13 May Thursday

നടപ്പ് ലോകക്രമം അപ്പടി അഴിച്ചുപണിയേണ്ടതുണ്ട്; കോവിഡ് കാലത്തെ ക്രൂരതകൾ

എ കെ രമേശ്‌Updated: Wednesday Apr 28, 2021

എ കെ രമേശ്‌

എ കെ രമേശ്‌

മൂന്നാം ലോകരാജ്യങ്ങളിലെ കടക്കെണിയിൽപെട്ട കോടിക്കണക്കിന് സാധാരണ മനുഷ്യർ കോവിഡ് പശ്ചാത്തലത്തിൽ അനുഭവിക്കേണ്ടി വരുന്ന മനുഷ്യാവകാശ പ്രശ്നങ്ങളെക്കുറിച്ചുള്ള  പരിശോധനയാണ് മാർച്ച് 23ന് അവസാനിച്ച ഐക്യരാഷ്ട്രസഭയുടെ മനുഷ്യാവകാശ സമിതിയുടെ 46-ാം സെഷനിൽ നടന്നത്. ക്രെഡിറ്റ്‌ റേറ്റിംഗ് ഏജൻസികൾ വായ്പ്പാ മേഖലയിൽ നടത്തുന്ന അതിക്രമങ്ങൾ വെളിച്ചത്ത്  കൊണ്ടുവന്ന  ആ റിപ്പോർട്ട് വിശദചർച്ചക്ക് വിധേയമായി. എ കെ രമേശ്‌ എഴുതുന്നു.

രാജ്യങ്ങളും ജനങ്ങളും മുങ്ങിച്ചാവും

താണവരുമാനമുള്ള  അൽപ വികസിത രാജ്യങ്ങളിൽ പാതിയിലേറെയും കടക്കെണിയിലാണ്, അതിൻ്റെ തീരാദുരിതത്തിലാണ്. വികസ്വര രാജ്യങ്ങളിൽ അഞ്ചെണ്ണം 2020ൽ തങ്ങളുടെ സോവറിൻ വായ്പ തിരിച്ചടയ്ക്കാൻ കഴിയാത്ത അവസ്ഥയിലായി.

"ഗണ്യമായ കടാശ്വാസവും സാമ്പത്തിക പിന്തുണയും നൽകുന്നതിനായി സമഗ്രവും ഫലപ്രദവും അടിയന്തരവുമായ നടപടികൾ കൈക്കൊള്ളുന്നില്ലെങ്കിൽ, വികസ്വര രാജ്യങ്ങളിൽ പലതും വായ്പാക്കുടിശ്ശികയുടെ വക്കത്തെത്തി മുങ്ങിത്താഴും; അവയ്ക്കാെപ്പം അവിടങ്ങളിലെ നിസ്സഹായരായ ജനതകളും." എന്നാണ് റിപ്പോർട്  സമർപ്പിച്ച  യൂ ഫെൻ ലീയുടെ മുന്നറിയിപ്പ്.

ഒരിക്കലും മുഴങ്ങാത്ത ഫയർ  അലാറങ്ങൾ

ആഗോളതലത്തിൽ പ്രവർത്തിക്കുന്ന ക്രെഡിറ്റ് റെയ്റ്റിങ്ങ് ഏജൻസികൾ നടത്തുന്ന അധാർമ്മിക നടപടികളെ അവർ നിശിതമായി വിമർശിക്കുന്നുണ്ട്. "ഒരിക്കലും മുഴങ്ങാത്ത ഫയർ അലാറ"ങ്ങൾ എന്ന അർത്ഥവത്തായ വിശേഷണമാണ് അവർ അത്തരം എജൻസികൾക്ക് നൽകുന്നത്.

