17 September Tuesday

സ്വല്പപുണ്യയായേൻ - കോട്ടയ്‌ക്കൽ ശിവരാമന്റെ രംഗജീവിതത്തിലൂടെ...

ശ്രീവത്സൻ വാഴേങ്കടUpdated: Monday Sep 2, 2024

കോട്ടയ്ക്കൽ ശിവരാമനും പത്നി ഭവാനിയും


ഇരുപതാം നൂറ്റാണ്ടിന്റെ ഉത്തരാർധത്തിൽ കഥകളിയിലെ നായിക കഥാപാത്രങ്ങളുടെ ഗതിവിഗതികൾ നിർണയിച്ചതിൽ കോട്ടയ്ക്കൽ ശിവരാമന്റെ സ്ഥാനം ശ്രദ്ധേയമാണ്.

ഒരു ജന്മനിയോഗം പോലെ അദ്ദേഹത്തിന്റെ കഥകളി ജീവിതത്തിൽ അതിനൊരിടമുണ്ടായി എന്നതിനപ്പുറം തികച്ചും ഉത്തമവിശ്വാസത്തോടെയും ആത്മബോധ്യങ്ങളിലൂടെയും അദ്ദേഹത്തിലൂടെ സംഭവിച്ച ഒരു ചരിത്രസത്യമായിരുന്നു അത്.

കോട്ടയ്‌ക്കൽ ശിവരാമൻ

കോട്ടയ്‌ക്കൽ ശിവരാമൻ

അദ്ദേഹത്തിന്റ വന്ദ്യ ഗുരുനാഥന്റ രസൗചിത്യപാത്രബോധത്തിൽ അധിഷ്ഠിതമായ ആവിഷ്കാര രീതിശാസ്ത്രം സ്ത്രീവേഷങ്ങളിലൂടെ പ്രസരിപ്പിക്കാൻ അനന്തരഗാമിയായി കാലം കണ്ടെത്തിയ വേഷക്കാരനായിരുന്നു കോട്ടയ്ക്കൽ ശിവരാമൻ എന്ന് പറയുന്നതിൽ തെറ്റില്ല. കോട്ടയ്ക്കൽ പി എസ് വി നാട്യസംഘമായിരുന്നു ശിവരാമന്റെ ഗുരുകുലം. ജീവിതത്തിൽ എക്കാലവും അറിയപ്പെട്ടതും സ്ത്രീവേഷപ്പൊലിമയുടെ പേരിലായിരുന്നു.

കോട്ടയ്ക്കൽ ആര്യവൈദ്യശാലയുടെ സ്ഥാപകൻ വൈദ്യരത്നം പി എസ് വാര്യരുടെ ദീർഘദർശിത്വത്തിന്റെയും സഹൃദയത്വത്തിന്റെയും സദ്ഫലമാണ് പി എസ് വി  നാട്യസംഘമെന്ന്‌ പ്രസിദ്ധി നേടിയ കഥകളി സ്ഥാപനം. ഇന്നും ഗുരുകുല സമ്പ്രദായത്തിൽത്തന്നെയാണ് അവിടെ അഭ്യസനം നടത്തി വരുന്നത്.

വൈദ്യത്തോടൊപ്പം സംഗീതസാഹിത്യാദി സുകുമാരകലകളിലും നാടകത്തിലും പി എസ് വാര്യരുടെ സഹൃദയബുദ്ധി വ്യാപരിച്ചിരുന്നതായി അദ്ദേഹത്തിന്റെ ജീവിതം കാണിച്ചു തരുന്നു. 

തന്റെ പ്രധാന കർമമണ്ഡലമായ ഭിഷഗ്വരവൃത്തിക്കിടയിലും അതിനുള്ള സമയം കണ്ടെത്തുകയും പുരാണകഥകളെ അവലംബിച്ചുകൊണ്ട് തികച്ചും മൗലികമായി സഹൃദയസംവേദവും നൃത്താഭിനയ പ്രധാനവുമായ സംഗീതനാടകങ്ങൾ എഴുതുകയും പരിഭാഷപ്പെടുത്തുകയും യഥാവിധി ചിട്ടപ്പെടുത്തി പരിശീലിപ്പിക്കുകയും ചെയ്തു.

 പി എസ് വാര്യർ

പി എസ് വാര്യർ

അതിനുവേണ്ടി ഒരു സ്ഥിരം നാടകസംഘം രൂപീകരിച്ചു. ശരീരത്തിന്റെ ആരോഗ്യത്തോടൊപ്പം മാനസികാരോഗ്യവും പ്രധാനമാണെന്നും അതിനുള്ള സാമൂഹ്യ ഉപാധിയാണ് കലകളെന്നും ഉറച്ചു വിശ്വസിച്ച ഒരു ഭിഷഗ്വരകേസരിയായിരുന്നു പി എസ് വാര്യർ.

വിവർത്തനം ചെയ്തതും സ്വയം എഴുതിയതുമായ നാടകങ്ങൾ അതിന്റെ എല്ലാവിധ ക്രമീകരണങ്ങളോടെയും സംവിധാനം ചെയ്ത് അവതരിപ്പിക്കുന്നതിലുണ്ടായിരുന്ന അദ്ദേഹത്തിന്റ പ്രത്യേക ശ്രദ്ധയും താൽപര്യവും സംഘത്തിന് ശക്തി പകർന്നതോടൊപ്പം തന്നെ പേരും പെരുമയുമുണ്ടാക്കുകയും ചെയ്തു.

ആവേശത്തോടെ നാടകങ്ങൾ കളിച്ചു മുന്നേറിയ സംഘത്തിന്റെ പ്രവർത്തനം ഊർജ്ജസ്വലമാക്കുന്നതിന്റെ ഭാഗമായി കോട്ടയ്ക്കലിൽ ‘പരമശിവ വിലാസം നാടകക്കമ്പനി’ എന്ന പേരിലായിരുന്നു ആദ്യം ആരംഭിച്ചത്. കുറേ കളിക്കുകയും ചെയ്തു. എന്നാൽ സിനിമയുടെ കാലം വന്നതോടെ നാടകം കാണുന്നവരും അല്ലാത്തവരും സിനിമാകൊട്ടകയിലേയ്ക്ക് പോയിത്തുടങ്ങി.

