24 October Sunday

124 എ: അധിനിവേശത്തിന്റെ വിഴുപ്പ് - സുനിൽ പി ഇളയിടം എഴുതുന്നു

സുനിൽ പി ഇളയിടംUpdated: Tuesday Sep 7, 2021

അധിനിവേശത്തിന്റെ ഈ വിഴുപ്പ് നാമിനിയും ചുമക്കേണ്ടതുണ്ടോ എന്ന് സുപ്രീംകോടതി അടുത്തിടെ മറയില്ലാതെ ചോദിച്ചതോടെ ഇന്ത്യൻ ശിക്ഷാനിയമത്തിലെ 124 എ എന്ന വകുപ്പ് സമീപകാലത്ത് വീണ്ടും ചർച്ചകളിൽ നിറഞ്ഞു. മനുഷ്യാവകാശ പ്രവർത്തകരെയും പത്രപ്രവർത്തകരെയും ഭരണകൂട വിമർശകരെയും രാഷ്ട്രീയ എതിരാളികളെയും വേട്ടയാടാൻ കാലങ്ങളായി ദുരുപയോഗം ചെയ്യപ്പെട്ട ഒന്നാണ് ഈ വകുപ്പ്. സമീപകാലത്ത് കേന്ദ്ര സർക്കാരിന്റെ കർഷകനയങ്ങൾക്കെതിരെ സമരം ചെയ്യുന്നവർക്കെതിരെപോലും ഈ വകുപ്പിന്റെ ദുരുപയോഗമുണ്ടായി. ദുരുപയോഗം എന്നതല്ലാതെ മറ്റൊരുപയോഗവും ഇല്ലാത്ത ഒന്നായി അതിപ്പോൾ മാറിത്തീർന്നിരിക്കുന്നു. അതുകൊണ്ടാണ് ഈ വിഴുപ്പ് ഇനിയും ചുമക്കേണ്ടതുണ്ടോ എന്ന്, അസാധാരണമായ രീതിയിലും ഭാഷയിലും കോടതി ചോദിച്ചത്.

124 എ പ്രകാരം പലവട്ടം വിചാരണയും തടവുശിക്ഷയും അനുഭവിച്ച ആളായിരുന്നു ഗാന്ധിജി. 1922 മാർച്ച് 19ന് ‘രാജ്യദ്രോഹ’ക്കുറ്റത്തിന്റെ വിചാരണവേളയിൽ അഹമ്മദാബാദ് കോടതിയോട് ഗാന്ധിജി പറഞ്ഞു: “ഏതെങ്കിലും വിധത്തിലുള്ള ഇളവ് ഞാൻ യാചിക്കുന്നില്ല. ഈ നിയമപ്രകാരം ബോധപൂർവമായ കുറ്റകൃത്യവും എന്റെ കാഴ്ചപ്പാടിൽ ഒരു പൗരന്റെ സമുന്നതധർമവുമായ ഒരു പ്രവൃത്തിയുടെ പേരിൽ എന്റെ പേരിൽ ചുമത്താവുന്ന പരമാവധി ശിക്ഷ ഏറ്റുവാങ്ങുന്നതിനാണ് ഞാനിവിടെ നിൽക്കുന്നത്”.

