04 November Monday

പതിനാറാം ധനകമീഷനും കേരളവും - കെ എൻ ബാലഗോപാൽ എഴുതുന്നു

വെബ് ഡെസ്‌ക്‌Updated: Saturday Oct 5, 2024

 

പതിനാറാം ധന കമീഷന്റെ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട ആലോചനകളും ചർച്ചകളും രാജ്യത്താകെ ആരംഭിച്ചിട്ടുണ്ട്‌. നിതി ആയോഗ്‌ മുൻ വൈസ്‌ ചെയർമാൻ ഡോ. അരവിന്ദ്‌ പനഗാരിയ ചെയർമാനായ കമീഷൻ, റിപ്പോർട്ട്‌ തയ്യാറാക്കുന്നതിന്റെ മുന്നൊരുക്കങ്ങളുടെ ഭാഗമായി സംസ്ഥാനങ്ങളിലേക്കുള്ള പഠനയാത്ര ആരംഭിച്ചിട്ടുണ്ട്‌. ഇതിനകം ആറ്‌, ഏഴ്‌  സംസ്ഥാനങ്ങൾ സന്ദർശിച്ചു. ഡിസംബറോടെ കേരളത്തിൽ എത്തുമെന്നാണ്‌ സൂചന.

ധന കമീഷന്റെ റിപ്പോർട്ടിനും സംസ്ഥാനങ്ങൾക്കുള്ള ധനവിഹിതം സംബന്ധിച്ച തീർപ്പുകൾക്കും (അവാർഡുകൾ) വലിയ പ്രധാന്യമാണുള്ളത്‌. അഞ്ചുവർഷ കാലയളവിൽ സംസ്ഥാനങ്ങൾക്ക്‌ കേന്ദ്രത്തിൽനിന്ന്‌ ലഭിക്കേണ്ട ഭരണഘടനാപരമായ സാമ്പത്തിക പിന്തുണ സംബന്ധിച്ച തീർപ്പുകൾ നിശ്ചയിക്കുകയാണ്‌ ധന കമീഷന്റെ ചുമതല. 2026 ഏപ്രിൽ ഒന്നുമുതലാണ്‌ കമീഷന്റെ ശുപാർശ പ്രകാരമുള്ള ധനവിഹിതങ്ങൾ കേരളത്തിനും ലഭ്യമായി തുടങ്ങുക. ധന കമീഷൻ മുമ്പാകെ കേരളത്തിന്റെ ആവശ്യങ്ങൾ മുൻകൂട്ടി ശക്തമായി അവതരിപ്പിക്കാനും, അർഹതപ്പെട്ട സാമ്പത്തികാവകാശങ്ങളെല്ലാം നേടിയെടുക്കാനും കൃത്യമായ കണക്കുകൂട്ടലോടെയാണ്‌ കേരളം പ്രവർത്തിക്കുന്നത്‌. കേരളത്തിന്റെ ഭാവി സംബന്ധിച്ച വിഷയങ്ങൾക്ക്‌ അത്രയേറെ പ്രധാന്യമാണ്‌ സർക്കാർ നൽകുന്നത്‌.

