27 September Monday

സിപിഐ എമ്മിനെ പഴിക്കുന്നതിനു പിന്നിൽ

എ വിജയരാഘവൻUpdated: Friday Jul 9, 2021

സാമൂഹ്യ മാധ്യമങ്ങളിൽ സിപിഐ എമ്മിന്റെ പ്രചാരകരായി ചമയുന്ന ചില ചെറുപ്പക്കാർ സ്വർണക്കള്ളക്കടത്തുമായി ബന്ധമുള്ള സംഘങ്ങളുടെ ഭാഗമായി പ്രവർത്തിച്ചതിന്റെ പേരിൽ ഇടതുപക്ഷ വിരുദ്ധ മാധ്യമങ്ങൾ സിപിഐ എമ്മിനെതിരെ വിഷലിപ്തമായ പ്രചാരണം ആരംഭിച്ചിരിക്കയാണ്. ആടിനെ പട്ടിയായും പട്ടിയെ പേപ്പട്ടിയായും ചിത്രീകരിക്കാൻ വൈദഗ്ധ്യമുള്ള മാധ്യമങ്ങൾ ഈ പ്രചാരണം ഏറ്റെടുത്തത് വ്യക്തമായ ലക്ഷ്യത്തോടെയാണ്. സിപിഐ എമ്മിന്റെ പ്രതിച്ഛായക്ക് കളങ്കമുണ്ടാക്കുക, എല്ലാ പാർടികളും ഒരുപോലെയാണെന്ന് സ്ഥാപിക്കുക. ആശയപരമായി പാർടിയെ ദുർബലമാക്കാൻ കഴിയാതെ വരുമ്പോഴാണ് മാധ്യമങ്ങളും ഇടതുപക്ഷവിരുദ്ധ ശക്തികളും ഇത്തരം പ്രചാരണത്തിന് മുതിരുന്നത്.

ക്വട്ടേഷൻ സംഘങ്ങളെ അഥവാ പണത്തിനുവേണ്ടി ക്രിമിനൽ പ്രവർത്തനം നടത്തുന്നവരെ സിപിഐ എം ഉപയോഗിക്കുകയും സംരക്ഷിക്കുകയും ചെയ്യുന്നു എന്നതാണ് കള്ളപ്രചാരണം. സ്വർണക്കള്ളക്കടത്തുമായി ബന്ധപ്പെട്ട ചില സംഘങ്ങൾ രാമനാട്ടുകരയിൽ അപകടത്തിൽപ്പെട്ട സംഭവത്തിൽനിന്നാണ് തുടക്കം. ഈ കേസിൽ പ്രതിസ്ഥാനത്തുവന്ന ഒന്നോ രണ്ടോ ചെറുപ്പക്കാർ സാമൂഹ്യ മാധ്യമങ്ങളിൽ ഇടതുപക്ഷത്തിനുവേണ്ടി പ്രചാരണം നടത്തുന്നവരാണ് എന്നതിന്റെമാത്രം പേരിലാണ് ആരോപണങ്ങൾ. ഇതു സംബന്ധിച്ച വസ്തുതകളും നിലപാടും പാർടി സംസ്ഥാന സെക്രട്ടറിയറ്റ് വ്യക്തമാക്കിയതാണ്. ഇതിൽ ഉൾപ്പെട്ടവരാരും പാർടിയുടെ പ്രവർത്തകരോ അംഗങ്ങളോ അല്ല. പ്രതികളെ സഹായിച്ചെന്ന ആരോപണം നേരിട്ട പാർടി അംഗത്തെ പുറത്താക്കി. ക്രിമിനൽ പ്രവർത്തനം നടത്തുന്ന ആർക്കും പാർടിയുടെ സംരക്ഷണമോ സഹായമോ കിട്ടില്ല. മാത്രമല്ല, ഇത്തരക്കാർക്ക് നിയമപരമായ ശിക്ഷ ഉറപ്പാക്കുന്നതിനായിരിക്കും പാർടി നിലകൊള്ളുക.

