27 March Monday

ആരുടെ അമൃതകാലം ? - എ എ റഹിം എഴുതുന്നു

വെബ് ഡെസ്‌ക്‌Updated: Friday Feb 3, 2023

കോവിഡ് മഹാമാരി ഏൽപ്പിച്ച പ്രഹരത്തിൽനിന്ന്‌ രാജ്യം കരകയറാൻ പ്രയാസപ്പെടുന്ന അവസ്ഥയിലാണ്‌ രണ്ടാം മോദി സർക്കാരിന്റെ അവസാനത്തെ സമ്പൂർണ ബജറ്റ് കഴിഞ്ഞദിവസം ലോക്‌സഭയിൽ അവതരിപ്പിച്ചത്. വരാനിരിക്കുന്ന തെരഞ്ഞെടുപ്പുകൾ ലക്ഷ്യംവച്ച് ഒരു ജനപ്രിയ ബജറ്റാകുമെന്ന്‌ ചിലരെങ്കിലും പ്രതീക്ഷിച്ചു. എന്നാൽ, എല്ലാവരെയും അത്യധികം നിരാശരാക്കുന്ന ബജറ്റാണ്‌  നിർമല സീതാരാമൻ അവതരിപ്പിച്ചത്.

 

തൊഴിൽ നൽകാൻ പദ്ധതിയൊന്നുമില്ല
രാജ്യം നേരിടുന്ന ഏറ്റവും ഗുരുതരമായ പ്രതിസന്ധികളിൽ ഒന്നാണ് തൊഴിലില്ലായ്മ. എന്നാൽ, തൊഴിലില്ലായ്മയെക്കുറിച്ച്  ബജറ്റ് പൂർണമായും മൗനംപാലിക്കുന്നു. സെന്റർ ഫോർ മോണിറ്ററിങ്‌ ഇന്ത്യൻ ഇക്കോണമിയുടെ കണക്കുപ്രകാരം  ജനുവരിയിൽ രാജ്യത്തെ തൊഴില്ലായ്മ നിരക്ക് 7.14ശതമാനമാണ്‌.  നഗരമേഖലയിൽ  8.55 ശതമാനവും  ഗ്രാമീണ ഇന്ത്യയിൽ 6.48 ശതമാനവും.  ഏറ്റവുമുയർന്ന തൊഴിലില്ലായ്മാ നിരക്കാണ്‌ ഇത്‌. ഗുരുതരമായ ഈ സാഹചര്യത്തിലും  കൂടുതൽ തൊഴിലവസരം സൃഷ്ടിക്കുന്ന ഒരു പദ്ധതിയും ബജറ്റ് മുന്നോട്ടുവയ്‌ക്കുന്നില്ല. ബജറ്റിന്റെ പ്രധാന ലക്ഷ്യങ്ങളായി ധനമന്ത്രി പറഞ്ഞ ഏഴ് പോയിന്റുകളിൽ (സപ്തർഷികൾ) ഒന്നാണ് യുവജനക്ഷേമമെങ്കിലും തൊഴിലില്ലായ്മയ്ക്ക് ആശ്വാസംനൽകുന്ന ഒന്നും ‘യുവജനക്ഷേമ’ത്തിൽ കാണുന്നില്ല.

