25 April Thursday

അഭിമന്യു അമർ രഹേ

ഡോ. കെ ടി ജലീൽUpdated: Saturday Jul 7, 2018


ശാസ്ത്രജ്ഞനാകാൻ ആഗ്രഹിച്ച് രസതന്ത്രത്തിന് പഠിക്കാനാണ് വട്ടവടയിൽനിന്ന് ഓമനത്വം തുളുമ്പുന്ന മുഖവും സ്നേഹം നിറഞ്ഞൊഴുകുന്ന മനസ്സും വിശന്നൊട്ടിയ വയറുമായി, ഇല്ലായ്മകളുടെയും വല്ലായ്മകളുടെയും പർവങ്ങൾ താണ്ടി, അഭിമന്യുവെന്ന ചുറുചുറുക്കുള്ള ചെറുപ്പക്കാരൻ മഹാരാജാസിന്റെ മാറിടം പൂകിയത്. അവിടത്തെ ഓരോ മണൽത്തരിയും അവനെ നെഞ്ചോട് ചേർത്തുവച്ചു. അവന്റെ ശബ്ദവീചികൾകൊണ്ട് ക്യാമ്പസ് മുഖരിതമാകാൻ അധികസമയം വേണ്ടിവന്നില്ല . കഷ്ടപ്പാടുകളുടെ തോഴൻ ഉച്ചത്തിൽ വിളിച്ചുകൊടുത്ത മുദ്രാവാക്യത്തിൽ ക്യാമ്പസ് പ്രകമ്പനംകൊണ്ടു .

പരിചയപ്പെട്ടവർക്കെല്ലാം ചങ്ങാതി, സുഹൃത്തുക്കളുടെ ഇഷ്ട കൂട്ടുകാരൻ, ഇടതുപക്ഷ വിദ്യാർഥിരാഷ്ട്രീയത്തിന് മുതൽക്കൂട്ടാകുമെന്ന് ഏവരും കരുതിയ പ്രിയസഖാവ്, അധ്യാപകരുടെ മനംകവർന്ന കുട്ടിനേതാവ്, അടുപ്പക്കാരുടെ പൊന്നോമനപ്പുത്രൻ, കല﹣ സാംസ്കാരിക പ്രവർത്തകർക്ക് നാടൻപാട്ടിന്റെ ആശാൻ, അച്ഛനമ്മമാരുടെ കണ്ണിലുണ്ണി, അങ്ങനെയങ്ങനെ ഒരുപാട് വിശേഷണങ്ങളുടെ ഉടമയായിരുന്നു അഭിമന്യു. കളം നിറഞ്ഞാടിയ പുഞ്ചിരിക്കുന്ന ആ മുഖം മലയാളിയുടെ മനസ്സിൽനിന്ന് സമീപകാലത്തൊന്നും മാഞ്ഞുപോകില്ല . വീടിന്റെയും നാടിന്റെയും പ്രതീക്ഷകളെ കഠാരമുന നെഞ്ചിലേക്ക് കുത്തിയിറക്കി നിശ്ചലമാക്കിയ നരാധമന്മാർക്ക് സാത്താൻപോലും മാപ്പുകൊടുക്കില്ല .