ആളുകൾക്ക് സംഗീത നാടകത്തോടുളള അടുപ്പം കുറഞ്ഞു വന്നു.  ആ സന്ദർഭത്തിൽ അദ്ദേഹം മറ്റൊന്നും ചിന്തിക്കാതെ നാടകക്കമ്പനി നിർത്തി കഥകളിയിലേക്കു തിരിഞ്ഞു. പാട്ട് പഠിക്കുകയും കൃഷ്‌ണാട്ടത്തിന് ചേങ്ങിലയെടുത്തു പാടുകയും ചെയ്തിട്ടുണ്ട്.  കഥകളിയോടുളള കമ്പം  സ്വാഭാവികമായിത്തന്നെ ഉണ്ടിയിരുന്നു താനും.  അങ്ങനെ നാടക സംഘത്തിലെ കുട്ടികളിൽ പലരും കഥകളി പഠിക്കാൻ നിയുക്തരായി.

പട്ടിക്കാംതൊടി രാമുണ്ണി മേനോൻ

പട്ടിക്കാംതൊടി രാമുണ്ണി മേനോൻ

പരമശിവവിലാസം നാടകക്കമ്പനി പി എസ് വി നാട്യസംഘമെന്നപേരിൽ 1940ലാണ് സ്ഥാപിതമാകുന്നത്. സ്ഥിരമായി ഒരു ആചാര്യനെ കിട്ടാൻ സമയമെടുത്തു. പട്ടിക്കാംതൊടി രാമുണ്ണി മേനോൻ, കവളപ്പാറ നാരായണൻ നായർ, ഗുരു കുഞ്ചുക്കുറുപ്പ്, കോപ്പൻ നായർ, തേക്കിൻകാട്ടിൽ രാവുണ്ണി നായർ തുടങ്ങിയ ആചാര്യന്മാർ പല സമയത്തായി നാട്യസംഘത്തിൽ സേവനമനുഷ്ഠിച്ചു. 1946ൽ വാഴേങ്കട കുഞ്ചുനായർ നാട്യസംഘത്തിലെ മുഖ്യ ആചാര്യനായി വന്നുചേർന്നു. 1960 വരെ അവിടെ തുടർന്നു. 

നാട്യസംഘം മികച്ചൊരു കഥകളിയഭ്യാസസ്ഥാപനവും കളിയോഗവുമായി മാറി. കല്ലുവഴിച്ചിട്ടയുടെ അച്ചടക്കമുൾക്കൊണ്ടുളള അഭ്യസനരീതി നാട്യസംഘത്തിന് ഗുരുകുലപരിവേഷം നൽകി.   അത് എക്കാലവും നിലനിന്നു പോകണമെന്നുള്ള അടിസ്ഥാനപരമായ ലക്ഷ്യബോധത്തോടെ ഗുരുശിഷ്യന്മാർ ഒത്തൊരുമിച്ചു പ്രവർത്തിച്ചു. കളരിയഭ്യാസത്തിലും കളികൾ എറ്റെടുത്തു നടത്തുന്നതിലുമുളള നിഷ്കർഷ കൃതൃമായി പാലിച്ചു.

ഇതെല്ലാം നാട്യസംഘത്തിന്റെ സൽപ്പേരിന്റെ നിദർശനമാണ്. അതു കൂടാതെ ആര്യവൈദ്യശാലയെന്ന മഹാവടവൃക്ഷത്തിന്റെ തണലും കുഞ്ചുനായരാശാനെപ്പോലെ കളരിയിലും അരങ്ങത്തും ഒരുപോലെ ശോഭിച്ച  ഒരു കലാകാരന്റെ

വാഴേങ്കട  കുഞ്ചുനായർ

വാഴേങ്കട കുഞ്ചുനായർ

നിസ്തുലസേവനവും ആ സ്ഥാപനത്തിന്റെ മേന്മ അടിക്കടി വർധിപ്പിച്ചു. കോട്ടയ്ക്കൽ ശിവരാമൻ എന്ന് പിൽക്കാലത്ത് ഖ്യാതി നേടിയ കാറൽമണ്ണക്കാരൻ വാരിയത്ത് പള്ളിയാലിൽ ശിവരാമന്റെ തട്ടകമായി മാറി ആ നാട്യസംഘം.

പല പല ആശാൻമാരിൽ നിന്നും മാറി മാറി അഭ്യസിച്ച വിദ്യാർഥികൾക്ക് തങ്ങളുടെ സ്ഥാപനത്തിൽ ഒരു സ്ഥിരം ആശാൻ ഉണ്ടായിരുന്നെങ്കിൽ എന്നു തോന്നുന്നത് സ്വാഭാവികം. അതിനുവേണ്ടി കാര്യമായ അന്വേഷണം നടത്തിയ ശേഷമാണ് കുഞ്ചുനായരാശാനെ കണ്ടെത്തിയത്.

കുഞ്ചുനായരാശാൻ നാട്യസംഘത്തിലെ പ്രധാന ആശാനായി വന്നിട്ട് പത്തു കൊല്ലം കഴിഞ്ഞിരുന്നു. ആ ഘട്ടത്തിൽ ഒരു നിർഭാഗ്യകരമായ ഒരു സംഭവമുണ്ടായി. 1956 ജൂലായ് മാസത്തിൽ; വിശ്വസിക്കാനായില്ല അത്. ആ സംഭവത്തെക്കുറിച്ചുള്ള വിവരം അദ്ദേഹത്തിന്റെ ഡയറിയിൽ കുറിച്ചിട്ടുണ്ട്.

 “1131 കർക്കിടകം 14.  

കളരിയിൽ കിർമ്മീരവധം (കോട്ടയത്ത് തമ്പുരാൻ) ചൊല്ലിയാടിക്കുന്നു. ആദിത്യൻ മുതൽ കൃഷ്ണൻ കൂടിയുളള ഭാഗം, പിന്നെ ഘടോൽക്കചൻ. ശിവരാമനെക്കുറിച്ച് അത്യാഹിതമായ ഒരു കത്തു കിട്ടി. മദിരാശിക്കടുത്ത് ആർക്കോണം എന്ന സ്ഥലത്ത് തീവണ്ടിക്ക് തല വെച്ച് ആത്മഹത്യ ചെയ്തു എന്ന വിവരം! 15നും 16നും പുല കുളിച്ചു. ചൊല്ലിയാട്ടമുണ്ടായില്ല.

