20 April Tuesday

കുത്തകകളുടെ പുരമെരിക്കുന്ന രോഷം - പ്രേംകുമാർ എഴുതുന്നു

പ്രേംകുമാർUpdated: Monday Mar 1, 2021

ചരിത്രത്താളുകളിൽ ഇതിഹാസമായി കർഷകസമരം ഇതിനോടകം ഇടംപിടിച്ചു കഴിഞ്ഞു. പാർലമെന്റിൽ പാസാക്കിയ പുതിയ കാർഷികനിയമങ്ങൾ നടപ്പാക്കുന്നത് താൽക്കാലികമായി സുപ്രീംകോടതി തടഞ്ഞു. വിഷയത്തെക്കുറിച്ച് വിശദമായി പഠിക്കാൻ വിദഗ്ധസമിതിയെയും നിയോഗിച്ചു. പക്ഷേ, കാർഷികമേഖലയെ തച്ചുതകർക്കുന്ന ബില്ലുകളിൽ ശാശ്വത പരിഹാരമുണ്ടാകുംവരെ പ്രതിഷേധവും പ്രക്ഷോഭവും പൂർവാധികം ശക്തമായിത്തുടരാൻ തന്നെയാണ് കർഷകരുടെ തീരുമാനം. "അവഗണിച്ചാൽ അവർ കുഴഞ്ഞുപൊയ്ക്കൊള്ളും' എന്ന മനോഭാവത്തിലാണ് ഭരണാധികാരികൾ. എന്നാൽ, ആവശ്യം അംഗീകരിക്കുംവരെ ജീവൻ ത്യജിച്ചും സമരംചെയ്യാൻ കർഷകർ പോർമുഖത്തുണ്ട്. രാജ്യതലസ്ഥാനത്ത് അതിശൈത്യത്തെയും സർവപ്രതികൂലങ്ങളെയും പ്രതിരോധങ്ങളെയും അവഗണിച്ചുകൊണ്ട് കർഷകർ മുഴക്കുന്ന പ്രതിഷേധത്തിന്റെ ഇരമ്പൽ വീര്യത്തോടെ മുന്നേറുകയാണ്.

പുതിയ ബില്ലിനെപ്പറ്റിയും കർഷക സമരത്തെപ്പറ്റിയും പരസ്പരവിരുദ്ധമായ കാര്യങ്ങളാണ് പ്രചരിച്ചുകൊണ്ടിരിക്കുന്നത്. സാമാന്യജനങ്ങൾ സത്യവും മിഥ്യയും തിരിച്ചറിയാൻ കഴിയാത്ത അവസ്ഥയിലുമാണ്. സത്യസന്ധമായ വിവരങ്ങൾ കൃത്യതയോടെ ജനങ്ങളിലെത്തിക്കേണ്ടവർ അക്കാര്യത്തിൽ കാട്ടുന്ന വിമുഖത കൂടുതൽ ചിന്താക്കുഴപ്പത്തിലേക്കു നയിക്കുന്നു. സർവമേഖലയിലും രൂക്ഷമായ പ്രതിസന്ധി സൃഷ്ടിക്കുന്ന പുതിയ കാർഷിക നിയമത്തെക്കുറിച്ച് ഗവൺമെന്റ് പറയുന്നത്, കർഷകന് അവന്റെ ഉൽപ്പന്നം ഏതു സംസ്ഥാനത്തും കൊണ്ടുചെന്ന് വിൽക്കാനുള്ള സ്വാതന്ത്ര്യം ഈ നിയമം ഉറപ്പുനൽകുന്നു എന്നാണ്. കടത്തിൽ ജനിക്കുകയും കടത്തിൽ ജീവിക്കുകയും കടംകയറി മരിക്കേണ്ടിവരുകയും ചെയ്യുന്ന സാധാരണ ഗ്രാമീണകർഷകനോട് അങ്ങ് ഡൽഹിയിലെ കമ്പോളത്തിലേക്ക്‌ നിങ്ങളുടെ വിളവുകളുമായി പോരൂ എന്നുപറയുന്ന ക്രൂരമായ ഫലിതമായിട്ടേ അതിനെ കാണാനാകൂ. അങ്ങകലെ ഉത്തരേന്ത്യയിൽ ഉയരുന്ന കർഷകരോദനങ്ങളായിമാത്രം വളരെ ലാഘവത്തോടെയാണ് നാം ഇപ്പോഴുമിത് വീക്ഷിക്കുന്നത്. ആളിപ്പടരുന്ന കർഷകരുടെ പ്രതിഷേധാഗ്നിയെ കണ്ടില്ലെന്ന് നടിക്കാം. കണ്ണടച്ചിരുട്ടാക്കാം. പതിവ് ആഘോഷങ്ങളിൽ മുഴുകാം. പക്ഷേ, ഏറ്റവും വലിയ ഉപഭോക്തൃസംസ്ഥാനമാണ് നമ്മുടെ കേരളം. അതുകൊണ്ടുതന്നെ കാർഷികപ്രതിസന്ധിയുടെ പ്രത്യാഘാതങ്ങൾ ഏറെ അനുഭവിക്കേണ്ടി വരുന്നത് നമ്മളാണെന്ന സത്യം മറന്നുപോകരുത്.