സൂക്ഷ്‌മ ചെറുകിട ഇടത്തരം വ്യവസായ  മേഖലകളിൽ കൂടുതൽ പണം നിക്ഷേപിക്കുന്നതിലൂടെ തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടുമെന്ന് ബജറ്റ് പ്രസംഗത്തിൽ പരാമർശിച്ചിട്ടുണ്ടെങ്കിലും  അത്തരം വാഗ്ദാനങ്ങൾ മുൻകാലങ്ങളിൽ നൽകിയ പൊള്ള വാഗ്‌ദാനങ്ങളുടെ തുടർച്ചമാത്രം.
അസംഘടിത മേഖലയാണ് രാജ്യത്ത് വലിയൊരു വിഭാഗം യുവാക്കൾക്ക് തൊഴിൽ നൽകുന്നത്. കൂടുതൽ തൊഴിലവസരം പ്രതീക്ഷിക്കുന്നതും ഈ മേഖലയിൽ. എന്നിട്ടും അനൗപചാരികമേഖലയ്ക്കും ഈ മേഖലയിലെ തൊഴിലാളികൾക്കും കൂടുതൽ സുരക്ഷിതത്വം നൽകുന്നതിനുള്ള ഒരു ശ്രമവും ബജറ്റ് നടത്തുന്നില്ല. ‘ഇ–-ശ്രം’ പോർട്ടൽ വഴി തൊഴിലാളികളുടെ രജിസ്ട്രേഷൻ നടന്നു എന്ന് വാദിക്കുമ്പോഴും എത്രപേർക്ക് സാമൂഹ്യസുരക്ഷാ പദ്ധതികളുടെ പിന്തുണ ലഭിക്കുന്നുണ്ടെന്ന്‌  വ്യക്തതയില്ല. സ്വിഗ്ഗി, സൊമാറ്റോ തുടങ്ങിയ ഗിഗ് വർക്കിങ്‌ പ്ലാറ്റ്ഫോമുകളിൽ ജോലി ചെയ്യുന്ന യുവജനങ്ങൾ വലിയ ചൂഷണങ്ങൾക്കാണ് ഇരകളാകുന്നത്.

‘തന്ത്രപരമായ വിറ്റഴിക്കൽ’
സർക്കാരിന്റെ നയപരമായ വിധേയത്വം ആരോടെന്ന്‌ ഈ ബജറ്റ് വീണ്ടും തെളിയിക്കുന്നുണ്ട്. ‘തന്ത്രപരമായ വിറ്റഴിക്കൽ'എന്ന ഓമനപ്പേരിൽ പൊതുമുതലിന്റെ സ്വകാര്യവൽക്കരണത്തിന്‌ സർക്കാർ ആക്കംകൂട്ടുകയാണ്. 2014നും 2018നും ഇടയിൽ മോദി സർക്കാർ1,94,646 കോടി രൂപയുടെ പൊതു ആസ്തികൾ വിറ്റു. നടപ്പുസാമ്പത്തിക വർഷംമാത്രം 31,106.64 കോടിയുടെ  പൊതുസ്വത്ത്‌  വിറ്റു. ‘തന്ത്രപരമായ വിറ്റഴിക്കൽ' ഇനിയും തുടരുമെന്ന് ധന മന്ത്രി പ്രഖ്യാപിക്കുമ്പോൾ, രാജ്യത്തെ യുവത്വത്തിന്  സ്ഥിരം ജോലിസാധ്യതകൾ എന്നന്നേക്കുമായി നഷ്ടപ്പെടുകയാണ്. പൊതുമേഖലാസ്ഥാപനങ്ങൾ വിൽക്കുന്നതിലൂടെ അർഹമായ  സംവരണവും നഷ്ടമാകും. ഇത് ദുർബല  വിഭാഗങ്ങളെ കൂടുതൽ പാർശ്വവൽക്കരിക്കും. നിലവിലുള്ള  അസമത്വം മൂർച്ഛിപ്പിക്കും.


 

ഒഴിവുകൾ നികത്തുന്നില്ല
കേന്ദ്ര സർക്കാർ വകുപ്പുകളിലും കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങളിലും  ലക്ഷക്കണക്കിന് ഒഴിവുകളുണ്ട്‌. റെയിൽവേ, ബാങ്കിങ്, ഇൻഷുറൻസ്, കേന്ദ്ര സർവകലാശാലകൾ തുടങ്ങി  സായുധ സേനകളിൽവരെ തസ്‌തികകൾ ഒഴിഞ്ഞുകിടക്കുന്നതിനെക്കുറിച്ച്‌  സർക്കാരിനും ധനമന്ത്രിക്കും മൗനമാണ്. മാത്രമല്ല,  തന്ത്രപരമായ വിറ്റഴിക്കൽ തുടരുന്നതോടെ  ഇനി അവശേഷിക്കുന്ന സ്ഥിരം തസ്തികകൾകൂടി ഇല്ലാതാകും.

