01 June Thursday

ഇടംകൊടുക്കാം അവർക്കും

വെബ് ഡെസ്‌ക്‌Updated: Saturday Jan 1, 2022

ഒരു മഹാമാരി ഈ ലോകത്തെയാകെ കഷ്ടത്തിലാക്കിയിട്ട്‌ രണ്ട്‌ കൊല്ലത്തോളമായിരിക്കുന്നു. ഇതിനൊരു നിവൃത്തിയുണ്ടാകുമോ? ആർക്കും അറിയില്ല. ഒന്നു നിവരാൻ  പണിപ്പെടുമ്പോൾ അടുത്തത് എന്ന കണക്കിലാണ് ദുരിതം വന്നെത്തുന്നത്‌. സാമൂഹ്യ അകലവും മാസ്ക് ധരിക്കലും ഒരു  യാഥാർഥ്യമായി നമ്മോടൊപ്പമുണ്ട്‌. അത് നീണ്ടുനിൽക്കാൻ ആരും ആഗ്രഹിക്കുന്നില്ല. കാരണം, വ്യക്‌തിജീവിതം  സുരക്ഷിതമാകുമ്പോഴും സാമൂഹ്യ ബന്ധങ്ങൾ വിഘടിച്ചുപോകുന്നു. സാമൂഹ്യ അടുപ്പമാണ്‌ നമുക്ക്‌ തിരിച്ചുപിടിക്കേണ്ടത്‌, പുതിയ വർഷമെങ്കിലും ഈ അകലത്തിൽനിന്ന്‌ മോചനം ഉണ്ടാകുമെന്ന് പ്രതീക്ഷിക്കാം.

സിനിമയുടെ ദൃശ്യ–-ശ്രാവ്യാനുഭവങ്ങൾ ഈ കാലത്ത്‌ നമുക്ക്‌ അന്യമായി. വലിയ സ്‌ക്രീനിൽ ഇരുട്ടത്ത് കാണുന്ന  സിനിമ നൽകുന്ന അനുഭവം മറ്റൊന്നാണ്‌. കൊച്ചു ടിവിയിൽ വെളിച്ചത്തു കാണുന്ന സിനിമ ആ വ്യത്യാസം കാണിച്ചു തരുന്നു. അതുകൊണ്ട്‌,  ഒടിടി പ്ലാറ്റുഫോമുകൾ സ്ഥിരം പരിഹാരമല്ല, അതിന്‌ പരിമിതികളുണ്ട്.

തൊഴിൽ നഷ്ടപ്പെട്ടവരുടെ ആത്മഹത്യയാണ്‌ ഈ കാലഘട്ടത്തിൽ ഏറെ വേദനിപ്പിച്ചത്‌. നല്ല വിദ്യാഭ്യാസവും പൊതുബോധവുമുള്ള കേരളത്തിൽ തന്നെയാണോ ഇതൊക്കെ നടക്കുന്നതെന്ന്  സങ്കടത്തോടെ സ്വയം ചോദിക്കാറുണ്ട്‌. വിശ്വസിക്കാൻ കഴിയുന്നില്ല. രാഷ്ട്രീയവും മതവുമൊന്നും തമ്മിൽത്തല്ലാനും കൊല്ലാനുമുള്ള പ്രേരണയാകാൻ പാടില്ല. ഈ വിഷയത്തിൽ രാഷ്ട്രീയ നേതൃത്വവും മതാധ്യക്ഷന്മാരും സത്വരമായി ഇടപെടേണ്ടതാണ്.

വർധിച്ച പ്രണയ കൊലപാതകങ്ങൾ ചൂണ്ടിക്കാണിക്കുന്നത്‌ ആപൽക്കരമായ അവസ്ഥയാണ്‌. നോക്കു, ഒറ്റക്കുട്ടികളാണ് അതും ആൺകുട്ടികളാണ് ഈ സംഭവങ്ങളിലെ പ്രതികൾ. കുട്ടികളെ വളർത്തുന്നതിൽ ഉണ്ടാകുന്ന പരിമിതികളും പോരായ്മകളുംതന്നെയാണ് കാരണം. മാതാപിതാക്കൾ നൽകുന്ന ധാരണകളിലാണ്‌ പ്രശ്നം. അമിതമായ സ്വാർഥത വളർത്തിയെടുക്കുന്നു.

‘ഞാൻ, ഞാൻ മാത്രം എന്ന  ധാരണ’. ഇതൊരു രോഗമാണിന്ന്‌.  മറ്റുള്ളവർക്ക് ഇടം നൽകാനായില്ലെങ്കിൽ പിന്നെ എന്ത്‌ മനുഷ്യത്വമാണ്‌. അതുകൊണ്ട്‌, മറ്റുള്ളവർക്ക്‌ ഇടം നൽകാൻ നമുക്ക്‌ കുട്ടികളെ പഠിപ്പിക്കാം. അതാകട്ടെ പുതുവർഷ ചിന്ത.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
----
പ്രധാന വാർത്തകൾ
-----
-----
 Top