21 March Thursday

അഭിമന്യു: ജനമനസ്സുകളിലെ നക്ഷത്രം

കെ ജെ തോമസ‌്Updated: Thursday Jul 12, 2018


കേരളംമാത്രമല്ല, ലോകം ഇന്ന‌് ചർച്ചചെയ്യുകയും ചിന്തിക്കുകയും ചെയ്യുന്നത‌് ഇടുക്കി വട്ടവടയിലെ വിപ്ലവനക്ഷത്രമായ അഭിമന്യുവിനെക്കുറിച്ചാണ‌്. അവൻ മഹാഭാരതത്തിലെ അഭിമന്യുവല്ല. എന്നാൽ, തീവ്രവാദ‐വർഗീയ ശക്തികളുടെ ചതിക്കെണിവ്യൂഹത്തിൽ ആഴ‌്ത്തപ്പെട്ട‌് ജീവൻപൊലിഞ്ഞ ഇതിഹാസസമാന ചരിത്രം കുറിക്കപ്പെട്ട വീര അഭിമന്യുവാണ‌്. 19 പിന്നിട്ട‌് ഇരുപതിലേക്ക‌് കടക്കുന്ന ആ യുവാവ‌് ആരാണെന്നറിയാൻ അവന്റെ  ഓരോ ചെറിയ ഇടപെടൽ സൂക്ഷ‌്മമായി വീക്ഷിച്ചാൽ ബോധ്യമാകും. പ്രാഥമിക വിദ്യാഭ്യാസകാലഘട്ടംമുതൽ രണ്ടാംവർഷ ബിരുദവിദ്യാർഥിയായിരുന്ന സമയംവരെ അവന്റെ  നിഷ‌്കളങ്കമായ സൗഹൃദങ്ങളും ഇടപെടലുകളും പരിചയപ്പെടലുമെല്ലാം വലിയ ഭാവിപ്രതീക്ഷാനിർഭരമായിരുന്നു. എത്ര പെട്ടെന്നാണ‌് തീവ്രവാദ നരാധമന്മാർ ആ പിഞ്ചുഹൃദയത്തെ തകർത്തുകളഞ്ഞത‌്. അവന്റെ ധീരരക്തസാക്ഷിത്വം എല്ലാവരുടെയും മനസ്സിൽ നിറഞ്ഞ‌് നീറ്റുന്ന നൊമ്പരമായി നിലകൊള്ളുന്നു.

ഇടുക്കി  ജില്ലയുടെ കിഴക്കൻമേഖലയിൽ മൂന്നുഭാഗവും തമിഴ‌്നാടിനാൽ വലയം ചെയ‌്തിരിക്കുന്ന മലഞ്ചെരുവ‌്, പച്ചക്കറികൃഷിയും യൂക്കാലിപ‌്‌റ്റ‌്സ‌് തോട്ടങ്ങളും ഇടവിട്ട‌് ഇടവിട്ടുള്ള അഞ്ചുനാടിന്റെ ഹൃദയമാണ‌് പച്ചക്കറി ഗ്രാമമെന്നറിയുന്ന കോവിലൂർ വട്ടവട. തമിഴ‌് ദ്രാവിഡ പാരമ്പര്യത്തനിമയിൽ നൂറ്റാണ്ടുകളായി ജീവിച്ച‌ുപോരുന്ന ഇളംതലമുറക്കാരനായ അഭിമന്യു ഈ ചെറുപ്രായത്തിൽത്തന്നെ വട്ടവടയുടെ  ഹൃദയത്തിൽ ഇടംനേടി. മൂന്നാറിൽനിന്ന‌് 50 കിലോമീറ്റർ യാത്രചെയ‌്താൽ വട്ടവടയിലെത്താം. പഞ്ചായത്ത‌് ഓഫീസും കഴിഞ്ഞ‌് ഒരു കിലോമീറ്ററിലധികം പിന്നിടുമ്പോൾ കൊട്ടകാമ്പൂർ ഗ്രാമത്തിലെത്താം. നിരവധി കുടുംബങ്ങൾ തിങ്ങിപ്പാർക്കുന്ന ചെറിയ ഗ്രാമം. ചെറുവീടുകൾക്കിടയിലൂടെ ഓരംചേർന്ന‌് പോകുമ്പോൾ കഷ്ടിച്ച‌് 150 സ‌്ക്വയർ ഫീറ്റുള്ള ഒരു ഒറ്റമുറി. ആ ഒറ്റമുറി വീട്ടിലിരുന്നാണ‌് അവൻ വലിയ മോഹങ്ങളും പ്രതീക്ഷകളും നെയ‌്തുകൂട്ടിയത‌്. നന്നായി പഠിച്ചാൽമാത്രമേ തനിക്കും തന്റെ സമൂഹത്തിനും എന്തെങ്കിലും പ്രയോജനകരമാവുകയുള്ളൂവെന്ന‌് ചെറുപ്പത്തിലെ ബോധ്യപ്പെട്ടിരുന്നു. ആ  കാർഷികഗ്രാമത്തിൽനിന്ന‌് കുറെ പുതുതലമുറയെയെങ്കിലും  പുറംലോകത്ത‌് എത്തിക്കണമെന്ന‌് അവൻ ആഗ്രഹിച്ചു. പുരോഗമന പ്രസ്ഥാനം അവന്റെ ആഗ്രഹങ്ങൾക്ക‌് പിന്തുണ നൽകി.

