28 May Thursday

വീണത്‌ ജനാധിപത്യത്തിന്റെ തൂണുകൾ

എ എം ആരിഫ്‌Updated: Wednesday Mar 18, 2020

ഡൽഹി കലാപത്തിന്റെ നാലാംനാളിലാണ് ഞാനും കോയമ്പത്തൂർ എംപിയായ പി കെ നടരാജനുംകൂടി ആ മേഖലയിലേക്ക്‌ പോയത്‌.  ഡൽഹിയിലെ സിപിഐ എം സഖാക്കൾ സമാഹരിച്ച ഉൽപ്പന്നങ്ങളും മരുന്നും പണവുമായി വടക്കു കിഴക്കൻ ഡൽഹിയിലെ ശിവപുരി ഉൾപ്പെടെയുള്ള സ്ഥലങ്ങളിലേക്കാണ്‌ ഞങ്ങൾ ആദ്യം പോയത്‌. എംപിമാർ ആണെന്നറിഞ്ഞപ്പോൾ വാഹനവുമായി പോകാനാകില്ലെന്ന് പൊലീസ്‌ പറഞ്ഞു.  കത്തിക്കരിഞ്ഞ കടകളുടെയും സ്ഥാപനങ്ങളുടെയും മുന്നിൽ തകർന്ന മനസ്സോടെ കഴിയുന്ന മുസ്ലിം സഹോദരങ്ങളെ ആദ്യം കണ്ടു. അവിടെ ഹൈന്ദവരും മുസ്ലിങ്ങളും  വളരെയധികം സൗഹാർദത്തോടെ കഴിഞ്ഞുവന്നതാണ്. തെരഞ്ഞെടുപ്പിൽമാത്രമേ രാഷ്ട്രീയമായ ചേരിതിരിവ് ഉണ്ടാകാറുള്ളൂ. മതപരമായ ഭിന്നത ഉണ്ടാകാറേയില്ല. അത്തരമൊരു സ്ഥലത്ത് ജനക്കൂട്ടം മാരകായുധങ്ങളും പെട്രോളുമായി വന്ന് വീടുകളും ആരാധനാലയങ്ങളും തീയിട്ടതിന്റെയും ആളുകളെ കൂട്ടക്കൊല ചെയ്‌തതിന്റെയും ഞെട്ടലിൽനിന്ന്‌ അവർ മോചിതരായിട്ടില്ല. ഉത്തർപ്രദേശിൽനിന്ന്‌ ആർഎസ്‌എസുകാരും ബജ്‌രംഗ്‌ദളുകാരും കൂട്ടത്തോടെ വന്നാണ് ആക്രമണം നടത്തിയതെന്ന് നാട്ടുകാർ പറഞ്ഞു.

ഹൈന്ദവസഹോദരങ്ങൾക്കുനേരെ നടന്ന ആക്രമണങ്ങളെക്കുറിച്ചും  ഞങ്ങൾ ചോദിച്ചു. അവർക്ക് ഒരു പരിചയവുമില്ലാത്ത ചിലയാളുകൾ പുറത്തുനിന്ന് വന്നാണ് ഹൈന്ദവരെയും ചില പൊലീസ് ഉദ്യോഗസ്ഥരെയും ആക്രമിച്ചത്. ഇരുവിഭാഗങ്ങളുടെയും ആരാധനാലയങ്ങൾ ഉണ്ടെങ്കിലും ഒരു വിഭാഗത്തിന്റേതു മാത്രമാണ്‌  തകർക്കപ്പെട്ടത്. മറു വിഭാഗത്തിന്റെ ഒന്നും ആക്രമിക്കപ്പെട്ടില്ലെന്ന് അവർ പറഞ്ഞത്‌ വസ്തുതയാണെന്ന്‌ നേരിട്ട്‌ ബോധ്യപ്പെടുകയുംചെയ്തു.


