28 September Monday

വക്രബുദ്ധി ഇത്രയും വേണോ - എ കെ ബാലൻ എഴുതുന്നു

എ കെ ബാലൻ നിയമ മന്ത്രിUpdated: Monday Jun 29, 2020


ചൈനയെക്കുറിച്ച് മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കാത്തതെന്ത് എന്ന പ്രതിപക്ഷനേതാവിന്റെ ചോദ്യം  ദുരുദ്ദേശ്യപരവും വക്രബുദ്ധിയോടെയുള്ളതുമാണ്. ഇന്ത്യയും ചൈനയും തമ്മിലുള്ള പ്രശ്നങ്ങൾ എങ്ങനെ പരിഹരിക്കണമെന്നതുസംബന്ധിച്ചും ഇക്കാര്യത്തിൽ കേന്ദ്ര സർക്കാർ പ്രഖ്യാപിച്ച നിലപാടിനെ പിന്തുണച്ചും  സിപിഐ എം പൊളിറ്റ്  ബ്യൂറോയുടെ നിലപാട്  ജൂൺ 19ന്‌ പ്രധാനമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന സർവകക്ഷിയോഗത്തിൽ പാർടി ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി വിശദമാക്കിയിട്ടുള്ളതാണ്. സിപിഐ എം നിലപാട് ചുവടെ ചേർക്കുന്നു.

1. ലഡാക്കിലെ ഇന്ത്യ–-ചൈന അതിർത്തിയിലുള്ള ഗൽവാൻ താഴ്വരയിലെ സംഘർഷത്തിൽ ജീവൻ ബലിയർപ്പിച്ച സേനാ  ഓഫീസർമാർക്കും സൈനികർക്കും സിപിഐ എമ്മിന്റെ അഗാധമായ അനുശോചനം അറിയിക്കുന്നു.

2. നമ്മുടെ വിദേശമന്ത്രിയും ചൈനയുടെ വിദേശമന്ത്രിയും തമ്മിൽ നടന്ന ചർച്ചയുമായി ബന്ധപ്പെട്ട് കേന്ദ്ര സർക്കാരിന്റെ  ഔദ്യോഗിക പ്രസ്താവനയിൽ പറയുന്നു, “മൊത്തം സ്ഥിതിഗതികൾ ഉത്തരവാദിത്തബോധത്തോടെ കൈകാര്യം ചെയ്യേണ്ടതാണ്. ജൂൺ ആറിന്റെ ധാരണപ്രകാരം ഇരുഭാഗവും സൈനിക പിൻമാറ്റം ആത്മാർഥമായി നടപ്പാക്കണം. സ്ഥിതിഗതികൾ വഷളാക്കുന്ന തരത്തിൽ ഒരു നടപടിയും ഇരു രാജ്യവും സ്വീകരിക്കാൻ പാടില്ല. ഉഭയകക്ഷി കരാറുകളുടെയും നടപടിക്രമങ്ങളുടെയും അടിസ്ഥാനത്തിൽ സമാധാനവും ശാന്തതയും ഉറപ്പുവരുത്തേണ്ട നടപടികളാണ് സ്വീകരിക്കേണ്ടത്.

3.കേന്ദ്ര സർക്കാരിന്റെ ഈ നിലപാടിന് സിപിഐ എം പൂർണ പിന്തുണ നൽകുന്നു.

4. തുടർ നടപടിയായി ഉന്നതതല ചർച്ച തുടരാൻ ഇന്ത്യ നിലപാടെടുക്കണം. യഥാർഥ നിയന്ത്രണരേഖ അടയാളപ്പെടുത്തുന്നത് സംബന്ധിച്ചും അതിർത്തിയിൽ ശാന്തിയും സമാധാനവും ഉറപ്പുവരുത്താനും നടപടി സ്വീകരിക്കണം.

