26 October Monday

കോർപറേറ്റുകളുടെ നല്ലകാലം - എ എം ആരിഫ്‌ എഴുതുന്നു

എ എം ആരിഫ്‌Updated: Saturday Sep 26, 2020

കോവിഡ് മഹാമാരി ജീവനും ജീവിതവും കവരുമ്പോൾ മോഡി ഭരണത്തിൻ കീഴിൽ വൻകിട കോർപറേറ്റുകൾക്കായി നിയമനിർമാണങ്ങൾ തകൃതിയായി നടത്തിക്കൊടുക്കുന്നതായിരുന്നു 10 ദിവസത്തെ പാർലമെന്റ് സമ്മേളനം. ഭരണനിർവഹണത്തിന്റെ ഭാഗമായ സാമ്പത്തികകാര്യങ്ങൾക്കും അധിക സാമ്പത്തിക ആവശ്യങ്ങൾക്കും സഭയുടെ അനുമതി തേടുന്നതോടൊപ്പം രണ്ടു സമ്മേളനം തമ്മിലുള്ള കാലം ആറു മാസത്തിൽ അധികരിക്കരുതെന്ന ഭരണഘടനാ ബാധ്യതയും പാലിക്കുന്നതിനായിരുന്നു ഈ സമ്മേളനം. അസാധാരണ സാഹചര്യങ്ങളിൽമാത്രം നിയമത്തിന് തത്തുല്യമായി രാഷ്‌ട്രപതിയുടെ പേരിൽ ഇറക്കുന്ന ഓർഡിനൻസുകൾ ആറു മാസത്തിനുള്ളിൽ പാർലമെന്റിന്റെ അംഗീകാരം നേടിയില്ലെങ്കിൽ അസാധുവാകും. കോവിഡ് പശ്ചാത്തലത്തിൽ ചേർന്ന സമ്മേളനം പ്രതിഷേധവേലിയേറ്റത്തിൽ പര്യവസാനിക്കുകയും പാർലമെന്റ് ചരിത്രത്തിലെ ഇരുണ്ട അധ്യായമായി മാറുകയും ചെയ്തു. 

കർഷക– -തൊഴിലാളി സഹകരണവിരുദ്ധ നിയമ നിർമാണങ്ങൾവഴി കോർപറേറ്റുകൾക്ക് രക്ഷയൊരുക്കുന്നതിന് എത്രത്തോളം മോഡി സർക്കാർ പ്രതിജ്ഞാബദ്ധമാണെന്ന് വിളിച്ചുപറയുന്നതായിരുന്നു ഈ സമ്മേളനം. എല്ലാം കോവിഡിന്റെ തലയിൽ കെട്ടിവയ്‌ക്കാൻ ശ്രമിക്കുന്ന കേന്ദ്രധനമന്ത്രി കോവിഡിന്റെ  ഭാഗമായി തൊഴിൽ നഷ്ടപ്പെട്ട അനേകലക്ഷങ്ങളെക്കുറിച്ചും 45 വർഷത്തിനിടയിൽ രൂക്ഷമായ തൊഴിലില്ലായ്മയെക്കുറിച്ചും തെരുവിൽ മരിച്ചുവീണ നൂറുകണക്കിന് അതിഥിത്തൊഴിലാളികളെക്കുറിച്ചും ഉയർത്തിയ ഒരു ചർച്ചയ്ക്കും മറുപടി പറഞ്ഞില്ല. കോവിഡ്മൂലം ദുരിതമനുഭവിക്കുന്നതും ആദായനികുതി അടയ്ക്കാത്തവരുമായ ആളുകൾക്ക് പ്രതിമാസം 7500 രൂപ പ്രകാരം ആറു മാസത്തേക്ക്‌ നൽകണമെന്ന ഇടതുപക്ഷത്തിന്റെ ആവശ്യമാകട്ടെ ബധിരകർണങ്ങളിലാണ് പതിഞ്ഞത്.

നോട്ട് അസാധുവാക്കലും അശാസ്ത്രീയ ജിഎസ്‌ടിയും തകർത്ത തൊഴിൽ സ്ഥാപനങ്ങളെക്കുറിച്ചോ തൊഴിലാളികളെക്കുറിച്ചോ കേന്ദ്രം ചിന്തിച്ചില്ല. കോർപറേറ്റുകളെ രക്ഷിച്ചാൽ അവർ തങ്ങളെ രക്ഷിച്ചോളും–- ഇതാണ് ഭരണകർത്താക്കളുടെ വിചാരം. ജിഡിപി തകർച്ചയോ പാർലമെന്റ് ചർച്ചചെയ്യാമെന്ന് ഉറപ്പ് നൽകിയ പുതിയ വിദ്യാഭ്യാസനയമോ പരിസ്ഥിതി പ്രഖ്യാപനങ്ങളോ ഒന്നും ചർച്ച ചെയ്യാൻ നേരമില്ലായിരുന്നു. കരയും കടലും ആകാശവും കോർപറേറ്റുകൾക്ക് നൽകാനുള്ള വ്യഗ്രത പ്രതിഫലിക്കുന്ന നിലയിൽ ദോശ ചുട്ടെടുക്കുന്ന ലാഘവത്തോടെയുള്ള നിയമനിർമാണങ്ങൾ നടത്തിയെടുത്ത് സമ്മേളനം അവസാനിപ്പിക്കുകയായിരുന്നു.