പാർടി അംഗങ്ങളുടെ വ്യക്തിജീവിതവും സംശുദ്ധമായിരിക്കണമെന്ന് നിർബന്ധമുള്ള പ്രസ്ഥാനമാണ് സിപിഐ എം. ജനങ്ങൾക്കിടയിൽ സ്വാർഥതാൽപ്പര്യങ്ങളില്ലാതെ ത്യാഗപൂർവം പ്രവർത്തിക്കുന്ന ലക്ഷക്കണക്കിനു പ്രവർത്തകരാണ് പാർടിയുടെ കരുത്ത്. ഇവരുടെ ആത്മാർഥതയും ലളിതജീവിതവും സഹായമനസ്സുമാണ് കൂടുതൽ ജനപിന്തുണ ആർജിക്കാൻ പാർടിയെ സഹായിക്കുന്നത്. നേതാക്കൾക്കോ പ്രവർത്തകർക്കോ, അതെത്ര കുറച്ചുപേരാണെങ്കിൽ പോലും, കമ്യൂണിസ്റ്റ് മൂല്യങ്ങൾ വ്യക്തിജീവിതത്തിൽ പുലർത്താൻ കഴിയുന്നില്ലെങ്കിൽ അത് പാർടിയുടെ പ്രതിച്ഛായക്ക് വലിയ കളങ്കമുണ്ടാക്കുമെന്ന് വ്യക്തമായി തിരിച്ചറിഞ്ഞ പാർടിയാണ് സിപിഐ എം. അതുകൊണ്ടാണ് അംഗങ്ങളുടെ തെറ്റായ പ്രവണതകൾക്കെതിരെ പാർടി നിരന്തരം പോരാടുന്നത്.

പാർടിക്കെതിരെ ഇപ്പോൾ ഉയർന്നുവന്ന അപവാദ പ്രചാരണം യാദൃച്ഛികമല്ല. ഇതിനൊരു പശ്ചാത്തലമുണ്ട്. എല്ലാ നുണപ്രചാരണങ്ങളെയും വർഗീയശക്തികളുമായുള്ള യുഡിഎഫിന്റെ കൂട്ടുകെട്ടിനെയും തകർത്താണ് എൽഡിഎഫ് വീണ്ടും അധികാരത്തിൽ വന്നത്. കോൺഗ്രസിനോ ബിജെപിക്കോ അവരെ സഹായിക്കുന്ന മാധ്യമങ്ങൾക്കോ ഇടതുപക്ഷവിജയം സഹിക്കാനാകുന്നില്ല. മറ്റൊന്ന്, നയതന്ത്ര ബാഗേജ്‌ വഴി നടന്ന കള്ളക്കടത്തിന്റെ പേരിൽ സർക്കാരിനെയും പാർടിയെയും പ്രതിക്കൂട്ടിൽ നിർത്താനുള്ള ശ്രമം പൊളിഞ്ഞു. തിരുവനന്തപുരം വിമാനത്താവളത്തിൽ നയതന്ത്രബാഗേജ് വഴിയുള്ള കള്ളക്കടത്ത് പിടിച്ചിട്ട് ഒരുവർഷം കഴിഞ്ഞു. 30 കിലോ സ്വർണം കൊണ്ടുവന്നെന്നാണ് അന്വേഷണ ഏജൻസികൾ കണ്ടെത്തിയത്.  പ്രധാനപ്രതികൾ ഇപ്പോഴും വിദേശത്ത് കഴിയുന്നു.