കേന്ദ്രസർക്കാർനയം സർവകക്ഷി യോഗത്തിൽ വെളിപ്പെടുത്തിയതാണ്. ഇതിന്‌ പൂർണ പിന്തുണ പ്രഖ്യാപിക്കുന്നതാണ് സിപിഐ എം നിലപാട്. പാർടിയുടെ പ്രഖ്യാപിത നിലപാട് വെളിപ്പെടുത്തിക്കഴിഞ്ഞാൽ ഓരോ നേതാവും ഇത് ഇടയ്ക്കിടെ എടുത്തുപറയേണ്ടതില്ല. മുഖ്യമന്ത്രിക്ക് മാത്രമായി ഒരു നിലപാട് ഉണ്ടാകില്ലല്ലോ. കോൺഗ്രസ് പാർടി സ്വീകരിക്കുന്ന സമീപനങ്ങൾക്ക് വിരുദ്ധമായി സംസാരിക്കുന്നത് കോൺഗ്രസ് നേതാക്കളുടെ രീതിയാണ്. മഹാരാഷ്ട്രയിലെ കോൺഗ്രസ്–-ശിവസേന സഖ്യത്തിനെതിരെ കെപിസിസി പ്രസിഡന്റ്‌ പരസ്യ വിമർശനം നടത്തി. അതിനെതിരെ അഖിലേന്ത്യാ നേതൃത്വം ഒരു നടപടിയും  സ്വീകരിച്ചില്ല. പ്രതിപക്ഷനേതാവിന്റെ മനസ്സിലിരുപ്പ് ബോധ്യപ്പെടാൻ അധികം ആലോചിക്കേണ്ട കാര്യമില്ല. പണ്ട് അവസരം കിട്ടിയപ്പോഴൊക്കെ കമ്യൂണിസ്റ്റുകാരെ രാജ്യദ്രോഹികളാക്കി ചിത്രീകരിച്ച്  ജയിലിലടച്ച്  പീഡിപ്പിച്ചതിന്റെ ഓർമ  നന്നായുണ്ട്. കമ്യൂണിസ്റ്റ് പാർടിയും കേരളത്തിലെ എൽഡിഎഫ് സർക്കാരും ജനങ്ങളുടെ മനസ്സിൽ നിറഞ്ഞുനിൽക്കുന്നതിൽ അസൂയപൂണ്ട്  സർക്കാരിനെയും മുഖ്യമന്ത്രിയെയും കുരിശിലേറ്റാൻ ഒരവസരം കിട്ടുമോ എന്ന ശ്രമമാണ് പ്രതിപക്ഷനേതാവ് നടത്തുന്നത്.

രാജ്യം ബ്രിട്ടീഷ് ആധിപത്യത്തിലായിരുന്നപ്പോൾ ജന്മിനാടുവാഴിത്തത്തിനെതിരെ കമ്യൂണിസ്റ്റുകാർ നിരവധി പോരാട്ടങ്ങൾ നടത്തി. ആ പോരാട്ടങ്ങളിൽ ഏർപ്പെട്ടവരെ വേട്ടയാടാൻ പൊലീസിനും ദിവാനുമൊപ്പം അണിനിരന്നവരാണ് ഇന്നത്തെ കോൺഗ്രസ് നേതാക്കളുടെ മുൻഗാമികൾ. ഒഞ്ചിയത്തും പുന്നപ്ര -വയലാറിലും ഇത് കണ്ടതാണ്. ഇന്നത്തെ കോൺഗ്രസ് നേതാക്കളുടെ പൂർവികർ ഒന്നുകിൽ രാജഭരണത്തോടൊപ്പമോ പൊലീസിനൊപ്പമോ ചേർന്ന്‌ കമ്യൂണിസ്റ്റ് വേട്ടയ്‌ക്ക് കൂട്ടുനിന്നിട്ടുണ്ട്‌. ഇന്നത്തെ കോൺഗ്രസ് നേതാക്കളിൽ ചിലർ ചെറുപ്പമായിരുന്നപ്പോൾ  അമേരിക്കയുടെ ചാരപ്പണി നടത്തിയതും അവരുടെ സഹായം സ്വീകരിച്ച് കേരളത്തിൽ  വിമോചനസമരം നടത്തിയതും ഇന്ത്യയിലെ  അമേരിക്കൻ സ്ഥാനപതിയായിരുന്ന മൊയ്നിഹാൻ  വിവരിച്ചിട്ടുണ്ട്.

1920ൽ ഇന്ത്യയിൽ കമ്യൂണിസ്റ്റ്  പാർടിയുടെ രൂപീകരണത്തോടെയാണ് പൂർണസ്വരാജ് എന്ന മുദ്രാവാക്യം ആദ്യമായി കേട്ടത്. ഭാഗിക അധികാരം മാത്രമുള്ള ഡൊമിനിയൻ  പദവി മതിയായിരുന്നു കോൺഗ്രസിന്. കമ്യൂണിസ്റ്റുകാർ  പൂർണസ്വരാജ് വേണമെന്ന് ആവശ്യപ്പെട്ടതോടെയാണ് നേതാക്കളെ കുടുക്കാനായി മീററ്റ്, പെഷവാർ, കാൺപുർ ഗൂഢാലോചനക്കേസുകൾ ബ്രിട്ടീഷുകാർ കെട്ടിച്ചമച്ചത്.  മീററ്റ് ഗൂഢാലോചനക്കേസിൽ പ്രതികളായവരെ ആൻഡമാൻ സെല്ലുലാർ ജയിലിലാണ് തടവിലിട്ടത്. ഇതേസമയം, ജയിലിലുണ്ടായിരുന്ന സംഘപരിവാർ നേതാവ്  വി ഡി സവർക്കർ ബ്രിട്ടീഷുകാർക്ക്  മാപ്പെഴുതിക്കൊടുത്ത്  ജയിൽ മോചിതനായതും ചരിത്രം.

ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിന്റെ മുൻനിരയിൽ കമ്യൂണിസ്റ്റ് പാർടി വരാതിരിക്കാൻ ബ്രിട്ടീഷുകാരുമായി ഇന്ത്യൻ ബൂർഷ്വാസികൾ ധാരണയുണ്ടാക്കി. ഇതിന്‌ ഒത്താശ ചെയ്തുകൊടുത്തത് കോൺഗ്രസുകാരായിരുന്നു. ക്വിറ്റ് ഇന്ത്യാ സമരത്തെ കമ്യൂണിസ്റ്റുകാർ വഞ്ചിച്ചുവെന്ന് നടത്തിയ പ്രചാരണം ചരിത്രസത്യത്തെ വളച്ചൊടിക്കലാണ്. ഫാസിസത്തിന്റെ പിടിയിൽനിന്ന് ലോകത്തെയാകെ രക്ഷിക്കാനുള്ള പോരാട്ടത്തിൽ ഫാസിസ്റ്റുവിരുദ്ധ ചേരിയെ ശക്തിപ്പെടുത്തണമെന്ന നിലപാടായിരുന്നു കമ്യൂണിസ്റ്റ്  പാർടിക്ക്. രണ്ടാം ലോക യുദ്ധത്തിൽ ഹിറ്റ്‌ലർ ജയിച്ചിരുന്നുവെങ്കിൽ ഇന്ത്യയുടെ അവസ്ഥ എന്തായിരിക്കുമെന്ന് ഊഹിക്കുന്നത് നന്നായിരിക്കും. ഒക്ടോബർ വിപ്ലവവും തുടർന്ന് രണ്ടാം ലോകമഹായുദ്ധത്തിൽ സോവിയറ്റ് യൂണിയന്റെ വിജയവും  കോളനിരാജ്യങ്ങളിൽ വിമോചനപ്രസ്ഥാനങ്ങൾക്ക്‌ ശക്തി പകർന്നു. ഇതേത്തുടർന്ന്  നിരവധി കോളനി രാജ്യങ്ങൾ സ്വതന്ത്രമാകുകയും ചെയ്തു. കമ്യൂണിസ്റ്റ് പാർടിക്ക് രാജ്യത്തോടുള്ള കൂറ് വ്യക്തമാക്കാൻകൂടിയാണ് 1942ൽ ആരംഭിച്ച കമ്യൂണിസ്റ്റ് പാർടിയുടെ മുഖപത്രത്തിന് ‘ദേശാഭിമാനി’ എന്ന പേർ  നൽകിയത്.

ഇന്ത്യ–--ചൈന യുദ്ധകാലത്തും ഇന്ത്യ-–-പാകിസ്ഥാൻ യുദ്ധകാലത്തും കമ്യൂണിസ്റ്റുകാരെ ശത്രുക്കളായി ചിത്രീകരിച്ച്  ജയിലിലടയ്ക്കാനാണ് കോൺഗ്രസ് സർക്കാർ ശ്രമിച്ചത്. ചൈനയുടെ കടന്നുകയറ്റവുമായി ബന്ധപ്പെട്ട്  സിപിഐ എമ്മിന് സുവ്യക്തമായ നിലപാടാണുള്ളത്. ഇന്ത്യയുടെ ഒരു തരി മണ്ണും ചൈന ഉൾപ്പെടെയുള്ള ഒരു അയൽരാജ്യത്തിനും വിട്ടുകൊടുക്കില്ലെന്ന ശക്തമായ നിലപാടാണ് പാർടിക്കുള്ളത്. ഉള്ള പ്രശ്നങ്ങൾ ചർച്ചയിലൂടെ പരിഹരിക്കണം.

പ്രധാനമന്ത്രിയുടെ പരാമർശത്തെ ഉപയോഗപ്പെടുത്തി സോണിയഗാന്ധിയും രാഹുൽ ഗാന്ധിയും നടത്തുന്ന പ്രസ്താവനകളോട് എന്താണ് പ്രതിപക്ഷനേതാവിന്റെ  പ്രതികരണം? സറണ്ടർ മോഡി എന്ന രാഹുലിന്റെ വിശേഷണത്തോട് പ്രതിപക്ഷനേതാവ് യോജിക്കുന്നുണ്ടോ? മുഖ്യമന്ത്രിക്കെതിരെ എല്ലാ ആയുധങ്ങളും ഉപയോഗിച്ച് പരാജയപ്പെട്ട പ്രതിപക്ഷനേതാവ് ഒടുവിൽ ചൈനയെ ഉപയോഗിച്ച് എന്തെങ്കിലും നേട്ടമുണ്ടാക്കാൻ കഴിയുമോ എന്ന ശ്രമം നടത്തുകയാണ്. ചൈനാ വിഷയത്തിൽ മുഖ്യമന്ത്രിയുടെ സമീപനമെന്തെന്ന ചോദ്യം ആ ലക്ഷ്യത്തോടെയാണ്. എന്തുകൊണ്ട് ബിജെപി ഇക്കാര്യത്തിൽ മുഖ്യമന്ത്രിക്കെതിരെ പ്രതികരിക്കുന്നില്ല എന്നാണ് പ്രതിപക്ഷനേതാവിന്റെ ചോദ്യം.


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top