18 February Monday

പ്രിയപ്പെട്ട തഹ‌്മീന ബുഖാരിക്ക‌്...

എ എം ഷിനാസ്‌Updated: Wednesday Jun 20, 2018

ഷൂജാഅത്ത്‌ ബുഖാരിയുടെ ഭാര്യ തഹ്‌മീനയോടൊപ്പം സോവിയറ്റ്‌ യൂണിയനിൽ പഠിച്ച എ എം ഷിനാസ്‌ എഴുതുന്ന കുറിപ്പ്‌

എഎം ഷിനാസ്‌

എഎം ഷിനാസ്‌

സാംബയിൽവച്ചാണ‌് നാം ഒടുവിൽ കാണുന്നത‌്. ജമ്മുവിൽ ഞാൻ എത്തിയത‌് സോവിയറ്റ‌് ആർമേനിയയിലെ ഒരേ ക്ലാസിൽ നമ്മുടെ കൂടെ പഠിച്ചിരുന്ന നവീൻ ചിബ്ബറിന്റെ ക്ഷണമനുസരിച്ചായിരുന്നു. കുറച്ചിട തകരാൻ പോകുന്ന സോവിയറ്റ‌് യൂണിയനിലും പിന്നീട‌് തകർന്ന‌് ഛിന്നഭിന്നമായ മുൻ സോവിയറ്റ‌് യൂണിയനിലും ഒരുമിച്ച‌് പഠിച്ചവരായിരുന്നുവല്ലോ നമ്മൾ. ഓർക്കുന്നുണ്ടോ ആ സഹപാഠികളെയെല്ലാം? ഇപ്പോൾ നാനാതരം സോഷ്യൽ മീഡിയകളിലൂടെ നാം കാണാറുണ്ടെന്നത‌് സത്യം.

 ഞാൻ ശ്രീനഗറിലോ ബാരാമുള്ളയിലോ ഇതുവരെ വന്നിട്ടില്ല. തഹ‌്മീന കൗസർ എന്ന‌് അന്നും ഇന്ന‌് തഹ‌്മീന ബുഖാരിയെന്നും അറിയപ്പെടുന്ന നിന്നെ ഞാനും വിവേകും മറ്റു കൂട്ടുകാരും എന്നാണ‌്, എവിടെവച്ചാണ‌് പരിചയപ്പെടുന്നത‌് എന്ന‌് ഓർമയുണ്ടോ? മോസ‌്കോയിൽനിന്ന‌് ആർമേനിയൻ സോവിയറ്റ‌് റിപ്പബ്ലിക്കിലേക്കുള്ള ട്രെയിനിൽവച്ചാണ‌് നാം ആദ്യം കണ്ടുമുട്ടുന്നത‌്. അന്ന‌് നീ കൃശഗാത്രയായ സുന്ദരിയായിരുന്നു. അന്ന‌് നിന്റെ കൂടെ സുഷമ സുൽത്താനുമുണ്ടായിരുന്നു. നീ മുസ്ലിമും സുഷമ കശ‌്മീരി പണ്ഡിറ്റുമാണെങ്കിലും സൗന്ദര്യത്തിൽമാത്രമല്ല, എല്ലാ സാംസ‌്കാരിക അർഥതലങ്ങളിലും നിങ്ങൾ ഒരുപോലെയായിരുന്നു. ഞാനും മറ്റൊരു ഏകമലയാളിയും മലയാളത്തിൽ സംസാരിക്കുന്നതു കേട്ടിട്ട‌് ഇത‌് എന്ത‌് ‘കട’, ‘പുട’, ‘മട’ ഭാഷയാണെന്ന‌് നിങ്ങൾ ഇരുവരും കശ‌്മീർ ഭാഷയിൽ അൽപ്പം പരിഹാസത്തോടെ പറഞ്ഞത‌് ഓർമയുണ്ടോ? ഒരു പ്രാവശ്യം ‘റീനക്കി’ൽ (പച്ചക്കറി‐പഴം ചന്ത) പോയി തണ്ണിമത്തൻ വാങ്ങി ടാക‌്സി കിട്ടാതെ ഹോസ്റ്റലിലേക്ക‌് തിരിച്ചുവരുമ്പോൾ എന്റെ കൈയിൽനിന്ന‌് അത‌് വീണ‌് റോഡിൽ ചിന്നിച്ചിതറിയത‌് നീ ഓർക്കുന്നുണ്ടോ? ഞാൻ മെഡിസിൻ മൂന്നാംവർഷമെത്തിയപ്പോൾ ഇങ്ങനെ റഷ്യക്കാരുടെകൂടെ കൂട്ടുകൂടി കുടിക്കരുതെന്നും പഠനത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കണമെന്നും സൗമ്യമായും ചിലപ്പോൾ പരുഷമായും ഉപദേശിച്ചത‌് ഓർക്കുന്നുണ്ടോ?

