരാടിയ സുശീല ഗോപാലന്റെ ഓർമ പുതുക്കുന്ന ഈ സന്ദർഭത്തിൽ ലിംഗനീതി എന്ന വിഷയത്തിൽ സംസ്ഥാനവ്യാപകമായി ജില്ലാ കമ്മിറ്റികളുടെ നേതൃത്വത്തിൽ സെമിനാറുകൾ സംഘടിപ്പിക്കുകയാണ്. രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനുവേണ്ടിയുള്ള പോരാട്ടങ്ങളിൽ പുരുഷനോടൊപ്പം തുല്യപങ്ക് വഹിച്ചവരാണ്  ഇന്ത്യൻ സ്‌ത്രീകൾ. എന്നാൽ, സ്വാതന്ത്ര്യം ലഭിച്ച്‌ 75 വർഷമായിട്ടും ലിംഗവിവേചനത്തിന്റെ ചങ്ങലക്കെട്ടുകളിൽനിന്ന്‌ ഇന്ത്യൻ സ്‌ത്രീ മോചിതയായിട്ടില്ല.

സ്‌ത്രീ എന്ന നിലയിലും പൗര എന്നനിലയിലും തൊഴിലാളി എന്നനിലയിലും  കടുത്ത വിവേചനം ഇന്നും നേരിടുന്നു. ആഗോളവൽക്കരണത്തിന്റെ കാലത്ത് പുതിയ രൂപത്തിലുള്ള ചൂഷണങ്ങൾക്ക് അവൾ വിധേയയാകുന്നു. ഭ്രൂണാവസ്ഥയിൽത്തന്നെ ഈ  സമീപനം ആരംഭിക്കുന്നുവെന്നതാണ് വസ്തുത. ഇന്ത്യയിലെ പല സംസ്ഥാനങ്ങളിലും സ്‌ത്രീ –-പുരുഷ അനുപാതം ഇടിഞ്ഞു. ഹരിയാനയിൽ 1000:893, പഞ്ചാബിൽ 1000: 938 ആയിരിക്കുന്നു. എന്നാൽ, കേരളത്തിൽമാത്രം അത് 1000:1084 ആണ്. ഇന്ത്യയിൽ പട്ടിണി കിടക്കുന്ന സ്‌ത്രീകളുടെ എണ്ണം വർധിക്കുകയാണ്. മാതൃമരണ നിരക്കും ശിശുമരണ നിരക്കും വർധിക്കുന്നു. 1976ൽ തുല്യവേതന നിയമം പാസായെങ്കിലും ഇന്നും അത് പാലിക്കപ്പെടുന്നില്ല. ഞാറുനടുന്ന സ്‌ത്രീ  മുതൽ  കോടികൾ കൊയ്യുന്ന സിനിമാ മേഖലയിൽവരെ ഈ വിവേചനം നിലനിൽക്കുന്നു.