കേന്ദ്രത്തിന്റെ സാമ്പത്തിക വിവേചനത്തിനെതിരെ കേരളം തുടങ്ങിവച്ച പ്രവർത്തനങ്ങൾ ദേശീയ ശ്രദ്ധ ആകർഷിച്ചവയായിരുന്നു. ന്യൂഡൽഹിയിൽ മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ നടത്തിയ സമരവും സുപ്രീംകോടതിയിൽ നൽകിയ കേസും  ഉൾപ്പെടെയുള്ള നടപടികളെ,  കേന്ദ്ര അവഗണന അനുഭവിക്കുന്ന സംസ്ഥാനങ്ങളും പിന്തുണച്ചു. അഞ്ചു സംസ്ഥാനങ്ങളിലെ ധനമന്ത്രിമാർ പങ്കെടുത്ത കോൺക്ലേവ് സംസ്ഥാന സർക്കാർ സംഘടിപ്പിച്ചു. കമീഷനു സമർപ്പിക്കുന്ന നിവേദനത്തിന്റെ ഉള്ളടക്കവും ധന ഫെഡറലിസവുമായി ബന്ധപ്പെട്ട പ്രശ്നങ്ങളുമാണ്‌ തിരുവനന്തപുരത്ത്‌ ചേർന്ന കോൺക്ലേവ്‌ ചർച്ച ചെയ്തത്‌. സംസ്ഥാനങ്ങൾക്കുള്ള ധനവിഹിതത്തിലെ അസന്തുലിതാവസ്ഥ ഇല്ലാതാക്കി ഫെഡറൽ സംവിധാനത്തെ അംഗീകരിക്കാൻ കേന്ദ്രം തയ്യാറാകണമെന്നാണ്‌ കോൺക്ലേവ്‌ ആവശ്യപ്പെട്ടത്‌. കമീഷനുമായുള്ള ചർച്ചകളിൽ സംസ്ഥാനങ്ങളുടെ ധന താൽപ്പര്യങ്ങളും ഫെഡറലിസവും കാത്തൂസൂക്ഷിക്കുന്ന യോജിപ്പിന്റെ അനിവാര്യത കോൺക്ലേവ്‌ ചുണ്ടിക്കാട്ടി. ഇത്തരത്തിൽ അടുത്ത കോൺക്ലേവിന്‌ കർണാടകം ആതിഥേയത്വം വഹിക്കുമെന്ന്‌ സമ്മേളനത്തിൽത്തന്നെ റവന്യുമന്ത്രി കൃഷ്‌ണബൈരെ ഗൗഡ പ്രഖ്യാപിച്ചു.

വിവിധ സംസ്ഥാനങ്ങളുടെ ധനവകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരും പ്രമുഖ സാമ്പത്തിക വിദഗ്‌ധരും പങ്കെടുത്ത പ്രത്യേക സെഷനിൽ രാജ്യാന്തര പ്രശസ്‌തരായ വിദഗ്‌ധർ സാമ്പത്തിക ഫെഡറലിസം സംബന്ധിച്ചും, പതിനാറാം ധന കമീഷനിൽ സംസ്ഥാനങ്ങൾ എടുക്കേണ്ട നിലപാടുകൾ സംബന്ധിച്ചും  നിഗമനങ്ങളും അഭിപ്രായങ്ങളും രേഖപ്പെടുത്തി. ഈ സമ്മേളത്തിന്റെ പശ്ചാത്തലം വിശദീകരിച്ച്‌ പ്രതിനിധികൾക്ക്‌ കേരളം സമർപ്പിച്ച കുറിപ്പ്‌ സംസ്ഥാനങ്ങൾ നേരിടുന്ന പ്രതിസന്ധികളുടെ കാരണങ്ങൾ വിശദമായി പരാമർശിച്ചു.