 

ഇന്ത്യയിലെ ഏറ്റവും പ്രധാന മേഖലയാണ് കാർഷികമേഖല. അവിടെ വരുത്തുന്ന പരിഷ്കാരങ്ങളും നിയമനിർമാണങ്ങളുമെല്ലാം കോടിക്കണക്കായ കർഷകരെയാണ് നേരിട്ടു ബാധിക്കുന്നത്. കൃഷിയുടെ ജൈവികത മനസ്സിലേറ്റുന്ന പാരമ്പര്യ കർഷകനെ സംബന്ധിച്ചിടത്തോളം കൃഷി ഒരു തൊഴിൽ മാത്രമല്ല, ജീവിതശൈലിയും സംസ്കാരവും കൂടിയാണ്. പക്ഷേ, നിർഭാഗ്യവശാൽ നാഗരികതയുടെ വന്യമായ തിരയിളക്കത്തിൽ കർഷകജീവിതം അലിഞ്ഞൊടുങ്ങുന്ന കാഴ്ചയാണ് നമുക്കുചുറ്റും. എക്കാലത്തും കർഷകൻ അവഗണനകൾക്കും ചൂഷണങ്ങൾക്കും സദാ വിധേയരായിക്കൊണ്ടിരിക്കുന്നു. പലപ്പോഴും കാലംതെറ്റിയെത്തുന്ന മഴയും ഹിംസാത്മകതയോടെ പടരുന്ന വേനലും വിളനിലങ്ങളിലെ വന്യജീവി ആക്രമണവും മോഷ്ടാക്കളുടെ ഉപദ്രവവുമൊക്കെച്ചേർന്ന് കർഷകജീവിതം ദുരിതപൂർണമാകുന്നു. അഭയമില്ലാതുഴലുന്ന കർഷകജീവിതത്തിനുമേൽ കർഷകസൗഹൃദമെന്ന് പ്രത്യക്ഷത്തിൽ തോന്നിപ്പിക്കുന്ന ഭാവിയിലെ വൻ ചതിക്കുഴികളുമായി ഭരണകൂടങ്ങളുടെ ദയാരഹിത നിയമങ്ങൾകൂടി പിടിമുറുക്കുന്നതോടെ ഒരു ദുരന്തകാവ്യംപോലെ കർഷകജീവിതം പിടഞ്ഞൊടുങ്ങുന്നു.