ബിജെപിയുടെ പ്രമുഖ നേതാക്കൾക്ക് കൊടകര കുഴൽപ്പണക്കേസുമായുള്ള ബന്ധം പുറത്തുവന്നതാണ് മറ്റൊരുകാര്യം. നിയമസഭാ തെരഞ്ഞെടുപ്പ് വേളയിൽ ബിജെപി നേതാക്കൾ കോടിക്കണക്കിനു രൂപയുടെ കള്ളപ്പണം കൈകാര്യം ചെയ്‌തെന്നും വ്യക്തമായി. ഈ നാണക്കേടിൽനിന്ന് ബിജെപിയെ കരകയറ്റുകയെന്ന ലക്ഷ്യവും സിപിഐ എമ്മിനെതിരെ ഇപ്പോൾ നടത്തുന്ന പ്രചാരണത്തിനു പിന്നിലുണ്ട്.

കേന്ദ്രഏജൻസികളുടെ ചുമതലയിലാണ് വിമാനത്താവളങ്ങളുടെ സുരക്ഷ. കള്ളക്കടത്ത് തടയാൻ നിയോഗിക്കപ്പെട്ട ഏജൻസിയാണ് കസ്റ്റംസ്. കള്ളക്കടത്ത് നിർബാധം നടക്കുന്നുണ്ടെങ്കിൽ അതിന്റെ പൂർണ ഉത്തരവാദിത്തം കേന്ദ്ര ഏജൻസികൾക്കാണ്

സംസ്ഥാനത്തെ നാലു വിമാനത്താവളം വഴിയും കള്ളക്കടത്തായി സ്വർണം ഒഴുകുന്നുണ്ട്. ഈ നിയമവിരുദ്ധ പ്രവർത്തനങ്ങളിൽ പിടിക്കപ്പെടുന്നതിൽ അധികവും ബിജെപി, കോൺഗ്രസ്, ലീഗ് പ്രവർത്തകരാണ്. കസ്റ്റംസ് പിടിക്കുന്നതിനേക്കാൾ കൂടുതൽ പിടിക്കപ്പെടാത്തതാണെന്ന് വ്യക്തമാണ്. കേന്ദ്രഏജൻസികളുടെ ചുമതലയിലാണ് വിമാനത്താവളങ്ങളുടെ സുരക്ഷ. കള്ളക്കടത്ത് തടയാൻ നിയോഗിക്കപ്പെട്ട ഏജൻസിയാണ് കസ്റ്റംസ്. കള്ളക്കടത്ത് നിർബാധം നടക്കുന്നുണ്ടെങ്കിൽ അതിന്റെ പൂർണ ഉത്തരവാദിത്തം കേന്ദ്ര ഏജൻസികൾക്കാണ്. അടുത്തകാലത്ത് നടന്ന സംഭവങ്ങളിൽനിന്ന് തെളിയുന്നത്, കള്ളക്കടത്ത് സംഘങ്ങൾക്ക് കസ്റ്റംസിന്റെ സഹായം കിട്ടുന്നു എന്നാണ്. കസ്റ്റംസ് ഉദ്യോഗസ്ഥർ ഈ സംഘങ്ങളുടെ ഭാഗമാകുന്നതും പുറത്തുവന്നിട്ടുണ്ട്. വേലിതന്നെ വിള തിന്നുന്ന അവസ്ഥ. ഇതെല്ലാം മറച്ചുവച്ചാണ് മാധ്യമങ്ങൾ സിപിഐ എമ്മിനെതിരെ തിരിഞ്ഞിട്ടുള്ളത്.