കോവിഡ് കാലഘട്ടത്തിലും  ഏറ്റവുമധികം തൊഴിൽനഷ്ടം ഉണ്ടായത് സ്‌ത്രീകൾക്കാണ്.  അധികാരത്തിലിരിക്കുന്ന ബിജെപി സർക്കാരാണെങ്കിൽ സ്‌ത്രീ കളുടെ തുല്യത അംഗീകരിക്കുന്നില്ല. ഭരണഘടനാ ആമുഖത്തിൽത്തന്നെ തുല്യതയ്‌ക്കുള്ള അവകാശം പ്രതിപാദിക്കുന്ന ഈ രാജ്യത്ത് ഇന്നും വിവേചനത്തിനെതിരെ പ്രതിരോധം തീർക്കേണ്ട അവസ്ഥയാണ് സ്‌ത്രീക്കുള്ളത്. ഇത് അവർ നടത്തിയ നാഷണൽ ഫാമിലി ഹെൽത്ത് സർവേയിൽനിന്ന്‌ വ്യക്തമാണ്. ഭാര്യയെ ഭർത്താവ് ഏതൊക്കെ സാഹചര്യങ്ങളിൽ മർദിക്കാം തുടങ്ങിയ തികച്ചും സ്‌ത്രീവിരുദ്ധമായ ചോദ്യങ്ങളാണ് ഇതിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. മീ ടൂ പോലൊരു ക്യാമ്പയിൻ  ലോകത്താകെ വലിയ പ്രചാരം നേടുമ്പോഴാണ് ഒരു സർക്കാർ സംവിധാനം ഇവിടെ ഇത്തരം ചോദ്യങ്ങൾ ഉയർത്തുന്നത് എന്നോർക്കണം. സിബിഎസ്ഇ ചോദ്യപേപ്പറിൽ അടക്കം ഈ മനോഭാവം കടന്നുവന്നിരിക്കുകയാണ്. പുരുഷാധിപത്യം ഊട്ടിയുറപ്പിച്ചുകൊണ്ട് സ്‌ത്രീ വിമോചന പോരാട്ടങ്ങളെയാകെ മോശമായി ചിത്രീകരിച്ചുകൊണ്ടുള്ള കാര്യങ്ങൾ ചോദ്യരൂപത്തിൽ പ്രത്യക്ഷപ്പെടുന്നു. ഇത്തരത്തിലുള്ള സാഹചര്യങ്ങൾ നിലനിൽക്കുന്ന ഇന്ത്യൻ പരിതഃസ്ഥിതിയിൽ ലിംഗനീതിക്കായുള്ള ശക്തമായ പോരാട്ടങ്ങൾക്കാണ് മഹിളാ അസോസിയേഷൻ നേതൃത്വം നൽകുന്നത്.

ഈ ഘട്ടത്തിൽ നവോത്ഥാന മൂല്യപോരാട്ടങ്ങൾ മുൻനിർത്തിക്കൊണ്ട് 1957ൽ അധികാരത്തിലെത്തിയ ഇ എം എസ് മന്ത്രിസഭ തുടങ്ങി ഇന്ന് കേരളം ഭരിക്കുന്ന പിണറായി സർക്കാർവരെയുള്ള ഇടതുപക്ഷ ഗവൺമെന്റ് നടത്തുന്ന മാതൃകാപരമായ പ്രവർത്തനങ്ങളിലൂടെ ഏറെ മുന്നോട്ടുപോകാൻ കേരളത്തിന് സാധിച്ചു. 

ഭരണരംഗത്ത് കൂടുതൽ സ്‌ത്രീകൾ കടന്നുവന്നു എന്നുള്ളതാണ് അടുത്ത കാലത്ത് നമുക്ക് കാണാൻ പറ്റിയ വലിയ ഒരു മാറ്റം. അതിന് തദ്ദേശഭരണ സ്ഥാപനങ്ങളിലേക്കുള്ള 50 ശതമാനം സംവരണം ഏറെ സഹായിച്ചിട്ടുണ്ട്. ഒന്നാം പിണറായി സർക്കാരിന്റെ കീഴിൽ സ്‌ത്രീകൾക്കായി ഒരു പ്രത്യേക വകുപ്പ്തന്നെ രൂപീകരിക്കുകയുണ്ടായി. അതുമാത്രമല്ല, ബജറ്റ് വിഹിതം കൂട്ടി. ഇന്ത്യൻ ഗവൺമെന്റ്  സ്‌ത്രീകളുടെ  പ്രവർത്തനങ്ങളെ പാടെ അവഗണിച്ച സാഹചര്യത്തിലാണ് 19.64ശതമാനം ബജറ്റിൽ സ്‌ത്രീകൾക്കായി കേരളം മാറ്റിവച്ചിട്ടുള്ളത്. തൊഴിൽരംഗത്താണെങ്കിലും കോവിഡ്കാലത്തെ തൊഴിൽനഷ്ടം പരമാവധി പരിഹരിക്കുന്നതിനുവേണ്ടി അധികം തൊഴിൽദിനങ്ങൾ നൽകാൻ കേരള സർക്കാരിന് സാധിച്ചു. 

