04 August Wednesday

ആം ആദ്‌മിയുടെ ഡൽഹി വിളംബരം

പി വി തോമസ്‌Updated: Wednesday Feb 12, 2020

ഡൽഹിയിൽ ആം ആദ്‌മി പാർടിയുടെയും കെജ്‌രിവാളിന്റെയും തകർപ്പൻ വിജയം ശക്തമായ ഒരു സന്ദേശമാണ്‌ രാഷ്‌ട്രത്തിന്‌ നൽകുന്നത്‌. ഒരുപക്ഷെ, ഈ വിജയത്തിന്റെ ഉള്ളടക്കം ഭാരതത്തിന്റെ ഭാവിരാഷ്‌ട്രീയത്തിന്റെ ചൂണ്ടുപലകയായിരിക്കാം. നരേന്ദ്ര മോഡിക്കും അമിത്‌ ഷായ്‌ക്കും അവർ പ്രതിനിധാനം ചെയ്യുന്ന വിഭജന‐ഫാസിസ്റ്റ്‌ രാഷ്‌ട്രീയത്തിനുമുള്ള ശക്തമായ താക്കീതാണ്‌ ഇത്‌. എന്തായിരുന്നു ഈ തെരഞ്ഞെടുപ്പ്‌ വിജയത്തിന്റെ കാരണം? കെജ്‌രിവാളിന്റെ പുരോഗമനമോ? രാജ്യമെമ്പാടും കത്തിപ്പടരുന്ന ഫാസിസ്റ്റ്‌ വിരുദ്ധതയോ? അതായിരിക്കാം ശരി.

തെരഞ്ഞെടുപ്പിൽ മോഡിയും (ഷായും) കെജ്‌രിവാളും നേർക്കുനേർനിന്ന്‌ മാറ്റുരയ്‌ക്കുകയായിരുന്നു. എന്തായിരുന്നു ബിജെപിയുടെ യുദ്ധസന്നാഹം ഡൽഹി പിടിക്കുവാനായി? നരേന്ദ്ര മോഡിയും അമിത്‌ ഷായും വിഷം ചീറ്റുന്ന പ്രസ്‌താവനകളുമായി മുൻനിരയിൽ. ഒപ്പം 50 കേന്ദ്രമന്ത്രിമാരും ബിജെപിയുടെ മുഖ്യമന്ത്രിമാരും 200 എംപിമാരും. 

മതത്തെ മാത്രമല്ല, സേനയെപ്പോലും വോട്ടിനായി ദുരുപയോഗപ്പെടുത്തിയ ചരിത്രവും. എന്താണ്‌ പ്രധാനമന്ത്രി പറഞ്ഞതെന്ന്‌ നോക്കുക. ‘‘നിങ്ങൾ ഇന്ത്യയുടെ സായുധസേനയെ അപമാനിക്കുന്നവരെ ശിക്ഷിക്കണം. നിങ്ങൾ നിങ്ങളുടെ അരിശം വോട്ടിലൂടെ രേഖപ്പെടുത്തണം. അങ്ങനെ ദേശവിരുദ്ധ രാഷ്‌ട്രീയത്തിന്‌ അറുതിവരുത്തണം.’’ ഇവിടെ മോഡി ഉദ്ദേശിച്ചത്‌ സർജിക്കൽ സ്‌ട്രൈക്കും അതിനെ സംശയിച്ചവരെയും ആണെന്ന്‌ സ്‌പഷ്ടം. 

കെജ്‌രിവാളിനെ ഭീകരവാദി എന്നാണ്‌ അമിത്‌ ഷായുടെ ആർമി ചിത്രീകരിച്ചത്‌. മറ്റൊരു കേന്ദ്രമന്ത്രി ദേശദ്രോഹികളെ (ബിജെപി വിരുദ്ധരെ) വെടിവച്ചു കൊല്ലാനാണ്‌ ആഹ്വാനം ചെയ്‌തത്‌. കെജ്‌രിവാളിനെ നട്‌വർലാൽ എന്ന്‌ വിളിച്ചതും ഷാഹീൻബാഗ്‌ സമരക്കാരെ ഒന്നടങ്കം ദേശവിരുദ്ധരെന്നും ഭീകരവാദികളെന്നും വിളിച്ചതും ഈ തെരഞ്ഞെടുപ്പ്‌ ഇന്ത്യ‐പാകിസ്ഥാൻ ക്രിക്കറ്റ്‌ മത്സരത്തിന്‌ തുല്യമാണെന്ന്‌ പറഞ്ഞതും വേറെ. ഇനിയുമുണ്ട്‌ നിരത്താൻ. ബിജെപി ഈ തെരഞ്ഞെടുപ്പിനെ ദേശീയതയുടെ വിഷയമായിട്ടാണ്‌ ചിത്രീകരിച്ചത്‌. ആം ആദ്‌മി വികസനത്തിന്റെയും. ബിജെപിയുടെ മുദ്രാവാക്യത്തിൽ ആർട്ടിക്കിൾ 370നെയും പൗരത്വഭേദഗതി നിയമത്തെയും മറ്റും (ദേശീയ പൗരത്വ പട്ടിക, ദേശീയ ജനസംഖ്യാ പട്ടിക) എതിർക്കുന്നവർ ദേശവിരുദ്ധരാണ്‌, രാജ്യദ്രോഹികളാണ്‌. . ഡൽഹി എന്നത്‌ പ്രധാനമായും പാക്‌ വിഭജനകാലത്തെ അഭയാർഥികളുടെ ഒരു നഗരമാണെന്ന്‌ ഓർമിക്കണം.