മുസ്ലിം ആർഎസ‌്എസ‌് എന്നു പരിചയപ്പെടുത്തിയായിരുന്നു എൻഡിഎഫിന്റെ  പിറവി. ഭൂരിപക്ഷവർഗീയതയെ ന്യൂനപക്ഷവർഗീയതകൊണ്ടേ ചെറുക്കാനാകൂ എന്നവർ വാദിച്ചു. ഇരുട്ടിന്റെ മറവിലൊളിഞ്ഞിരുന്ന് കൊളുത്തിയ മെഴുകുതിരിവെട്ടത്തിന്റെ മങ്ങിയ വെളിച്ചത്തിലേക്ക് ഈ ഭീകരവാദികൾ മുസ്ലിം യൗവനത്തെ ക്ഷണിച്ചുകൊണ്ടുപോയി. വിഷലിപ്തമായ വാക്കുകളും ചിന്തകളും മതഭ്രാന്തിന്റെ മായാവലയത്തിൽ എത്തിയവരുടെ മസ്തിഷ്കങ്ങളിലേക്കവർ അടിച്ചുകയറ്റി. മാനവികതയുടെ തരിമ്പെങ്കിലും മനസ്സിൽ അവശേഷിച്ചവർ, അസഹിഷ്ണുക്കളുടെ കെണിയിൽപ്പെടാതെ കലഹിച്ചുരക്ഷപ്പെട്ടു. പിന്നീട് ആ സംഘത്തിൽ അവശേഷിച്ചത് മനുഷ്യത്വത്തിന്റെ നേരിയ കണികപോലും ശരീരത്തിലെവിടെയും അവശേഷിക്കാത്ത ഹൃദയശൂന്യരായിരുന്നു. ആർഎസ‌്എസ‌് അധികാര ശ്രേണിയിലെത്താൻ ബിജെപിയെ ചവിട്ടുപടിയാക്കിയത് കണ്ട് ഭ്രമിച്ച മുസ്ലിം തീവ്രവാദികൾ, പോപ്പുലർ ഫ്രണ്ടെന്ന മുഖാവരണമണിഞ്ഞ് അങ്കത്തിനിറങ്ങുന്നതായിരുന്നു ശേഷക്കാഴ്ച. മുസ്ലിംസമൂഹം അവരെ നിരാകരിച്ചു . 72 ശതമാനം മുസ്ലിം ജനസംഖ്യയുള്ള മലപ്പുറം ജില്ലയിൽ എസ‌്ഡിപിഐ എന്ന മൂന്നാംപേരിട്ട് തെരഞ്ഞെടുപ്പുഗോദയിലിറങ്ങിയ വർഗീയവാദികൾക്ക് മൂന്നോ നാലോ വാർഡിലാണ് ജയിക്കാനായത്. മിക്കസ്ഥലത്തും ഇക്കൂട്ടർക്ക് പൊരുതേണ്ടിവന്നത് അസാധുവിനോടായിരുന്നു. പള്ളിക്കമ്മിറ്റികളിൽനിന്നും മദ്രസ കമ്മിറ്റികളിൽനിന്നും മുഖ്യധാരാ മുസ്ലിം സംഘടനാ കൂട്ടായ്മകളിൽനിന്നും എൻഡിഎഫ‌് ആട്ടിയകറ്റപ്പെട്ടു. ആശയരംഗത്ത് 'നിപാ വൈറസി’ന്റെ പ്രചാരകരായ പോപ്പുലർ ഫ്രണ്ടിന് കാലം കരുതിവച്ചത് ഗതികിട്ടാപ്രേതമായി അലയാനുള്ള വിധിയായിരുന്നു.
സ്ഥാനത്തും അസ്ഥാനത്തും മതം പറഞ്ഞ‌ാണ‌് മുസ്ലിം തീവ്രവാദികൾ പ്രചാരണപ്രവർത്തനങ്ങൾ നടത്തുന്നത‌്. അവർ അവകാശപ്പെടുന്ന വിശ്വാസത്തിന‌് അഥവാ ഇസ്ലാമിന‌് എസ‌്ഡിപിഐയുടെ ചെയ‌്തികളുമായി പുലബന്ധംപോലുമില്ല. ഇസ്ലാമെന്ന വാക്കിന്റെ അർഥംതന്നെ സമാധാനം എന്നാണ‌്. ആ വാക്ക‌് ഉച്ചരിക്കാനുള്ള അർഹതപോലും ഇക്കൂട്ടർക്കില്ലെന്നതിന്റെ തെളിവാണ‌് അവർ നടത്തിക്കൊണ്ടിരിക്കുന്ന നികൃഷ്ട പ്രവൃത്തികൾ.