ഐടി മേഖലയിൽ വലിയ അനിശ്ചിതത്വം
മുതലാളിത്തത്തിന്റെ ആന്തരിക വൈരുധ്യങ്ങൾമൂലം ലോകം വീണ്ടും സാമ്പത്തിക പ്രതിസന്ധിയിലേക്ക നീങ്ങുന്നു. ഐടി മേഖലയിലെ ഭീമൻമാരായ ഗൂഗിളടക്കം വൻതോതിൽ തൊഴിലാളികളെ പിരിച്ചുവിടുന്നു.  ഈ പ്രവണത ഉടൻതന്നെ ഇന്ത്യയിലെ ഐടി മേഖലയെയും അവിടെ  തൊഴിൽ ചെയ്യുന്ന യുവജനങ്ങളെയും ബാധിക്കും.  ഈ സാഹചര്യത്തിൽ,  കേന്ദ്ര ബജറ്റിൽ, ഐടി, ഐടി അനുബന്ധ മേഖലകളിൽ ജോലി ചെയ്യുന്നവർക്ക്‌ ഫലപ്രദമായ ക്ഷേമ പദ്ധതികൾ വേണമായിരുന്നു. അതുണ്ടായില്ല. കേരളം ഈയടുത്ത് ഐടി മേഖലയിൽ  ക്ഷേമപദ്ധതി ആരംഭിച്ച്‌ രാജ്യത്തിന് മാതൃകയായി.

തീർത്തും ദീർഘവീക്ഷണമില്ലാത്ത, പുതുതലമുറയുടെ പ്രശ്നങ്ങളെ പൂർണമായും അവഗണിക്കുന്ന ബജറ്റാണ് നിർമല സീതാരാമൻ അവതരിപ്പിച്ചത്.
അഭ്യസ്തവിദ്യരായ യുവജനങ്ങൾക്ക് അവരുടെ വിദ്യാഭ്യാസ യോഗ്യതയ്‌ക്ക് അനുസരിച്ചുള്ള തൊഴിൽ ലഭ്യമല്ലെന്നത്‌ (under employment) രാജ്യം നേരിടുന്ന മറ്റൊരു പ്രതിസന്ധിയാണ്‌.  ഈ സുപ്രധാന  വിഷയത്തിന്‌ ബജറ്റ്‌  ഒരു പ്രാധാന്യവും നൽകിയിട്ടില്ല. ഉയർന്ന യോഗ്യതയുള്ളവർക്കുപോലും നാമമാത്ര  ശമ്പളത്തിന് ജോലി നോക്കേണ്ടിവരുന്നു. ജോലിസ്ഥിരത, മാന്യമായ ശമ്പളം എന്നിവ ഇന്ന് അപ്രസക്തമായി കഴിഞ്ഞിരിക്കുന്നു.

അപ്രായോഗിക നിർദേശങ്ങൾ
രാജ്യത്തെ വിദ്യാർഥികൾക്ക് ഗുണനിലവാരമുള്ള സാർവത്രിക വിദ്യാഭ്യാസം നൽകുന്നതുവഴി നല്ല ജോലിയിൽ പ്രവേശിക്കാനുള്ള യോഗ്യത അവർക്ക്‌ നേടാനാകും. എന്നാൽ,  ഇത്തരത്തിലുള്ള വിദ്യാഭ്യാസം നൽകുന്നതിന് ബജറ്റിൽ  സർക്കാർ നിർദേശിച്ചിട്ടുള്ള പരിഹാരം അപ്രായോഗികമാണ്. ഈ ലക്ഷ്യം നിറവേറ്റുന്നതിനായി, ‘വൺ ക്ലാസ്- വൺ ടിവി ചാനൽ' വിപുലീകരിക്കാൻ പദ്ധതിയിടുന്നതായി ബജറ്റ് പ്രസംഗത്തിൽ പറഞ്ഞിട്ടുണ്ട്‌. ദരിദ്രരും പാർശ്വവൽക്കരിക്കപ്പെട്ടവരുമായ വിദ്യാർഥികൾ നേരിടുന്ന ഡിജിറ്റൽ വിഭജനം കണക്കിലെടുക്കാതെയാണ്‌ ഇത്. സർക്കാർ അഭിമാനത്തോടെ പ്രഖ്യാപിച്ച ഡിജിറ്റൽ ലൈബ്രറികളുടെ കാര്യത്തിലും ഇത് ബാധകമാണ്. ഡിജിറ്റൽ വിഭജനത്തിന്റെ പ്രതിസന്ധിയെ നേരിടാൻ ഒരു പദ്ധതിയുമില്ല.

