19 July Friday

അവകാശപ്പോരാട്ടത്തിന്‌ ഊർജമേകാൻ

ബി വിദ്യാധരൻ കാണിUpdated: Tuesday Sep 19, 2023

ആദിവാസി അധികാര രാഷ്ട്രീയ മഞ്ചിന്റെ  നാലാം അഖിലേന്ത്യ സമ്മേളനം ചൊവ്വ, ബുധൻ, വ്യാഴം ദിവസങ്ങളിൽ തമിഴ്‌നാട്ടിലെ നാമക്കലിൽ ചേരുകയാണ്. ഇന്ത്യയിലെ 14 കോടിയിലധികംവരുന്ന ആദിവാസി ജനവിഭാഗത്തിന്  ഭരണഘടനാപരമായി ലഭിക്കേണ്ട അവകാശങ്ങളും ജനസംഖ്യാനുപാതികമായി ലഭിക്കേണ്ട വികസനത്തിനും അർഹമായ ഫണ്ട് നേടിയെടുക്കുന്നതിനുംവേണ്ടിയാണ് സംഘടന രൂപീകരിച്ചത്. സംഘടന രൂപീകൃതമായതിനുശേഷമുള്ള പ്രവർത്തനം വിലയിരുത്തുമ്പോൾ ആദിവാസി ജനവിഭാഗത്തെ മാറ്റിയെടുക്കുന്നതിൽ ആശാവഹമായ മുന്നേറ്റമാണ് കാണുന്നത്. ആദിവാസികളെ പുരോഗമനത്തിന്റെയും മുന്നേറ്റത്തിന്റെയും പാതയിലേക്ക്‌ നയിക്കുകയാണ്‌. അവരെ അന്ധവിശ്വാസത്തിന്റെയും അനാചാരത്തിന്റെയും വഴിയിൽ തളച്ചിടാനാണ് സംഘപരിവാറും ബിജെപിയും ശ്രമിക്കുന്നത്.

ആദിവാസികൾക്ക്‌ നാമമാത്രമായി ലഭിച്ചുകൊണ്ടിരുന്ന അവകാശങ്ങളും അവസരങ്ങളും ബിജെപി അധികാരത്തിൽ വന്നതോടെ പൂർണമായും നഷ്ടമായിരിക്കുകയാണ്. ക്ഷേമപ്രവർത്തനത്തിന് ജനസംഖ്യാനുപാതികമായി ലഭിക്കേണ്ട ഫണ്ട് സ്വാതന്ത്ര്യാനന്തരം ഒരുകാലത്തും ഈ ജനവിഭാഗത്തിനു ലഭിച്ചിരുന്നില്ല. ക്ഷേമത്തിനുവേണ്ടി പേരിനുമാത്രം വകയിരുത്തുന്ന ഫണ്ടും വകമാറ്റി ചെലവഴിക്കുകയായിരുന്നു. കേന്ദ്ര ബജറ്റുകൾ സൂക്ഷ്മമായി പരിശോധിച്ചാൽ  ഈ ജനവിഭാഗത്തിന്റെ ക്ഷേമത്തിനും താൽപ്പര്യത്തിനുംവേണ്ടി വകയിരുത്തേണ്ട ഏറ്റവും കുറഞ്ഞ വിഹിതമാണ് ബിജെപി സർക്കാർ വകയിരുത്തിയിരിക്കുന്നത്.

ആദിവാസികൾക്ക് ഏറ്റവും കൂടുതൽ തൊഴിലവസരം നൽകിയിരുന്നത് കേന്ദ്ര സർക്കാരിന്റെ കീഴിലുള്ള സ്ഥാപനങ്ങളിലാണ്. കേന്ദ്ര സ്ഥാപനങ്ങളിൽ സ്വകാര്യവൽക്കരണത്തിന്റെയും അടച്ചുപൂട്ടലിന്റെയും നിയമന നിരോധനത്തിന്റെയും ഫലമായി ആദിവാസികൾക്ക് ലഭിച്ചുകൊണ്ടിരുന്ന തൊഴിലവസരങ്ങൾ പൂർണമായും നഷ്ടപ്പെട്ടു. ആദിവാസി യുവജനങ്ങളുടെ ഇടയിൽ തൊഴിൽ രഹിതരുടെ എണ്ണം ക്രമാതീതമായി വർധിക്കുന്നു. ഇത് ഈ ജനവിഭാഗം നേരിടുന്ന ഗുരുതരമായ വെല്ലുവിളിയാണ്.

