15 May Saturday

കോലീബി സഖ്യം ജനം തിരിച്ചറിയും - എ വിജയരാഘവൻ സംസാരിക്കുന്നു

വെബ് ഡെസ്‌ക്‌Updated: Tuesday Mar 30, 2021

വിവാദങ്ങളും അപവാദങ്ങളും അസത്യങ്ങളും മിശ്രണംചെയ്ത്‌ 
ഇടതുപക്ഷവിരുദ്ധ മാധ്യമങ്ങളുടെ സഹായത്തോടെ പ്രചരിപ്പിക്കുകയാണ്‌ യുഡിഎഫ്‌. ഈ കാര്യത്തിൽ ബിജെപിയും യുഡിഎഫും 
ഒന്നാണ്‌. ജനങ്ങൾ ഇത്‌ നല്ലപോലെ മനസ്സിലാക്കുന്നുണ്ട്‌.- 
സിപിഐ എം സംസ്ഥാന സെക്രട്ടറിയുടെ ചുമതല വഹിക്കുന്ന 
എൽഡിഎഫ്‌ കൺവീനർ കൂടിയായ എ വിജയരാഘവൻ 
ദേശാഭിമാനിയോട്‌ സംസാരിക്കുന്നു

തെരഞ്ഞെടുപ്പ്‌ പ്രചാരണം അവസാന ലാപ്പിലാണല്ലോ. ഇതുവരെയുള്ള അനുഭവങ്ങളുടെ അടിസ്ഥാനത്തിൽ എൽഡിഎഫിന്റെ‌ പ്രസക്തി എത്രകണ്ട്‌ വർധിച്ചിട്ടുണ്ട്‌.
ഭരണവിരുദ്ധവികാരം എവിടെയും ഇല്ലെന്നതാണ്‌ ഈ തെരഞ്ഞെടുപ്പിന്റെ ഏറ്റവും വലിയ പ്രത്യേകത. തെരഞ്ഞെടുപ്പ്‌ വരുമ്പോൾ സർക്കാരിനോട്‌ ആളുകൾക്ക്‌ എതിർപ്പുണ്ടാകാറുണ്ട്‌. പ്രത്യേകിച്ചും നിയമസഭാ തെരഞ്ഞെടുപ്പാകുമ്പോൾ. എന്നാൽ, ഇപ്രാശ്യം അതില്ല. ഭരണനിർവഹണം സൂക്ഷ്‌മതലത്തിൽപ്പോലും എല്ലാ ജനവിഭാഗങ്ങൾക്കും ഉൾക്കൊള്ളാനായതിനാലാണിത്‌. സർക്കാർ ചെയ്യുന്ന വികസന, -ക്ഷേമ പ്രവർത്തനങ്ങൾ നേരിട്ട്‌ അനുഭവിക്കുന്നവരാണ്‌ ജനങ്ങൾ. കാലാനുസൃതവും ഗുണപരമായ വികസനമാണ്‌ എങ്ങും. എല്ലാ മേഖലയിലും ഈ നവീകരണം കാണാം. അടിസ്ഥാന സൗകര്യ മേഖലകളിലും വിദ്യാഭ്യാസം, ആരോഗ്യം ഉൾപ്പെടെയുള്ള സേവനമേഖലകളിലും ഇത്‌ അനുഭവവേദ്യമാണ്‌. സ്വാഭാവികമായും ഒരു മലയാളിക്ക്‌‌ ലോകത്ത്‌ എവിടെയിരുന്നും ഇത്‌ അറിയാനാകും. ഈ ഗുണപരണമായ മാറ്റം തെരഞ്ഞെടുപ്പ്‌ പ്രചാരണ രംഗത്ത്‌ പ്രകടമാണ്‌.

ഈ തെരഞ്ഞെടുപ്പിൽ എൽഡിഎഫ്‌ അടിത്തറ വിപുലമാകുകയും യുഡിഎഫ്‌ കൂടുതൽ ദുർബലമാകുകയും ചെയ്‌തിട്ടില്ലേ.
ശരിയാണ്‌. മുൻകാലങ്ങളെ അപേക്ഷിച്ച്‌ കൂടുതൽ ജനവിഭാഗങ്ങൾ എൽഡിഎഫിന്‌ പിന്നിൽ അണിനിരക്കുകയാണ്‌. എൽഡിഎഫിലുള്ള വിശ്വാസവും സുരക്ഷിതബോധവുമാണ്‌ അതിന്‌ കാരണം. ജനങ്ങൾ മാത്രമല്ല, യുഡിഎഫിനൊപ്പമുണ്ടായിരുന്ന പാർടികളും നേതാക്കളും അവരെ കൈവിട്ട്‌ ഇടതുപക്ഷത്തിനൊപ്പം അണിനിരന്നു. കേരള കോൺഗ്രസും ലോക്‌ താന്ത്രിക്‌ ജനതാദളും അതിൽപ്പെടും. കോൺഗ്രസിന്റെ പ്രമുഖ നേതാക്കളായ പി സി ചാക്കോ, കെ റോസക്കുട്ടി, അഡ്വ. പി എം‌ സുരേഷ്‌ ബാബു എന്നിവർ കോൺഗ്രസ്‌ വിട്ട നേതാക്കളാണ്‌.