ഒരു മനുഷ്യനെ വിശ്വാസിയാക്കുന്നത‌് അവന്റെ വേഷഭൂഷാദികളോ ആചാരാനുഷ‌്ഠാനങ്ങളോ ആരാധനാകർമങ്ങളോമാത്രമല്ല. അതിനെല്ലാമപ്പുറം കരുണാർദ്രമായ അവന്റെ മനസ്സാണ‌്. മനസ്സിൽ കരുണയില്ലാത്തവന‌്, പെരുമാറ്റത്തിൽ അനുകമ്പ തോന്നാത്തവന‌് ഒരിക്കലും മുഹമ്മദ‌് നബിയുടെ അനുയായികളാകാൻ കഴിയില്ല. ഒറ്റനോട്ടത്തിൽതന്നെ പോപ്പുലർ ഫ്രണ്ടുകാരൻ വിശ്വാസിയല്ലെന്ന‌് ബോധ്യപ്പെടുത്തുന്നതാണ‌് അവന്റെ സംസാരരീതിയും ശരീരഭാഷയും.
കുറച്ചുകാലമേ ആയുള്ളൂ മുസ്ലിം തീവ്രവാദം കേരളത്തിൽ വേരോടിത്തുടങ്ങിയിട്ട‌്. ആ വേരുകൾ ആഴ‌്ന്നിറങ്ങാനുള്ള പശിമ മലയാളത്തിന്റെ മണ്ണിനില്ല. ആർഎസ‌്എസും എസ‌്ഡിപിഐയും പരസ‌്പരപൂരകങ്ങളാണ‌്. ഒന്നില്ലെങ്കിൽ മറ്റൊന്നില്ല. അതുകൊണ്ടുതന്നെ, പരസ‌്പരം വളമാകാൻ ഇരുകൂട്ടരും പരിശ്രമിക്കുകയാണ‌്. ആ വൃത്തികെട്ട ശ്രമത്തിനിടയിൽ നമുക്ക‌് നഷ്ടമാകുന്നത‌് മതാതീതമായ സൗഹൃദവും കൂടിക്കഴിയലുമാണ‌്.

ഒരധ്യാപകന്റെ കൈവെട്ടി ചുളുവിൽ 'സ്വർഗം’ നേടിയ രക്തദാഹികൾ മഹാരാജാസിന്റെ പുണ്യഭൂമിയിൽ അഭിമന്യുവിന്റെ ജീവനെടുത്ത് മനുഷ്യമനസ്സാക്ഷിയെ ഞെട്ടിച്ചിരിക്കുകയാണ്. ഈ കൊലപാതകത്തിലൂടെ ഇവരെന്തുനേടി. ഈ തെമ്മാടിക്കൂട്ടത്തെ ഇനി അഴിഞ്ഞാടാൻ അനുവദിച്ചുകൂടാ. ക്യാമ്പസ് ഫ്രണ്ടും എബിവിപിയും  ഉൾപ്പെടെയുള്ള മുഴുവൻ വർഗീയപിന്തിരിപ്പന്മാരും കലാലയങ്ങളുടെ തിരുമുറ്റങ്ങളിൽനിന്ന് തൂത്തെറിയപ്പെടണം. ഇവരെ തുരത്തിയോടിക്കേണ്ടത‌് എസ‌്എഫ‌്ഐയുടെമാത്രം ഉത്തരവാദിത്തമല്ല; കെഎസ‌്‌യു ഉൾപ്പെടെയുള്ള മുഴുവൻ മതേതര വിദ്യാർഥിസംഘടനകളും ഇതിനായി കൈകോർക്കണം.
അഭിമന്യു കേവലമൊരു രക്തസാക്ഷിയല്ല, രക്തസാക്ഷികളുടെ രാജകുമാരനാണ്. മകനേ, നീ ബാക്കിവച്ച സ്വപ‌്നം നിന്റെ പിന്മുറക്കാർ യാഥാർഥ്യമാക്കും. അഭിമന്യു അമർ രഹേ...

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top