സംസ്ഥാനത്ത് ക്രിമിനൽ–മാഫിയാ സംഘങ്ങൾ തഴച്ചുവളരുകയാണെന്ന പ്രതീതി ഉണ്ടാക്കാനും ശ്രമം നടക്കുന്നുണ്ട്. ക്രമസമാധാനപാലനത്തിൽ അഞ്ചുവർഷംകൊണ്ട് പിണറായി വിജയൻ സർക്കാർ ഉണ്ടാക്കിയ നേട്ടങ്ങൾ മറച്ചുപിടിക്കാനാണ് ഈ പ്രചാരണമെന്ന് വ്യക്തമാണ്. മികച്ച ക്രമസമാധാനമുള്ള സംസ്ഥാനമെന്ന ബഹുമതി തുടർച്ചയായി കേരളം കൈവരിക്കുന്നു. അഞ്ചുവർഷം കേരളത്തിൽ വർഗീയ ലഹളകളോ സംഘർഷങ്ങൾപോലുമോ ഉണ്ടായില്ല എന്നത് ഇന്നത്തെ ഇന്ത്യൻ സാഹചര്യത്തിൽ നമുക്ക് അഭിമാനിക്കാവുന്ന നേട്ടമാണ്. ജനങ്ങൾക്ക് സ്വൈരജീവിതവും സമാധാനവും ഉറപ്പാക്കിയെന്നത് എൽഡിഎഫ് വിജയത്തിന് സഹായിച്ച പ്രധാന ഘടകമാണ്. 2016ൽ എൽഡിഎഫ് സർക്കാർ വന്നശേഷം ക്രമസമാധാനരംഗത്തുണ്ടായ ഈ നേട്ടം മറച്ചുപിടിക്കേണ്ടത് ഇടതുപക്ഷ വിരുദ്ധ ശക്തികളുടെ ആവശ്യമാണ്. അതിനുവേണ്ടിയാണ് ഒറ്റപ്പെട്ട സംഭവങ്ങളെ പർവതീകരിച്ച് പൊതുവൽക്കരിക്കാൻ ശ്രമിക്കുന്നത്.

അഴിമതി, സാമൂഹ്യവിരുദ്ധ പ്രവർത്തനം എന്നിവയ്‌ക്കെതിരെ പാർടിക്കകത്തും പുറത്തും പോരാടി ജനവിശ്വാസമാർജിച്ച പ്രസ്ഥാനമാണ് സിപിഐ എം. ഈ പോരാട്ടം തുടർച്ചയായി മുന്നോട്ടുകൊണ്ടുപോകണമെന്നാണ് പാർടിയുടെ തീരുമാനം. 1996ൽ പാർടി അംഗീകരിച്ച തെറ്റുതിരുത്തൽ രേഖ പാർടി അംഗങ്ങളുടെ പൊതുപ്രവർത്തനത്തിലും വ്യക്തിജീവിതത്തിലും സംശുദ്ധി ഉറപ്പാക്കാനുള്ള ധീരമായ കാൽവയ്‌പായിരുന്നു. 2008ൽ കോയമ്പത്തൂരിൽ ചേർന്ന 19–ാം പാർടി കോൺഗ്രസ് 1996ലെ രേഖ പുതുക്കാനും തെറ്റുതിരുത്തൽ പ്രക്രിയ മുന്നോട്ടുകൊണ്ടുപോകാനും തീരുമാനിച്ചു. അതിന്റെ അടിസ്ഥാനത്തിൽ 2009ൽ കേന്ദ്ര കമ്മിറ്റി അംഗീകരിച്ച രേഖയാണ് ഇപ്പോൾ പാർടിയുടെ മുമ്പിലുള്ളത്. ഇതിന്റെ അടിസ്ഥാനത്തിൽ തുടർച്ചയായ പ്രവർത്തനം വേണമെന്നാണ് തീരുമാനം.


 