ലോകത്തെ പേരുകേട്ട മൂന്നു റെയ്റ്റിങ്ങ് ഏജൻസികളെയും(സ്റ്റാൻഡേർഡ് ആൻഡ് പുവർ,  മൂഡീസ്,  ഫിച്ച് )  പേരെടുത്തു പറഞ്ഞു കൊണ്ട് റിപ്പോർട്ട്‌  കുറ്റപ്പെടുത്തുന്നുണ്ട്. ഈ വമ്പൻ മൂവർ സംഘം തമ്മിൽത്തമ്മിൽ പോലും മത്സരമില്ല എന്ന് യൂ ഫെൻ ലീ ചൂണ്ടിക്കാട്ടുന്നു. ആ മൂവരാണ് വായ്പാമേഖലയിൽ കടക്കാരെ വിലയിരുത്തുന്നതിലെ അവസാന വാക്ക്.
മാർക്കറ്റിൻ്റെ 94 ശതമാനമാണ് ഈ "വമ്പൻ മൂവർ സംഘം ''കൈയ്യടക്കി വെച്ചിരിക്കുന്നത്. സ്റ്റാൻഡേഡ് ആൻറ് പുവറും ഫിച്ചും ചേർന്നാൽ ലോകത്തെ  ക്രെഡിറ്റ് റെയ്റ്റിങ്ങ് ബിസിനസ്സിൻ്റെ 82 ശതമാനമായി. അതു കൊണ്ടു തന്നെ 'വായ്പാക്കമ്പോളത്തിൽ ഈ തലതൊട്ടപ്പന്മാർക്കുള്ള സ്വാധീനം അമ്പരപ്പിക്കുന്നതാണ്. സ്വകാര്യ നിക്ഷേപകരും സർക്കാറുകളും ഇവയെ ആശ്രയിച്ചാണ് വായ്പാക്കമ്പോളത്തിൽ ഇടപെടുക.
 
റേറ്റിംഗ് ഏജൻസികളുടെ പണി

കൊടുത്ത വായ്പ തിരിച്ചു കിട്ടണം എന്നത് നിക്ഷേപകരുടെ ആവശ്യമാണല്ലോ.വായ്പക്കാരുടെ തിരിച്ചടവ്  സാദ്ധ്യത കണക്ക് കൂട്ടിക്കൊണ്ട്  നിക്ഷേപകരെയും മാർക്കറ്റിനെയും  സേവിക്കലാണ്   റെയിറ്റിംഗ് ഏജൻസികൾ  ചെയ്യുന്ന പണി എന്നാണ് വെപ്പ്.

വായ്പാന്വേഷകരുടെ സാമ്പത്തിക സ്ഥിതിയും അതത് സ്ഥാപനങ്ങളും നാടുകളും നേരിടുന്ന രാഷ്ട്രീയ-സാമ്പത്തിക അസ്ഥിരതയുമൊക്കെ കൃത്യമായും സൂക്ഷ്മമായും പഠനവിധേയമാക്കി അവരെ റെയ്റ്റ് ചെയ്‌ത് നിക്ഷേപകരെ സഹായിക്കുക എന്നതാണ്  റെയ്റ്റിങ്ങ് ഏജൻസിയുടെ ചുമതല.എന്നു വെച്ചാൽ, പുതുതായി  കടപ്പത്രങ്ങൾ പുറപ്പെടുവിക്കുന്ന സ്ഥാപനങ്ങളോ രാജ്യങ്ങളോ സർക്കാരുകളോ  നാളെ വയ്പ്പാതിരിച്ചടവ് മുടക്കം വരുത്തുമോ,അതോ അവയെ വിശ്വാസത്തിലെടുക്കാമോ എന്നകാര്യത്തിൽ നിക്ഷേപകർക്കുള്ള അന്തിമവാക്കാണ് ഈ റേറ്റിംഗ് ഏജൻസികൾ.

നല്ല റെയ്റ്റിങ്ങ് കിട്ടിയില്ലെങ്കിൽ  കടപ്പത്രങ്ങൾക്ക് നൽകേണ്ടി വരുന്ന പലിശ കൂടും. കടഭാരം വീണ്ടും വർദ്ധിക്കും എന്നർത്ഥം.അതൊഴിവാക്കാൻ വായ്പ്പാന്വേഷകർ ഏതറ്റം  വരെയും പോകും. കാശു കൊടുത്തും പാട്ടിലാക്കാൻ നോക്കും എന്നർത്ഥം.അതു കൊണ്ടു തന്നെ ലാഭം നോക്കികളായ ഈ സ്വകാര്യ റെയ്റ്റിങ്ങ് ഏജൻസികൾക്ക് കീശ വീർപ്പിക്കാൻ ഏറെ സാദ്ധ്യതകളാണുള്ളത്.