 

കുറെ മുന്നോട്ടുപോയപ്പോൾ കത്തിക്കരിഞ്ഞ ഒരു സർവീസ് സ്റ്റേഷനും വർക്‌ഷോപ്പും അതിനുമുന്നിൽ ഒരു മനുഷ്യൻ ഒറ്റയ്ക്ക് കസേരയിൽ ഇരിക്കുന്നതും കണ്ടു. ചമൻപാർക്ക് എന്ന സ്ഥലമായിരുന്നു അത്. തലയിൽ തുണികൊണ്ട് കെട്ടിവച്ചിരിക്കുന്നു.  അടുത്തുചെന്ന് പേര് ചോദിച്ചപ്പോൾ ‘റാംനാഥ് ചൗധരി' എന്ന് പറഞ്ഞു. പുറമേനിന്നുള്ള ഒരു കൂട്ടം ആളുകൾ  വന്ന് ആക്രമിക്കുകയും സ്ഥാപനത്തിന് തീ കൊളുത്തുകയുമായിരുന്നു. തൊട്ടടുത്ത്‌ കട നടത്തുന്ന ഒരു മുസ്ലിം സഹോദരൻ വന്നാണ് അക്രമികളിൽനിന്ന്‌ രക്ഷിച്ചതെന്ന് റാംനാഥ് ചൗധരി പറഞ്ഞു. ആക്രമണം നടക്കുമ്പോൾ പൊലീസ് സ്ഥലത്തില്ലായിരുന്നു. പിന്നീട്  പൊലീസ്  സ്ഥലത്തുള്ളപ്പോഴും ആക്രമണം നടന്നെന്നും അവർ ഇടപെട്ടില്ലെന്നും വിറയൽ മാറാതെ ചൗധരി പറഞ്ഞു. ഇതേപോലെയുള്ള അനുഭവങ്ങൾതന്നെയാണ് എല്ലായിടത്തും നടന്നതെന്ന് തുടർന്ന്‌ സംസാരിച്ചവരുടെ അനുഭവങ്ങളിൽനിന്ന്‌ ഞങ്ങൾക്ക് മനസ്സിലായി.

പൗരത്വ ഭേദഗതി നിയമത്തിനെതിരെയുള്ള ഷഹീൻബാഗിലെ സമരസ്ഥലത്ത് ലോക്‌സഭയിലെ സിപിഐ എം അംഗങ്ങളായ ഞാനും പി കെ നടരാജനും എസ് വെങ്കിടേഷും നേരത്തെ പോയിരുന്നു. സ്ത്രീസമൂഹം വളരെ സമാധാനപരമായി നടത്തിയ സമരമായാണ് ബോധ്യപ്പെട്ടത്. ഡൽഹി തെരഞ്ഞെടുപ്പിന്റെ സമയമായിരുന്നിട്ടും പ്ലക്കാർഡുകൾ പിടിച്ച്‌ കറുത്ത തുണികൊണ്ട് വായ് മൂടിക്കെട്ടി നൂറുകണക്കിന്  സ്ത്രീകൾ സമാധാനപരമായി സമരപ്പന്തലിൽ ഇരുന്നു. ഷഹീൻബാഗിലെ സമരം ഡൽഹി തെരഞ്ഞെടുപ്പിൽ ഉപയോഗിക്കാൻ ബിജെപി കിണഞ്ഞ്‌ പരിശ്രമിച്ചിരുന്നു. ജനുവരി 24ന് ബിജെപി നേതാവ്‌ കപിൽമിശ്ര ഷഹീൻബാഗ്‌ സമരക്കാരും  സമരവിരുദ്ധരും തമ്മിലുള്ള തെരഞ്ഞെടുപ്പാണിതെന്നും ഇത് ഇന്ത്യയും  പാകിസ്ഥാനും തമ്മിലുള്ള യുദ്ധം പോലെയാണെന്നും പ്രസംഗിച്ചു. 27ന് കേന്ദ്ര ധനകാര്യസഹമന്ത്രി അനുരാഗ്  താക്കൂർ ഷഹീൻബാഗ് സമരക്കാർ ഒറ്റുകാരാണെന്നും അവരെ വെടിവച്ച് കൊല്ലണം എന്നും പ്രസംഗിച്ചു.  28ന് ഷഹീൻബാഗ്  സമരക്കാരിൽനിന്ന്‌ കശ്മീരിൽ അവിടത്തെ പണ്ഡിറ്റുമാർക്ക് ഉണ്ടായപോലുള്ള അനുഭവങ്ങൾ ഉണ്ടാകുമെന്നും ഹിന്ദുക്കളെ ആക്രമിക്കുമെന്നും ബിജെപി നേതാവായ പർവേസ് വർമ പ്രസംഗിച്ചു. മൂന്നുപേർക്കും തെരഞ്ഞെടുപ്പ്‌ കമീഷൻ പ്രചാരണവിലക്ക് ഏർപ്പെടുത്തി.


