05 April Sunday

അറിവിനെ ഭയക്കുന്നവർ

കെ എൻ ബാലഗോപാൽ Updated: Friday Jan 10, 2020

ജവാഹർലാൽ നെഹ്‌റു സർവകലാശാലയിൽ ആർഎസ്എസ് ഗുണ്ടകൾ നടത്തിയ മുഖംമൂടി ആക്രമണം ആർഎസ്എസ് എന്താണെന്ന്‌  ശരിയായി തുറന്നുകാണിക്കുന്നതാണ്. തങ്ങൾക്കെതിരെ ഉയർന്നുവരുന്ന ശബ്‌ദങ്ങളെ ഇല്ലാതാക്കുക എന്നത്,  ജനറൽ ഫ്രാങ്കോയുടെ സ്‌പെയിനിലും  മുസോളിനിയുടെ ഇറ്റലിയിലും ഹിറ്റ്‌ലറുടെ ജർമനിയിലും പ്രയോഗിച്ച ഫാസിസത്തിന്റെ തന്ത്രമാണ്. രാജ്യത്തെ ഏറ്റവും പ്രധാനപ്പെട്ട വിദ്യാഭ്യാസ സ്ഥാപനമായ ജെഎൻയുവിൽ ലോകത്തിന്റെ നാനാഭാഗങ്ങളിൽനിന്നുമുള്ള വിദ്യാർഥികൾ പഠിക്കുന്നു. അക്കാദമിക് മികവിലും സാമൂഹ്യ പ്രതിബദ്ധതയിലും രാജ്യത്തെ സർവകലാശാലകളുടെ മുൻനിരയിൽ ജെഎൻയു ഉണ്ട്. ഇന്ദിര ഗാന്ധി രാജ്യത്ത്  അടിയന്തരാവസ്ഥ പ്രഖ്യാപിച്ചപ്പോഴും,  സാർവദേശീയവും ദേശീയവുമായ പ്രശ്നങ്ങൾ ഉയർന്നുവരുമ്പോഴും ജെഎൻയു അതിശക്തമായി പ്രതിഷേധിച്ചിരുന്നു.

രണ്ടു മാസത്തിലധികമായി ജെഎൻയുവിലെ വിദ്യാർഥികൾ സമരത്തിലാണ്.  ഹോസ്റ്റൽ ഫീസും മെസ് ഫീസും പല മടങ്ങായി വർധിപ്പിച്ചതിനും ലൈബ്രറി /റഫറൻസ് സൗകര്യങ്ങൾ പരിമിതപ്പെടുത്തിയതിനും എതിരെ വിദ്യാർഥികൾ ഒറ്റക്കെട്ടായി പ്രതിഷേധിക്കുകയായിരുന്നു.  ദേശീയതലത്തിൽത്തന്നെ ഈ സമരം ചർച്ചയായിരുന്നു. ജവാഹർലാൽ നെഹ്‌റു സർവകലാശാല വിദ്യാർഥി യൂണിയന്റെ നേതൃത്വത്തിലാണ് വിവിധ സംഘടനകളുടെ പങ്കാളിത്തത്തോടെ ഈ സമരം നടന്നുകൊണ്ടിരിക്കുന്നത്. എബിവിപി ഒഴികെയുള്ള എല്ലാ വിദ്യാർഥി സംഘടനകളും  ഈ  സമരത്തിന്റെ ഭാഗമാണ്. 

സമരം പടരുന്നു
ആർഎസ്എസിന്റെ ആജ്ഞാനുവർത്തിയായ വൈസ് ചാൻസലർക്കും കേന്ദ്ര ഗവൺമെന്റിനും  എതിരെ ഉണ്ടായ സമരം ഡൽഹിയുടെ തെരുവീഥികളിലേക്കും പടരുകയുണ്ടായി. പാർലമെന്റ് സ്ട്രീറ്റിൽ നടന്ന ജെഎൻയു വിദ്യാർഥികളുടെ പ്രക്ഷോഭത്തെ അതിക്രൂരമായാണ് ഡൽഹി പൊലീസ് നേരിട്ടത്.  ജെഎൻയുവിനോട് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ടും കേന്ദ്ര ഗവൺമെന്റ്‌ നയങ്ങളോട് വിയോജിച്ചുകൊണ്ടും രാജ്യത്തെ വിവിധ സർവകലാശാലകളിൽ സമരങ്ങളും റാലികളും സംഘടിപ്പിക്കപ്പെട്ടു. ഹൈദരാബാദ്, പോണ്ടിച്ചേരി  സർവകലാശാലകൾ ഉൾപ്പെടെയുള്ള കേന്ദ്ര സർവകലാശാലകളിലെ  വിദ്യാർഥികൾ തെരുവിലിറങ്ങി. ഈ ഘട്ടത്തിൽ കേന്ദ്ര മാനവശേഷി വികസനവകുപ്പ് ജെഎൻയുവിലെ വിദ്യാർഥികളുമായി ചർച്ചയ്‌ക്ക് തയ്യാറാകുകയും ചില ആവശ്യങ്ങൾ അംഗീകരിക്കുകയുംചെയ്‌തു. വർധിപ്പിച്ച ഫീസിൽ  ഇളവുകൾ വരുത്താൻ അവർ തയ്യാറായി. അപ്പോഴും പ്രധാനപ്പെട്ട ആവശ്യങ്ങളിൽ തീരുമാനം ഉണ്ടാകാത്തതുകൊണ്ട് സമരം തുടരാൻ വിദ്യാർഥികൾ തീരുമാനിക്കുകയായിരുന്നു.