സാമ്പത്തികശേഷിയില്ലെങ്കിലും മകന്റെ തുടർപഠനമെന്ന സ്വപ‌്നത്തിന‌് മാതാപിതാക്കൾ പശ്ചാത്തലമൊരുക്കി. പ്രായത്തിൽക്കവിഞ്ഞ പക്വതയും ഉത്തരവാദിത്തബോധവും അവനിൽ പ്രകടമായിരുന്നുവെന്ന‌് ഓരോ ചുവടുവയ‌്പും  തെളിയിക്കപ്പെട്ടു. നല്ലവനായി, സാമൂഹ്യബോധമുള്ളവനായി ജീവിക്കൻ പണം സ്വരുക്കൂട്ടുകയല്ല, മറിച്ച‌് പുരോഗമന ആശയങ്ങൾ തരുന്ന പ്രത്യയശാസ‌്ത്രത്തിൽ വിശ്വസിച്ച‌് അതിന്റെ പതാകാവാഹകനാവുകയെന്ന‌  തീരുമാനം എടുത്തതും കാലഘട്ടത്തിന്റെ അനിവാര്യതകൊണ്ടാകാം.  ഗ്രാമത്തിൽനിന്ന‌് മെട്രോനഗരത്തിലെ പ്രധാന കലാലയമായമഹാരാജാസിലെത്തി ശാസ‌്ത്രവിഷയം എടുത്തപ്പോൾ പ്രതീക്ഷകളുടെ മൊട്ട‌് വിരിയാൻ തുടങ്ങിയിരിക്കാം. കടകളിൽ കൂലിവേല ചെയ‌്ത‌് പണം കണ്ടെത്തി പഠനം നടത്തുകയെന്ന വെല്ലുവിളി സ്വയം ഏറ്റെടുക്കുകയായിരുന്നു. സാമ്പത്തികസുരക്ഷ ഒരുക്കാൻ  ആരുമില്ലാത്ത ഘട്ടത്തിൽ അവന‌് അതിനേ കഴിയുമായിരുന്നുള്ളൂ. വിശ്വസിച്ചിരുന്ന വിദ്യാർഥിപ്രസ്ഥാനത്തെ ക്യാമ്പസിൽ കരുത്താർജിപ്പിച്ച‌്, കാലഘട്ടത്തിന്റെ കടമ നിറവേറ്റുകയായിരുന്നു അഭിമന്യുവിന്റെ ലക്ഷ്യം. എന്നാൽ, ആ ജീവിതാഭിലാഷം  കെടുത്താൻ തീവ്രവാദ കാട്ടാളന്മാർ തക്കംപാർത്തിരുന്നു എന്നത‌് അവൻ അറിഞ്ഞിരുന്നില്ല.  അഭിമന്യുവെന്ന യുവ പോരാളിയുടെ ശേഷിയും വലുപ്പവും അവർ തിരിച്ചറിഞ്ഞിരുന്നു. അതുകൊണ്ട‌ുതന്നെ ആസൂത്രിതമായി അരുംകൊലയുടെ വഴിയേ അവർ നടന്നു. വട്ടവടയെന്ന  ഗ്രാമത്തിൽ കർഷകത്തൊഴിലാളിയുടെ മകനായി ജനിച്ച‌് അറിവുനേടണമെന്ന അതിയായ മോഹം സാക്ഷാൽക്കരിക്കാനായി നഗരത്തിലേക്ക‌് യാത്രതിരിച്ച ആ മകനെ വെട്ടിവീഴ‌്ത്തിയ ദുഷ്ടശക്തികൾക്ക‌് കാലമോ ലോകമോ മാപ്പ‌് നൽകില്ല. അഭിമന്യുവിന്റെ അച്ഛൻ പറഞ്ഞുവല്ലോ, അവനൊരു കമ്യൂണിസ്റ്റുകാരനായതുകൊണ്ടാണ‌് കൊല്ലപ്പെട്ടതെന്ന‌്. മതനിരപേക്ഷതയുടെയും വർഗീയ തീവ്രവാദ വിരുദ്ധ നിലപാടുകളുടെയും അടയാളംകൂടിയാണ‌് അഭിമന്യു.

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top