 

ഇതിനിടയിൽ ജാമിയ മിലിയ സർവകലാശാലാ ലൈബ്രറിയിലും ലാബിലും പൊലീസുകാർ നടത്തിയ ആക്രമണങ്ങളുടെ വീഡിയോ പ്രചരിക്കപ്പെട്ടു. രാത്രി രണ്ടുപേർ ഹോസ്റ്റലിനുനേരെ വെടിയുതിർത്ത സംഭവവും ഉണ്ടായി. ജനുവരി 30 ന് പ്രായപൂർത്തിയാകാത്ത ഒരാൾ ഷഹീൻബാഗ് സമരക്കാർക്കുനേരെ വെടിവച്ചു. ഒരാൾക്ക് പരിക്ക് പറ്റി. ഫെബ്രുവരി ഒന്നിന് ഇവിടെ ഹിന്ദുക്കൾ മതിയെന്ന് ആക്രോശിച്ചുകൊണ്ട് കപിൽ ഗുജാർ എന്ന ചെറുപ്പക്കാരനും വെടിയുതിർത്തു. ഡൽഹി തെരഞ്ഞെടുപ്പിൽ വർഗീയത ആളിക്കത്തിച്ച് മുതലെടുക്കാനുള്ള ശ്രമങ്ങളായിരുന്നു ഇതെല്ലാം.

ഇത്രയും സംഭവങ്ങൾ ഉണ്ടായിട്ടും ഷഹീൻബാഗിലെ സമരക്കാർ  സമാധാനപരമായാണ് സമരം നടത്തിയത്. ഡൽഹി തെരഞ്ഞെടുപ്പുഫലം കഴിഞ്ഞ് ഫെബ്രുവരി 22ന് ഷഹീൻബാഗിന് അൽപ്പം മാറി ജാഫ്രാബാദ് മെട്രോസ്റ്റേഷൻ പരിസരത്ത് പൗരത്വബില്ലിനെ അനുകൂലിക്കുന്നവരുടെ സമരം ബിജെപി ആരംഭിച്ചു. 23ന് വൈകിട്ട് മൂന്നിന് ഷഹീൻബാഗ് സമരക്കാർ മൂന്ന് ദിവസത്തിനകം പിരിഞ്ഞുപോകണമെന്ന് ബിജെപി നേതാവ് കപിൽ മിശ്ര ട്വീറ്റ് ചെയ്തു. 23ന്  മൗജൂറിൽ ഇവർ ഒത്തുകൂടി. യുഎസ്‌ പ്രസിഡന്റ് ഡോണൾഡ് ട്രംപ് തിരിച്ചുപോയിക്കഴിഞ്ഞാൽ പിന്നെ പൊലീസിനെ ഞങ്ങൾ അനുസരിക്കില്ലെന്നുള്ള കപിൽമിശ്രയുടെ പ്രസംഗം വീഡിയോയിലൂടെ ലോകം കണ്ടതാണ്. ഈ  ആഹ്വാനശേഷമാണ് കലാപം പൊട്ടിപ്പുറപ്പെട്ടത്. കലാപം ജാഫ്രാബാദ്, ഫജൻപുര, മൗജ്ജൂർ എന്നിവിടങ്ങളിലേക്ക്‌ വ്യാപിച്ചു. തുടർന്ന് നടന്ന സംഭവങ്ങൾ ഏഷ്യാനെറ്റ് ലേഖകൻ വിശദീകരിച്ചതുപോലെ പൊലീസിന്റെ നിഷ്ക്രിയത്വവും മൗനമായ പിന്തുണയുമാണ് 53 ജീവനുകൾ പൊലിയാനും 500ൽ പരം പേർക്ക് പരിക്കുപറ്റാനും നൂറുകണക്കിന് സ്ഥാപനങ്ങൾ കത്തിച്ചാമ്പലാകാനും ഇടവന്നത്. ഇതിനെതിരെ രാജ്യമൊട്ടാകെ പ്രതിഷേധം ആളിക്കത്തിയപ്പോഴാണ് പൊലീസ് രംഗത്ത് വന്നത്‌.  ഈ സംഭവങ്ങളെല്ലാം കാണിക്കുന്നത് 1969ലും 2002ലും വർഗീയധ്രുവീകരണം ലക്ഷ്യംവച്ച് ഗുജറാത്തിൽ നടത്തിയ വർഗീയലഹളയുടെ പുനരാവിഷ്കാരമാണ് ഇവിടെ നടത്തിയത് എന്നാണ്.