 

ഇതിനിടയിലാണ് പൗരത്വ ഭേദഗതി നിയമം പാർലമെന്റിൽ അവതരിപ്പിക്കപ്പെടുന്നത്. രാജ്യത്തിന്റെ സാമ്പത്തിക തലസ്ഥാനമായ മഹാരാഷ്ട്രയിൽ അധികാരം നഷ്ടപ്പെടുകയും ഹരിയാനയിൽ തിരിച്ചടി ഏൽക്കുകയും ചെയ്‌ത ബിജെപി ഈ ജനവികാരം മറികടക്കാനാണ്,  മതവിവേചനത്തെ പ്രത്യക്ഷത്തിൽ നിയമവൽക്കരിക്കുന്ന ഈ നിയമം ധൃതിപിടിച്ച് കൊണ്ടുവരാൻ  ശ്രമിച്ചത്.  ഇതിനെതിരെ  സർവകലാശാലകളിലും കോളേജുകളിലും പ്രതിഷേധം ആളിക്കത്തി. 

കേന്ദ്ര ഗവൺമെന്റിന്റെ കണക്കുകൂട്ടലുകൾ തെറ്റിച്ചുകൊണ്ട് വിദ്യാർഥികളും യുവജനങ്ങളും ഉൾപ്പെടെ, ജാതി മത ഭേദമെന്യേ ആളുകൾ  രംഗത്തിറങ്ങി. 
ഈ സമരത്തിന്റെയും പ്രധാന കേന്ദ്രമായി ജെഎൻയു മാറി.  ന്യൂഡൽഹിയിൽ നടന്ന പ്രതിഷേധങ്ങളുടെ ആശയപരവും സംഘടനാപരവുമായ നേതൃത്വവും ജെഎൻയു വിദ്യാർഥികൾ ഏറ്റെടുക്കുന്നത് രാജ്യം കണ്ടു. തങ്ങളുടെ രാഷ്ട്രീയത്തെയും  ഹിന്ദുത്വ അജൻഡകളെയും  ഏറ്റവും കൂടുതൽ എതിർക്കുന്ന സ്ഥാപനം ജെഎൻയു ആണെന്ന ബോധ്യം അവർക്ക് നേരത്തെതന്നെയുണ്ട്.

ബിജെപിയുടെ ശക്തികേന്ദ്രമായ ലജ്പത് നഗറിൽ ഗൃഹസന്ദർശനത്തിനായി എത്തിയ  അമിത് ഷായ്‌ക്കുനേരെ  രണ്ട് പെൺകുട്ടികൾ ഗോ ബാക്ക് വിളിക്കുന്ന നിലയിലേക്കുവരെ രാജ്യത്തെ പ്രതിഷേധം എത്തി. ഇതൊക്കെ ബിജെപിയെ വിറളിപിടിപ്പിച്ചു. ഇതിന്റെ പ്രതികാരം എന്ന നിലയിലാണ് സമരം ചെയ്യുന്ന വിദ്യാർഥികളെ തല്ലിയൊതുക്കാൻ അവർ തീരുമാനമെടുക്കുന്നത്. മുഖംമൂടി ധരിച്ച ആർഎസ്എസ് /എബിവിപി പ്രവർത്തകർ പൈശാചികമായ ആക്രമണമാണ് ജെഎൻയുവിലെ വിദ്യാർഥികൾക്കും അധ്യാപകർക്കും നേരെ നടത്തിയത്. പൊലീസിന്റെ മുന്നിലൂടെയാണ് മുഖംമൂടി ധരിച്ച ഗുണ്ടകൾ ക്യാമ്പസിലേക്കും ഹോസ്റ്റലിനുള്ളിലേക്കും കടന്നുചെന്നത്. അധ്യാപകരുടെ ഉൾപ്പെടെ തല തല്ലിപ്പൊളിച്ചു. വിദ്യാർഥി യൂണിയൻ പ്രസിഡന്റ്‌ ഐഷി ഘോഷിനെ മാരകായുധങ്ങൾ കൊണ്ടടിച്ച് പരിക്കേൽപ്പിച്ചു. പതിനാറ്‌ തുന്നിക്കെട്ടുമായി ആ പെൺകുട്ടി ഇപ്പോഴും സമര കേന്ദ്രങ്ങളിൽ സജീവമായി നിൽക്കുന്നുണ്ട്.