ദേശീയ ഗ്രാമീണ തൊഴിലുറപ്പുപദ്ധതിക്കുള്ള  വിഹിതം അസാധാരണമായ രീതിയിൽ വെട്ടിക്കുറച്ചിരിക്കുകയാണ്‌. ഇന്ത്യയിലെ ഗ്രാമീണ തൊഴിൽ മേഖലയിൽ വലിയ പ്രത്യാഘാതമാണ് ഈ തീരുമാനമുണ്ടാക്കാൻ പോകുന്നത്. ‘സപ്തർഷികൾ'എന്ന തലക്കെട്ടിൽ സ്ത്രീശാക്തീകരണത്തെ കുറിച്ച് പ്രതിപാദിക്കുന്ന ധനമന്ത്രി ഏറ്റവും  കൂടുതൽ ഗ്രാമീണ വനിതകൾ  ഉപജീവനത്തിനായി  ആശ്രയിക്കുന്ന  ഗ്രാമീണ തൊഴിലുറപ്പുപദ്ധതിയെ ദയാരഹിതമായി കൈയൊഴിയുകയാണ്‌.

ഇതിനെല്ലാം പുറമേയാണ് ന്യൂനപക്ഷങ്ങൾക്ക് നൽകിവരുന്ന വിവിധ അനുകൂല്യങ്ങൾക്കായി നീക്കിവയ്ക്കുന്ന തുകയിൽ വൻ കുറവ് വരുത്തിയത്.  2022-–- 2023 ബജറ്റിൽ 1810 കോടി രൂപ മാറ്റിവച്ചിരുന്നത് ഈ ബജറ്റിൽ 610 കോടി രൂപയായി ചുരുക്കിയിരിക്കുന്നു. കഴിഞ്ഞ ബജറ്റിൽ നീക്കിവച്ചിരുന്ന തുകയിൽനിന്ന്  വെറും 530 കോടി രൂപ മാത്രമാണ് നടപ്പുവർഷം ചെലവഴിച്ചത്. മത ന്യൂനപക്ഷങ്ങളോടുള്ള ആർഎസ്എസിന്റെ വിദ്വേഷരാഷ്ട്രീയമാണ് ഇതിൽ പ്രതിഫലിക്കുന്നത്.

ജീവിതച്ചെലവ് രാജ്യത്ത് കുതിച്ചുയരുന്ന സാഹചര്യത്തിൽ വിലക്കയറ്റം തടയാൻ സർക്കാർ ഒന്നും ചെയ്യുന്നില്ലെന്നു മാത്രമല്ല, ഇത്തരം ഫണ്ട് വെട്ടിക്കുറയ്ക്കൽ വഴി യുവജനതയുടെ അടക്കം എല്ലാവരുടെയും ജീവിതം കൂടുതൽ ദുസ്സഹമാക്കുകയാണ്.  ഭക്ഷ്യ സബ്‌സിഡി 30 ശതമാനം കുറച്ചു. പാചകവാതക സബ്സിഡിയിൽ 75 ശതമാനം കുറവ്‌ വരുത്തിയിരിക്കുന്നു.

അമൃതകാലത്തുള്ള ആദ്യ ബജറ്റ് എന്നാണ് നിർമല സീതാരാമൻ ഈ ബജറ്റിനെ വിശേഷിപ്പിച്ചത്. എന്നാൽ, ആരുടെ അമൃതകാലം എന്നാണ് ജനങ്ങൾ ചോദിക്കുന്നത്. പെട്രോളിയം, ഭക്ഷ്യധാന്യങ്ങൾ എന്നീ ഉൽപ്പന്നങ്ങളുടെ സബ്സിഡി വെട്ടിക്കുറച്ച്, തൊഴിലില്ലായ്മയെക്കുറിച്ച് വിശുദ്ധ മൗനംപാലിച്ച്, സ്ത്രീകൾക്കും മറ്റു ലിംഗ ന്യൂനപക്ഷങ്ങൾക്കുമായി മാറ്റിവച്ച വിഹിതം വെട്ടിക്കുറച്ച്‌   സാധാരണക്കാരായ ജനങ്ങളുടെ ജീവിതത്തെ ദുസ്സഹമാക്കി ആരുടെ അമൃതകാലമാണ് മോദിഭരണം സ്വപ്നംകാണുന്നത്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top