സമീപകാലത്ത് സ്‌ത്രീധനത്തിന്റെപേരിലും മറ്റുമുള്ള ഗാർഹിക പീഡനങ്ങൾ വർധിച്ചുവരുന്നതായി കാണാൻ സാധിക്കും. ക്യാമ്പസുകളിലടക്കം പ്രതിലോമകരമായ പല പ്രവണതകളും വർധിച്ചുവരുന്നു. അവ പലപ്പോഴും കൊലപാതകങ്ങളിൽവരെ കലാശിക്കുന്നൂയെന്നത് തീർത്തും നിർഭാഗ്യകരമാണ്. ഈ ആക്രമണങ്ങളിൽ എല്ലാം ഇരകളാകുന്നത് പെൺകുട്ടികളാണ് എന്നുള്ളതാണ് വസ്തുത. ഈ കാര്യങ്ങളെ അതീവ ഗൗരവത്തോടെ  കണ്ട് പരിഹാരം കാണാനായി ഗവൺമെന്റ് തയ്യാറായിട്ടുണ്ട്. ഇതിന്റെ ഭാഗമായി സ്‌ത്രീപക്ഷ കേരളം എന്ന ക്യാമ്പയിൻ  തുടക്കം കുറിച്ചുകഴിഞ്ഞു.


 

സ്‌കൂളുകളിൽ പാഠ്യപദ്ധതിയിൽ ലൈംഗിക വിദ്യാഭ്യാസം ഉൾപ്പെടുത്തുന്നതിന്റെ അനിവാര്യതയെക്കുറിച്ച്  വനിതാ കമീഷൻ മുന്നോട്ടുവച്ച നിർദേശത്തെ സ്വാഗതം ചെയ്യുകയാണ്. ഇതിന്റെ ആദ്യപടിയായി കോഴിക്കോട്ടെ മടപ്പള്ളി ഗേൾസ് ഹൈസ്കൂൾ മിക്സഡ് ആക്കാനുള്ള സ്‌കൂൾ അധികൃതരുടെയും സർക്കാരിന്റെയും തീരുമാനത്തെ ഹൃദയപൂർവം സ്വാഗതം ചെയ്യുകയാണ്.  ബാലുശ്ശേരി ഗേൾസ് ഹയർ സെക്കൻഡറി സ്‌കൂളിൽ ജെൻഡർ യൂണിഫോം അവതരിപ്പിച്ചതും വലിയൊരു മാറ്റത്തിന്റെ തുടക്കമായാണ് കാണുന്നത്.   

സ്‌ത്രീയെ പിന്നോട്ട് വലിക്കാനുള്ള ഒരുപാട് ശ്രമങ്ങൾ നമ്മുടെ സമൂഹത്തിൽ നടന്നുകൊണ്ടിരിക്കുന്നുണ്ട്. എന്നാൽ, സ്‌ത്രീയുടെ സ്വതന്ത്രമായ ചിന്തയും അഭിപ്രായത്തിനും വില കൊടുക്കുന്ന ഒരു സർക്കാരാണ് കേരളം ഭരിക്കുന്നത്. ലിംഗനീതിയിൽ അധിഷ്ഠിതമായ  മാറ്റങ്ങൾ കൊണ്ടുവരാൻ വിദ്യാഭ്യാസമേഖലയിൽ നടത്തുന്ന ശ്രമങ്ങളെ സ്വാഗതം ചെയ്യുകയാണ്. ഇനി മുന്നോട്ടും ഇത്തരത്തിലുള്ള പ്രവർത്തനങ്ങളുമായി മുന്നോട്ട് വരാൻ സർക്കാരിന് സാധിക്കുമെന്നാണ് പ്രതീക്ഷ. സുശീല ഗോപാലൻ ദിനത്തിൽ കൂടുതൽ മികച്ച സാമൂഹ്യ അന്തരീക്ഷം സൃഷ്ടിക്കുന്നതിനായി ആത്മാഭിമാനത്തോടുകൂടി അനീതിയെ ചെറുക്കാനും ലിംഗനീതിക്കായി പോരാടാനും മുഴുവൻ സഹോദരിമാരും മുന്നോട്ടുവരേണ്ടതുണ്ട്.

(അഖിലേന്ത്യ ജനാധിപത്യ മഹിളാ അസോസിയേഷൻ സംസ്ഥാന സെക്രട്ടറിയാണ്‌ ലേഖിക)


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top