കളരിയിൽ കിർമ്മീരവധം (കോട്ടയത്ത് തമ്പുരാൻ) ചൊല്ലിയാടിക്കുന്നു. ആദിത്യൻ മുതൽ കൃഷ്ണൻ കൂടിയുളള ഭാഗം, പിന്നെ ഘടോൽക്കചൻ. ശിവരാമനെക്കുറിച്ച് അത്യാഹിതമായ ഒരു കത്തു കിട്ടി. മദിരാശിക്കടുത്ത് ആർക്കോണം എന്ന സ്ഥലത്ത് തീവണ്ടിക്ക് തല വെച്ച് ആത്മഹത്യ ചെയ്തു എന്ന വിവരം! 15നും 16നും പുല കുളിച്ചു. ചൊല്ലിയാട്ടമുണ്ടായില്ല.

ആര്യവൈദ്യശാല മുഖാന്തരം വേണ്ടരീതിയിൽ അന്വേഷണം നടക്കുന്നുണ്ട്. എന്നാലും കടുത്ത മാനസിക വിഷമത്തിലകപ്പെട്ടു. ആകപ്പാടെ സ്വസ്ഥതയില്ല.
എന്നാൽ 16നു വൈകുന്നേരം ഒരു കമ്പി (ടെലഗ്രാം) കിട്ടി. ആത്മഹത്യ ചെയ്തു എന്നത് അസത്യമായിരുന്നു. അയാൾ തന്നെ അങ്ങനെ എഴുതി അയച്ചതായിരുന്നു!!!”

ശിവരാമന്റെ കഥകളിയഭ്യാസത്തിന്റെ എഴാം കൊല്ലത്തിലായിരുന്നു ഈ ‘ദാരുണ സംഭവം’ അരങ്ങേറിയത്. അഭ്യാസം ഏതാണ്ട് അവസാനിക്കാറായ ഘട്ടത്തിൽ. ശിവരാമൻ എന്തു കാരണം കൊണ്ടായിരുന്നു അതിൽ നിന്നകന്നു പോയത് എന്നതിനെക്കുറിച്ച് വ്യക്തമായ അറിവില്ല. ഗുരുനാഥനോടു മാത്രമാണത് പറഞ്ഞിട്ടുള്ളത്. ഗുരുനാഥനും അത് മറ്റാരോടും പറഞ്ഞില്ല. പകരം വേറൊരു ചിന്തയുമില്ലാതെ കഥകളിയിൽ മാത്രം ശ്രദ്ധിക്കാൻ ഉപദേശിച്ചു.

കോട്ടയ്‌ക്കൽ ശിവരാമൻ  ഭാര്യ ഭവാനിക്കും മകൾ  അമ്പിളിക്കും ഒപ്പം

കോട്ടയ്‌ക്കൽ ശിവരാമൻ ഭാര്യ ഭവാനിക്കും മകൾ അമ്പിളിക്കും ഒപ്പം

ആ സംഭവം ഗുരുശിഷ്യബന്ധത്തിന്റെ ആക്കം കൂട്ടുകയാണുണ്ടായത്.
ശിവരാമന് താളം കഷ്ടിയാണ്, കളിക്ക് വേഷം കെട്ടിയാൽ പന്തിയാകുമോ, അഭ്യാസം അവസാനിക്കാറായി… എന്നു തുടങ്ങി വേദനയുളവാക്കിയ ചില പരാമർശങ്ങൾ തുടക്കം മുതലേ കേട്ടിരുന്നത് ശിവരാമന്റെ മനസ്സിനെ ഉലച്ചിട്ടുണ്ടാകാമെന്നത് ഒരു യാഥാർഥ്യമാണ്.

എൻ വി കൃഷ്ണവാര്യർ

എൻ വി കൃഷ്ണവാര്യർ

അങ്ങനെ വിശ്വസിക്കുകയും പറയുകയും ചെയ്തവരോട്,  ഒരുവേള കഥകളി വേണ്ടെന്ന് പറഞ്ഞവരോടും ആദ്യമൊന്നും പ്രതികരിച്ചില്ല, ശിവരാമൻ മാത്രമല്ല ഗുരുനാഥനും. ഇവന്റെ മനസ്സിൽ മറ്റൊന്നുമില്ലെങ്കിലും കഥകളിയുണ്ടെന്ന നിറഞ്ഞ വിശ്വാസം ഗുരുവിന്റെ ചിത്തത്തിൽ പൗർണ്ണമി നിലാവായി പടർന്നൊഴുകി. അതിന്റെ ലാവണ്യനിശീഥിനികൾ തീർച്ചയായും സംഭവിക്കുന്നത് കളിയരങ്ങത്ത് കാണാമെന്ന ദൂരക്കാഴ്ചകൾ അതിന് മിഴിവേകി.

‘വണ്ടിക്ക് തല വെക്കുക’ എന്ന ദാരുണ സംഭവത്തിന് ശേഷം താമസിയാതെ ഗുരുനാഥൻ ചിട്ടപ്പെടുത്തിയ, എൻ വി കൃഷ്ണവാര്യർ രചന നിർവഹിച്ച ബുദ്ധചരിതം ആട്ടക്കഥയിൽ ഗുരുവിന്റെ സിദ്ധാർത്ഥനോടൊപ്പം യശോധരയായിട്ടായിരുന്നു ശിവരാമൻ അരങ്ങത്ത് വന്നത്. നിലവിലുണ്ടായിരുന്ന ആട്ടക്കഥകളിലെ ഏതെങ്കിലുമൊരു വേഷമായിരുന്നില്ല ശിവരാമൻ ആദ്യമായി ചെയ്ത നായികാവേഷം. പുതിയ കഥ, അതിന്റെ കന്നി അവതരണം.

