01 December Tuesday

ഇന്ത്യയെ പകുത്ത് രണ്ട്‌ കുത്തക - ജോർജ്‌ ജോസഫ്‌ എഴുതുന്നു

ജോർജ്‌ ജോസഫ്‌Updated: Monday Sep 14, 2020


മുതലാളിത്ത സമ്പദ്‌വ്യവസ്ഥയുടെ ഏറ്റവും ‘സൗന്ദര്യാത്മക’മായ ഘടകം മത്സരമാണ്. ഈ വസ്തുത മുതലാളിത്തത്തിന്റെ കടുത്ത വിമർശകർപോലും അംഗീകരിക്കുന്നതാണ്. സാമ്പത്തികശേഷിയുള്ളവർക്ക് മത്സരിക്കാമെന്നത് ഉൽപ്പന്നങ്ങളുടെയും സേവനങ്ങളുടെയും മികച്ച  ഗുണമേന്മയ്ക്കും താരതമ്യേന കുറഞ്ഞ വിലനിലവാരത്തിനും കാരണമാകുന്നു. ഉപഭോക്‌താക്കൾക്ക് യഥേഷ്ടം തെരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം ഇവിടെ കൽപ്പിച്ചുകൊടുക്കുന്നു. അതുകൊണ്ട് ഈ വ്യവസ്ഥിതിയിൽ ഉപഭോക്താവ് രാജാവാണ് എന്ന് സിദ്ധാന്തിക്കപ്പെടുന്നു.

എന്നാൽ, ഇതിന്‌ നേർവിപരീതമായ ഒരു അവസ്ഥയെക്കുറിച്ചും മുതലാളിത്തം സിദ്ധാന്തിക്കുന്നുണ്ട്.  പറയുന്നത് കുത്തകവൽക്കരണത്തെ കുറിച്ചാണ്. ഇവിടെ മത്സരമില്ല. മറിച്ച് ഒരു കുത്തക ഒറ്റയ്‌ക്കോ  അല്ലെങ്കിൽ ഏതാനും സാമ്പത്തിക ഗ്രൂപ്പുകൾ ഒന്നിച്ചുനിന്നോ  സാമ്പത്തികമേഖലയെ അഥവാ  മേഖലകളുടെ നിയന്ത്രണം കൈയടക്കുന്നു. ഇവിടെ ഉപഭോക്താവ് അടിമകളാക്കപ്പെടുന്നു. മുതലാളി അല്ലെങ്കിൽ ഏതാനും മുതലാളിമാർ പറയുന്നത് വിപണിയിൽ വേദവാക്യമാകുന്നു. അത്യന്തം അപകടകരമായ ഒരുസാമ്പത്തിക സാഹചര്യമാണ് ഇതുവഴി സൃഷ്ടിക്കപ്പെടുന്നത്.

ഇത്തരത്തിലുള്ള ഏതാനും കുത്തകകൾ ഭരണകൂടവുമായി ചേർന്ന് അവിശുദ്ധമായ കൂട്ടുകെട്ട് സൃഷ്ടിക്കുകകൂടി ചെയ്യുന്നതോടെ ഏകാധിപത്യ–- സമഗ്രാധിപത്യ പ്രവണതകൾ തലപൊക്കുന്നു. ഇത്  വിഘടനവാദത്തിലേക്കും ശിഥിലീകരണത്തിലേക്കും പിന്നീട് രാജ്യത്തിന്റെ സർവനാശത്തിലേക്കും  നയിക്കപ്പെടുന്നു. തങ്ങളുടെമാത്രം നിലനിൽപ്പിനും വളർച്ചയ്‌ക്കുംവേണ്ടി ഈ അച്ചുതണ്ട് ശക്തികൾ  വർഗീയത, കപട ദേശീയത തുടങ്ങിയ ഇരുതല മൂർച്ചയുള്ള വാളുകൾകൂടി പ്രയോഗിക്കുന്നതിലൂടെ കാര്യങ്ങൾ  വലിയ അപകടത്തിലേക്ക്  നീങ്ങുന്നു. സൈദ്ധാന്തികമായ  ഇത്തരം കാര്യങ്ങൾ ആമുഖമായി സൂചിപ്പിക്കുന്നത് ഇന്ത്യ ഇത്തരത്തിലുള്ള അപകടകരമായ ഒരു ദശാസന്ധിയിലേക്ക് നീങ്ങുന്നതു കൊണ്ടാണ്‌. 2014 മുതൽ ഭരണം ഇത്തരത്തിലുള്ള ഒരു ഘട്ടത്തിലേക്ക് ഇന്ത്യയെ നയിച്ചിരിക്കുകയാണെന്ന് കാണാം.