ബൂർഷ്വാസമൂഹത്തിൽ ജീവിക്കുന്ന പാർടി അംഗങ്ങളിലേക്ക് തെറ്റായ പ്രവണതകൾ കടന്നുവരാനുള്ള വലിയ സാധ്യതയുണ്ട്. ഇതിനെതിരെ ജാഗ്രത പുലർത്താനുള്ള നിർദേശങ്ങളാണ് 2009ൽ കേന്ദ്രകമ്മിറ്റി അംഗീകരിച്ചത്. ദുഷ്‌പ്രവണതകൾ പാർടിയിലേക്ക് കടന്നുവരാനുള്ള പശ്ചാത്തലം പാർടി വിശദീകരിച്ചിട്ടുണ്ട്. സോഷ്യലിസത്തിനുണ്ടായ തിരിച്ചടിയും മുതലാളിത്തത്തിന് ബദലില്ലെന്ന പ്രചാരണവും, കമ്പോള സമ്പദ്‌ വ്യവസ്ഥയുടെ മൂല്യങ്ങളുടെ വ്യാപനം, സോഷ്യലിസത്തിനേറ്റ തിരിച്ചടിയുടെ പശ്ചാത്തലത്തിൽ പിന്തിരിപ്പൻ ആശയങ്ങളുടെ വളർച്ച– ഇതൊക്കെയാണ് പ്രതികൂല സാഹചര്യമൊരുക്കുന്നത്. അതോടൊപ്പം മറ്റൊരു വസ്തുതകൂടി കണക്കിലെടുക്കണം. പാർടിയുടെ അടിസ്ഥാന ധാരണകളെപ്പറ്റിയും ലക്ഷ്യങ്ങളെപ്പറ്റിയും മനസ്സിലാക്കാൻ പുതുതായി പാർടിയിലേക്ക് വരുന്നവർക്ക് കഴിയുന്നില്ല; അല്ലെങ്കിൽ ശ്രമിക്കുന്നില്ല. ബൂർഷ്വാ പാർടികൾ നടത്തുന്ന പ്രവർത്തനരീതി നമുക്കറിയാം. പണമൊഴുക്കിയാണ് എല്ലാം ചെയ്യുന്നത്. തെരഞ്ഞെടുപ്പിലെ കാര്യം പറയാനില്ല. ഇതെല്ലാം പാർടി പ്രവർത്തകരിൽ തെറ്റായ സ്വാധീനം ചെലുത്തുന്നുണ്ട്. ഇതിനെതിരെയുള്ള ജാഗ്രത വർധിപ്പിക്കുക എന്നത് പാർടിയുടെ കടമയാണ്.

പാർടി കേന്ദ്രകമ്മിറ്റി 2008ൽ അംഗീകരിച്ച പുതുക്കിയ തെറ്റുതിരുത്തൽ രേഖയുടെ അടിസ്ഥാനത്തിൽ കേരളത്തിലെ പാർടിയിൽ സമാനതകളില്ലാത്ത പരിശോധനയാണ് നടന്നത്. ജില്ലാ കമ്മിറ്റി അംഗങ്ങൾ പങ്കെടുത്ത് സംസ്ഥാനത്തെ മുഴുവൻ ബ്രാഞ്ചും ചേർന്നു. ബ്രാഞ്ചുകൾ നടത്തിയ പരിശോധനയുടെ തുടർച്ചയായി ഏരിയാ തലത്തിൽ റിപ്പോർട്ട് തയ്യാറാക്കി. സംസ്ഥാന കമ്മിറ്റി അംഗങ്ങൾ പങ്കെടുത്താണ് ഏരിയ യോഗങ്ങൾ ചേർന്നത്. ഏരിയ കമ്മിറ്റികളുടെ റിപ്പോർട്ട് പരിശോധിച്ച് സംസ്ഥാന കമ്മിറ്റി ബൃഹത്തായ രേഖ തയ്യാറാക്കി. ഈ പ്രക്രിയയുടെ തുടർച്ചയായാണ് 2013ൽ പാലക്കാട്ട്‌ സംസ്ഥാന പ്ലീനം ചേർന്ന് വ്യക്തമായ തീരുമാനങ്ങൾ എടുത്തത്.