പലതവണ ചൊല്ലിയാടി,  വേണ്ടവിധം പറഞ്ഞുതന്നു. മനസ്സിലാക്കിയവിധം പരമാവധി ശ്രദ്ധിച്ചു ചെയ്തു. അതിലപ്പുറം തന്റെ വേഷത്തെക്കുറിച്ച് വേറൊരു ധാരണയുമുണ്ടായിരുന്നില്ല. തികച്ചും പരിത്യക്തയായ ഒരു കഥാപാത്രം. തന്റെ വേഷത്തിൽ അത് പ്രതിഫലിപ്പിക്കുന്ന തരത്തിൽ അഭിനയിച്ചു കാണിച്ചു കൊടുക്കണം. ഇത്തരത്തിലുളള ചില അപൂർണമായ തോന്നലുകൾ ഇടക്കിടെ മനസ്സിൽ അറിയാതെ തിരനീക്കി.

കോട്ടയ്‌ക്കൽ ശിവരാമൻ കൃഷ്‌ണവേഷത്തിൽ

കോട്ടയ്‌ക്കൽ ശിവരാമൻ കൃഷ്‌ണവേഷത്തിൽ

വേഷത്തിന്റെ മാനസികവൃത്തിയിലേക്കിറങ്ങിച്ചെല്ലാൻ അന്നേ ആശിച്ച ആ ഇരുപതുകാരന് അതിന് കഴിഞ്ഞിട്ടുണ്ടാകുമോ? കളരിയിൽ എല്ലാ വേഷങ്ങളും അതാതിന്റെ ചിട്ടയോടെ അഭ്യസിക്കാൻ സാധിച്ചുവെന്നത് കൊണ്ട് മാത്രം അതിന് കഴിയുമോ? അവനവനോടു തന്നെ ചോദിച്ച ചോദ്യങ്ങൾ.

കഥകളിയുടെ സനിഷ്‌കർഷമായ വ്യാകരണ നിയമങ്ങളിലും വൃത്തശുദ്ധിയിലും അറിഞ്ഞോ അറിയാതെയോ പിഴവുകൾ സംഭവിക്കുന്നുണ്ടോ? ചിലരെങ്കിലും അങ്ങനെ സംശയിക്കുന്നുണ്ടോ? താൻ മറ്റുള്ളവർക്കൊപ്പമെത്തുന്നില്ലേ? തുടങ്ങിയ അകാരണ ചിന്തകൾ ചിലപ്പോഴൊക്കെ ശിവരാമനെ വേട്ടയാടി. അപ്പോഴെല്ലാം ഗുരുനാഥന്റെ വാത്സല്യം പകരുന്ന വാക്കുകളിൽ അഭയം തേടി.

അക്കാലം മുതൽ ശിവരാമൻ തന്റേതായ വേറിട്ട വഴി കണ്ടെത്താനും അതിൽ നിലയുറപ്പിക്കാനും അബോധത്തിലെങ്കിലും ആഗ്രഹിച്ചിരുന്നുവെന്ന് പിൽക്കാലത്ത് അദ്ദേഹത്തിന്റെ രംഗജീവിതത്തിലൂടെ സാക്ഷ്യപ്പെടുത്തി.
അരങ്ങത്തു വന്നാൽ മറ്റൊന്നും അദ്ദേഹത്തെ ഭരിച്ചില്ല. അണിയറയിൽ വേഷമൊരുങ്ങുമ്പോഴും അതിന് ശേഷവും സ്വതന്ത്രമായി അദ്ദേഹത്തോട് സംസാരിക്കാം.

തന്റെ വേഷത്തെക്കുറിച്ചുളള അനുധ്യാനമൊന്നും അദ്ദേഹത്തിൽ കാണാറില്ല. അഥവാ അതിന്റെ ആവശ്യം തോന്നിയില്ല. ഒരു കഥകളി നടന്റെ കലാപരമായ സത്യസന്ധത (Artistic honesty) കാത്തുസൂക്ഷിച്ചു എക്കാലത്തും. തന്റെ മനസ്സിൽ താൻ സ്വരൂപിച്ചെടുത്ത വേഷം, അത് എങ്ങനെയാണ് ഔചിത്യപൂർവം പ്രേക്ഷകർക്ക് കാണിച്ചു കൊടുക്കേണ്ടതെന്ന ദിശാബോധത്തോടെ ആത്മാന്വേഷണപരമായ ആവിഷ്കാര സാധ്യതകൾ കണ്ടെത്താനുളള സർഗാത്മകമായ ഇടപെടലുകളായിരുന്നു അദ്ദേഹത്തിന്റെ രംഗജീവിതത്തിലൂടെ സാക്ഷാത്കരിച്ചത്. അതുകൊണ്ടുകൂടിയായിരിക്കാം കോട്ടയ്ക്കൽ ശിവരാമൻ കളിയരങ്ങത്ത് ഒരനന്വയമായി എന്നും നില കൊണ്ടത്.

രണ്ട്

വെള്ളക്കാരുടെ കീഴിൽ വനംവകുപ്പിൽ ഒരു താഴ്ന്ന ജീവനക്കാരനായിരുന്നു പുലാമന്തോൾ ഞാളൂര് വീട്ടിലെ കുഞ്ഞികൃഷ്ണൻ നായര്. പഴയ പാലക്കാട് ജില്ലയുടെ വടക്കുകിഴക്കൻ അതിർത്തിയായ നീലഗിരിമലനിരകളുടെ താഴെയുള്ള നിലമ്പൂരിലായിരുന്നു ജോലി.

1927ൽ നിലവിൽവന്ന ഷൊർണൂർ‐നിലമ്പൂർ തീവണ്ടിപ്പാതയിലൂടെ വേണം ആ കാലത്ത് അങ്ങോട്ടുള്ള യാത്ര. അതുകൊണ്ട് നിലമ്പൂർ എന്നത് ഒരു വിദൂരദേശമെന്നായിരുന്നു അക്കാലത്ത് ആളുകൾ വിശ്വസിച്ചു പോന്നത്. അവിടെയുളള നിലമ്പൂർ കോവിലകം കേൾവി കേട്ട ഒരു പ്രഭുകുടുംബമായിരുന്നു. കഥകളിക്കമ്പക്കാരുമായിരുന്നു അവർ.