 

പ്രധാനമന്ത്രിയുടെ പേരിലുള്ള ദേശീയ ദുരിതാശ്വാസനിധി ഔദ്യോഗികമായി നിലനിൽക്കെ പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയും ധനമന്ത്രിയും പ്രതിരോധമന്ത്രിയുംമാത്രം അംഗങ്ങളായി ഒരു ഓഡിറ്റിനും വിധേയമല്ലാത്ത ഒരു സ്വകാര്യട്രസ്റ്റുണ്ടാക്കി അതിന് പിഎം കെയർ ഫണ്ട് എന്ന പേരിട്ട് എല്ലാ പൊതുമേഖലാ സ്ഥാപനങ്ങളിൽനിന്നും രാജ്യത്തിനകത്തും പുറത്തുമുള്ള കോർപറേറ്റ് സ്ഥാപനങ്ങളിൽനിന്നും കോടാനുകോടി രൂപ സമാഹരിച്ച് നടത്തുന്ന ഫണ്ടിന്റെ വരവും ചെലവും ചോദിച്ചപ്പോൾ ഒരു മറുപടിയും പറഞ്ഞില്ല. എന്നുമാത്രമല്ല, പ്രതിപക്ഷത്തെ പ്രകോപിപ്പിച്ച് സഭയിൽ ബഹളമുണ്ടാക്കാനുള്ള അടവാണ് ധനമന്ത്രിയും സഹമന്ത്രിയും സ്വീകരിച്ചത്.  അയൽരാജ്യങ്ങളുമായി മൂന്ന് നാല് പതിറ്റാണ്ടുകളായി നിലനിന്നിരുന്ന സൗഹൃദത്തെ തകർത്ത് യുദ്ധസമാനമായി രാജ്യാതിർത്തികൾ മാറുന്നതിന്റെ സാഹചര്യം ചർച്ച ചെയ്താൽ അത് രാജ്യസുരക്ഷയെ ബാധിക്കുമെന്നു പറഞ്ഞ് അതും അവഗണിച്ചു.

കാർഷികമേഖലയിൽ കരാർക്കൃഷി വ്യാപകമാക്കുന്നതിനുള്ള നിയമമാക്കി കൃഷിയിടങ്ങൾ കോർപറേറ്റുകൾക്ക് നൽകുന്ന ഫാർമേഴ്സ് (എംപവർമെന്റ് ആൻഡ് പ്രൊട്ടക്ഷൻ) എഗ്രിമെന്റ് ഓൺ പ്രൈസ് അഷ്വറൻസ് ആൻഡ് ഫാം സർവീസസ് എന്ന കർഷക ബില്ലും കർഷകർക്ക് ലഭിക്കുന്ന മിനിമം താങ്ങുവില ഇല്ലാതാക്കുന്നതും കർഷകരുടെ പ്രാദേശിക മാർക്കറ്റുകൾ തകർത്ത് കോർപറേറ്റുകൾക്ക് കർഷകരെ എറിഞ്ഞുകൊടുക്കുന്ന ഫാർമേഴ്സ് പ്രൊഡ്യൂസ് ട്രേഡ് ആൻഡ് കൊമേഴ്സ് (പ്രൊമോഷൻ ആൻഡ് ഫെസിലിറ്റേഷൻ) ബിൽ എന്ന മറ്റൊരു കർഷകബില്ലും പാസായി. കർഷകരിൽനിന്ന്‌ ന്യായവില നല്കി സംഭരിക്കുന്ന സർക്കാർ സംവിധാനത്തിൽനിന്നു മാറി കോർപറേറ്റുകൾക്ക് സംഭരിക്കാൻ അവസരം നൽകുന്നതും പൂഴ്ത്തിവയ്പിന് നിയമ സാധുത നൽകുന്നതും പൂഴ്ത്തിവയ്പിനെതിരെ നിയമനടപടി സ്വീകരിക്കാനുള്ള സംസ്ഥാന സർക്കാരുകളുടെ അധികാരം കവരുന്നതുമായ എസൻഷ്യൽ കമോഡിറ്റി ബില്ലുൾപ്പെടെ മൂന്ന്‌ കർഷകദ്രോഹബില്ലാണ് പാസാക്കിയത്. ഈ ബില്ലുകൾ ആദ്യം ലോക്‌സഭയിൽ പാസാക്കുന്ന ഘട്ടം വന്നപ്പോൾ ശക്തമായ പ്രതിഷേധം ഉയർത്താൻ പ്രതിപക്ഷത്തിനായില്ല. ശക്തമായ പ്രതിപക്ഷധാരണ ഉണ്ടായിരുന്നെങ്കിൽ രാജ്യസഭയ്ക്കു സമാനമായ പ്രതിഷേധം ലോക്‌സഭയിലും ഉയർത്തിക്കൊണ്ടുവരാൻ കഴിയുമായിരുന്നു.