വിത്തിനും വളത്തിനുമൊക്കെ നൽകിയിരിക്കുന്ന സബ്സിഡികൾ നിർത്തലാക്കിയതും വിലകൂട്ടിയതുമൊക്കെ നേരിട്ടുകൊണ്ട്, വായ്പയെടുത്തും കൊള്ളപ്പലിശയ്ക്ക് വഴങ്ങിയുമൊക്കെ കൃഷിയിറക്കുന്ന കർഷകൻ ആദായമൊന്നും ലഭിക്കാതെ നിരന്തരം തിരിച്ചടികൾമാത്രം അഭിമുഖീകരിക്കേണ്ടി വരുന്നതും അവരിൽ കനത്ത പ്രതിസന്ധികൾ സൃഷ്‌ടിക്കുന്നു. തങ്ങളുടെ സർവപ്രതീക്ഷകളും കൃഷിയിലർപ്പിച്ച് ജീവിതംതന്നെ സമർപ്പിച്ച് നല്ല നാളെയെ സ്വപ്നംകണ്ട് വിളവെടുപ്പിനായി കാത്തിരിക്കുമ്പോൾ അപ്രതീക്ഷിതമായുണ്ടാകുന്ന പ്രകൃതിക്ഷോഭങ്ങളിലും കീടബാധകളിലും സ്വപ്നങ്ങളെല്ലാം കരിഞ്ഞുണങ്ങുന്നു. ഉൽപ്പന്നങ്ങളുടെ വിലത്തകർച്ച, തകർന്ന വിലപോലും നൽകി വിളകൾവാങ്ങി സംഭരിക്കാതെ അധികാരികൾ കാട്ടുന്ന അനാസ്ഥ, ബാങ്കുകളുടെ ജപ്തിഭീഷണി, താങ്ങാകേണ്ട ഭരണകൂടങ്ങളുടെ നിസ്സംഗത, തണലാകേണ്ട അധികാരികളുടെയും പൊതുസമൂഹത്തിന്റെയും അവഗണന ഇങ്ങനെ എല്ലാ പ്രത്യയശാസ്ത്രവും കർഷകനെ സ്വന്തം റിപ്പബ്ലിക്കിൽനിന്ന് പുറത്താക്കുകകൂടി ചെയ്യുന്ന കൊടിയ വിഷമകാലത്ത് ആത്മഹത്യയല്ലാതെ മറ്റെന്തുവഴിയാണ് കർഷകന്‌ മുന്നിലുള്ളത്? 1995 മുതൽ 2020 വരെ ഇന്ത്യയിൽ നാലുലക്ഷത്തോളം കർഷകർ ആത്മഹത്യ ചെയ്തിട്ടുണ്ട്. കേന്ദ്രസർക്കാരിന്റെ കാർഷിക ഉപദേശകൻ പി സി ബോധ് രചിച്ച ഫാർമേഴ്സ് സൂയിസൈഡ് ഇൻ ഇന്ത്യ, എ പോളിസി മലിഗ്നൻസി എന്ന പുസ്തകത്തിലാണ് ഈ വെളിപ്പെടുത്തൽ. ""കടക്കെണിയിലായ കർഷകർ അത്മഹത്യചെയ്തു'' എന്ന ചെറു വാർത്തയിലൊതുങ്ങുന്ന നിസ്സഹായരായ ആ പാവം മനുഷ്യരുടെ ദുരവസ്ഥ നമ്മെ ഒട്ടും അസ്വസ്ഥമാക്കാതിരിക്കുമ്പോൾ ഓർക്കുക അവർ നമുക്കുവേണ്ടിക്കൂടിയാണ് ആത്മാഹൂതി ചെയ്തതെന്ന്.


 

കാലാവസ്ഥ അനുകൂലമായി, ഉൽപ്പാദനം വർധിച്ചാലും ഉൽപ്പന്നങ്ങൾ കൃത്യമായി സംഭരിച്ചുവയ്ക്കാൻ സംവിധാനമില്ലാത്തതിനാൽ ടൺകണക്കിന് ഭക്ഷ്യവസ്തുക്കളാണ് രാജ്യത്ത് എല്ലാ വർഷവും നശിച്ചുപോകുന്നത്. പട്ടിണിമരണംകൊണ്ട് വീർപ്പുമുട്ടുന്ന ഇന്ത്യയിൽ ഭക്ഷ്യവസ്തുക്കൾ നശിച്ചുപോകുന്നുവെന്നത് വലിയൊരു വിരുദ്ധോക്തിയാണ്. മോശം കാലാവസ്ഥമൂലം ഭക്ഷ്യോൽപ്പാദനം കുറയുമ്പോൾ, ആവശ്യവും ലഭ്യതയും തമ്മിലുള്ള അന്തരം വർധിക്കുമ്പോൾ, വിളകളുടെ വില കൂടുന്നത് സ്വാഭാവികം. പക്ഷേ, ഇവിടെ കാര്യങ്ങൾ തിരിച്ചാണ്. അപ്പോഴും അത് ഉൽപ്പാദിപ്പിക്കുന്ന കർഷകർക്ക് തങ്ങളുടെ ഉൽപ്പന്നങ്ങൾക്ക് ന്യായമായ വില കിട്ടുന്നില്ല. വില കൂടുതൽ ആവശ്യപ്പെട്ടാൽ അന്യരാജ്യങ്ങളിൽനിന്ന് ഉൽപ്പന്നങ്ങൾ ഇറക്കുമതി ചെയ്യും. ഇന്ത്യ ഒരു കാർഷിക രാജ്യമാണെന്ന ചിന്ത ലോകമാകെ പടരുന്നത് അപകീർത്തികരമാണെന്നാണ് ഭരണാധികാരികൾ കരുതുന്നത്.