ആയിരക്കണക്കിന് ഏക്കർ കാടുകളുടെയധിപർ (ബ്രിട്ടീഷുകാർ അത് കൈകാര്യം ചെയ്ത് അവർക്കുവേണ്ട പ്രസിദ്ധമായ നിലമ്പൂർ തേക്ക് ഇഷ്ടം പോലെ വെട്ടിക്കൊണ്ടുപോയി.  അതിനുവേണ്ടി മാത്രം നിർമ്മിച്ചതായിരുന്നു തീവണ്ടിപ്പാത). നിലമ്പൂർ കാട്ടിൽ ജനിച്ചു വീണ കുട്ടിക്കൊമ്പനെ നിലമ്പൂർ കോവിലകം പിന്നീട് ഗുരുവായൂരിൽ നടയിരുത്തി. പിൽക്കാലം ഗജരാജൻ ഗുരുവായൂർ കേശവൻ എന്ന് പ്രസിദ്ധി നേടിയ മാതംഗപ്രൗഢി.  

കോവിലകത്തെ വേട്ടേക്കരൻ പാട്ടുത്സവം ഗംഭീരമായി ആഘോഷിച്ചിരുന്നു. അതിനോടൊപ്പം കഥകളിയരങ്ങും പതിവായിരുന്നു. പട്ടിക്കാംതൊടി രാമുണ്ണി മേനോൻ, ഗുരു കുഞ്ചുക്കുറുപ്പ്, കവളപ്പാറ നാരായണൻ നായർ,  വാഴേങ്കട കുഞ്ചു നായർ,കലാമണ്ഡലം കൃഷ്ണൻ നായർ, വെള്ളിനേഴി നാണു നായർ തുടങ്ങിയ പ്രമുഖ നടൻമാരും സമശീർഷരായ മറ്റുളള കലാകാരൻമാരും പങ്കെടുത്തു.

വള്ളത്തോൾ

വള്ളത്തോൾ

കലാമണ്ഡലം കൃഷ്ണൻ നായർ

കലാമണ്ഡലം കൃഷ്ണൻ നായർ

കലാമണ്ഡലം സ്ഥാപിക്കുന്ന വേളയിൽ കനത്ത സാമ്പത്തിക സഹായം ചെയ്തതു കൂടാതെ ധനസമാഹരണത്തിനുവേണ്ടി നടത്തുന്ന ഭാഗ്യക്കുറി ടിക്കറ്റ് വിൽക്കാൻ മഹാകവി വള്ളത്തോളിന് കോവിലകത്തെ കാറും വിട്ടുകൊടുത്ത സഹൃദയനായിരുന്നു അവിടത്തെ സീനിയർ രാജ.

തൽക്കാലം അക്കഥ അവിടെ നിൽക്കട്ടെ,  ശിവരാമന്റെ കഥയിലേക്കു തന്നെ മടങ്ങാം. കാറൽമണ്ണ വാരിയത്ത് പള്ളിയാലിൽ കാർത്യായനി അമ്മയെയാണ് ഞാളൂര് കുഞ്ഞികൃഷ്ണൻ നായർ കല്യാണം കഴിച്ചത്. അവരുടെ എട്ടാമത്തെ കുട്ടിയാണ് ശിവരാമൻ. അംഗസംഖ്യ ഏറെയുള്ള കുടുംബം. കഷ്ടിച്ചു കഴിഞ്ഞുകൂടാനുളള കൃഷിയുണ്ട്. അതിലപ്പുറം പാങ്ങില്ല. കുട്ടികൾ എല്ലാവരേയും സ്കൂളിൽ ചേർത്തു പഠിപ്പിക്കുന്ന കാര്യം ആലോചിക്കാൻ വയ്യ.

അഞ്ചാംതരം കഴിഞ്ഞാൽപ്പിന്നെ പഠിക്കാൻ ഫീസ് കൊടുക്കണം. ശിവരാമന്റെ ശൈശവത്തിൽത്തന്നെ അച്ഛൻ മരിച്ചു. മൂത്ത രണ്ടു സഹോദരിമാരുടേയും കല്യാണം കഴിഞ്ഞു. അവർക്കും ഓരോ മക്കളുണ്ടായി. മരുമക്കളാണെങ്കിലും ശിവരാമനേക്കാൾ രണ്ടോ മൂന്നോ വയസ്സിനു മൂത്തവരായിരുന്നു അവർ.

സാധാരണപോലെ ശിവരാമനേയും സ്കൂളിൽ ചേർത്തു. കാറൽമണ്ണയിൽ നമ്പൂതിരിയില്ലങ്ങൾ പത്തോ അതിലധികമോ ഉണ്ടായിരുന്നു. അതിൽ നരിപ്പറ്റ മനക്കാരുടെ ഉടമസ്ഥതയിലുള്ള സ്കൂളായിരുന്നു അത് (കഥകളി നടൻ നരിപ്പറ്റ നാരായണൻ നമ്പൂതിരി, പ്രസിദ്ധ നാടക സംവിധായകൻ നരിപ്പറ്റ രാജു എന്നിവർ ഈ മനയ്ക്കലെ അംഗങ്ങളാണ്). അവിടെ അഞ്ചുവരെ മാത്രമേ ഉള്ളൂ. ആറാം ക്ലാസ് മുതൽ ചെർപ്പുളശ്ശേരി ഹൈസ്കൂളിൽ ചേരണം, ഫീസ് കൊടുക്കണം. അതിനു കഴിവില്ല.

കോട്ടയ്‌ക്കൽ ശിവരാമൻ, മക്കൾ അമ്മിണി,അമ്പിളി

കോട്ടയ്‌ക്കൽ ശിവരാമൻ, മക്കൾ അമ്മിണി,അമ്പിളി

അതുപോലെയുളള കുട്ടികൾ വേറേയുമുണ്ടായിരുന്നു. ശിവരാമന്റെ സഹപാഠിയായി തുടക്കം മുതലേ മറ്റൊരു ശിവരാമനുമുണ്ടായിരുന്നു ക്ലാസിൽ; ഏതാണ്ട് ഒരുപോലെയുള്ള സാമ്പത്തിക പശ്ചാത്തലമുള്ള കുടുംബത്തിൽ നിന്നാണ് ആ കുട്ടിയും. കാലം പോകവേ ഒരു ശിവരാമൻ കഥകളിയിൽ പ്രശസ്തനായി, മറ്റേയാൾ കലയുടെ വേറൊരു മേഖലയിലും.