 

സ്വകാര്യ മുതൽമുടക്കിലെ താൽപര്യങ്ങൾ
തിരുവനന്തപുരം വിമാനത്താവളം അദാനി ഗ്രൂപ്പിന് കൈമാറാനുള്ള തീരുമാനത്തിൽനിന്ന് തുടങ്ങാം. ഒരു വിമാനത്താവളത്തിന്റെ വികസനത്തിൽ സ്വകാര്യ മുതൽമുടക്ക് ഉണ്ടാകുന്നത് നല്ല കാര്യമല്ലേ എന്നാണ് ചില ‘ശുദ്ധാത്മാക്ക’ൾ ചോദിക്കുന്നത്. 2017 നവംബർ എട്ടിന് രാത്രിയിൽ നോട്ടുനിരോധനം കൊണ്ടുവന്നപ്പോൾ അതിനെ ഏറ്റവും നല്ല കാര്യമായി പ്രകീർത്തിച്ച് എല്ലാ പിന്തുണയും നൽകിയതും ഇതേ ശുദ്ധാത്മാക്കൾ തന്നെയാണ്. സ്വകാര്യവൽക്കരിച്ചപ്പോൾ ആറുവിമാനത്താവളവും കിട്ടിയത് അദാനി ഗ്രൂപ്പിന് തന്നെയാണ്. ഇവിടെയാണ് സ്വകാര്യവൽക്കരണ - ഉദാരവൽക്കരണ നയങ്ങളുടെ ‘സൗന്ദര്യാത്മകത’ നിഷേധിച്ചുകൊണ്ട് അത് കുത്തകവൽക്കരണത്തിലേക്ക് നയിക്കപ്പെടുന്നത്. അദാനി ഗ്രൂപ്പ് 15000 കോടിക്ക്‌ മുംബൈ ഇന്റർനാഷണൽ എയർപോർട്ട്, അത് നിർമിച്ച്,  പ്രവർത്തിപ്പിച്ചുവരുന്ന ജിവികെ ഗ്രൂപ്പിൽനിന്ന് വാങ്ങുകയും ചെയ്യുന്നു. മുംബൈ എയർപോർട്ട് പ്രവർത്തിപ്പിക്കുന്ന മിയാൽ എന്ന കമ്പനി തന്നെയാണ് നവി മുംബൈയിൽ ഇന്ത്യയിലെ ഏറ്റവും ആധുനികമായ വിമാനത്താവളം പണിയുന്നത്. ഈ കച്ചവടം വഴി നവി മുംബൈ എയർപോർട്ടും അദാനിക്ക് സ്വന്തമാകുകയാണ്. ഇപ്പോൾ മൂന്ന് എയർപോർട്ട്‌ കൂടി സ്വകാര്യവൽക്കരിക്കുകയാണ്. അതുകൂടി ലഭിച്ചാൽ ഇന്ത്യയിലെ 11 വിമാനത്താവളം അദാനിക്ക് സ്വന്തം.

ലേലത്തിന് വച്ച ആ വിമാനത്താവളവും അദാനിക്കുതന്നെ കിട്ടി എന്നതിലെ ദുരൂഹത തൽക്കാലം മാറ്റിവച്ചുകൊണ്ട് ചോദിക്കട്ടെ സ്വകാര്യ മൂലധനവ്യവസ്ഥയുടെ മുഖമുദ്രയായ  മത്സരത്തെ നിഷേധിക്കുന്ന ഇത് കുത്തകവൽക്കരണം അല്ലാതെ മറ്റെന്താണ് ?  വിമാനത്താവളങ്ങൾ സ്വകാര്യമേഖലയ്‌ക്ക് കൈമാറണമെന്ന നിർദേശം മുന്നോട്ടുവച്ചത് നിതി ആയോഗാണ്. അവർതന്നെ വ്യക്തമാക്കിയ ഒരു  നിർദേശം ഒരു കാരണവശാലും രണ്ടിൽ കൂടുതൽ വിമാനത്താവളങ്ങൾ ഒരു ഗ്രൂപ്പിന് ലഭ്യമാക്കരുത് എന്നാണ്. ശുദ്ധാത്മാക്കൾ മനസ്സിലാക്കാൻ ഇന്ത്യൻ സമ്പദ്‌വ്യവസ്ഥ ഏതാനും (പ്രധാനമായും രണ്ടു ഗ്രൂപ്പുകളുടെ) കുത്തകകളുടെ കൈകളിലേക്ക് നീങ്ങുന്നതിന്റെ നേർചിത്രംകൂടി സമർപ്പിക്കുകയാണ്. 1988 ലാണ് ഗൗതം അദാനി, അഹമ്മദാബാദ് ആസ്ഥാനമായി  അദാനി എന്റർപ്രൈസസ് ലിമിറ്റഡ് എന്ന തന്റെ ഫ്ലാഗ്ഷിപ് കമ്പനി ആരംഭിക്കുന്നത്. കമ്മോഡിറ്റി ട്രേഡിങ് ആയിരുന്നു പ്രധാന ബിസിനസ്. അഞ്ചുലക്ഷം രൂപയായിരുന്നു മൂലധനം.