 

ഈ തെരഞ്ഞെടുപ്പിൽ ഇതേ അഭയാർഥികളുടെ പ്രധാന കേന്ദ്രങ്ങളായ രാജേന്ദ്രനഗറിലും മറ്റും ആണ്‌ (പടിഞ്ഞാറൻ ഡൽഹി) പൗരത്വ ഭേദഗതി നിയമത്തെ തള്ളിക്കളഞ്ഞത്‌. അതുകൊണ്ട്‌ ഡൽഹി തെരഞ്ഞെടുപ്പ്‌ കെജ്‌രിവാളിന്റെ പുരോഗമന അജൻഡയ്‌ക്കും അദ്ദേഹത്തിന്റെ നേതൃത്വപാടവത്തിനും മാത്രമുള്ള അംഗീകാരമല്ല. ഒപ്പം, മോഡി‐ഷാമാരുടെ പൗരത്വ പരിഷ്‌കരണങ്ങൾക്കും അവരുടെ നേതൃത്വത്തിനുമുള്ള ചുട്ട മറുപടിയാണ്‌. ഇവരുടെ ഈവക ജനവിരുദ്ധ നപടികളും വിഭജന രാഷ്‌ട്രീയവും ജനം സ്വീകരിക്കുന്നില്ല എന്നുള്ളതാണ്‌ ഡൽഹി തരുന്ന സന്ദേശം.

ബിജെപിയെ സംബന്ധിച്ചിടത്തോളം ഈ പരാജയം ഒരു വലിയ ആഘാതം തന്നെയാണ്‌.  തുടർച്ചയായി തെരഞ്ഞെടുപ്പുകളിൽ പരാജയപ്പെട്ടുകൊണ്ടിരിക്കുകയാണ്‌. മധ്യപ്രദേശും രാജസ്ഥാനും ഛത്തീസ്‌ഗഢും ജാർഖണ്ഡും മകുടോദാഹരണങ്ങളാണ്‌. മഹാരാഷ്‌ട്രയും ബിജെപിക്ക്‌ നഷ്ടപ്പെട്ടു. ഇനി തെരഞ്ഞെടുപ്പ്‌ നടക്കാൻ പോകുന്ന ബംഗാളിലും അസമിലും ബിഹാറിലും ഒഡിഷയിലും സ്ഥിതി അത്ര സുഗമമല്ല. അധികാരം പിടിച്ചെടുക്കാൻ ബംഗാളിൽ മതരാഷ്‌ട്രീയം കളിക്കുന്നുണ്ടെങ്കിലും ഫലപ്രദമാകാൻ ബുദ്ധിമുട്ടാണ്‌. ബിഹാർ നിതീഷ്‌കുമാറിനെ ആശ്രയിച്ചിരിക്കുന്നു. ഒഡിഷയിലും ബിജെപി ചിത്രത്തിലില്ല.  പരാജയ പരമ്പരകളിലൂടെ ബിജെപി ഡൽഹിയിൽമാത്രം ഒതുങ്ങുന്ന ഒരു കേന്ദ്രഗവൺമെന്റായി മാറുകയാണ്‌.

ഇനി കോൺഗ്രസിന്റെ സ്ഥിതി. കോൺഗ്രസ്‌ പരിപൂർണമായും ഡൽഹിയിൽ തുടച്ചുമാറ്റപ്പെട്ടിരിക്കുകയാണ്‌. 2015ൽ പൗജ്യം. അഞ്ചുവർഷം കഴിഞ്ഞും പൂജ്യം.  കോൺഗ്രസിന്‌ ദിശാബോധം ഇല്ല. സഖ്യകക്ഷികളും ഇല്ല. ആം ആദ്‌മി പാർടിയുമായി സഖ്യമുണ്ടാക്കി നാലോ അഞ്ചാ സീറ്റ്‌ നേടിയിരുന്നു എങ്കിൽ ഭരണകക്ഷി ആകാമായിരുന്നു. എങ്കിൽ ബിജെപിയുടെ മൊത്തം സീറ്റ്‌ വീണ്ടും താഴുമായിരുന്നു.

ആം ആദ്‌മി പാർടിയുടെ രാഷ്‌ട്രീയസിദ്ധാന്തം ഒരു പുതിയ രാഷ്‌ട്രീയം എന്നുള്ളതാണ്‌. (ഓൾട്ടർനേറ്റീവ്‌ പൊളിറ്റിക്‌സ്‌) അത്‌ നല്ലതുതന്നെ. അഴിമതിക്കും ഭൂരിപക്ഷ മതാധിഷ്‌ടിത രാഷ്‌ട്രീയത്തിനും ബദലായിട്ടുള്ള ഒരു പ്രക്രിയ. ‘രാഷ്‌ട്ര നിർമാണത്തിന്‌ ആപ്‌ ’ എന്നതായിരുന്നു കെജ്‌രിവാളിന്റെ വിജയാനന്തരമുള്ള ആദ്യ സന്ദേശം.  അത്‌ കെജ്‌രിവാളിന്റെ വികസന രാഷ്‌ട്രീയ വിജയം മാത്രമല്ല. മോഡി–-ഷായുടെ മതാധിഷ്‌ടിത വിഭജന രാഷ്‌ട്രീയം ഇന്ത്യയുടെ പരിച്ഛേദമായ ഡൽഹി അംഗീകരിക്കുന്നില്ല. ബിജെപിക്ക്‌ ഇനി മാറാൻ ആകുകയില്ല. ബിജെപിയെ മാറ്റുകയാണ്‌ വേണ്ടത്‌ എന്നാണ്‌ രാഷ്‌ട്രീയം പഠിപ്പിക്കുന്നത്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
----
പ്രധാന വാർത്തകൾ
-----
-----
 Top