ഒരുകാലത്ത് മാതൃഭൂമി ആഴ്ചപ്പതിപ്പിൽ വന്നിരുന്ന കഥകൾക്കും നോവലുകൾക്കും തന്റെ രേഖാചിത്രങ്ങൾ കൊണ്ട് ഭാഷ്യം നൽകി വായനക്കാർക്ക് വേറിട്ട അനുഭവം പകർന്നുതന്ന അത്തിപ്പറ്റ ശിവരാമൻ എന്ന എ എസ് നായർ.

എ എസ് നായർ

എ എസ് നായർ

ജീവിതാവസാനം വരെ ഊഷ്മളമായി നിലനിന്നു അവരുടെ സൗഹൃദം.

‘യയാതി’ എന്ന വിഖ്യാത നോവലിനും മറ്റു ചിലതിനും വരയ്ക്കുന്ന കാലത്ത് തിരുവനന്തപുരം ഭാഗത്തേക്ക് കളിക്ക് പോകുന്ന അവസരങ്ങളിൽ എ എസ്സിന്റെ താമസസ്ഥലത്ത് പോയി കൂടിയ നാട്ടുകാരൻ. ആ വരകളെക്കുറിച്ച് അവർ പരസ്പരം പങ്കുവെച്ചിരുന്നതായി കേട്ടിട്ടുണ്ട്.

ശിവരാമന്റെ സ്കൂൾ പഠനം അഞ്ചാം ക്ലാസ്സ് കഴിഞ്ഞപ്പോൾ അവസാനിച്ച മട്ടായി. കാരണം തുടർന്നു പഠിക്കണമെങ്കിൽ ഫീസ് കൊടുക്കണമായിരുന്നു. അതിനുതക്ക സാധ്യതയില്ലെന്നറിയാം. ആശങ്കയും ആകുലതയും നിറഞ്ഞ ദിവസങ്ങൾ. അതിനിടയിലും അമ്മ ചിലരെയെല്ലാം ചെന്നു കണ്ടു. സ്ഥിരമായി സഹായിക്കാൻ ആരുമുണ്ടായില്ല. തന്റെ സ്കൂൾ കാലം അതോടെ അവസാനിച്ചുവല്ലോ എന്ന ആധി ഏതെല്ലാമോ തരത്തിൽ ആ കുട്ടിയേയും ബാധിച്ചിരിക്കാം.

ശിവരാമനെ കഥകളി പഠിപ്പിച്ചാലോ…?
ആരെന്നറിയില്ല, അമ്മയോട് ചിലര് ചോദിച്ചു. അതോ അമ്മയുടെ മനസ്സിൽ നിന്നു തന്നെയാണോ ആ ചോദ്യം വന്നു വീണത്? ശിവരാമനറിയില്ല.

കാറൽമണ്ണ, ചെർപ്പുളശ്ശേരി, കാന്തള്ളൂര്, ചെത്തല്ലൂര്, വാഴേങ്കട തുടങ്ങിയ അമ്പലങ്ങളിലെ ഉത്സവത്തിന് അഞ്ചു ദിവസം നടക്കുന്ന കഥകളി. പുലരുംവരെ കളി കാണാൻ ആബാലവൃദ്ധം ആളുകൾ. പ്രഗത്ഭരായ കലാകാരന്മാരിൽ പലരും ചുറ്റുമുള്ള പ്രദേശങ്ങളിൽ നിന്നുള്ളവരായിരുന്നു. അങ്ങനെ പ്രസിദ്ധി നേടിയ കാറൽമണ്ണക്കാരൻ തന്നെയായ ഒരു വേഷക്കാരൻ തന്റെ കുടുംബത്തിലുമുണ്ടല്ലോ.

ഓരോരോ ആലോചനകൾക്കിടെ ആ അമ്മക്ക് ‘കുഞ്ചു’വിനെക്കുറിച്ച് ഓർമ്മ വന്നു. വാഴേങ്കടയിലേക്കൊന്ന് പോകാം, നേരിട്ട് ചെന്നു പറയാൻ അധികാരവും അവകാശവുമുണ്ട്. കോട്ടയ്ക്കൽ നാട്യസംഘത്തിൽ കഥകളി പഠിപ്പിക്കുന്ന ആശാനാണ് കുഞ്ചു.

കോട്ടയ്‌ക്കൽ ശിവരാമൻ

കോട്ടയ്‌ക്കൽ ശിവരാമൻ

കൂടുതലൊന്നും ആലോചിക്കാൻ മിനക്കെടാതെ കുറച്ചപ്പുറത്ത്  താമസിക്കുന്ന അനുജൻ (വിഷഹാരിയായ) രാമനോട് ഇങ്ങനെയൊരു കാര്യം പറഞ്ഞു:
“അത് തരക്കട്‌ല്യ … എന്തായാലും വാഴേങ്കട ചെന്ന് കാർന്നോരെ കാണുന്നത് തീർച്ചയായും ഗുണം ചെയ്യും. കഥകളി പഠിക്കാനല്ലേ…തെറ്റൊന്നൂല്യ”.

ശിവരാമനേയും കൂട്ടി താമസിയാതെ ഒരു ദിവസം വാഴേങ്കട ചെന്നു. കഥകളി പഠിക്കാൻ എത്രത്തോളം മോഹമുണ്ട് എന്നൊന്നും അറിയില്ല. ചോദിച്ചാൽ എന്താണ് പറയുകയെന്നുമറിയില്ല. സ്കൂൾ പഠനം മുടങ്ങി, ഇനി കഥകളിയെങ്കിൽ അത്. അതിന്റെ ചിട്ടവട്ടങ്ങൾ എന്തെല്ലാമാണ് എന്ന് അറിയാനിരിക്കുന്നതേയുള്ളൂ.

എങ്ങനെയെങ്കിലും രക്ഷപ്പെട്ടാൽ ഭാഗ്യം. അത്രയേ കരുതിയതുള്ളൂ. ജ്യേഷ്ഠത്തിയേയും അവരുടെ ഇളയ മകനേയും (തന്റെ മൂത്ത മകൻ ജനാർദ്ദനന്റെ സമപ്രായം. എന്നാൽ അത്രയും പൊക്കമില്ല.) കണ്ടപ്പോൾ പെട്ടെന്ന് എന്താണെന്ന് മനസ്സിലായില്ല. അവർ സാവകാശം കുഞ്ചുവിനോട് വന്ന കാര്യം പറഞ്ഞു. അവരുടെ പരിതസ്ഥിതികൾ മനസ്സിലാക്കിയ കുഞ്ചുനായർ ‘ആലോചിക്കട്ടെ’എന്നൊരു മറുപടി കൊടുത്തു.