വരവുചെലവിൽ വർധിക്കുന്ന അന്തരം
രാജ്യത്തെ മൊത്തം നികുതി വരുമാനത്തിന്റെ ഗണ്യമായ ഭാഗവും കേന്ദ്രത്തിനാണ്‌ ലഭിക്കുന്നത്‌. എന്നാൽ, വികസനവും സാമൂഹ്യക്ഷേമം ഉറപ്പാക്കുകയെന്ന ഉത്തരവാദിത്വത്തിന്റെ മുഖ്യപങ്കും വഹിക്കുന്നത്‌ സംസ്ഥാനങ്ങളുമാണ്‌. 2021 -ലെ കണക്കെടുത്താൽ, കേന്ദ്ര–--സംസ്ഥാന സർക്കാരുകളുടെ സംയോജിത വരുമാനത്തിന്റെ 37 ശതമാനം മാത്രമാണ്‌ സംസ്ഥാനങ്ങൾക്ക്‌ ലഭിച്ചത്‌. 63 ശതമാനവും കേന്ദ്രഖജനാവിലെത്തി. എന്നാൽ, പൊതുചെലവിന്റെ 62.4 ശതമാനവും സംസ്ഥാനങ്ങളാണ്‌ വഹിച്ചത്‌. കേന്ദ്രത്തിന്റെതാകട്ടെ 37.6 ശതമാനവും. ഈ അസമത്വം ഒഴിവാക്കാനാണ്‌ അഞ്ചുവർഷത്തിലൊരിക്കൽ നിയമിക്കപ്പെടുന്ന ധന കമീഷനിലൂടെ കേന്ദ്ര–-സംസ്ഥാന സാമ്പത്തികാസന്തുലിതാസ്ഥ പരിഹരിക്കുകയെന്ന പ്രക്രിയ ഭരണഘടനയിലൂടെ ഉറപ്പാക്കിയത്‌. എന്നാൽ, വികസനത്തിന്റെയും വളർച്ചയുടെയും സാമൂഹ്യ പുരോഗതിയുടെയും അടിസ്ഥാനത്തിൽ, വളർച്ച നേടിയ സംസ്ഥാനങ്ങളുടെ വിഹിതം ഏകപക്ഷീയമായി വെട്ടിക്കുറയ്‌ക്കാനാണ്‌ ശ്രമം.

വിഭജനങ്ങളിലെ അസന്തുലിതാവസ്ഥ
പതിനഞ്ചാം ധനകമീഷൻ കേന്ദ്ര നികുതി വരുമാനത്തിന്റെ 41 ശതമാനം 28 സംസ്ഥാനങ്ങൾക്കായി വിഭജിച്ചു നൽകണമെന്നാണ്‌ ശുപാർശ ചെയ്‌തത്‌. ഇത്‌ കേന്ദ്രത്തിന്റെ ആവശ്യങ്ങൾക്ക്‌ വേണ്ടത്ര പണം ഉറപ്പാക്കുമെന്നും, സംസ്ഥാനങ്ങൾക്ക്‌ മതിയായ ഉപാധിരഹിത ധനസ്രോതസ്സ്‌ ലഭ്യമാക്കുമെന്നുമായിരുന്നു പതിനഞ്ചാം കമീഷന്റെ വിലയിരുത്തൽ. യാഥാർഥ്യം  നേർവിപരീതമായിപ്പോയി. പല  സംസ്ഥാനങ്ങളും സാമ്പത്തികഞെരുക്കത്തിലേക്ക്‌ വലിച്ചെറിയപ്പെട്ടു.