എന്തുകൊണ്ടാണ്‌ യുഡിഎഫിൽനിന്ന്‌ ഈ കൊഴിഞ്ഞുപോക്ക്‌.
കേരളത്തിന്റെ സാമൂഹ്യഘടനയിൽ യുഡിഎഫ്‌ സ്വീകരിച്ച അത്യന്തം വഞ്ചനാപരവും അവസരവാദപരവുമായ രാഷ്‌ട്രീയ വഞ്ചനയുണ്ട്‌. കേരളത്തെ പ്രതിലോമകരമായ കുറ്റിയിൽ തളച്ചിടാനാണ്‌ അവർ എന്നും പരിശ്രമിച്ചത്‌. സ്വാഭാവികമായും തകരേണ്ട രാഷ്‌ട്രീയമാണത്‌. എന്നാൽ, പല സൂത്രവിദ്യകളിലൂടെ കുറേ ദശാബ്‌ദങ്ങളായി യുഡിഎഫ്‌ ജനങ്ങളെ പറ്റിക്കുന്നു. ഇപ്പോൾ അവരുടെ യഥാർഥ മുഖം അനാവരണം ചെയ്യപ്പെട്ടു. കൈയോടെ പിടിക്കപ്പെടുകയും ചെയ്‌തു. അഞ്ച്‌ കൊല്ലംമുമ്പുള്ള കേരളത്തെ ഓർത്തെടുത്ത്‌ അവ പുനഃസ്ഥാപിക്കാൻ ഒരു മലയാളിയും ആഗ്രഹിക്കില്ല. ജനസ്വീകാര്യതയിൽ തകർച്ച സംഭവിച്ചു. യുഡിഎഫ്‌ രാഷ്‌ട്രീയവും തകർന്നു. യുഡിഎഫിനെ പിന്തുണച്ച ജനവിഭാഗം അവരെ തിരിച്ചറിഞ്ഞു. ഇതിൽനിന്ന്‌ രക്ഷപ്പെടാനാണ്‌ വർഗീയശക്തികളെ യുഡിഎഫ്‌ കൂട്ടുപിടിക്കുന്നത്‌. എന്നാൽ, വർഗീയശക്തികളെ കൂട്ടുപിടിച്ച്‌ തിരിച്ചെടുക്കാവുന്ന ഒന്നല്ല യുഡിഎഫിന്റെ ജനപിന്തുണ. അത്രയേറെയാണ്‌ ജനങ്ങൾ അവരിൽനിന്ന്‌ അകന്നത്‌.

ന്യൂനപക്ഷ വിഭാഗങ്ങൾ എൽഡിഎഫിനെ വലിയ പ്രതീക്ഷയോടെയാണല്ലോ കാണുന്നത്‌.
രാജ്യത്ത്‌ ന്യൂനപക്ഷങ്ങൾ അരക്ഷിതാവസ്ഥയിലൂടെയാണ്‌ കടന്നുപോകുന്നത്‌. പലതരം സന്ദിഗ്‌ധാവസ്ഥയിലാണ്‌ അവരിന്ന്‌. തീവ്ര ഹിന്ദുത്വം അവരുടെ നയങ്ങളിലും നിലപാടുകളിലും ഭരണപരമായ കാര്യങ്ങളിലും ന്യൂനപക്ഷവിരുദ്ധത ശക്തമാക്കുന്നു. ഈ സാഹചര്യത്തിൽ ഇന്ത്യൻ രാഷ്‌ട്രീയത്തിൽ ന്യൂനപക്ഷ പരിരക്ഷയുടെ കാര്യത്തിൽ ചാഞ്ചാട്ടമില്ലാതെ സംഘപരിവാർവിരുദ്ധ നിലപാട്‌ സ്വീകരിക്കുന്ന ഇടതുപക്ഷത്തെ അവർ പ്രതീക്ഷയോടെ കാണുന്നു. പൗരത്വ ഭേദഗതി നിയമംമുതൽ കഴിഞ്ഞ ദിവസം യുപിയിൽ കന്യാസ്‌ത്രീകൾ ആക്രമിക്കപ്പെട്ട സംഭവത്തിലും നമ്മൾ ഈ നിലപാട്‌ കണ്ടു. എന്നാൽ, ഇത്തരം ഒരു നിലപാടല്ല കോൺഗ്രസ്‌ ഉയർത്തിപ്പിടിക്കുന്നത്‌. അവരുടെ നിലപാട്‌ ചാഞ്ചാട്ടമുള്ളതാണ്‌. അവ ന്യൂനപക്ഷ വിഭാഗങ്ങൾ തിരിച്ചറിഞ്ഞിട്ടുണ്ട്‌.