 

തൊഴിലാളികൾക്ക് സംഘടിക്കാനും അവകാശങ്ങൾക്കായി ശബ്ദം  ഉയർത്താനുമുള്ള ഭരണഘടനാപരമായ സ്വാതന്ത്ര്യങ്ങളെല്ലാം തകർത്തു തരിപ്പണമാക്കി കോർപറേറ്റുകൾക്ക് യഥേഷ്ടം തൊഴിലാളികളെ ഹയർ ആൻഡ്‌ ഫയർ മാതൃകയിൽ പിരിച്ചുവിടാൻ അനുവാദം നൽകുന്ന തൊഴിൽ നിയമങ്ങളാണ് ലേബർ കോഡ് ബില്ലുകൾ എന്ന പേരിൽ പാസാക്കിയത്. തൊഴിലാളികളുടെ സാമൂഹ്യസുരക്ഷ, വ്യവസായബന്ധങ്ങൾ, ജോലിസ്ഥലത്തെ സുരക്ഷ, വേതനചട്ടം എന്നിങ്ങനെ നാല്‌ കോഡാക്കിക്കൊണ്ട് നിലവിലുണ്ടായിരുന്ന 44 നിയമം മാറ്റി. അതിൽ വേതനചട്ടം കഴിഞ്ഞ സമ്മേളനത്തിൽ പാസാക്കിയെടുത്തു. ഇപ്പോൾ പരിഗണിച്ച മൂന്ന്‌ കോഡിൽ പാർലമെന്റ് സ്റ്റാൻഡിങ്‌ കമ്മിറ്റി യോജിച്ച് നൽകിയ ശുപാർശകൾപോലും പരിഗണിച്ചില്ല. ട്രേഡ് യൂണിയനുകളുമായി ചർച്ചയും നടത്തിയില്ല. നിലവിൽ നിരവധി തൊഴിൽനിയമങ്ങൾ നിലനിൽക്കുന്ന സംസ്ഥാന സർക്കാരുകളുമായി ആശയവിനിമയം നടത്തിയില്ല. ഭരണകക്ഷി തൊഴിൽ സംഘടനയായ ബിഎംഎസിന്റെ എതിർപ്പുപോലും പരിഗണിച്ചില്ല. കർഷകദ്രോഹബില്ലിന്റെ പേരിൽ രാജ്യസഭയിൽ വോട്ട് ചോദിച്ചതിനെത്തുടർന്ന് സസ്പെൻഡ്‌ ചെയ്യപ്പെട്ട എട്ട്‌ രാജ്യസഭാംഗങ്ങളുടെ സസ്പെൻഷൻ പിൻവലിച്ചാൽമാത്രമേ ലോക്‌സഭ ചേരാനാകൂ എന്നു പറഞ്ഞ് പ്രതിപക്ഷമാകെയും സമരരംഗത്ത് വന്നപ്പോൾ ലോക്‌സഭയിൽ ഉണ്ടായിരുന്ന മൂന്ന്‌ സിപിഐ എം അംഗങ്ങൾ പൊതുസമരത്തിനോടൊപ്പം ചേർന്നു. (അസുഖബാധിതരായതിനാൽ രണ്ട് സിപിഐ അംഗങ്ങൾ സഭയിൽ എത്തിയിരുന്നില്ല) എന്നാൽ, തൊഴിൽ നിയമങ്ങളിൽ സിപിഐ എം അംഗങ്ങൾ സമർപ്പിച്ച നൂറിൽപ്പരം ഭേദഗതി ചർച്ചചെയ്യണമെന്നും ലേബർ കോഡുകളെ സംബന്ധിച്ച ചർച്ച ഒരു ദിവസത്തേക്ക്‌ മാറ്റിവയ്ക്കണമെന്നുമുള്ള ആവശ്യം കക്ഷിനേതാക്കളുടെ യോഗത്തിൽ ഈ ലേഖകൻ ആവശ്യപ്പെട്ടു. അതും പാലിക്കപ്പെട്ടില്ല.