വായ്പ്പാ കുമിളകൾ  കൊണ്ട് കൊട്ടാരം പണിയുന്നവർ

പ്രശ്നത്തിൻ്റെ മർമ്മം തൊട്ടറിഞ്ഞു കൊണ്ട്  ലീ പറയുന്നു: "താൽപര്യ സംഘർഷത്തിന് ഇടവരുത്തുന്ന പ്രധാന കാര്യം, കടപ്പത്രം  പുറപ്പെടുവി ക്കുന്നവരാണ് റെയ്റ്റിങ്ങ് ഏജൻസികൾക്ക്  സേവനത്തിനുള്ള ഫീസ്  കൊടുക്കുന്നത് എന്നതാണ്".
ഇത് ഏറെ സംശയങ്ങൾക്ക് അവസരം നൽകുന്നുണ്ട്. വസ്തുനിഷ്ഠവും നിഷ്പക്ഷവുമായ മൂല്യനിർണയത്തിന് ഈ റെയ്റ്റിങ്ങ് ഏജൻസികൾക്ക് കഴിയുമോ എന്ന ആശങ്കയാണുയരുന്നത്.

ഉയർന്ന റെയ്റ്റിങ്ങ് സംഘടിപ്പിച്ചെടുക്കാനായി ഏജൻസികൾ കനത്ത കാശീടാക്കിയ കാര്യവും അവർ എടുത്തു പറയുന്നു. അമേരിക്കൻ ബാങ്ക് പ്രതിസന്ധിയുടെ കാലത്ത് കടലാസുവില പോലും  കൽപ്പിക്കാനാവാത്ത മോർട്ട്ഗേജ് ബാക്ക്ഡ് സെക്യുരിറ്റീസിന് ട്രിപ്പിൾ ഏ എന്ന മുന്തിയ റെയ്റ്റിങ്ങ് നൽകി, തങ്ങളെ വിശ്വസിച്ച്   നിക്ഷേപം നടത്തിയ   അനേകായിരങ്ങളെ  കണ്ണീർ കുടിപ്പിച്ച അനുഭവം നമുക്ക്  മുമ്പിലുണ്ടല്ലോ.

പൊളിയാൻ പോവുന്ന സ്ഥാപനങ്ങളെ മേൽത്തരമെന്ന് വിശേഷിപ്പിച്ചാണ് വായ്പാ കുമിളകൾ കൊണ്ട് അവർ കൊട്ടാരങ്ങൾ പണിതു കാട്ടിയത്. "വായ്പ്പാപ്രതിസന്ധികൾ വരാതെ നോക്കുന്നതിന് പകരം, ക്രെഡിറ്റ്‌ റേറ്റിംഗ് ഏജൻസികൾ ധനപ്രതിസന്ധിയോ 2007ൽ സംഭവിച്ചത് പോലുള്ള കടപ്രതിസന്ധിയോ വരുത്തിവെക്കുന്നതിലും, യൂറോസോൺ കടപ്രതിസന്ധിയും കോവിഡ് മഹാമാരിയും പോലുള്ളവയെ മൂർച്ചിപ്പിക്കുന്നതിലും  ഗണ്യമായ  സംഭവനകളാണ് നൽകിയത്."എന്ന് റിപ്പോർട്ട്‌ കൃത്യമായി  ചൂണ്ടിക്കാട്ടുന്നു.

കൃത്രിമമായി റെയ്റ്റിങ്ങ് കുത്തനെ ഉയർത്തി കള്ളക്കളി കളിച്ചു നിക്ഷേപകരെ പറ്റിച്ചു എന്ന പരാതി വന്നപ്പോൾ 140 കോടി ഡോളറാണ് അതിൽ നിന്ന് തടിയൂരാൻ സ്റ്റാൻഡേഡ് & പുവർ ഈയ്യിടെ ചെലവാക്കിയത്.

കോവിഡ് കാലത്തെ ക്രൂരതകൾ

കോവിഡ് വ്യാപനത്തോടെ ദരിദ്ര രാജ്യങ്ങൾ കൂടുതൽ പ്രതിസന്ധികളിലേക്ക് നീങ്ങുമ്പോൾ വായ്പാ തിരിച്ചടവിൻ്റെ കാര്യത്തിൽ വിട്ടുവീഴ്ച വേണമെന്നും രോഗപ്രതിരോധത്തിനും വ്യാപനം തടയുന്നതിനുമായിരിക്കണം മുൻഗണന എന്നുമുള്ള കാര്യം പൊതുവെ അംഗീകരിക്കപ്പെട്ടതാണ്. പക്ഷേ ജി 20 രാജ്യങ്ങളുടെ ഡെബ്റ്റ് സർവീസ്  സസ്‌പെൻഷൻ ഇനീഷ്യേറ്റീവിൻ്റെ നിർദേശങ്ങൾ പോലും കാറ്റിൽ പറത്തിയത് റെയ്റ്റിങ്ങ് ഏജൻസികളെ ഭയക്കുന്നതു കൊണ്ടാണ് എന്ന വസ്തുതയാണ് പഠന റിപ്പോർട്ട് പുറത്തു കൊണ്ടുവരുന്നത്.

