17 June Monday

ഓർമയിൽ എ വി കുഞ്ഞമ്പു

വെബ് ഡെസ്‌ക്‌Updated: Saturday Jun 8, 2019

കേരളത്തിലെ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ സമരനായകരിൽ ഒരാളും സമുന്നത നേതാവുമായിരുന്ന  സ. എ വി കുഞ്ഞമ്പു 39 വർഷംമുമ്പ് നമ്മെ വിട്ടുപിരിഞ്ഞു. ദേശീയപ്രസ്ഥാനത്തിലൂടെ പൊതുരംഗത്തേക്ക‌് വന്ന അദ്ദേഹം അധ്വാനിക്കുന്ന ജനവിഭാഗങ്ങളുടെ താൽപ്പര്യങ്ങൾക്കായി  ജീവിതം സമർപ്പിച്ചു. അഭിനവ ഭാരത യുവക് സംഘ‌് എന്ന യുവജനസംഘടന രൂപീകരിച്ചത് എ വിയുടെ നേതൃത്വത്തിലായിരുന്നു. രാജ്യത്തെ പുരോഗമന യുവജനപ്രസ്ഥാനങ്ങളുടെ ചരിത്രത്തിലെ ആദ്യ ഏടുകളിലൊന്നായി അത് മാറി.

കമ്യൂണിസ്റ്റ് കർഷകമുന്നേറ്റത്തിന്റെ വീരേതിഹാസമായ കരിവെള്ളൂർ സമരത്തിന്റെ നായകനായിരുന്നു. മൊറാഴ സംഭവത്തെതുടർന്ന‌് ദീർഘകാലം ഒളിവുജീവിതം നയിക്കേണ്ടിവന്നു. ആ ഘട്ടത്തിൽ മലബാർ കേന്ദ്രീകരിച്ച് പാർടിയും തൊഴിലാളിപ്രസ്ഥാനവും കെട്ടിപ്പടുക്കാൻ അസാധാരണമായ ഊർജസ്വലതയും സാമർഥ്യവും കാട്ടി.  മർദകഭരണങ്ങൾക്കെതിരെ ധീരമായി സമരം നയിച്ചിട്ടുള്ള എ വി, വിപ്ലവകാരികൾക്ക് എന്നും ആവേശം പകരുന്ന ഓർമയാണ്. പൊലീസിന്റെ പിടിയിൽനിന്ന‌് സാഹസികമായി രക്ഷപ്പെട്ടതും പൊലീസിന്റെ ക്രൂരമർദനങ്ങൾക്ക് ഇരയായിട്ടും പാർടിരഹസ്യങ്ങൾ അണുവിടപോലും പുറത്തുപറയാതെ നിലകൊണ്ടതും ധീരതയുടെ മുഖം വെളിപ്പെടുത്തുന്നു. കമ്യൂണിസ്റ്റ് പാർടിയുടെ ആദ്യകാല നേതാക്കളിലൊരാളായിരുന്ന അദ്ദേഹത്തെ പാർടിയുടെ ദേശീയ കൗൺസിൽ അംഗമായി തെരഞ്ഞെടുത്തിരുന്നു. റിവിഷനിസത്തിനെതിരായ സമരത്തിന്റെ ഭാഗമായി ദേശീയ കൗൺസിലിൽനിന്ന‌് ഇറങ്ങിപ്പോയ അംഗങ്ങളിൽ എ വിയും ഉണ്ടായിരുന്നു. ആശയരംഗത്തുണ്ടാകുന്ന പാളിച്ചകൾ തിരുത്തി, ശരിയായ നിലപാട് എടുക്കുന്നതിനും അവ വിട്ടുവീഴ്ചയില്ലാതെ നടപ്പാക്കുന്നതിനും അദ്ദേഹം ശ്രദ്ധിച്ചു.

മികച്ച പാർടി അധ്യാപകനായിരുന്നു എ വി. പാർടി പ്രവർത്തകരുടെ വിഷമങ്ങൾ മനസ്സിലാക്കുകയും തെറ്റുകളിൽ വീഴാതെ അവരെ നയിക്കുകയും ചെയ‌്ത നേതാവായിരുന്നു അദ്ദേഹം. രാജ്യസഭാംഗം, നിയമസഭാംഗം എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്ന അദ്ദേഹം, ആ മേഖലകളെ കേവലം പാർലമെന്ററി ജനാധിപത്യത്തിന്റെ നാലതിരുകൾക്കുള്ളിൽ ഒതുക്കാതെ വിപ്ലവപ്രവർത്തനത്തിനുള്ള വേദിയാക്കി മാറ്റി. നല്ല ഭാഷയും വ്യാകരണശുദ്ധിയും ദൃഢതയും ആശയവ്യക്തതയും എ വിയുടെ പ്രസംഗങ്ങളെ ആകർഷണീയമാക്കി. യുവാക്കളെ ഏറെ പ്രോത്സാഹിപ്പിച്ച സഖാവ്, അവരുടെ വീഴ്‌ച യഥാസമയം കണ്ടെത്തി തിരുത്തിക്കാനുള്ള കഴിവും പ്രകടിപ്പിച്ചു. സഖാക്കളെ പ്രവർത്തനരംഗത്തിറക്കുന്നതിൽ അസാധാരണമായ പാടവമുണ്ടായിരുന്നു. സിപിഐ എം കണ്ണൂർ ജില്ലാ സെക്രട്ടറിയായിരിക്കുമ്പോഴും, അതിനുശേഷവും പാർടിയിൽ ഐക്യത്തിനും സഖാക്കളെ ഒറ്റക്കെട്ടായി മുന്നോട്ട‌് കൊണ്ടുപോകുന്നതിനും എ വി പ്രകടിപ്പിച്ച ശ്രദ്ധ അവിസ‌്മരണീയമാണ്. പിണറായി വിജയൻ നയിക്കുന്ന എൽഡിഎഫ് സർക്കാർ മൂന്നുവർഷം പിന്നിട്ട‌്, കൂടുതൽ ജനപിന്തുണ ആർജിച്ച് മുന്നോട്ടുപോകുമ്പോഴാണ‌്  ഇത്തവണ എ വി സ‌്മരണ പുതുക്കുന്നത്. എൽഡിഎഫ്‌ സർക്കാരിനെ ശക്തിപ്പെടുത്തുന്നതിനും അഴിമതിമുക്തമായ വികസിത കേരളം കെട്ടിപ്പടുക്കാനുമുള്ള  പരിശ്രമങ്ങൾക്ക് ഈ ദിനം ശക്തിപകരും.


പ്രധാന വാർത്തകൾ
 Top