ധന കമീഷൻ ശുപാർശ ചെയ്‌തതിലും കുറവാണ്‌ കേന്ദ്രം സംസ്ഥാനങ്ങൾക്കായി നീക്കിവച്ചത്‌. ധന കമീഷൻ ശുപാർശകളുടെ ഉദ്ദേശ്യശുദ്ധിപോലും പരിഗണിക്കാതെ നികുതി വരുമാനത്തിന്റെ വലിയപങ്ക്‌ കേന്ദ്രംതന്നെ കൈയടക്കി. വലിയതോതിൽ ഉയർത്തിയ സെസുകളും സർചാർജുകളും വഴി സംസ്ഥാനങ്ങൾക്ക്‌ വിഭജിക്കേണ്ട അറ്റനികുതി വരുമാനം ഗണ്യമായി കുറച്ചു. 2011–--12ൽ മൊത്തം കേന്ദ്രനികുതി വരുമാനത്തിന്റെ 8.16 ശതമാനമായിരുന്നു സെസുകളും സർചാർജുകളും. 2022 ഡിസംബറിൽ കേന്ദ്രധനമന്ത്രി ലോക്‌സഭയിൽ നൽകിയ ഉത്തരത്തിൽ 2021-–-22 ലെ നികുതി വരുമാനത്തിൽ 28.08 ശതമാനം സെസുകളും സർചാർജുകളുമാണ്‌. അതിൽ സംസ്ഥാനങ്ങൾക്ക്‌ വിഭജിച്ചുനൽകുന്ന ജിഎസ്‌ടി നഷ്ടപരിഹാര സെസും ഉൾപ്പെടുന്നുവെന്നാണ് ധനമന്ത്രി ന്യായീകരണമായി പറഞ്ഞത്‌. കഴിഞ്ഞ ആഗസ്‌തിൽ രാജ്യസഭയ്‌ക്ക്‌ നൽകിയ മറുപടിയിൽ 2019 മുതൽ 2024 ജൂൺവരെ സെസുകളും സർചാർജുകളുംവഴി കേന്ദ്രം സമാഹരിച്ചത്‌ 22.11 ലക്ഷം കോടിരൂപയാണ്‌. ഇതിൽ ജിഎസ്‌ടി നഷ്ടപരിഹാര സെസ്‌ 5.95 ലക്ഷം കോടിയും. ജിഎസ്‌ടി നഷ്ടപരിഹാരം സംസ്ഥാനങ്ങൾക്ക്‌ നൽകുന്നത്‌ 2022 ജൂണിൽ അവസാനിപ്പിച്ചിരുന്നു. എന്നാൽ, ഈ സെസ്‌ പിരിക്കുന്നത്‌ 2026 മാർച്ചുവരെ തുടരാനും തീരുമാനിച്ചു. ഫലത്തിൽ 2023–- -24 ൽ കേന്ദ്രനികുതി വരുമാനത്തിന്റെ 74 ശതമാനത്തിൽനിന്നുമാത്രമാണ്‌ സംസ്ഥാനവിഹിതം നീക്കിവച്ചത്‌. ബാക്കി കേന്ദ്രം യഥേഷ്ടം ചെലവിട്ടു. ഇത്‌ ധന കമീഷൻ നിർദേശങ്ങളെ നോക്കുകുത്തിയാക്കുന്ന നടപടിയായി.


 

സെസുകളിലൂടെ സമാഹരിക്കുന്ന തുകകളുടെ വിനിയോഗം സംബന്ധിച്ച്‌ പുറത്തുവരുന്ന വിവരങ്ങളും ആശാസ്യമല്ല. പെട്രോൾ, ഡീസൽ എന്നിവയ്‌ക്ക്‌ ഏർപ്പെടുത്തിയ സെസ്‌ വഴി സമാഹരിക്കുന്ന സെൻട്രൽ റോഡ്‌ ഫണ്ട്‌ ദേശീയപാതകളുടെയും സംസ്ഥാന പാതകളുടെയും മറ്റും വികസനത്തിനായാണ്‌ വിഭാവനം ചെയ്‌തത്‌. 2022 ലെ ബജറ്റ്‌ പരിശോധിച്ചാൽ, സാമൂഹ്യക്ഷേമ മേഖലകളിലേക്കാണ്‌ ഈ ഫണ്ടിന്റെ വലിയഭാഗം വിനിയോഗിക്കപ്പെട്ടിട്ടുള്ളത്‌. വീടുകളിൽ വെള്ളം എത്തിക്കാനായി പ്രഖ്യാപിച്ച ഹർ ഖർ നൽ സേ ജൽ പദ്ധതിക്കുമാത്രം 60,000 കോടി രൂപയാണ്‌ റോഡ്‌ ഫണ്ടിൽനിന്ന്‌ മാറ്റിയത്‌. 2023ലെ ബജറ്റിൽ റോഡ്‌ ഫണ്ടിൽനിന്ന്‌ 50,000 കോടിയാണ്‌ റെയിൽവേക്കായി വക മാറ്റിയത്‌. പെട്രോൾ, ഡീസൽ ഉൾപ്പെടെയുള്ളവയിൽനിന്ന്‌ സമാഹരിക്കുന്ന നികുതി തുകയുടെ വിഹിതം സംസ്ഥാനങ്ങൾക്കും അവകാശപ്പെട്ടതാണ്‌. എന്നാൽ, നികുതിക്കു പുറത്ത്‌ സെസും സർചാർജുമായി വലിയ തുക  ഈടാക്കുന്നതിലൂടെ സംസ്ഥാനങ്ങളുടെ സാമ്പത്തിക അവകാശങ്ങളാണ്‌ നിഷേധിക്കുന്നത്‌. സ്‌പെക്‌ട്രം, പൊതുമേഖലാ വിറ്റഴിക്കൽ ഉൾപ്പെടെ പാരമ്പര്യേതര മാർഗങ്ങളിലൂടെ കേന്ദ്രം വലിയതോതിൽ സമാഹരിക്കുന്ന പണത്തിൽനിന്നും സംസ്ഥാനങ്ങൾക്ക്‌ വിഹിതമില്ല. 2021-–-22 മുതൽ 2023-–-24 വരെ 3.86 ലക്ഷം കോടി രൂപയാണ്‌ പൊതുമേഖലാ ഓഹരി വിറ്റഴിക്കലിലൂടെ കേന്ദ്രം നേടിയത്‌.