മുസ്ലിംപുരുഷന്മാരെമാത്രം ഒരു പരാതിയുടെപുറത്ത് ജാമ്യംപോലും കൊടുക്കാതെ മൂന്ന് കൊല്ലം ജയിലിൽ ഇടുന്ന മുത്തലാഖ് നിയമം, എൻഐഎയ്ക്ക് അമിതാധികാരം നൽകുന്ന എൻഐഎ ഭേദഗതി നിയമം, ഏതൊരാളെയും തീവ്രവാദിയായി പ്രഖ്യാപിച്ച് എത്രകാലം വേണമെങ്കിലും കൽത്തുറുങ്കിൽ അടയ്ക്കാൻ പൊലീസിന് അധികാരം നൽകുന്ന യുഎപിഎ ഭേദഗതി നിയമം, ഭരണഘടനയുടെ  371ാം  വകുപ്പ് പ്രകാരം ഇന്ത്യയിലെ വടക്ക്, കിഴക്കൻ സംസ്ഥാനങ്ങൾക്ക് പ്രത്യേകപദവി നൽകി സംരക്ഷിക്കുമ്പോൾ മുസ്ലിം ഭൂരിപക്ഷമുള്ള കശ്മീരിൽ പ്രത്യേക പദവി നൽകുന്ന 370ാം വകുപ്പ് മാത്രം റദ്ദാക്കൽ, ഏറ്റവും ഒടുവിൽ പൗരത്വ ഭേദഗതി നിയമം എന്നിങ്ങനെ രാജ്യത്തെ ജനങ്ങളെ തമ്മിലടിപ്പിക്കാൻ പരമോന്നത നിയമനിർമാണസഭയെ ഉപയോഗപ്പെടുത്തിയും കൂറുമാറ്റം സംഘടിപ്പിച്ച് സംസ്ഥാനഭരണം അട്ടിമറിച്ചും ജനാധിപത്യത്തിന്റെ ഒന്നാംതൂണായ നിയമനിർമാണ സഭകളെ ആർഎസ്‌എസ്‌ –-പരിവാർ സംഘം തകർക്കുന്നു.


