20 May Friday

വെല്ലുവിളിക്കപ്പെടുന്ന ജനാധിപത്യം - അഡ്വ. എ എം ആരിഫ് എംപി എഴുതുന്നു

വെബ് ഡെസ്‌ക്‌Updated: Tuesday Dec 28, 2021

ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യരാജ്യമായ ഇന്ത്യയിൽ പാർലമെന്റും ജനാധിപത്യപ്രക്രിയകളുമെല്ലാം വർഗീയ ഫാസിസ്റ്റുകൾ എങ്ങനെയാണ് തങ്ങളുടെ രാഷ്ട്രീയ വർഗീയലക്ഷ്യങ്ങൾക്കായി ദുരുപയോഗിക്കപ്പെടും എന്നതിന്റെ സാക്ഷ്യമായിരുന്നു 18 ദിവസത്തെ ശീതകാല സമ്മേളനം. പാർലമെന്റിൽ തങ്ങൾക്കുള്ള ഭൂരിപക്ഷം ഏതൊരു നടപടിക്രമത്തെയും കീഴ്‌വഴക്കങ്ങളെയും വെല്ലുവിളിക്കാനുള്ള ഒന്നാണെന്നുള്ള ബിജെപിയുടെ ധിക്കാര രാഷ്ട്രീയ വിളംബരമായി ഈ സമ്മേളനം മാറി. പ്രതിപക്ഷം ഉയർത്തിയ പ്രതിഷേധങ്ങളെ കാറ്റിൽപ്പറത്തി രാജ്യസഭയിലെ 12 അംഗങ്ങളെ സസ്‌പെൻഡ് ചെയ്തതിനെത്തുടർന്ന് ഈ അംഗങ്ങൾ രാവും പകലും പാർലമെന്റ് കോമ്പൗണ്ടിനുള്ളിൽ പായവിരിച്ച് സമരം ചെയ്തു.

ഒരു വർഷം കർഷകർ നടത്തിയ ഐതിഹാസിക സമരത്തിന്റെ വിജയമായിരുന്നു കർഷക കരിനിയമങ്ങൾ പിൻവലിച്ചുകൊണ്ടുള്ള ബില്ലുകൾ പാർലമെൻറിൽ അവതരിക്കപ്പെട്ടത്. എന്നാൽ, പിൻവലിക്കൽ ബില്ലുകളിന്മേൽ ഒരു ചർച്ചയും നടത്താൻ അനുവദിച്ചില്ല. സാധാരണ കക്ഷിനേതാക്കൾക്കെങ്കിലും രണ്ടുവാക്കുവീതം പറയാൻ അവസരം നൽകാറുണ്ട്‌. അതുപോലും അനുവദിക്കപ്പെട്ടില്ല. ജീവൻ നഷ്ടപ്പെട്ട എഴുന്നൂറിൽപ്പരം കർഷകർക്ക് നഷ്ടപരിഹാരം, കൃഷിക്കാരെ വാഹനം കയറ്റി കൊല്ലാൻ മന്ത്രി പുത്രനെ പ്രേരിപ്പിച്ച കേന്ദ്ര ആഭ്യന്തരസഹമന്ത്രി അജയ് മിശ്രയുടെ രാജി എന്നിവയെല്ലാം പ്രതിപക്ഷം ഉയർത്തുമെന്ന് കരുതിയാണ് ചർച്ച അനുവദിക്കാതെ ബില്ലുകൾ പാസാക്കിയത്.സമ്മേളനം നടക്കാനിരിക്കെ ഒരുകാരണവും കൂടാതെ കേന്ദ്രം ഇറക്കിയ ഓർഡിനൻസുകളെ നിയമമാക്കാനുള്ള ബില്ലുകളും അവതരിക്കപ്പെട്ടു. അതിൽ സുപ്രധാനമായിരുന്നു എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറുടെയും സിബിഐ ഡയറക്ടറുടെയും അധിക കാലാവധി നീട്ടൽ. 2014ൽ അധികാരത്തിലെത്തിയ ബിജെപി ഏഴ്‌ കൊല്ലത്തിനിടയിൽ 80 ഓർഡിനൻസാണ് ഇറക്കിയത്.

നിലവിലെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടർ എസ് കെ മിശ്രയ്ക്ക് ഒരു വർഷം കാലാവധി നീട്ടിക്കൊടുത്തതാണ്. ഇപ്രകാരം നീട്ടിനൽകിയതിനെ ചോദ്യം ചെയ്തു നൽകിയ റിട്ട് ഹർജിയിന്മേൽ ഒരു വർഷം നീട്ടിയത് ശരിവച്ചുകൊണ്ട് സുപ്രീംകോടതി “ഇനി ഒരു കാരണവശാലും നീട്ടി നൽകാൻ പാടില്ലെന്ന്'' സുവ്യക്തമായി പറഞ്ഞിട്ടുകൂടി അതിനെയെല്ലാം വെല്ലുവിളിച്ച്‌ ഇഡി, സിബിഐ ഡയറക്ടർമാരുടെ കാലാവധി അഞ്ച് വർഷംവരെ നീട്ടാമെന്ന ഭേദഗതി ബിൽ 2021 അവതരിപ്പിച്ചു പാസാക്കിയത്. കഴിഞ്ഞ സമ്മേളനത്തിൽ വിവിധ വിഷയങ്ങളിൽ രാജ്യസഭയിൽ പ്രതിഷേധം ഉയർത്തിയതിന്റെ പേരിൽ എളമരം കരീം, ബിനോയ് വിശ്വം ഉൾപ്പെടെ പ്രതിപക്ഷനിരയിലെ 12 പ്രമുഖ അംഗങ്ങളെ ഈ സമ്മേളന കാലയളവ് മുഴുവൻ സസ്‌പെൻഡ്‌ ചെയ്യുന്നതായി പ്രഖ്യാപിച്ചു. ഒരു സമ്മേളന കാലയളവിൽ ഉണ്ടായ പ്രശ്‌നങ്ങൾക്ക് അതേ സമ്മേളന കാലയളവിൽ നടപടിയെടുക്കുന്നത് സർവസാധാരണമാണ്‌. അതിന്റെ പേരിൽ അടുത്ത സമ്മേളനത്തിൽ നടപടിയെടുക്കുന്നത് കേട്ടുകേൾവിപോലും ഇല്ലാത്തതാണ്. പ്രതിപക്ഷത്തെ പ്രകോപിപ്പിച്ച് സഭാ സ്തംഭനത്തിലേക്ക്‌ നയിച്ച് പ്രതിപക്ഷം സഭ നടത്താൻ സമ്മതിക്കുന്നില്ലെന്ന് വരുത്തിത്തീർക്കാനുള്ള ഗൂഢശ്രമമായിരുന്നു. ഇത് മനസ്സിലാക്കിയ പുറത്താക്കപ്പെട്ട 12 അംഗങ്ങൾ ഗാന്ധിപ്രതിമയ്ക്ക് മുന്നിൽ സത്യഗ്രഹം ഇരുന്നു.