ഇന്ത്യ ദരിദ്രരും കർഷകരുമുള്ള ഗ്രാമങ്ങളിൽ ജീവിക്കുന്നുവെന്ന് പറഞ്ഞത് രാഷ്ട്രപിതാവായ ഗാന്ധിജിയാണ്. ഇന്ത്യയുടെ പ്രഥമപ്രധാനമന്ത്രിയും രാഷ്ട്രശിൽപ്പിയുമായ ജവാഹർലാൽ നെഹ്റുവിന്റെ വിൽപ്പത്രത്തിൽ തന്റെ ചിതാഭസ്മത്തിന്റെ ഒരുഭാഗം കർഷകർ വിയർപ്പൊഴുക്കുന്ന ഇന്ത്യയിലെ വയലേലകളിൽ വിതറണമെന്നും അത് ആ മണ്ണിൽ അലിഞ്ഞു ചേരണമെന്നും ആഗ്രഹം പ്രകടിപ്പിച്ചിരുന്നതായി വായിച്ചിട്ടുണ്ട്. ഒരുകാലത്ത് ഇവിടെ ഉയർന്നുകേട്ട പ്രധാന മുദ്രാവാക്യമായിരുന്നു "ജയ് ജവാൻ ജയ് കിസാൻ' എന്നത്. ജവാനും കിസാനുമാണ് രാജ്യത്തെ സുരക്ഷിതമാക്കുന്നത്.

പ്രസ്തുത മുദ്രാവാക്യത്തിൽനിന്ന് ആറുപതിറ്റാണ്ട് കഴിഞ്ഞപ്പോൾ കർഷകൻ പുറത്തായി. ഇന്ത്യയുടെ രാഷ്ട്രീയസംവാദങ്ങളിലൊരിടത്തും കർഷകനെ അടയാളപ്പെടുത്തുന്നതേയില്ല. കർഷകനെ പരിഗണിക്കുന്നതിനേക്കാൾ കോർപറേറ്റുകളെ പുണരുന്നതാണ് ഉത്തമമെന്ന പുത്തൻ പാഠമാണ് ഭരണാധികാരികൾ പഠിപ്പിക്കുന്നത്. ഉദാരവൽക്കരണനയങ്ങൾ, കർഷക ജീവിതത്തെ പാടേ തകർക്കുകയാണ്. പ്രത്യേക സാമ്പത്തിക മേഖലകൾ, വ്യവസായ പാർക്കുകൾ എന്നിവയ്ക്കുവേണ്ടി കൃഷിഭൂമി നീക്കിവയ്ക്കുന്നതുമൂലം രാജ്യത്തെ കൃഷിസ്ഥലം ഗണ്യമായി കുറഞ്ഞുവരുന്നു. ഈ പശ്ചാത്തലങ്ങളൊക്കെ പരിഗണിച്ചുകൊണ്ടുവേണം കാർഷികരംഗത്തെ പുത്തൻ പരിഷ്കാരങ്ങളുമായി നമ്മുടെ ഭരണകൂടം പാർലമെന്റിൽ പാസാക്കിയ കാർഷികബില്ലുകളെ വിലയിരുത്തേണ്ടത്.


 

കൃഷിക്കാരുടെ പരിരക്ഷയ്ക്കെന്ന വ്യാജേന ഇന്ത്യയുടെ കാർഷിക ഉൽപ്പാദനത്തെയും വിപണനത്തെയും സംസ്ഥാനങ്ങളുടെ ഇടപെടൽ ഒഴിവാക്കി വൻകിട കുത്തകകൾക്ക് അടിയറവയ്ക്കാൻ അവസരമുണ്ടാക്കുന്നതാണ് ഈ ബില്ലുകൾ. രാജ്യമൊരു മഹാമാരിക്കുമുന്നിൽ പകച്ചുനിൽക്കുമ്പോൾ കർഷകരെ ഒട്ടും വിശ്വാസത്തിലെടുക്കാതെ തിടുക്കപ്പെട്ട്‌ ഓർഡിനൻസിലൂടെ കൊണ്ടുവന്ന കാർഷിക ബില്ലുകൾ കർഷകന്റെ നട്ടെല്ലൊടിക്കുമെന്നും ഇന്ത്യയുടെ ഫെഡറൽ സംവിധാനത്തെയാകെ തകർക്കുമെന്നും കാർഷികമേഖലയിലാകെ അനിശ്ചിതത്വവും വൻതകർച്ചയുമുണ്ടാക്കുമെന്ന് തിരിച്ചറിഞ്ഞ കർഷകരാണ് സമരമുഖത്തുള്ളത്.