ജിഎസ്‌ടിയും സംസ്ഥാനങ്ങളും
സുസ്ഥിരമായി സ്ഥാപനവൽകരിക്കപ്പെട്ടുവെന്ന്‌ കേന്ദ്രം അവകാശപ്പെടുന്ന ജിഎസ്‌ടി സമ്പ്രദായത്തെക്കുറിച്ചും, ജിഎസ്‌ടി നഷ്ടപരിഹാരം അവസാനിപ്പിച്ച നിലപാടും ധന കമീഷൻ ഗൗരവമായി പരിഗണിക്കേണ്ട വിഷയമാണ്‌. ജിഎസ്‌ടിയിലേക്കുള്ള ചുവട്‌ മാറ്റത്തിൽ നികുതി അവകാശങ്ങളുടെ വലിയഭാഗം സംസ്ഥാനങ്ങൾക്ക്‌ നഷ്‌ടമായി. ജിഎസ്‌ടി വരുമാനത്തിൽ 14 ശതമാനം വാർഷിക വളർച്ച ഉണ്ടായില്ലെങ്കിൽ നഷ്ടപരിഹാരവും പ്രഖ്യാപിച്ചു. നികുതിസമ്പ്രദായത്തിന്റെ പോരായ്‌മമൂലം ഇപ്പോഴും  പ്രതീക്ഷിത വളർച്ചനിരക്ക്‌ കൈവരിക്കാൻ ജിഎസ്‌ടിക്ക്‌ കഴിഞ്ഞിട്ടില്ല. എന്നാൽ, നഷ്ടപരിഹാരം അവസാനിപ്പിച്ചു. നഷ്ടപരിഹാര കാലാവധി നീട്ടണമെന്നത്‌ എല്ലാ സംസ്ഥാനങ്ങളുടെയും ആവശ്യമായി കഴിഞ്ഞു. എന്നാൽ, നഷ്ടപരിഹാര സെസ്‌ പിരിവ്‌ കാലാവധിയായ 2026 മാർച്ച്‌ കഴിഞ്ഞ്‌ ഈ വിഷയം പരിഗണിക്കാമെന്നാണ്‌ കേന്ദ്രം ജിഎസ്‌ടി കൗൺസിലിൽ എടുക്കുന്ന നിലപാട്‌. സംസ്ഥാനങ്ങൾ നേരിടേണ്ടിവരുന്ന സാമ്പത്തിക ഞെരുക്കം മറികടക്കാൻ ഈ നിലപാട്‌ സഹായകമല്ല.