 

പൊടുന്നനെതന്നെ വൻകുതിപ്പ് നടത്തിയ ഗ്രൂപ്പ് 1995ൽ ഇന്ത്യയിലെതന്നെ ആദ്യത്തെ സ്വകാര്യതുറമുഖമായ ഗുജറാത്തിലെ മുന്ദ്ര തുറമുഖത്തിന്റെ നിർമാണത്തിലേക്ക് കടന്നു. 2001ൽ നരേന്ദ്ര മോഡി ഗുജറാത്ത് മുഖ്യമന്ത്രിയായതോടെ മിന്നൽ വേഗത്തിലുള്ള കുതിപ്പാണ് അദാനിയുടെ ബിസിനസ് രംഗത്ത് കണ്ടത്. ലോകത്തുതന്നെ അപൂർവമായ ബിസിനസ് സാമ്രാജ്യ വളർച്ചയാണ് 2001 നുശേഷം ഗൗതം അദാനിക്ക് കൈവരിക്കാൻ കഴിഞ്ഞത്. എന്നാൽ, 2014ൽ മോഡി ഡൽഹിയിലേക്ക് എത്തിയതോടെ അദാനിയുടെ ബിസിനസ് സാമ്രാജ്യത്തിന്റെ വളർച്ച, അംബാനി ഒഴിച്ചുള്ള മറ്റ്‌ കോർപറേറ്റുകൾക്ക് സ്വപ്നത്തിൽമാത്രം കാണാൻ  കഴിയുന്ന ഒന്നാണ്.  74086 കോടിയുടെ ഏറ്റെടുക്കലാണ് നടത്തിയിരിക്കുന്നത്. മിക്ക കമ്പനികളും ഗുരുതരമായ പ്രതിസന്ധി നേരിടുമ്പോൾ ഇതൊന്നും ബാധിക്കാത്ത രണ്ടേ രണ്ട് കമ്പനി മാത്രമാണുള്ളത്. കഴിഞ്ഞ ആറ് വർഷത്തിനിടയിൽ ലോകത്തെ ഏറ്റവും വലിയ അടിസ്ഥാന സൗകര്യ വികസന കമ്പനികളിലൊന്നായി അദാനി മാറി. നരേന്ദ്ര മോഡി പ്രധാനമന്ത്രി കസേരയിൽ എത്തിയതിനുശേഷം  അദാനി വാങ്ങിക്കൂട്ടിയ കമ്പനികളുടെ പട്ടിക കൂടി കാണുക.

ആറ് വർഷത്തിനിടയിൽ നടത്തിയ ഏറ്റെടുക്കലുകളുടെ ലഘുചിത്രമാണ് പട്ടികയിലുള്ളത്. മുംബൈ എയർപോർട്ട്  ജിവികെ ഗ്രൂപ്പിൽനിന്ന് വാങ്ങുന്നതിന് ആദായനികുതി കേസുകളടക്കം എടുത്ത്,  റെയ്ഡുകൾ നടത്തി സമ്മർദം ചെലുത്തിയ കഥകൾ ചില ദേശീയ മാധ്യമങ്ങളിലും  വന്നു. മുന്ദ്ര തുറമുഖത്തിനടുത്ത് ഗുജറാത്ത് സർക്കാർ തുടങ്ങിയ എൽഎൻജി ടെർമിനൽ 750 കോടി രൂപയ്‌ക്ക് അദാനി വാങ്ങിയിരുന്നു. 4200 കോടി മുടക്കിയാണ് ഈ ടെർമിനൽ പണിതത് എന്നോർക്കണം.