ഇത്തരം ആക്രമണങ്ങൾ ചരിത്രത്തിൽ ആദ്യമായല്ല സംഭവിക്കുന്നത്. മുമ്പ്‌ ഇറ്റലിയിൽ മുസോളിനി തങ്ങൾക്കെതിരെ നിൽക്കുന്ന ചിന്തകന്മാരുടെ തല അടിച്ചുതകർക്കാനായി പ്രത്യേക സംഘങ്ങളെ നിയോഗിച്ചിരുന്നു. ബ്ലാക്ക് ഷർട്ട്സ് എന്നായിരുന്നു അവരുടെ പേര്. വിയോജിപ്പിന്റെ ശബ്ദങ്ങളെ അവർ അക്രമത്തിലൂടെ നിശ്ശബ്‌ദമാക്കിയിരുന്നു. അതേ മാതൃകയിലാണ് ആർഎസ്എസ് ഇന്ത്യയിൽ തങ്ങളുടെ വിമർശകരെ നേരിടുന്നത് എന്നു കാണാൻ കഴിയും.

ജെഎൻയുവിലെ ധൈഷണിക സമൂഹത്തെ ആയുധങ്ങൾകൊണ്ട് നിശ്ശബ്‌ദരാക്കാൻ അവർ തീരുമാനിച്ചതിന്റെ അടിസ്ഥാനം അതാണ്. നിരന്തരമായി ആക്രമിക്കുകയും നിയമസംവിധാനങ്ങൾ കണ്ണടയ്‌ക്കുകയും  ചെയ്യുമ്പോൾ വിമർശിക്കുന്നവരിൽ വലിയൊരു പങ്ക് പതിയെ നിശ്ശബ്ദരാകും എന്നവർ കണക്കുകൂട്ടുന്നു.

ചോദ്യം ചോദിക്കുന്ന മനുഷ്യരെ ആക്രമിക്കുന്ന ഭരണകൂടം
വിദ്യാർഥികളെയും സർവകലാശാലകളെയും ശത്രുവായി കാണുന്ന ഭരണകൂടം എത്രമേൽ ഫാസിസ്റ്റ് സ്വഭാവമുള്ളതാണെന്ന്‌ കാണേണ്ടതാണ്. അറിവിന്റെ കേന്ദ്രങ്ങൾ എല്ലാക്കാലത്തും കപട ദേശീയതാവാദികളുടെയും ഫാസിസ്റ്റുകളുടെയും കണ്ണിലെ കരടായിരുന്നു. താലിബാനും ഐഎസും ഉൾപ്പെടെ മുന്നോട്ടുവയ്‌ക്കുന്ന രാഷ്ട്രീയവും ഇതാണ്. ആധുനിക സർവകലാശാലകളും പഠനരീതികളും തകർക്കുകയും ചരിത്ര സ്മൃതികളെ തമസ്‌കരിക്കുകയും ചെയ്‌ത താലിബാൻ,  പെൺകുട്ടികൾ പഠിക്കുന്നതിന് എതിരായിരുന്നു. പഠിക്കാനുള്ള മോഹം തുറന്നുപറഞ്ഞതിനും അതിനുവേണ്ടി എഴുതിയതിനുമാണ് മലാല എന്ന സ്‌കൂൾ വിദ്യാർഥിനിയുടെ തലയ്‌ക്കുനേരെ വെടിയുതിർക്കാൻ അവർ  തീരുമാനിച്ചത്. നമ്മുടെ അയൽരാജ്യമായ മ്യാന്മറിൽ മിലിറ്ററി ജുണ്ടയുടെ (പട്ടാള ഭരണം) കാലത്ത്  വിദ്യാർഥി സമരങ്ങൾ ഒഴിവാക്കാൻ  ദീർഘകാലം സർവകലാശാലകളും കോളേജുകളും അടച്ചിടുന്ന സ്ഥിതിവരെ ഉണ്ടായിട്ടുണ്ട്. ഇതേനിലയിലേക്ക് ഇന്ത്യയും മാറുന്നു എന്നത് അപകടകരമാണ്.  ലോകത്തിലെ എല്ലാ സങ്കുചിത ആശയങ്ങളും അറിവിനെയും അതിന്റെ കേന്ദ്രങ്ങളെയും ഭയന്നിരുന്നു എന്ന ചരിത്രപാഠം നമ്മുടെ മുന്നിലുണ്ട്.

ചോദ്യം ചോദിക്കുന്ന മനുഷ്യരെ അപായപ്പെടുത്തുകയും ആക്രമിക്കുകയും ചെയ്യുന്ന ഭരണകൂടം ജനാധിപത്യ രാഷ്ട്രത്തിന് ചേരുന്നതല്ല. ഈ ഹിംസാത്മക രാഷ്ട്രീയത്തിനെതിരെ രാജ്യത്ത് രൂപപ്പെട്ടിരിക്കുന്ന ജനകീയ പ്രതിരോധത്തെ കൂടുതൽ കരുത്തോടെ മുന്നോട്ടു കൊണ്ടുപോകേണ്ടതുണ്ട്.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top