30 January Monday

മുടവൻമുകൾ സമരപ്പന്തം

ദിനേശ്‌ വർമUpdated: Friday Dec 9, 2022

പെരളശേരിയിൽ പൊലീസ്‌ അതിക്രമത്തിനെതിരെ നിരാഹാരമിരുന്നപ്പോൾ ആരോഗ്യപ്രശ്നം ചൂണ്ടിക്കാട്ടിയ ഭാര്യ സുശീല ഗോപാലനോട്‌ എ കെ ജിയുടെ ചോദ്യം ഇതായിരുന്നു: ‘1000 തൊഴിലാളി കുടുംബങ്ങൾ 24 ദിവസമായി പട്ടിണിയിലാണ്. ഈ ഗ്രാമത്തിലെ ആയിരക്കണക്കായ കുടുംബങ്ങൾക്ക്‌ ഉപ്പുപോലും വാങ്ങാൻ കഴിയുന്നില്ല. അവരുടെ കഷ്ടപ്പാടുകളേക്കാൾ വലുതാണോ എന്റെ ആരോഗ്യം? ’   ഏതൊക്കെ പ്രശ്നത്തിൽ എ കെ ജി  ഇടപെട്ടിട്ടുണ്ടോ അതിലെല്ലാം പാവങ്ങളുടെ അവകാശപ്പോരിന്റെ തീക്കനൽ ഉണ്ടായിരുന്നു.  തിരുവനന്തപുരത്ത്‌ മുടവൻമുകളിൽ എ കെ ജി നടത്തിയ ഐതിഹാസിക സമരവും ഓർമിപ്പിക്കുന്നത്‌ നീറിപ്പടർന്ന ആ കനൽ തന്നെ. നിയമം വന്നിട്ടും മിച്ചഭൂമി വിതരണം ചെയ്യാൻ വിമുഖത കാണിക്കുന്നതിലുള്ള രോഷമായിരുന്നു 52 വർഷംമുമ്പ്‌ നടന്ന സമരം.

1970 മേയ് 25ന്‌ പതിവുശൈലിയിൽ തോർത്ത്‌ തോളത്തിട്ട്‌ മുണ്ട്‌ മാടിക്കെട്ടി ജാഥ നയിച്ചെത്തി എ കെ ജി. തോക്കേന്തിയ പൊലീസും ഗേറ്റ്‌ പൂട്ടിനിന്ന ഉദ്യോഗസ്ഥ പ്രമുഖരും കൊട്ടാരത്തിനു കാവൽ. നിമിഷങ്ങൾക്കുള്ളിൽ മുടവൻമുകൾ കൊട്ടാരമതിൽ ചാടിക്കടന്ന്‌  കൊടിനാട്ടി എ കെ ജി. അഴീക്കോടൻ രാഘവൻ, കാട്ടായിക്കോണം വി ശ്രീധർ, പുത്തലത്ത് നാരായണൻ, അവണാകുഴി സദാശിവൻ, കെ അനിരുദ്ധൻ തുടങ്ങിയവരും ഒപ്പമുണ്ടായിരുന്നു. കർഷകരും കർഷകത്തൊഴിലാളികളുമടങ്ങുന്ന ജനസഹസ്രം കൊട്ടാരവളപ്പിൽ കടന്ന്‌ മിച്ചഭൂമിയിൽ അവകാശം സ്ഥാപിച്ചതായി പ്രഖ്യാപിച്ചു. മണ്ണിനുവേണ്ടിയുള്ള പോരാട്ടത്തിന്റെ വിജയജ്വാലകൾ പടർത്തി കർഷക മുദ്രാവാക്യങ്ങൾ ഇടിമുഴക്കമായി. കേരളമാകെ അത്‌ ഏറ്റെടുത്തു.

വളന്റിയർമാർ അറസ്റ്റിലായെങ്കിലും എ കെ ജി അതിനു വഴങ്ങിയില്ല. വൈകിട്ടോടെ ബലംപ്രയോഗിച്ച് അറസ്റ്റുചെയ്തു. തുടർന്ന്‌ വഞ്ചിയൂർ കോടതിയിൽ എത്തിച്ചു. അന്ന്‌ എ കെ ജി സ്വയം കേസ്‌ വാദിച്ച ചരിത്രം പ്രസിദ്ധമാണ്‌: ‘പ്രസിഡന്റിന്റെ അനുമതി കിട്ടിയ ഭൂപരിഷ്കരണനിയമം നടപ്പാക്കാൻ കൂട്ടാക്കാത്ത ഭരണാധികാരികളാണോ, ഞാനാണോ കുറ്റക്കാരൻ?’ കോടതി മുറിയിൽ എ കെ ജിയുടെ കനത്ത ശബ്ദം. വഞ്ചിയൂർ സബ് മജിസ്ട്രേട്ട് സ്തബ്ധനായി. കേസ് മാറ്റിവച്ച് അദ്ദേഹം ചേംബറിലേക്ക് പോയി.  നിയമം നടപ്പാക്കാനാണ്‌ തങ്ങളുടെ സമരമെന്ന വാദത്തോട്‌  ഭരണസംവിധാനത്തിനോ കോടതിക്കോ മറുചോദ്യമുണ്ടായില്ല. അതിനു മുന്നിൽ മുട്ടുകുത്തിയ കോടതി ജാമ്യംനൽകി.

പക്ഷേ, തനിക്ക്‌ മാത്രമായി ജാമ്യം വേണ്ടെന്നായി എ കെ ജി. വളന്റിയർമാരോടൊപ്പം ജയിലിൽ. എല്ലാവർക്കും നീതി വേണമെന്ന് ആവശ്യപ്പെട്ട് വീണ്ടും കോടതിയിൽ ധർണ. പിന്നെയും അറസ്റ്റും സെൻട്രൽ ജയിൽ വാസവും. അതോടെ എ കെ ജിയെ മോചിപ്പിക്കണമെന്ന്‌ ആവശ്യപ്പെട്ട് കേരളത്തിലെങ്ങും സമരവേലിയേറ്റം. ഗത്യന്തരമില്ലാതെ ജൂൺ അഞ്ചിന് കേസ് തള്ളി.

1957ൽ അധികാരത്തിൽ വന്ന കമ്യൂണിസ്റ്റ് സർക്കാർ കാർഷികബന്ധ ബില്ലിന് രൂപംനൽകിയെങ്കിലും സർക്കാരിനെ പിരിച്ചുവിട്ടതിനാൽ പാസാക്കാൻ കഴിഞ്ഞില്ല. ഐക്യമുന്നണി സർക്കാർ പാസാക്കിയ ഭൂപരിഷ്കരണ ഭേദഗതി നിയമത്തെക്കുറിച്ച് ആലോചിക്കാൻ 1969ൽ ആലപ്പുഴയിൽ കർഷക, -കർഷകത്തൊഴിലാളികളും മറ്റു പുരോഗമനപ്രവർത്തകരും യോഗംചേർന്നു. 1970 ജനുവരി ഒന്നുമുതൽ മിച്ചഭൂമി പിടിച്ചെടുക്കൽ സമരം തുടങ്ങാൻ തീരുമാനിച്ചു.  കർഷക മുന്നേറ്റങ്ങളുടെ രണഭരിതമായ സമരചരിത്രത്തിൽ വിജയാവേശങ്ങളോടെ തിളങ്ങുന്നു മുടവൻമുകൾ സമരം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top