സംസ്ഥാനങ്ങൾക്ക്‌ വായ്‌പയുമില്ല
പാർലമെന്റും നിയമസഭകളും അംഗീകരിച്ച ധന ഉത്തരവാദിത്വ നിയമപ്രകാരം സംസ്ഥാനങ്ങൾക്ക്‌ ജിഎസ്‌ഡിപിയുടെ മൂന്നു ശതമാനവും  കേന്ദ്രത്തിന്‌ ജിഡിപിയുടെ അഞ്ചു ശതമാനവും വായ്‌പ എടുക്കാം. സംസ്ഥാനങ്ങൾക്ക്‌ എടുക്കുന്നതിന്‌ കേന്ദ്ര അനുമതി വേണം. കേരളത്തിന്റെ കാര്യത്തിൽ മുൻകാലങ്ങൾക്ക്‌ വിരുദ്ധമായി അനാവശ്യ കാരണങ്ങൾ ഉന്നയിച്ച്‌  വായ്‌പയ്‌ക്കും അനുമതിയും നിഷേധിക്കപ്പെടുകയാണ്‌. അഞ്ചു വർഷത്തിനുള്ളിൽ ഏതാണ്ട്‌ 1.07 ലക്ഷം കോടി രൂപയുടെ വരുമാന സാധ്യതയാണ്‌ ഇത്തരത്തിൽ മുടക്കിയത്‌. അതേസമയം, പ്രാഥമിക കണക്കുകളിൽ  2023-–-24 ൽ കേന്ദ്രം എടുത്തിട്ടുള്ള വായ്‌പ ജിഡിപിയുടെ 5.6 ശതമാനമാണ്‌. 2022-–-23ലെ അന്തിമകണക്കിൽ 6.4 ശതമാനമാണ്‌ കടമെടുത്തത്‌. 2023-–-24ലെ മൊത്തം കടം 171.78 ലക്ഷം കോടിയാണ്‌. ജിഡിപിയുടെ 58.2 ശതമാനം. ഈവർഷം അത്‌ 185.27 ലക്ഷം കോടി കവിയുമെന്നാണ്‌ കേന്ദ്രം പാർലമെന്റിനെ അറിയിച്ചത്‌. കേന്ദ്രത്തിന്‌ യഥേഷ്ടം കടമെടുക്കാം, സംസ്ഥാനങ്ങൾക്ക്‌ എഫ്‌ആർബിഎം ആക്ട്‌ പ്രകാരമുള്ള വായ്‌പാനുവാദവും അംഗീകരിക്കുന്നില്ലെന്ന പ്രശ്‌നവും ധന കമീഷനുമുമ്പാകെ ഉയർന്നുവരും.

കേന്ദ്ര–-സംസ്ഥാന സാമ്പത്തിക ബന്ധങ്ങളിൽ വലിയ വിള്ളൽ അനുഭവപ്പെടുന്ന കാലഘട്ടത്തിലാണ്‌ പതിനാറാം ധന കമീഷൻ പ്രവർത്തനം തുടങ്ങിയത്‌. നികുതിയുടെയും നികുതി വിഭജനത്തിന്റെയും ഘടന സംബന്ധിച്ച്‌ ഈ കമീഷൻ സമഗ്രപരിശോധന നടത്തുമെന്നാണ്‌ കേരളത്തിന്റെ പ്രതീക്ഷ. അതിനനുസരിച്ചുള്ള നിവേദനം തയ്യാറാക്കി സമർപ്പിക്കുന്നതിനുള്ള സമഗ്രമായ പ്രവർത്തനങ്ങളാണ്‌ സംസ്ഥാനം ഏറ്റെടുത്തിട്ടുള്ളത്‌. ഇക്കാര്യത്തിൽ സംസ്ഥാനങ്ങളുടെ യോജിപ്പ്‌ ഉറപ്പാക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായി കേരളം മുൻകൈ എടുത്ത്‌ സംഘടിപ്പിച്ച ധനമന്ത്രിമാരുടെ കോൺക്ലേവ്‌ കൂട്ടായ പ്രവർത്തനത്തിന്‌ ശക്തി പകരും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top