താമസിയാതെ മൂത്ത ജ്യേഷ്ഠനുമൊരുമിച്ച് ശിവരാമൻ കോട്ടയ്ക്കൽ പി എസ് വി നാട്യസംഘത്തിലെത്തി. ആര്യവൈദ്യശാല കഴിഞ്ഞാൽപ്പിന്നെ തന്റെ പേരിനൊപ്പം ആ സ്ഥലനാമം ലോകപ്രശസ്തി നേടുമെന്ന് സ്വപ്നത്തിൽപോലും കണ്ടിട്ടില്ലാത്ത ശിവരാമന്റെ കഥകളി അഭ്യസനം കൊല്ലവർഷം 1124 മിഥുനം 27ന് (1949 ജൂൺ) പതിമൂന്നാം വയസ്സിൽ ആരംഭിച്ചു. ശിവരാമന്റെ കൂടെ ശ്രീകൃഷ്ണപുരത്തു നിന്നുളള കുട്ടികൃഷ്ണൻ എന്നൊരു വിദ്യാർത്ഥിയും അഭ്യാസം ആരംഭിച്ചു.

വിശ്വംഭരക്ഷേത്രത്തിലെ ഉത്സവത്തിന് അരങ്ങേറ്റം നിശ്ചയിച്ചു. അവിടത്തെ ഉൽസവം പ്രസിദ്ധമാണ്. മൂന്നു ദിവസം നടക്കുന്ന ഗംഭീര കഥകളി. പണ്ഡിതസദസ്സ്. കഥകളി തന്നെയായിരുന്നു അക്കാലത്ത് പ്രധാനം, പിന്നെ തായമ്പക. പിൽക്കാലത്ത് പ്രസിദ്ധരുടെ കച്ചേരികൾ, നൃത്തം തുടങ്ങിയവയും, കഥകളി അഞ്ചു ദിവസവുമാക്കി.

അരങ്ങേറ്റത്തിന് ശിവരാമന്റെ ലവൻ, കുട്ടികൃഷ്ണന്റെ കുശൻ. ഹനുമാൻ ഗുരുനാഥന്റെ. ഹൃദൃമായ അനുഭവം. അരങ്ങേറ്റം കഴിഞ്ഞതോടെ അഭ്യാസത്തിന്റെ രീതി ഒന്ന് കനപ്പെട്ടു. കുട്ടിത്തരം കഴിഞ്ഞ് ഇടത്തരം വേഷങ്ങളിലേക്കുള്ള ചുവടുമാറ്റം. ഇതിനിടെ പുറപ്പാട്, കുശലവൻമാർ, കൃഷ്ണൻമാർ, ശ്രീരാമൻ, ചെറുകിട സ്ത്രീവേഷങ്ങൾ തുടങ്ങിയവ അരങ്ങത്തും ഉണ്ടായി.

വർഷകാലത്ത് ഉഴിച്ചിൽ, കണ്ണുസാധകം, മെയ്യടവുകൾ മുതലായ പ്രയോഗവിധികളും മുറപ്രകാരം നടന്നു. അച്ചടക്കമുൾക്കൊണ്ടുളള അഭ്യസനരീതിയിലൂടെ കാലം കഴിഞ്ഞുപോയി. ശിവരാമന്റെ വേഷത്തിന് എന്തെന്നില്ലാത്ത ചന്തവും കൗതുകവും കോമളത്വവുമുണ്ടായിരുന്നു. അതുകൊണ്ടുതന്നെ എല്ലാവരുടെയും പ്രിയങ്കരനായി മാറി.

കോട്ടയ്‌ക്കൽ ആര്യവൈദ്യശാല‐ കൈലാസമന്ദിരം

കോട്ടയ്‌ക്കൽ ആര്യവൈദ്യശാല‐ കൈലാസമന്ദിരം

എന്നാൽ കാലം കഴിയവേ ശിവരാമനിൽ എന്തോ ഒരു പ്രകൃതമാറ്റം സംഭവിച്ചു. ആദ്യാവസാനവേഷങ്ങളെല്ലാം ചൊല്ലിയാടിയ ശേഷമായിരുന്നു അത്. അതിനിടയ്ക്ക് തന്റെ ഉയരക്കുറവിൽ ആവശ്യമില്ലാത്ത ഒരു ഉൽക്കണ്ഠ ഇടക്കിടെ മനസ്സിനെ അലോസരപ്പെടുത്തി.

ആറേഴു കൊല്ലം കഥകളി പഠിച്ച് പിന്നെ അതിന് വേണ്ടുംവണ്ണം ഉപയോഗപ്പെടുത്താൻ പറ്റിയില്ലെങ്കിൽ, അരങ്ങത്തു ശോഭിക്കാനായില്ല എങ്കിൽ നീണ്ടൊരു കാലം നഷ്ടപ്പെട്ടുവെന്നല്ലാതെ മറ്റൊരു കാര്യവുമില്ല. പിന്നീട് അതിൽ നിന്ന് മാറി വേറെ എന്ത് ചെയ്യും? ഒന്നിനും കൊള്ളാതാകും.

ഒരു ‘പുരുഷ വേഷക്കാരനാവുക’ എന്ന അദമ്യമായ ആഗ്രഹം ശിവരാമൻ ഉള്ളിൽ സൂക്ഷിച്ചു. ആ ആഗ്രഹം സഫലമാകാൻ സാധ്യതയില്ലെന്ന സത്യം ശിവരാമന് ഉൾക്കൊള്ളാനായില്ല. അല്ലെങ്കിൽപ്പിന്നെ ഒരു സ്ത്രീവേഷക്കാരനാകാം, ഒരു രണ്ടാംകിട കഥാപാത്രം, അരങ്ങത്തും അണിയറയിലും.