1919 മേയിൽ യങ്‌ ഇന്ത്യയിൽ എഴുതിയ മൂന്ന് ലേഖനത്തെ മുൻനിർത്തി ഗാന്ധിജിയുടെ പേരിൽ ബ്രിട്ടീഷ്ഭരണകൂടം രാജ്യദ്രോഹക്കുറ്റം ചുമത്തി. വിചാരണവേളയിൽ ഗാന്ധിജി കുറ്റം നിഷേധിച്ചില്ല. ബ്രിട്ടീഷ്ഭരണകൂടത്തോട് അപ്രിയം ഉളവാക്കുക തന്റെ ധാർമികമായ ഉത്തരവാദിത്വവും നയവുമാണെന്ന് ഗാന്ധിജി വാദിച്ചു. ആ കുറ്റകൃത്യം താൻ ഇനിയും ആവർത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു. ‘പൗരന്മാരുടെ സ്വാതന്ത്ര്യം അടിച്ചമർത്തുന്നതിന് ഇന്ത്യൻ ശിക്ഷാനിയമത്തിൽ രൂപകൽപ്പന ചെയ്തിരിക്കുന്ന രാഷ്ട്രീയവകുപ്പുകളുടെ രാജകുമാരനാണ് 124 എ’ എന്നുകൂടി വിചാരണവേളയിൽ ഗാന്ധിജി പറയുന്നുണ്ട്. ഒരാൾക്ക് ഭരണകൂടത്തോട് അതൃപ്തിയും അസന്തുഷ്ടിയും ഉണ്ടെങ്കിൽ അത് പൂർണമായി പ്രകടിപ്പിക്കുകയാണ് വേണ്ടതെന്ന് ഗാന്ധിജി വാദിച്ചു. ഈ നിയമം ശരിയാണെന്ന് കരുതുന്നെങ്കിൽ തനിക്ക് പരമാവധി ശിക്ഷ നൽകണമെന്നും തെറ്റാണെന്ന് തോന്നുന്നെങ്കിൽ ജോലി രാജിവയ്ക്കണമെന്നും ഗാന്ധിജി ജഡ്‌ജിയോട് ആവശ്യപ്പെടുകയും ചെയ്തു. പക്ഷേ, ഗാന്ധിജി ആറുവർഷത്തെ തടവിന് ശിക്ഷിക്കപ്പെട്ടു.

സ്വാതന്ത്ര്യപ്രാപ്തിയുടെ എഴുപത്തഞ്ചാം വാർഷികത്തിലും കോളനിവാഴ്ചയുടെ ഈ വിഴുപ്പ് നാം ചുമക്കുന്നു. ഗാന്ധിജിയെ തടവിലടയ്ക്കാൻ കൊളോണിയൽ ഭരണകൂടം ഉപയോഗിച്ച 124 എ വകുപ്പ് ഗാന്ധിജിയെ രാഷ്ട്രപിതാവായി പ്രതിഷ്ഠിച്ച ഒരു രാജ്യത്ത്‌ തുടരുന്നു.

ദേശീയപ്രസ്ഥാനത്തിലെ വലിയ നേതാക്കളെയെല്ലാം ജയിലിലടയ്ക്കാൻ സാമ്രാജ്യത്വഭരണകൂടം ഉപയോഗപ്പെടുത്തിയ വകുപ്പായിരുന്നു 124 എ. ബാലഗംഗാധരതിലകൻ, മൗലാനാ അബുൾകലാം ആസാദ്, ജവാഹർലാൽ നെഹ്റു എന്നിങ്ങനെ മഹാരഥികൾ മിക്കവരും ഈ നിയമത്തിന്റെ പേരിൽ തടവിലടയ്ക്കപ്പെട്ടവരാണ്. എങ്കിലും ഇന്ത്യ 124 എ എന്ന വകുപ്പിൽനിന്ന് പുറത്തുകടന്നില്ല. സ്വാതന്ത്ര്യപ്രാപ്തിയുടെ എഴുപത്തഞ്ചാം വാർഷികത്തിലും കോളനിവാഴ്ചയുടെ ഈ വിഴുപ്പ് നാം ചുമക്കുന്നു. ഗാന്ധിജിയെ തടവിലടയ്ക്കാൻ കൊളോണിയൽ ഭരണകൂടം ഉപയോഗിച്ച 124 എ വകുപ്പ് ഗാന്ധിജിയെ രാഷ്ട്രപിതാവായി പ്രതിഷ്ഠിച്ച ഒരു രാജ്യത്ത്‌ തുടരുന്നു. ഒരു ഗ്രാമത്തിലെ എല്ലാ ആളുകളെയും വേട്ടയാടാൻ ഒരു പൊലീസ് ഉദ്യോഗസ്ഥന് ഉപയോഗപ്പെടുത്താവുന്ന നിയമമായി 124 എ മാറിക്കഴിഞ്ഞിരിക്കുന്നു എന്നാണ് സുപ്രീംകോടതി നിരീക്ഷിച്ചത്. ഒരു കഷ്‌ണം തടി അറക്കാൻ ലഭിച്ച അറക്കവാൾകൊണ്ട് ഒരു കാടാകെ മുറിച്ചുമാറ്റുന്നതുപോലെയാണ് 124 എയുടെ ദുരുപയോഗമെന്നും കോടതി ചൂണ്ടിക്കാട്ടി.