ആഗോളവൽക്കരണത്തിന്റെ ഭാഗമായി തെറ്റായ പ്രവണതകൾ പാർടി അംഗങ്ങളിൽ ഉണ്ടാകാനുള്ള സാധ്യത അംഗീകരിച്ചുകൊണ്ടുതന്നെ, തെറ്റ് തിരുത്തുന്നതിന് കർശനമായ നടപടി വേണമെന്നാണ് തീരുമാനിച്ചത്. വേഗത്തിൽ പണം സമ്പാദിക്കാനുള്ള ഒരു ഇടപാടിലും അംഗങ്ങൾ പങ്കെടുക്കാൻ പാടില്ലെന്ന് വ്യക്തമായി നിർദേശിച്ചു. പാർടിയുടെ അന്തസ്സിനും മൂല്യങ്ങൾക്കും നിരക്കാത്ത പ്രവർത്തനങ്ങൾ നടത്തുന്ന അംഗങ്ങളെ പാർടിക്കകത്ത് ചൂണ്ടിക്കാണിച്ചു. തെറ്റ്‌ തിരുത്താൻ അവസരംനൽകി. എന്നിട്ടും തിരുത്താൻ തയ്യാറാകാത്തവരെ അംഗത്വത്തിൽനിന്ന് ഒഴിവാക്കി. ഈ രീതിയിൽ വലിയ ഉൾപ്പാർടിസമരമാണ് ദുഷ്‌പ്രവണതകൾക്കെതിരെ നടത്തിയത്.

2013 നവംബറിൽ നടന്ന പാലക്കാട് പ്ലീനത്തിന്റെ അടിസ്ഥാനത്തിൽ എടുത്ത തീരുമാനങ്ങളുടെയും മുന്നോട്ടുവച്ച നിർദേശങ്ങളുടെയും അടിസ്ഥാനത്തിൽ നടത്തുന്ന പ്രവർത്തനങ്ങളുടെ പുരോഗതി ഓരോ വർഷവും പാർടി വിലയിരുത്തുന്നുണ്ട്. കാരണം, തെറ്റുതിരുത്തലും തെറ്റായ പ്രവണതകൾ തടയലും നിരന്തരമായ പ്രക്രിയയാണ്. സിപിഐ എമ്മിൽ അഞ്ചുലക്ഷം അംഗങ്ങളുണ്ട്. വർഗ–ബഹുജന സംഘടനകളിൽ ഒരു കോടിയോളം പേർ പ്രവർത്തിക്കുന്നു. ഇവരിൽ ഒരാളെങ്കിലും തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ നടപടിയെടുക്കുക എന്ന സമീപനമാണ് സ്വീകരിച്ചത്.

രാഷ്ട്രീയത്തിലെ ക്രിമിനൽവൽക്കരണം അടുത്തകാലത്തായി വലിയതോതിൽ വർധിച്ചിട്ടുണ്ട്. ബൂർഷ്വാ പാർടികളുടെ ടിക്കറ്റിൽ ക്രിമിനലുകൾ പാർലമെന്റിലേക്കും നിയമസഭയിലേക്കും ജയിച്ചുവരുന്നു. ഇതിൽനിന്നെല്ലാം ഒഴിഞ്ഞുനിൽക്കുന്ന പ്രസ്ഥാനമാണ് സിപിഐ എം. ക്രിമിനൽ കുറ്റത്തിന് ജയിലിൽ പോയ ഒരാളെയും സിപിഐ എം സ്ഥാനാർഥിയാക്കിയിട്ടില്ല. അത്തരമാളുകൾ കോൺഗ്രസിലും ബിജെപിയിലും മറ്റ്‌ ബൂർഷ്വാ പാർടികളിലുമാണുള്ളത്. കേരളത്തിൽ കോൺഗ്രസ് എന്താണ് ചെയ്തത്? ക്രിമിനൽ പശ്ചാത്തലമുള്ള ഒരാളെത്തന്നെ കെപിസിസി പ്രസിഡന്റാക്കി. ബിജെപിയുടെ അധ്യക്ഷനാകട്ടെ, കുഴൽപ്പണക്കേസിൽ ആരോപണം നേരിടുന്നു. ഇതെല്ലാം മറച്ചുവയ്ക്കാനാണ് എല്ലാ തെറ്റായ പ്രവണതകൾക്കും എതിരെ പോരാടുന്ന സിപിഐ എമ്മിനെ അപകീർത്തിപ്പെടുത്താൻ മാധ്യമങ്ങൾ ശ്രമിക്കുന്നത്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top