 

പരസ്പരമത്സരം ഒഴിവാക്കലും തന്ത്രം
സ്വകാര്യതുറമുഖ മേഖല, കൽക്കരിഖനനം,  ഇറക്കുമതി, ഊർജോൽപ്പാദനം, സിറ്റി ഗ്യാസ് വിതരണം, ഭക്ഷ്യ എണ്ണ ഇറക്കുമതി, വിതരണം തുടങ്ങിയ നിരവധി മേഖലകളിൽ ഏറ്റവും വലിയ കമ്പനിയാണ് ഈ ഗ്രൂപ്പ്. ഇപ്പോൾ വിമാനത്താവളം, അർബൻ വാട്ടർ മാനേജ്‌മെന്റ്, ഊർജവിതരണം, ഡാറ്റ സെന്റർ, ഡിഫൻസ് തുടങ്ങിയ പല മേഖലകളിലും നാലഞ്ചു വർഷത്തിനിടയിൽ ചുവടുവച്ച കമ്പനി പക്ഷേ മുകേഷ് അംബാനിക്ക് സാന്നിധ്യമുള്ള മേഖലകളിൽ കാര്യമായി കൈ തൊടുന്നില്ല എന്നത് കേവല കൗതുകം മാത്രമായി ഒതുങ്ങുന്നില്ല. ആറ് ലിസ്റ്റഡ് കമ്പനി വഴിയാണ് അദാനി തന്റെ ബിസിനസ് സാമ്രാജ്യം വിപുലപ്പെടുത്തുന്നത്.  ഓഹരികളുടെ വിപണിമൂല്യം വൻതോതിൽ കുതിച്ചുയർന്ന കമ്പനികളാണ് ഇവയെല്ലാംതന്നെ. ഇവയ്‌ക്കെല്ലാം സബ്സിഡിയറികൾ വേറെയുമുണ്ട്. ഇന്ത്യൻ റെയിൽവേ സ്വകാര്യവൽക്കരണം ഊർജിതപ്പെടുത്തുന്നതിനാൽ അദാനി റെയിൽ ഇൻഫ്രാ പ്രൈവറ്റ് ലിമിറ്റഡ് എന്ന പേരിൽ 2005ൽ  തുടങ്ങിയ കമ്പനി വളരെ സജീവമാക്കി. ശാന്തിലാൽ അദാനി ഫാമിലി ട്രസ്റ്റ് എന്ന സ്ഥാപനത്തിനാണ് ഈ കമ്പനികളുടെയല്ലാം നിയന്ത്രണം.

മറ്റൊരു ഗുജറാത്തിയായ മുകേഷ് അംബാനി എണ്ണ ശുദ്ധീകരണം, വിതരണം, പ്രകൃതിവാതക പര്യവേക്ഷണം, ടെലി കമ്യൂണിക്കേഷൻ, ചെറുകിട, ഓൺലൈൻ വ്യാപാരം, പ്രതിരോധം, മീഡിയ എന്റർടൈൻമെന്റ്, ഫിനാൻസ്, ഇൻഷുറൻസ്, ലോജിസ്റ്റിക് തുടങ്ങിയ നിരവധി മേഖലകളിൽ വൻ കുത്തകയായി മാറുമ്പോൾ അദാനിയുമായി മത്സരിക്കുന്നില്ല എന്ന ഘടകം വളരെ ശ്രദ്ധേയമാണ്. ബിസിനസ് ബാഹ്യമായ ഏതോ കേന്ദ്രങ്ങൾ ഇവരുടെ പരസ്പരമുള്ള മത്സരം ഒഴിവാക്കുന്നുണ്ടോ എന്ന് സംശയിക്കാം. ഈ രണ്ടുകമ്പനിയുടെയും കുത്തകവൽക്കരണം തകൃതിയാണ് . കോർപറേറ്റ് റീട്ടെയിൽ രംഗത്തെ കിഷോർ ബിയാനി തന്റെ ഫ്യൂച്ചർ ഗ്രൂപ്പ് അംബാനിക്ക് വിറ്റ് കളമൊഴിയുകയാണ്. 24,500 കോടി രൂപയ്‌ക്കായിരുന്നു വിൽപ്പന.

ഇതെല്ലാം സ്വകാര്യവൽകൃത, മുതലാളിത്ത സമ്പദ്ഘടനയുടെ ലക്ഷണങ്ങൾ പ്രകടമാക്കുന്നില്ല, മറിച്ച് ഇത് കുത്തകവൽകൃത സമ്പദ്‌വ്യവസ്ഥയുടെ പ്രകടിത രൂപമാണ്. രാഷ്ട്രീയനേതൃത്വവും ബിസിനസ് കുത്തകകളും പരസ്പര സഹകരണ സംഘമായി മാറുമ്പോൾ അത് മുതലാളിത്തത്തിന്റെ ഏറ്റവും അപകടകരമായ രൂപമായി പരിണമിക്കുന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..


----
പ്രധാന വാർത്തകൾ
-----
-----
 Top