1837ൽ ഇന്ത്യൻ ശിക്ഷാനിയമത്തിന്റെ ആദ്യരൂപരേഖയിൽ രാജ്യദ്രോഹക്കുറ്റം ഉൾപ്പെടുത്തുമ്പോൾ രണ്ടു നൂറ്റാണ്ടോളം ദൈർഘ്യമുള്ള ഒരു ചരിത്രജീവിതം അതിന്‌ കൈവരുമെന്ന് മെക്കാളെ പ്രഭു കരുതിക്കാണില്ല. അടിമരാജ്യത്തെ പ്രജകളുടെ അഭിപ്രായസ്വാതന്ത്ര്യത്തെ അടിച്ചമർത്താൻവേണ്ടി തയ്യാറാക്കിയ നിയമമാണത്‌. ചരിത്രത്തിലെ അസാധാരണ വൈരുധ്യങ്ങളിലൊന്നായി 124 എ എന്ന വകുപ്പ് തുടരുന്നു. ബ്രിട്ടനിൽ അത്‌ റദ്ദാക്കപ്പെട്ടിട്ട് (2007) ഒന്നരപ്പതിറ്റാണ്ട് കഴിയുന്നു. അപ്പോഴും ലോകത്തെ ഏറ്റവും വലിയ ‘ജനാധിപത്യ’രാജ്യം ആ വിഴുപ്പ് അഭിമാനപൂർവം തലയിലേറ്റുന്നു.

1833ലാണ് തോമസ് ബാബിങ്‌ടൺ മെക്കാളെ ചെയർമാനും ജോൺ എം മക്ലിയോഡ്, ജി ഡബ്ല്യു ആൻഡേഴ്സൺ, എഫ് മില്ലെറ്റ്, ചാൾസ് എച്ച് കാമെറോൺ എന്നിവർ അംഗങ്ങളുമായി ഒന്നാമത്തെ ഇന്ത്യൻ ലോ കമീഷൻ നിലവിൽ വന്നത്. ഈ കമീഷന്റെ ശുപാർശപ്രകാരം 1835 ജൂൺ 15ന് ഇന്ത്യക്ക്‌ സമഗ്രമായ ഒരു ശിക്ഷാനിയമം ഉണ്ടാക്കാൻ ബ്രിട്ടീഷ് സർക്കാർ ഉത്തരവിട്ടു. കരട് തയ്യാറാക്കിയത് മെക്കാളെ തനിച്ചാണ്. രണ്ടുവർഷത്തിലധികം സമയമെടുത്ത്, 1837ൽ അദ്ദേഹം കരടിന് അന്തിമ രൂപം നല്കി. വിപുലമായ ചർച്ചയ്‌ക്കുശേഷം 1860ലാണ് അത്‌ നിലവിൽ വന്നത്. കരട്നിയമത്തിൽ 113–-ാം വകുപ്പായി ഉൾപ്പെടുത്തിയിരുന്ന രാജ്യദ്രോഹക്കുറ്റം എന്തുകൊണ്ടോ അതിലുൾപ്പെട്ടിരുന്നില്ല. പിന്നീട് 1870ലാണ് ജയിംസ് എം സ്റ്റീഫന്റെ നേതൃത്വത്തിൽ ശിക്ഷാനിയമത്തിലെ ആറാം അധ്യായത്തിലെ (121 മുതൽ 130 വരെ വകുപ്പ്‌) 124ഉം 125ഉം വകുപ്പുകൾക്കിടയിൽ 124 എ എന്ന പേരിൽ അതുൾപ്പെടുത്തിയത്.

1870ൽ നിലവിൽ വന്നതിനുശേഷം 1898 ലായിരുന്നു ആദ്യഭേദഗതി. പിന്നീട് 1937, 48, 50, 51 വർഷങ്ങളിലെല്ലാം ചെറിയ ഭേദഗതികൾ വന്നു. 1973ൽ ഇന്ദിരയുടെ ഭരണകാലത്ത് കോടതിവാറന്റില്ലാതെതന്നെ പൊലീസിന് അറസ്റ്റിന് അധികാരം നൽകുന്ന വകുപ്പായി മാറി. അങ്ങനെ ജനാധിപത്യ ഇന്ത്യയിൽ കൊളോണിയൽ ഭരണകാലത്തേക്കാൾ മാരകമായ ഒന്നായി ‘രാജ്യദ്രോഹക്കുറ്റം’ ഇടം നേടി!