ന്യൂനപക്ഷ സംരക്ഷണം ആ മതവിഭാഗങ്ങളുടെ ഏകീകരണത്തിലൂടെ സാധ്യമാണോ.
ഒരിക്കലും സാധ്യമല്ല. ഇടതുപക്ഷ മതനിരപേക്ഷ നിലപാട്‌ ഉയർത്തിപ്പിടിക്കുന്ന രാഷ്‌ട്രീയ പാർടികളെ ശക്തിപ്പെടുത്തിയേ ന്യൂനപക്ഷം ഉൾപ്പെടെ എല്ലാവരുടെയും സംരക്ഷണം സാധ്യമാകൂ. എന്നാൽ, വിവിധ മതവിഭാഗങ്ങളുടെ ഏകീകരണത്തിനാണ്‌ യുഡിഎഫ്‌ ശ്രമിക്കുന്നത്‌. ന്യൂനപക്ഷ വിഭാഗങ്ങളിലെ തീവ്ര നിലപാടുള്ളവരെ രാഷ്‌ട്രീയമായി സ്വന്തം ചേരിയിൽ നിർത്താനുള്ള നീക്കം ഇതിന്റെ ഭാഗമാണ്‌. അപകടകരമാണ്‌ ഈ നീക്കം. മതനിരപേക്ഷതയാകണം സമൂഹത്തിന്റെ അടിത്തറ. അത്തരം സമൂഹത്തിലേ സമാധാനവും വികസനവും ഉണ്ടാകൂ.

വികസനം, ക്ഷേമം, മതനിരപേക്ഷത എന്നിവയാണല്ലൊ എൽഡിഎഫ്‌ പ്രധാനമായും മുന്നോട്ടുവയ്‌ക്കുന്നത്‌. ഇതിനെ നേരിടാനാകാതെ ജനം തള്ളിയ ആരോപണങ്ങൾ പൊടിതട്ടിയെടുത്തിരിക്കുകയാണ്‌ യുഡിഎഫ്‌. എങ്ങനെ കാണുന്നു ഇതിനെ.
രാഷ്‌ട്രീയ ദാരിദ്ര്യമാണ്‌ യുഡിഎഫിന്‌. ഒന്നിലും കൃത്യവും ശക്തവുമായ രാഷ്‌ട്രീയ നിലപാടില്ല. ദരിദ്രമായ ഈ രാഷ്‌ട്രീയ വീക്ഷണമാണ്‌ യുഡിഎഫിനെ ബിജെപിയിൽനിന്ന്‌ വേറിട്ട്‌ നിർത്താത്തത്‌. വിവാദങ്ങളും അപവാദങ്ങളും അസത്യങ്ങളും മിശ്രണംചെയ്ത്‌ ഇടതുപക്ഷവിരുദ്ധ മാധ്യമങ്ങളുടെ സഹായത്തോടെ പ്രചരിപ്പിക്കുകയാണ്‌ യുഡിഎഫ്‌. ഈ കാര്യത്തിൽ ബിജെപിയും യുഡിഎഫും ഒന്നാണ്‌. ജനങ്ങൾ ഇത്‌ നല്ലപോലെ മനസ്സിലാക്കുന്നുണ്ട്‌. ഏറെ പ്രയാസപ്പെടുന്ന സമയത്ത്‌ ജനങ്ങൾക്ക്‌ ഭക്ഷ്യക്കിറ്റ്‌ നൽകാനുള്ള സർക്കാർ നടപടിപോലും മുടക്കി. ഇത്‌ ജനങ്ങളെ പട്ടിണിക്കിടാനാണ്‌. അതിന്‌ ജനങ്ങൾതന്നെ മറുപടി പറയും.