ഇന്ത്യൻ തൊഴിൽമേഖലയിൽ തൊഴിലാളികളെ ദ്രോഹിക്കാൻ മുതലാളിമാർക്ക് അവസരം ഒരുക്കുന്ന മൂന്ന്‌ ലേബർകോഡ് ബിൽ പ്രതിപക്ഷ അഭാവത്തിൽ ലോക്‌സഭ പാസാക്കിയെടുക്കുകയും രാജ്യസഭയിൽ പാസാക്കുന്നതിനായി 23ലെ ലോക്‌സഭാ സമ്മേളനം പകൽ മൂന്നിന്‌ ആരംഭിക്കുന്നതിനു പകരം വൈകിട്ട്‌ ആറിലേക്ക്‌ മാറ്റിയതുവഴി കോർപറേറ്റുകളോട് തങ്ങൾ എത്രത്തോളം കടപ്പെട്ടിരിക്കുന്നുവെന്നും തെളിയിച്ചു.ബാങ്കിങ്‌ റെഗുലേഷൻ നിയമം, വിദേശഫണ്ട് വിനിമയനിയന്ത്രണനിയമം, ഇൻസോൾവൻസി ബാങ്ക് റെപ്റ്റ്സി നിയമം, ടാക്സേഷൻ ഇളവ് നിയമം എന്നിങ്ങനെ ഇറങ്ങിയ ഓർഡിനൻസുകളെല്ലാം നിയമമാക്കി മാറ്റി. 12 മേജർ തുറമുഖംഅദാനിമാർക്ക് നൽകാൻ വഴിയൊരുക്കുന്ന മേജർ പോർട്ട് നിയമവും ഇതോടൊപ്പം പാസാക്കി.

ഇതിനിടയിൽ ഡൽഹി കലാപത്തിന് പ്രേരിപ്പിച്ചത് പ്രതിപക്ഷകക്ഷി നേതാക്കളുടെ പ്രസംഗമാണെന്നുള്ള നിലയിൽ സീതാറാം യെച്ചൂരി ഉൾപ്പെടെയുള്ള നേതാക്കളെയും സാംസ്കാരിക നായകരെയും ജാമ്യംപോലും നിഷേധിച്ച് കൽത്തുറുങ്കിലാക്കുന്ന യുഎപിഎ ചുമത്തി പ്രതിയാക്കി കുറ്റപത്രം നൽകാനുള്ള ഡൽഹി പൊലീസിന്റെ നീക്കങ്ങളും സഭയിൽ ഇടതുപക്ഷം ഉന്നയിച്ചെങ്കിലും ഒരു മറുപടിയും ഉണ്ടായില്ല. എളമരം കരീം, കെ കെ രാഗേഷ് ഉൾപ്പെടെയുള്ള എട്ട്‌ അംഗങ്ങളെ രാജ്യസഭയിൽനിന്ന്‌ സസ്പെൻഡ്‌ ചെയ്ത പ്രശ്നം പാർലമെന്റിന്റെ ഇരു സഭകളെയും പ്രക്ഷുബ്ധമാക്കുകയും സഭ ബഹിഷ്കരിച്ച് പാർലമെന്റ് കോമ്പൗണ്ടിനുള്ളിൽ പ്രതിപക്ഷ ഐക്യനിര പ്രകടനം നടത്തുകയും ചെയ്തു.

നേതൃദാരിദ്ര്യംകൊണ്ടും കോൺഗ്രസിന്റെ ദുരവസ്ഥകൊണ്ടും ദയനീയമായി ലോക്‌സഭയിലെ പ്രതിപക്ഷ പ്രകടനം. ഇടതുപക്ഷ അംഗങ്ങളുടെ അംഗബലം വർധിച്ചിരുന്നെങ്കിൽ ഇത്തരം ഒരു സാഹചര്യത്തിൽ ലോക്‌സഭ ഇതിനേക്കാൾ പ്രക്ഷുബ്ധമായേനേ എന്ന് ഏവരും ഒരുപോലെ സമ്മതിക്കുന്നതായിരുന്നു പാർലെമന്റിലെ സംഭവവികാസങ്ങൾ.
2024ൽ തെരഞ്ഞെടുപ്പാകുമ്പോൾ രാമക്ഷേത്രം നിർമാണം പൂർത്തിയാകും. അതൊരു തെരഞ്ഞെടുപ്പാഘോഷമാക്കിമാറ്റി ഞങ്ങൾ വീണ്ടും അധികാരത്തിൽ എത്തിക്കൊള്ളാം, നിങ്ങൾ എന്തുവേണമെങ്കിലും കാണിച്ചുകൊള്ളൂ എന്ന മട്ടിലായിരുന്നു 15 മിനിറ്റുമാത്രം ലോക്‌സഭയിൽ വന്ന മോഡിയുടെ മനോഭാവം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top