ഷുജാഅത്ത്‌ ബുഖാരി

ഷുജാഅത്ത്‌ ബുഖാരി

ഞാൻ വല്ലപ്പോഴും മലയാള പ്രസിദ്ധീകരണങ്ങളിൽ റഷ്യൻ വിശേഷങ്ങൾ എഴുതാറുണ്ടെന്ന‌് അറിഞ്ഞപ്പോൾ ‘‘യേ അഖ‌്‌വാർ മേ ഭീ ലിഖ‌്താഹേ’’ എന്ന‌് പറഞ്ഞത‌്....

പക്ഷേ, ഞാൻ സ്വപ‌്നേപി വിചാരിച്ചിരുന്നില്ല, ജീവിതത്തിലെ നിന്റെ കൂട്ടുകാരനായി വരാൻ പോകുന്നത‌് ഇന്ത്യ മൊത്തം  കാതോർക്കുന്ന ഒരു പത്രപ്രവർത്തകനാകുമെന്ന‌്. ജമ്മുവിലെ സാംബയിൽവച്ച‌് ഷുജാഅത്ത‌് ബുഖാരിയെ നീ പരിചയപ്പെടുത്തുമ്പോൾ, അദ്ദേഹം ‘ദ ഹിന്ദു’വിലും ‘ഫ്രണ്ട‌്‌ലൈനി’ലും പലപാട‌് എഴുതുന്ന വ്യക്തിയാണെന്ന‌് സത്യമായും ഞാൻ അറിഞ്ഞിരുന്നില്ല. കാരണം, നമ്മുടെ ഒരു സ്വഭാവം വളരെ പ്രശ‌സ‌്തരുടെ പേരുകൾ, അവരുടെ എഴുത്തുകൾ, അവ നല്ലതാണെങ്കിലും അത്ര നല്ലതെങ്കിലും ശ്രദ്ധിക്കുകയാണല്ലോ.

എന്നാൽ, ശ്രീനഗറിൽ വെടിയേറ്റുവീണ നിന്റെ ഭർത്താവിനെപ്പറ്റിയുള്ള വാർത്ത എനിക്ക‌് ആദ്യം വിശ്വസിക്കാൻതന്നെ പറ്റിയില്ല. ഈ ബുഖാരിയാണോ നിന്റെ ഭർത്താവ‌് ഷുജാഅത്ത‌്... ആയിരിക്കില്ല എന്ന‌് ആയിരംവട്ടം മനസ്സ‌് പറഞ്ഞു. പിന്നെ ഗൂഗിൾ, ഫെയ‌്സ‌്ബുക്ക‌്... ഇവ മാത്രമായിരുന്നു ആശ്രയം. നീ തലതല്ലിക്കരയുന്ന ദൃശ്യം എന്നെ രണ്ടുമൂന്നു ദിവസം..., നിന്റെ അത്യഗാധമായ വേദനയോട‌്, നിന്നെ വളരെ അകലത്തിൽനിന്നല്ലാതെ താദാത്മ്യപ്പെടാൻ എന്തൊരു ഗതികേടാണ‌്.

