19 May Thursday

സിനിമയിലെ മുത്തച്ഛൻ മറഞ്ഞിട്ട്‌ ഒരാണ്ട്‌

പയ്യന്നൂർ കുഞ്ഞിരാമൻUpdated: Thursday Jan 20, 2022

വൃക്ഷങ്ങളും വള്ളിപ്പടർപ്പുകളും ഇടതൂർന്ന വഴികൾ കടന്നെത്തണം പയ്യന്നൂർ കോറോം പുല്ലേരി വാധ്യാരില്ലത്തെത്താൻ. സമ്പന്നതയുടെയും ആഢ്യത്വത്തിന്റെയും അന്തരീക്ഷത്തിൽ വ്യാപരിച്ച പഴയ ഇല്ലം, ചൂഷണമുക്തമായ സാമൂഹ്യവ്യവസ്ഥയ്ക്കുവേണ്ടി പോരാടിയവർക്ക് അഭയകേന്ദ്രമായി തീർന്നതാണ് ചരിത്രം. ആ ഇല്ലപ്പറമ്പിൽനിന്ന്‌ ചലച്ചിത്ര കലയുടെ ഉയരങ്ങളിലെത്തിയ കലാകാരന്റെ ജീവിതമാണ് ഉണ്ണികൃഷ്ണൻ നമ്പൂതിരി. അദ്ദേഹം വിടപറഞ്ഞിട്ട്‌ ഒരുവർഷം.

നാലുകെട്ടിന്റെ അകത്തളങ്ങളിൽ ശ്രീരുദ്രവും പുരുഷസൂക്തവും ഉരുവിട്ടുകൊണ്ടിരിക്കെ അപ്രതീക്ഷിതമായിട്ടാണ് അഭ്രപാളിയിൽ അടയാളപ്പെടുത്താനുള്ള അവസരം അദ്ദേഹത്തിന് കൈവന്നത്. ദേശീയപ്രസ്ഥാനവും സ്വാതന്ത്ര്യസമരവും ആവേശം പകർന്ന ഇല്ലപ്പറമ്പിൽ പുരോഗമന ചിന്തകളും കർഷകസംഘത്തിന്റെ ആശയങ്ങളും ചർച്ചയായതും തഴച്ചു വളർന്നതും സ്വാഭാവികമായിരുന്നു. അമ്മ ദേവകി അന്തർജനത്തിന്റെ മാതൃഭാവം ഇല്ലത്തിനുള്ളിൽ ഒതുങ്ങുന്നതായിരുന്നില്ല. പരമ്പരാഗത ചിന്താഗതികൾ മറികടന്ന് ആ അമ്മ നാടിന്റെ യോഗക്ഷേമത്തിൽ നവീന വഴികൾ തുറന്നെത്തുന്നവരെ വരവേറ്റു. കോറോം കൃഷിക്കാരുടെ നാടാണ്. പട്ടിണിക്കാർക്കുവേണ്ടി ഇത്തിരി നെല്ല് നൽകാൻ പത്തായം കുത്തിത്തുറന്ന നാട്. ജന്മിത്വത്തിനും സാമ്ര്യാജ്യത്വത്തിനുമെതിരെ ഈ ഗ്രാമത്തിലുള്ളവർ കാൽനട പോയപ്പോഴാണ് വടക്കേ മലബാറിന്റെ ചരിത്രത്തിൽ പുതിയ അധ്യായം എഴുതിച്ചേർക്കപ്പെട്ടത്. ചുവപ്പുരാശി പടർന്ന ആ അധ്യായത്തിൽ നെല്ല് എന്നത് സ്വാതന്ത്ര്യത്തിന്റെ പ്രതീകമായി വളർന്നു നിന്നു.