 

കലാപത്തിന് ആഹ്വാനം നൽകിയവരുടെപേരിൽ ഉടൻ കേസ് എടുക്കാൻ ഉത്തരവിട്ട ഹൈക്കോടതി ജസ്റ്റിസ് മുരളീധറിനെ പാതിരാനേരത്ത് മാറ്റുന്നു. ഉടനെ കേസ് എടുക്കണ്ട എന്നുപറഞ്ഞ ജഡ്ജിയെ തൽസ്ഥാനത്ത് പ്രതിഷ്ഠിച്ച് ജനാധിപത്യത്തിന്റെ രണ്ടാംതൂണായ ജുഡീഷ്യറിയെയും തകർക്കുന്നു. കലാപകാരികൾ അഴിഞ്ഞാടുമ്പോഴും, നിരവധി പേർ മരിച്ചുവീഴുമ്പോഴും പൊലീസ് നോക്കുകുത്തിയായി.  ഭരണകൂടത്തിന്റെ ആജ്ഞാനുവർത്തികളാക്കി ജനാധിപത്യത്തിന്റെ മൂന്നാംതൂണായ എക്സിക്യൂട്ടീവിനെയും തകർത്തു. വാർത്ത സത്യസന്ധമായി റിപ്പോർട്ട് ചെയ്ത മലയാളം ചാനലുകൾക്ക് പ്രക്ഷേപണവിലക്ക് ഏർപ്പെടുത്തി ജനാധിപത്യത്തിന്റെ നാലാംതൂണായ മാധ്യമങ്ങളെയും ഭീഷണിപ്പെടുത്തുന്നു.

ഇത്തരം സംഭവങ്ങൾ സഭയിൽ ചർച്ചചെയ്യണമെന്നുപറഞ്ഞ് പ്രതിഷേധിച്ച പാർലമെന്റ് അംഗങ്ങളെ സസ്പെൻഡ്‌ ചെയ്യുന്നു. പാർലമെന്റ് സ്തംഭിപ്പിച്ച് നടത്തിയ പ്രക്ഷോഭങ്ങൾക്കൊടുവിൽ ഇതേക്കുറിച്ച് ചർച്ച നടന്നപ്പോൾ ജുഡീഷ്യലായും ജെപിസി തലത്തിലും അന്വേഷണം വേണമെന്നും   ഇടതുപക്ഷം പാർലമെന്റിൽ ആവശ്യപ്പെട്ടു. അതോടൊപ്പം ദുരന്തത്തിന് ഇരയായവരുടെ കുടുംബാംഗങ്ങൾക്കും നഷ്ടപരിഹാരം നൽകണമെന്നും നിർദേശിച്ചു. കലാപത്തെ പ്രോത്സാഹിപ്പിച്ച ബിജെപി നേതാക്കൾക്കെതിരെ അടിയന്തരമായി കേസെടുക്കണമെന്നും അന്വേഷണം പൂർത്തിയാകുന്നതുവരെ ആഭ്യന്തരമന്ത്രി അമിത് ഷാ മാറിനിൽക്കണമെന്നും അല്ലെങ്കിൽ രാജിവയ്ക്കണമെന്നും ഇടതുപക്ഷം ആവശ്യപ്പെട്ടു.  ഇതിനൊന്നും മറുപടി പറയാൻ തയ്യാറാകാതെ വർഗീയവാദികൾ അഴിഞ്ഞാടിയിട്ട് 36 മണിക്കൂർ കഴിഞ്ഞപ്പോൾ താൻ ഇടപെട്ട് കലാപം അടിച്ചമർത്തിയെന്ന മറുപടിയാണ് അമിത് ഷാ നൽകിയത്. പൗരത്വ ഭേദഗതി നിയമത്തിനെതിരായും എൻആർസിക്കെതിരായും എൻപിആറിന് എതിരായുമുള്ള ചോദ്യങ്ങൾക്കൊന്നുംതന്നെ ഒരു മറുപടിയും പറഞ്ഞില്ല.  ജനാധിപത്യം തകർച്ചയുടെ കുഴിയിലേക്ക് പോകുമ്പോഴും ഷായെയും മോഡിയെയും വാഴ്‌ത്താനായി ബിജെപി അംഗങ്ങൾ മത്സരിക്കുന്നതാണ് ഞങ്ങൾ പാർലമെന്റിൽ കണ്ടത്.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top