ചില രാജ്യങ്ങളെത്തന്നെ ക്രെഡിറ്റ് റെയ്റ്റിങ്ങുകാർ താഴ്ത്തിക്കെട്ടിയിരുന്നു. വായ്പാ തിരിച്ചടവ് ഉറപ്പാക്കാനാവില്ല എന്ന മട്ടിൽ റെയ്റ്റിങ്ങ് നടത്തിക്കൊണ്ട് അവയെ പാതാളക്കുണ്ടിലേക്ക് ചവി ട്ടിയാഴ്ത്തുകയായിരുന്നു ഈ നിലവാര നിർണയ സമിതികൾ !  രാഷ്ട്രാന്തരീയവായ്പാ സംവിധാനത്തിന് പരിഷ്കാരങ്ങൾ വേണമെന്നും  അതിന്  ക്രെഡിറ്റ് റെയ്റ്റിങ്ങ് ഏജൻസികളെയാണ്  അടിയന്തിരമായും പുതുക്കിപ്പണിയേണ്ടതെന്നും ഐക്യരാഷ്ട്ര സഭ മുമ്പേ  ചൂണ്ടിക്കാട്ടിയതാണ്. സ്റ്റിഗ്ലീട്സിന്റെ നേതൃത്വത്തിൽ അന്വേഷണം നടത്തിയ  കമ്മീഷന്റെതാണ്(അന്താരാഷ്ട്രനാണ്യ വ്യവസ്ഥയെ പരിഷ്കരിക്കുന്നതിനായി  ഐക്യ രാഷ്ട്രസഭയുടെ പൊതു അസംബ്ലിയുടെ   പ്രസിഡന്റ്‌ നിയോഗിച്ച വിദഗ്ധസമിതി) ഈ നിഗമനം.

ഇതിൽ നിന്നു നാം പഠിക്കേണ്ടത്

വിദഗ്ധ സമിതികൾ ചൂണ്ടിക്കാട്ടിയത് ഈ റേറ്റിംഗ് ഏജൻസികളുടെ ആധാർമികതയാണ്, ദയാരാഹിത്യമാണ്, കൊടുംകൊള്ളയാണ്. അവയ്ക്കൊരു കടിഞ്ഞാണിട്ടേ പറ്റൂ എന്നാണ് ശുപാർശ. പക്ഷേ  അതിനേക്കാൾ എത്രയോ ദയാരഹിതവും അധാർമ്മികവും നീതിരഹിതവും ആയ ഒരു ലോകക്രമത്തിൽ, ഫിനാൻസ് ക്യാപിറ്റൽ മേധാവിത്വം വഹിക്കുന്ന ഒരു കാലത്ത്, ഈ ശുപാർശകൾ  അത്രയെളുപ്പം  നടപ്പാക്കപ്പെടില്ല. പക്ഷേ മുതലാളിത്തചിന്തകർ തന്നെ വെച്ചുപൊറുപ്പിക്കാൻ പാടില്ലെന്ന് പറയുന്ന  ഈ അധാർ മ്മികവും ലാഭമാത്രപ്രചോദിതവുമായ ഒരു സംവിധാനത്തെ അഴിച്ചുപണിയുന്നത് പോട്ടെ, ഒന്ന് തൊടാൻ  പോലും ആവുന്നില്ല എന്നത് ഒരുപാട് യാഥാർത്ഥ്യ ങ്ങളിലേക്ക്  കൺ തുറപ്പിക്കുക്കേണ്ടതാണ്. നടപ്പ് ലോകക്രമം അപ്പടി  അഴിച്ചുപണിയേണ്ടതുണ്ട് എന്ന് തന്നെയാണ് ഇത്  നൽകുന്ന   കൃത്യമായ പാഠം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
----
പ്രധാന വാർത്തകൾ
-----
-----
 Top