പുരുഷവേഷത്തിനുള്ള അംഗീകാരവും ആൾക്കൂട്ടവുമൊന്നും ഒരു സ്ത്രീവേഷത്തിനില്ല, വേഷക്കാരനും. അതൊരു സത്യം. അഭ്യസനത്തിന്റെ അവസാനകാലത്ത് ആരും പ്രതീക്ഷിക്കാത്ത ചില അവനവൻ കടമ്പകൾ ശിവരാമൻ നേരിട്ടു.

ആര്യവൈദ്യശാല സ്ഥാപകൻ പി എസ് വാര്യരുടെ വസതിയായ, പ്രൗഢിയേറിയ ‘കൈലാസമന്ദിര’ത്തിന്റെ തൊട്ടരികത്താണ് വിശ്വംഭരക്ഷേത്രം. ക്ഷേത്രത്തിന്റെ തൊട്ടപ്പുറത്തെ ഒരു ഹാളിലാണ് കളരി. അവിടെനിന്നുള്ള കൊട്ടും പാട്ടും വിശ്വംഭരന് പതിവായി കേൾക്കാം. ധന്വന്തരിയായ വിശ്വംഭരന് തന്റെ ഉൽസവക്കളിയരങ്ങിൽ വെച്ചുള്ള കളി കാണണമെന്ന മോഹമുദിച്ചത് സ്വാഭാവികം.

അമ്പലമതിലിന്റെ പുറത്തുള്ള കെട്ടിടത്തിന്റെ താഴത്തെ വലിയൊരു മുറി വായനശാലയായിരുന്നു. മാതൃഭൂമി ആഴ്ചപ്പതിപ്പ്, മറ്റു ആനുകാലികങ്ങൾ, പുസ്തകങ്ങൾ. അവിടത്തെ നിത്യസന്ദർശകനായിരുന്നു ശിവരാമൻ. അവിടന്നു പിടികൂടിയ വായനക്കമ്പം പിന്നെ എങ്ങുമെങ്ങുമവസാനിക്കാതെ തുടർന്നു പോയി. വായനയിലൂടെ ഉടലെടുത്ത സ്വതന്ത്രചിന്തയും സംസ്കാരവും അദ്ദേഹത്തിന്റെ കഥകളി ജീവിതത്തിലും പ്രതിഫലിച്ചു.

അമ്പലമതിലിന്റെ പുറത്തുള്ള കെട്ടിടത്തിന്റെ താഴത്തെ വലിയൊരു മുറി വായനശാലയായിരുന്നു. മാതൃഭൂമി ആഴ്ചപ്പതിപ്പ്, മറ്റു ആനുകാലികങ്ങൾ, പുസ്തകങ്ങൾ. അവിടത്തെ നിത്യസന്ദർശകനായിരുന്നു ശിവരാമൻ. അവിടന്നു പിടികൂടിയ വായനക്കമ്പം പിന്നെ എങ്ങുമെങ്ങുമവസാനിക്കാതെ തുടർന്നു പോയി. വായനയിലൂടെ ഉടലെടുത്ത സ്വതന്ത്രചിന്തയും സംസ്കാരവും അദ്ദേഹത്തിന്റെ കഥകളി ജീവിതത്തിലും പ്രതിഫലിച്ചു.

സമർഥനായ വിദ്യാർഥയൊന്നുമായിരുന്നില്ലെങ്കിലും ഗുരുനാഥന്റെ ശ്രദ്ധയും ശിക്ഷണവും അതോടൊപ്പം ശിക്ഷയും പതിവായിരുന്നു. കളരിയിൽ നിന്നുളളതിനേക്കാൾ ഒരുപക്ഷേ അരങ്ങത്തു നിന്ന് വശമാക്കാം… അതിനുള്ള സമയമുണ്ടല്ലോ… എന്ന അതിരു കടന്ന ചിന്ത ചില ഇടനേരങ്ങളിൽ മനസ്സിലുണർന്നത് ശിവരാമൻ പോലുമറിയാതെയായിരുന്നു.

മോഹിനി വേഷത്തിൽ

മോഹിനി വേഷത്തിൽ

നാട്യസംഘത്തിലെ സ്ത്രീവേഷക്കാരനായിരുന്ന ശങ്കരനാരായണൻ എമ്പ്രാന്തിരി (കുഞ്ചുനായരാശാന്റെ മുതിർന്ന ഒരു ശിഷ്യൻ) അവിടന്ന് പോവുകയോ മറ്റോ ചെയ്തു. നാട്യസംഘത്തിൽ നല്ലൊരു സ്ത്രീവേഷക്കാരൻ വേണമെന്നത് നിർബന്ധമാണ്. ഗുരുനാഥന്റെ ആലോചന അവസാനിച്ചത് സ്വാഭാവികമായും ശിവരാമനിലായിരുന്നു.

ഉയരം ബഹുപാകം, വേണ്ടുവോളം വേഷഭംഗി. നിഷ്കർഷയോടെ എല്ലാം ചൊല്ലിയാടിയിട്ടുമുണ്ട്. കഥകളിയിൽ പുരുഷവേഷമെന്നതോ സ്ത്രീവേഷമെന്നതോ അല്ല കാര്യം. അരങ്ങത്ത് ചെയ്യുന്നതിലാണ് പ്രാവീണ്യവും പ്രതിഭയും വേണ്ടത്. ശ്രദ്ധയും, താൽപര്യവും, ഔചിത്യവും അർപ്പണബോധവുമുണ്ടെങ്കിൽ ഏതു വേഷവും വിജയിപ്പിക്കാനാകും, സഹൃദയഹൃദ്യവുമാകും.

സ്ത്രീവേഷത്തിൽ ‘അത്’ (ശിവരാമൻ) നന്നാകും. ശിഷ്യന്റെ മനസ്സിനെ അലട്ടിയ പരിമിതികളെ ഗുരു ഓരോ സാധ്യതകളാക്കി മാറ്റി. പറഞ്ഞു മനസ്സിലാക്കുന്നതിനേക്കാൾ നല്ലത് സ്വയം മനസ്സിലാക്കുകയാണ്. എന്നാൽ മാത്രമേ ആത്മവിശ്വാസമുണ്ടാവുകയുളളൂ. ഗുരുവിന്  അങ്ങനെ തോന്നി.

(തുടരും)    

 

ദേശാഭിമാനി വാരികയിൽ നിന്ന്




 

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top