വികസിതമോ വികസ്വരമോ രാജ്യമേതുമായിക്കൊള്ളട്ടെ, ഒരു രാഷ്ട്രത്തിന്റെയും അടിസ്ഥാനശില ആ രാജ്യത്തെ കർഷകരാണെന്നത് ആരും വിസ്മരിച്ചുകൂടാ. പ്രൗഢിയോടെ വിരിച്ചലങ്കരിച്ച തീൻമേശകളിലൊരുക്കി വച്ചിരിക്കുന്ന സമൃദ്ധമായ സദ്യകൾക്കു മുന്നിലിരിക്കുമ്പോൾ, കൊതിയോടെ സ്വാദിഷ്ടമായ വിഭവങ്ങൾ ആസ്വദിച്ച് ആവോളം കഴിക്കുമ്പോൾ, വിശപ്പകന്ന്, വയറുനിറഞ്ഞ് തൃപ്തരാകുമ്പോൾ ഒരു കാര്യം നാമോർക്കണം - ഈ ഭൂമിയിൽ എവിടെയൊക്കെയോ നാമറിയാത്ത നമ്മെയറിയാത്ത കുറേ പാവം മനുഷ്യർ അരവയറുമായി രാപ്പകലില്ലാതെ നമ്മെ അന്നമൂട്ടാനായി അധ്വാനിക്കുന്നുണ്ടെന്ന്. മണ്ണിന്റെ മനസ്സറിയുന്നവരാണവർ; മണ്ണിനെ പ്രാണനെപ്പോലെ പ്രണയിക്കുന്നവർ. അവർ മണ്ണൊരുക്കി, നമ്മുടെ രുചിഭേദങ്ങളുടെ വിത്തുവിതച്ച് ജീവന്റെ നാമ്പ് മുളയ്ക്കുമ്പോൾ വെള്ളവും വളവും നൽകി, ഒരു കുഞ്ഞ് വളരുന്നപോലെ തൈവളരുന്നതും നോക്കി, പൂക്കുന്നതും കായ്ക്കുന്നതും കാത്ത് കാവലിരിക്കുന്നവർ. മഞ്ഞും മഴയും തീവെയിലുമേറ്റ് കരിഞ്ഞുണങ്ങിയ രൂപങ്ങൾ. പക്ഷേ, കഠിനാധ്വാനത്തിന്റെ കരുത്തുറ്റ കാരിരുമ്പുപോലുള്ളവർ. ഒരുവേള അവർ മണ്ണിൽനിന്ന് തങ്ങളുടെ കൈകൾ പിൻവലിച്ചാൽ മനുഷ്യകുലംതന്നെ ഇല്ലാതായിപ്പോകും.

കൃഷിക്കനുകൂലമായ അവസ്ഥ സംജാതമാക്കി ഉൽപ്പന്നങ്ങൾക്ക് താങ്ങുവിലയും കർഷകന് എല്ലാ സ്വാതന്ത്ര്യവും സ്വസ്ഥതയും സംരക്ഷണവും സുരക്ഷിതത്വവും ഉറപ്പുവരുത്തുന്ന, കാർഷികമേഖലയെയും കർഷകനെയും എല്ലാ അർഥത്തിലും ശക്തിപ്പെടുത്തുന്ന സുതാര്യമായ നിയമങ്ങളും വ്യവസ്ഥകളുമാണ് രാജ്യത്ത് അനിവാര്യമായുമുണ്ടാകേണ്ടത്. കുത്തകകളെ പിന്തുണയ്ക്കുന്നവരുടെ പുരമെരിക്കാൻ പാകത്തിലുള്ള കർഷകരുടെ പ്രതിഷേധാഗ്നിയുടെ ജ്വാല കെട്ടുപോകാതെ സൂക്ഷിക്കേണ്ട ബാധ്യത നമ്മുടേതാണ്. അന്തിമവിജയം തീർച്ചയായും കർഷകന്റേതാണ്. കാരണം, ഇത് അതിജീവനത്തിനായുള്ള സമരമാണ്. ജീവിക്കാൻ നിവൃത്തിയില്ലാത്തവരുടെ തീക്ഷ്ണമായ പോരാട്ടമാണ്‌. സമരങ്ങൾ തോൽക്കാനുള്ളതല്ലെന്ന ബോധ്യം വരുംകാല ജനതയ്ക്ക് പകരേണ്ട ധാർമിക ബാധ്യത ഇന്നത്തെ തലമുറയ്ക്കുണ്ട്. അത്തരം ബോധ്യങ്ങളുടെ രൂപപ്പെടലിലേക്കാണ് കർഷകസമരങ്ങൾ പടർന്നുകയറുന്നത്.


(പ്രശസ്‌ത സിനിമാ താരമാണ്‌ ലേഖകൻ. 
ഫോൺ: 9447499449)

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top