വോട്ടർപട്ടിക ആധാറുമായി ബന്ധിപ്പിക്കുന്ന നിയമം പാർലമെന്റിൽ അവതരിപ്പിക്കുന്ന ദിവസംതന്നെ തിടുക്കത്തിൽ അംഗങ്ങളുടെ ഭേദഗതികൾപോലും കേൾക്കാതെയും പാർലമെന്റ് സ്റ്റാൻഡിങ്‌ കമ്മിറ്റിക്ക് വിടാതെയും അപ്രതീക്ഷിതമായ അനുബന്ധ അജൻഡയാക്കി പാസാക്കി. ആധാറുമായി എല്ലാത്തിനെയും ബന്ധിപ്പിക്കുന്നത് സ്വകാര്യതയെ ബാധിക്കുന്ന ഒന്നാണെന്ന് സുപ്രീംകോടതി വിധിന്യായം കാറ്റിൽപ്പറത്തിയാണ് ഈ നടപടിയും സ്വീകരിച്ചത്. ഇതുകൂടാതെ, ഒമ്പത്‌ ബിൽ ലോക്‌സഭ പാസാക്കി. വിവിധ മന്ത്രാലയങ്ങളുടെ 2021--–-22 വർഷത്തെ അധിക സാമ്പത്തിക ആവശ്യങ്ങൾക്കായുള്ള ബിൽ ധനമന്ത്രി നിർമല സീതാരാമൻ അവതരിപ്പിച്ചു. ഓരോ വകുപ്പിലും നടക്കുന്ന കെടുകാര്യസ്ഥതകളും ജനജീവിതമാകെ ദുസ്സഹമാക്കുന്ന പെട്രോൾ ഡീസൽ വിലക്കയറ്റവും അവശ്യവസ്തുക്കളുടെ വിലക്കയറ്റവുമെല്ലാം തുറന്നുകാട്ടി പ്രതിപക്ഷമൊന്നാകെ ഭരണപക്ഷ പരാജയങ്ങൾ അക്കമിട്ട് നിരത്തി. റഫേൽ യുദ്ധവിമാന ഇടപാടും പ്രതിപക്ഷം ഉയർത്തി.

പെൺകുട്ടികളുടെ വിവാഹപ്രായം ഉയർത്താനുള്ള ബിൽ ഏകപക്ഷീയമായി ശിശുക്ഷേമമന്ത്രി സ്മൃതി ഇറാനി ലോക്‌സഭയിൽ അവതരിപ്പിച്ചു. അംഗങ്ങൾക്ക് വായിക്കാനും എതിർപ്പ് രേഖപ്പെടുത്തി നോട്ടീസ് നൽകാനും ഏതാനും മിനിറ്റ്‌ മാത്രം നൽകി. പ്രതിപക്ഷ ബഹളത്തെത്തുടർന്ന് ബിൽ സ്റ്റാൻഡിങ് കമ്മിറ്റിക്ക് അയച്ചു. അംഗങ്ങളെ അവഹേളിച്ച ഈ നടപടികളിൽ പ്രതിഷേധിച്ച് അംഗങ്ങൾ ബില്ലിന്റെ കോപ്പി കീറിയെറിഞ്ഞ് പ്രതിഷേധിച്ചു. മന്ത്രിപുത്രൻ ആശിഷ്‌ മിശ്ര വാഹനം കയറ്റി കൃഷിക്കാരെ കൊന്ന വിഷയത്തിൽ കേന്ദ്ര സഹമന്ത്രി അജയ് മിശ്രയെ പുറത്താക്കണമെന്ന ആവശ്യമുയർത്തി പ്രതിപക്ഷം നടുത്തളത്തിലിറങ്ങി സഭ സ്തംഭിപ്പിച്ചു. ഈ ആവശ്യത്തിൽ നൽകിയ അടിയന്തര പ്രമേയങ്ങളിൽ ഒരു വാക്കുപോലും സംസാരിക്കാൻ പ്രതിപക്ഷത്തിന് അവസരം നൽകിയില്ല. പ്രധാനമന്ത്രി സഭയിൽ ഹാജരാകാതിരിക്കുന്ന പതിവ് ഇത്തവണയും ആവർത്തിച്ചു. പാർലമെന്ററി ജനാധിപത്യത്തിന്റെ എല്ലാ ധാർമികമൂല്യവും കുഴിച്ചുമൂടുന്നതിനാണ് ശീതകാല സമ്മേളനം സാക്ഷ്യംവഹിച്ചത്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
----
പ്രധാന വാർത്തകൾ
-----
-----
 Top