1951ൽ പഞ്ചാബ് ഹൈക്കോടതി ഈ വകുപ്പ് ഭരണഘടനയുടെ 19–-ാം അനുച്ഛേദത്തിന് എതിരാണെന്ന് കണ്ടെത്തുകയും അത് റദ്ദാക്കുകയും ചെയ്തു. 1959ൽ അലഹബാദ് ഹൈക്കോടതിയും ഈ നിയമം ഭരണഘടനയ്ക്ക് എതിരാണെന്ന് വിധിച്ചു. എങ്കിലും 1961ൽ കേദാർനാഥ്സിങ്ങും ബിഹാർ സർക്കാരും തമ്മിലുള്ള കേസിൽ വിധിപറഞ്ഞ സുപ്രീംകോടതി വകുപ്പ് നിലനിർത്തുകയാണ് ചെയ്തത്. തിലകന്റെയും ഗാന്ധിജിയുടെയും മറ്റും വഴിയിൽ ബിനായക്‌സെനും അരുന്ധതിറോയിയും മുതൽ ആയിരങ്ങൾ പ്രതിയാവുകയും ചിലരെല്ലാം ശിക്ഷിക്കപ്പെടുകയും ചെയ്തു. ശ്യാം ബനഗൽ, അടൂർ ഗോപാലകൃഷ്ണൻ, രാമചന്ദ്രഗുഹ, അപർണ സെൻ എന്നിവരുൾപ്പെടെ 49 പേർക്കെതിരെയാണ് സമീപകാലത്ത് രാജ്യദ്രോഹക്കുറ്റം ആരോപിക്കപ്പെട്ടത്. പൗരത്വനിയമത്തിനെതിരായി പ്രതിഷേധിച്ചതിന് 25 കേസിലായി 3700 പേരെ രാജ്യദ്രോഹക്കേസിൽ പ്രതിചേർത്തതായി പത്രറിപ്പോർട്ടുകൾ പറയുന്നു. ഹത്രാസ് ബലാത്സംഗം റിപ്പോർട്ട് ചെയ്യാനെത്തിയ മാധ്യമപ്രവർത്തകർക്കെതിരെയും രാജ്യദ്രോഹക്കുറ്റം ചുമത്തപ്പെട്ടു!

ഇപ്പോഴത്തെ ഹിന്ദുത്വഭരണകൂടമാണ് ഈ വിനാശകരമായ വകുപ്പിന്റെ ഏറ്റവും വലിയ ഉപയോക്താക്കൾ. 2010–-14 കാലയളവിൽ 3762 പേരാണ് ഈ വകുപ്പ് പ്രകാരം പ്രതികളാക്കപ്പെട്ടതെങ്കിൽ 2014–-19 കാലത്ത് 7136 പേർ പ്രതികളായി. 2014നും 2019നും ഇടയിൽ രജിസ്റ്റർ ചെയ്ത കേസുകളുടെ എണ്ണത്തിൽ 98 ശതമാനം വർധനയുണ്ടായി. അപ്പോഴാണ്, സുപ്രീംകോടതി ചീഫ് ജസ്റ്റിസ് എൻ വി രമണ, എ എസ്‌ ബൊപ്പണ്ണ, ഋഷികേശ് റോയ് എന്നിവരുൾപ്പെടുന്ന ബഞ്ച് അധിനിവേശഭരണത്തിന്റെ ഈ വിഴുപ്പ് നാമിനിയും ചുമക്കണോ എന്ന്‌ ചോദിച്ചത്. ഇന്ത്യൻ ജനാധിപത്യത്തിന്റെയും ഭരണഘടനയുടെയും ഹൃദയത്തെ തൊട്ടുനിൽക്കുന്ന ചോദ്യമാണത്; ഈ രാഷ്ട്രത്തിന്റെ ഭാവിജീവിതത്തെയും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top