ബിജെപിയുടെ സാന്നിധ്യം തെരഞ്ഞെടുപ്പിൽ എത്രകണ്ട്‌ പ്രതിഫലിക്കും
ബിജെപി ദേശീയ തലത്തിൽ നടപ്പാക്കിയ അജൻഡ വിജയിക്കാത്ത ഏക സംസ്ഥാനമാണ്‌ കേരളം. ആക്രമണോത്സുക ഹിന്ദുത്വത്തിനെതിരായ ആശ്വാസത്തിന്റെ ഒരു പച്ചത്തുരുത്ത്‌. എന്നാൽ, ഇവിടത്തെ സമാധാനം തകർക്കാനുള്ള എല്ലാ അടവും ബിജെപി പയറ്റുന്നുണ്ട്‌. രാജ്യത്താകെ ഇടതുപക്ഷം ഉയർത്തുന്ന ബദൽനയത്തെ അവർ ഭയപ്പെടുന്നു. അതിൽ കരുത്തോടെ നിൽക്കുന്ന കേരള സർക്കാരിനെ അട്ടിമറിക്കാൻ കേന്ദ്ര ഏജൻസികളെ ബിജെപി ദുരുപയോഗിക്കുന്നു. ഭരണഘടനയുടെ ഫെഡറൽ തത്വത്തിന്റെ ലംഘനമാണിത്. അമിതാധികാര പ്രയോഗവും. തെറ്റായ ഇത്തരം രാഷ്‌ട്രീയ പ്രവർത്തനം ഇവിടെ വിജയിക്കില്ലെന്ന്‌ കേരളം ഏറെ തെളിയിച്ചതാണ്‌. വരും തെരഞ്ഞെടുപ്പിലും അവ കൂടുതൽ വ്യക്തമാകും. ബിജെപിക്ക്‌ കേരളത്തിൽ ഒരു സീറ്റ്‌പോലും കിട്ടില്ല. വോട്ടും കുറയും.

പക്ഷേ മുൻ തെരഞ്ഞെടുപ്പുകളെപ്പോലെ കോ–-ലീ–-ബി സഖ്യം ഈ തെരഞ്ഞെടുപ്പിലും ഇല്ലേ
എല്ലാ തരത്തിലുമുള്ള വോട്ട്‌ കച്ചവടവും ബിജെപിയും യുഡിഎഫും തമ്മിലുണ്ട്‌. പ്രാദേശിക തലത്തിൽപ്പോലും ആ ബന്ധമാണുള്ളത്.‌ കഴിഞ്ഞ തദ്ദേശഭരണ തെരഞ്ഞെടുപ്പിൽ നമ്മൾ കണ്ടു. ബിജെപിയുമായി വോട്ടു കച്ചവടം ഉറപ്പാക്കിയാണ്‌ കോൺഗ്രസ്‌ സ്ഥാനാർഥിപ്പട്ടിക തയ്യാറാക്കാറ്‌. ഇക്കുറി മൂന്നിടത്ത്‌ ബിജെപിക്ക്‌ സ്ഥാനാർഥിതന്നെയില്ല. ഇതെല്ലാം വിരൽചൂണ്ടുന്നത്‌ ബേപ്പൂർ –-വടകര–- നേമം മോഡൽ വോട്ട്‌ കച്ചവടത്തിലേക്കാണ്‌. എന്നാൽ, ഇതിനെയെല്ലാം അതിജീവിച്ചാണ്‌ എൽഡിഎഫ്‌ എന്നും ജയിച്ചുവന്നത്‌. മതനിരപേക്ഷതയുടെ ഈ നാട്‌ ഈ തെരഞ്ഞെടുപ്പിലും കോ–-ലീ–-ബി സഖ്യം തിരിച്ചറിഞ്ഞ്‌ എൽഡിഎഫിന്‌ വലിയ വിജയം സമ്മാനിക്കും.

ഇരട്ട വോട്ട്‌ വിവാദത്തെ എങ്ങനെ കാണുന്നു
വോട്ടർപട്ടിക തയ്യാറാക്കുന്നത്‌ തെരഞ്ഞെടുപ്പ്‌ കമീഷനാണ്‌. അതിൽ എന്തെങ്കിലും തകരാറുണ്ടെങ്കിൽ പരിഹരിക്കേണ്ടതും അവരാണ്‌. ഒരാൾക്ക്‌ എത്ര വോട്ട്‌ ഉണ്ടെങ്കിലും ഒന്നേ ചെയ്യാനാകൂ. അതിന്‌ ഒരുപാട്‌ നടപടികൾ സ്വീകരിക്കാനാകും. ഇതിൽ എൽഡിഎഫിനും സർക്കാരിനും എന്ത്‌ പങ്കാണുള്ളത്‌. എല്ലാ പാർടിയിൽപ്പെട്ടവർക്കും ഇരട്ട വോട്ട്‌ ഉണ്ടെന്ന വാർത്തകളും ഇപ്പോൾ പുറത്തുവന്നുകൊണ്ടിരിക്കുകയാണ്‌. ഇതുസംബന്ധിച്ച യുഡിഎഫ്‌ ആരോപണം തെരഞ്ഞെടുപ്പ്‌ പരാജയം മുന്നിൽക്കണ്ടുള്ളതാണ്‌.

തയ്യാറാക്കിയത്:‌ റഷീദ്‌ ആനപ്പുറം


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top