പുല്ലേരി വാധ്യാരില്ലത്തെ വാസുദേവൻ നമ്പൂതിരിയുടെയും കേശവൻ നമ്പൂതിരിയുടെയും സഹോദരൻ ഉണ്ണികൃഷ്ണൻ നമ്പൂതിരി സിനിമയിലെത്തിയത് അപ്രതീക്ഷിതമായിട്ടാണ്. ജയരാജ്‌ സംവിധാനംചെയ്ത ദേശാടനം സിനിമയിൽ മുത്തച്ഛനായി 73–-ാം വയസ്സിൽ വേഷമിട്ടപ്പോൾ അഭിനയത്തിന് പ്രായം തടസ്സമല്ലെന്ന് തെളിഞ്ഞു. ദേശാടനത്തിലെ മുത്തച്ഛൻ മലയാളികളുടെയും മുത്തച്ഛനായി. പാച്ചു എന്ന കൊച്ചുമകനെ സന്യാസത്തിന് പറഞ്ഞുവിടേണ്ടി വന്നതിൽ അത്യധികം സങ്കടപ്പെടുന്ന മുത്തച്ഛന്റെ ഭാവം അനായാസം അവതരിപ്പിക്കാൻ അദ്ദേഹത്തിന് കഴിഞ്ഞു. എടപ്പാളിലെ നാറാത്ത് മനയിൽ ഒരു മാസം താമസിച്ചാണ് ദേശാടനം സിനിമയിലെ വൈകാരികത കലർന്ന രംഗങ്ങൾ അവതരിപ്പിച്ചതെന്ന് അദ്ദേഹം സൂചിപ്പിക്കുകയുണ്ടായി. തുടർന്നങ്ങോട്ട് ഉണ്ണി നമ്പൂതിരിക്ക് വിശ്രമമില്ലായിരുന്നു. ആകാരഭംഗിപോലെയായിരുന്നു അഭിനയതികവും.

ദേശാടനത്തിലെ അഭിനയം കണ്ട് ആദ്യം വിളിച്ചത് കമൽഹാസൻ. അദ്ദേഹത്തോടൊപ്പം പമ്മൽ കെ സംബന്ധം എന്ന സിനിമയിൽ അഭിനയിച്ചു. സൂപ്പർ സ്റ്റാർ രജനികാന്തിനൊപ്പം ചന്ദ്രമുഖിയിലും വേഷമിട്ടു. കളിയാട്ടം, രാപ്പകൽ, കല്ല്യാണരാമൻ, ഫോട്ടോഗ്രാഫർ, പോക്കിരി രാജ, കൈക്കുടന്ന നിലാവ്, സദാനന്ദന്റെ സമയം, മായാമോഹിനി, മധുരനൊമ്പരക്കാറ്റ്, അങ്ങനെയൊരു അവധിക്കാലത്ത് എന്നീ മലയാള സിനിമകളിലും. സിപിഐ എം പുറത്തിറക്കിയ യുഗപ്പിറവി എന്ന ഡോക്യുമെന്ററിയിലും അനേകം പരസ്യ ചിത്രങ്ങളിലും അദ്ദേഹം വേഷമിട്ടു. എവിടെച്ചെന്നാലും ആദ്യം സംസാരിക്കുക എ കെ ജിയെക്കുറിച്ചാണ്. ചെറുപ്പത്തിലെതന്നെ എ കെ ജിയോട്‌ ആരാധനാ മനോഭാവം അദ്ദേഹം വച്ചുപുലർത്തിയിരുന്നു. പിന്നീട് സ്വന്തം ഇല്ലത്ത് എ കെ ജി വന്നു ഒളിവിൽ താമസിച്ചപ്പോൾ ശുശ്രൂഷിക്കാനുള്ള അവസരവും ലഭിക്കുകയുണ്ടായി. കാലം കൈയൊപ്പ് ചാർത്തിയ നാടിന്റെ ആത്മബോധം തുടിച്ചുനിന്ന കലാകാരനായിരുന്നു ഉണ്ണികൃഷ്ണൻ നമ്പൂതിരി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
----
പ്രധാന വാർത്തകൾ
-----
-----
 Top