ഭൂമിയുടെ കാര്യത്തിലും ആദിവാസികളുടെ സ്ഥിതി പരിതാപകരമാണ്.  ആദിവാസികളുടെ കൈവശമുള്ളത് വനഭൂമിയാണ്. ഈ ഭൂമിക്ക് സർക്കാർ ഇന്നും വനഭൂമി പദവിയാണ് അനുവദിക്കുന്നത്. ഇത് പരിഹരിക്കുന്നതിന് ഒന്നാം യുപിഎ സർക്കാരിന്റെ കാലത്ത് ഇടതുപക്ഷ എംപിമാരുടെ ശക്തമായ ഇടപെടലിന്റെ ഭാഗമായി വനാവകാശ നിയമം പാസാക്കി. ഭൂരിപക്ഷം സംസ്ഥാനങ്ങളിലും നിയമം നടപ്പാക്കിയിട്ടില്ല. ഇക്കാലയളവിൽ  ഇടതുപക്ഷത്തിന് ഭരണമുണ്ടായിരുന്ന മൂന്ന് സംസ്ഥാനത്തുമാത്രമാണ് നിയമം ഒരു പരിധിവരെ നടപ്പാക്കിയത്–- കേരളം, ബംഗാൾ, ത്രിപുര. ആദിവാസികൾക്ക്‌ ഭരണഘടന വിഭാവനം ചെയ്യുന്ന മൗലികാവകാശവും പൗരാവകാശവും നിഷേധിക്കപ്പെടുകയാണ്. ഇത് നേടിയെടുക്കുന്നതിനുവേണ്ടിയുള്ള ജീവന്മരണപോരാട്ടത്തിന് ആദിവാസികൾ തയ്യാറെടുക്കുന്ന കാലഘട്ടത്തിലാണ് നാലാം അഖിലേന്ത്യ സമ്മേളനം ചേരുന്നത്. എല്ലാ മേഖലയിലും ആദിവാസികളുടെ ന്യായമായ അവകാശങ്ങളും താൽപ്പര്യങ്ങളും സംരക്ഷിക്കുന്നതിനുള്ള പോരാട്ടത്തിന് സമ്മേളനം വഴിയൊരുക്കും.19 സംസ്ഥാനങ്ങളിൽനിന്ന് 400 പ്രതിനിധികൾ സമ്മേളനത്തിൽ  പങ്കെടുക്കുന്നു. കേരളത്തിൽനിന്ന് രണ്ട് കേന്ദ്ര കമ്മിറ്റി അംഗങ്ങൾ ഉൾപ്പെടെ 42 പേരുണ്ട്‌.

ആദിവാസികൾക്കും ഇതര ജനവിഭാഗങ്ങൾ ജീവിക്കുന്നതുപോലെ ആത്മാഭിമാനത്തോടെ ജീവിക്കാനുള്ള വഴിയൊരുക്കണം.  ബിജെപി സർക്കാർ അധികാരത്തിൽ വന്നശേഷം രാജ്യത്ത് ദളിതർക്കും ആദിവാസികൾക്കുമെതിരെ നിഷ്ഠുരമായ പീഡനവും അടിച്ചമർത്തലും അനുദിനം വർധിക്കുകയാണ്.  ഈ ജനവിഭാഗം കടുത്ത അതൃപ്തിയിലും നിരാശയിലുമാണ്.  ഭരണഘടനാപരമായി നിലനിർത്തിയിട്ടുള്ള അവകാശങ്ങളും അധികാരങ്ങളും നേടിയെടുക്കാൻ അതിശക്തമായ പ്രക്ഷോഭങ്ങളും സന്ധിയില്ലാത്ത സമരപരിപാടികളും ആരംഭിക്കാൻ ഈ ജനവിഭാഗം മുന്നോട്ടുവരേണ്ട കാലഘട്ടമാണ്.

(ആദിവാസി ക്ഷേമസമിതി സംസ്ഥാന സെക്രട്ടറി
യാണ്‌ ലേഖകൻ)


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
----
പ്രധാന വാർത്തകൾ
-----
-----
 Top