എന്തിന‌ുവേണ്ടിയാണ‌് ഷുജാഅത്ത‌് ബുഖാരി നിലകൊണ്ടത‌്? അതെ, നിന്റെ പ്രിയതമൻ. Rising Kashmir എന്ന പത്രം, ഒരിക്കലും കശ‌്മീരിനെ പാകിസ്ഥാനോട‌് ചേർക്കണമെന്ന വിഘടനവാദത്തിന‌് അനുകൂലമായിരുന്നില്ല. അതേസമയം, ഒരു മധ്യനിലപാടായിരുന്നു അദ്ദേഹവും അദ്ദേഹത്തിന്റെ ജിഹ്വയും സ്വീകരിച്ചിരുന്നത‌്.

ഷുജാഅത്ത‌് ഒരു കശ‌്മീരി ദേശീയദേശിയായിരുന്നു. അദ്ദേഹം ഒരേസമയം ജമ്മുവും ലഡാക്കുമായും അതേസമയം പാക‌് അധീന കശ‌്മീരുമായും ബന്ധം സ്ഥാപിക്കുന്ന തരത്തിലുള്ള, എന്നാൽ, പരമാവധി സ്വയംഭരണപ്രദേശമായ ഒരിടമായാണ‌് കശ‌്മീരിനെ വിഭാവനം ചെയ‌്തത‌്. ഷുജാഅത്തിനെ ഞാൻ ഒരു തവണയേ കണ്ടിട്ടുള്ളൂ.  അന്ന‌് ഒൗപചാരികമായ പരിചയപ്പെടലിനപ്പുറം ഒന്നും സംസാരിച്ചില്ല. പിന്നീടാണ‌് ഇംഗ്ലീഷ‌് പ്രസിദ്ധീകരണങ്ങളിൽ അദ്ദേഹത്തിന്റെ ലേഖനങ്ങൾ വായിക്കുന്നത‌്.

പക്ഷേ, ഒരു കാര്യം ഉറപ്പിച്ച‌് പറയാൻ പറ്റും. അദ്ദേഹം ഇന്ത്യാവിരുദ്ധനല്ല. പാകിസ്ഥാൻ അനുകൂലിയുമല്ല. അദ്ദേഹം അടിസ്ഥാനപരമായി കശ‌്മീരിയാണ‌്. കശ‌്മീരികളുടെ യാതനകളിൽ, അദ്ദേഹം വേദനാനിർഭരനായിരുന്നു. ആ വേദനയ‌്ക്ക‌് ഒരുമുഖം മാത്രമല്ലെന്നും അദ്ദേഹത്തിനറിയാമായിരുന്നു. സാംബയിൽവച്ച‌് ഞാൻ ആദ്യമായി പരിചയപ്പെട്ട സൗമ്യനും യുക്തവിചാരതൽപ്പരനുമായ  ബുഖാരി ഇന്നില്ല എന്നത‌് എന്റെ ഒരു ദുഃഖമാണ‌്. തഹ‌്മീന, എന്റെ കൂടെ സോവിയറ്റ‌് യൂണിയനിൽ പഠിച്ച അദ്ദേഹത്തിന്റെ ഭാര്യയെ വളരെ അകലെ ഈ കേരളത്തിൽനിന്ന‌് ഞാൻ എങ്ങനെ സാന്ത്വനിപ്പിക്കും? ഡോക്ടറായ തഹ‌്മീനയ‌്ക്കും അവരുടെ രണ്ടു കുട്ടികൾക്കും ഹൃദയം നിറഞ്ഞ സ‌്നേഹംമാത്രം.

‐ഷിനാസ‌് (പഴയ സഹപാഠി)

പ്രധാന വാർത്തകൾ
 Top