30 January Monday

വീണ്ടെടുപ്പുകളെ സ്വപ്നം കാണുമ്പോള്‍

എം എസ് അശോകന്‍Updated: Sunday Apr 9, 2017

ഓര്‍മകളെയും രൂപങ്ങളെയും മൌലികമായ ചിത്രപശ്ചാത്തലത്തില്‍ വീണ്ടെടുക്കുകയും വ്യത്യസ്ത കാഴ്ചാനുഭവം ആസ്വാദകന് സമ്മാനിക്കുകയുമാണ് സബിന്‍ മുടപ്പത്തി എന്ന യുവ ചിത്രകാരന്‍. വേഷഭൂഷകളുടെ മൂടുപടവും ആഡംബരവും പരിഷ്കാരവുമില്ലാത്ത നഗ്നമനുഷ്യരൂപങ്ങളാണ് സബിന്റെ ചിത്രങ്ങളില്‍ ആവര്‍ത്തിച്ച് കാണാവുന്നത്. നഗ്നതയെ ലൈംഗികചോദനയുമായി ബന്ധപ്പെടുത്തിയല്ല സബിന്‍ തന്റെ ചിത്രങ്ങളില്‍ വിന്യസിക്കുന്നത്. പരിഷ്കൃതിയുടെ ഉടയാടകള്‍ ഉതിര്‍ന്ന നഗ്നമനുഷ്യന്‍തന്നെയാണ് അവര്‍.

നെയ്ത്തുകാരുടെ കുടുംബത്തില്‍നിന്ന് ചിത്രകലയിലെത്തിയ സബിന്‍ മാവേലിക്കര ഫൈനാര്‍ട്സ് കോളേജില്‍നിന്നാണ് പെയ്ന്റിങ്ങില്‍ ബിരുദം നേടിയത്. നെയ്ത്തുകാരനായ അച്ഛനിലൂടെയാണ് ചിത്രകലയിലേക്ക് ആകൃഷ്ടനായത്. കുട്ടിക്കാലംമുതല്‍ സബിന്റെ സ്കെച്ചുകളില്‍ മനുഷ്യരൂപങ്ങളുണ്ട്. വര്‍ണബാഹുല്യമില്ലാതെ നേര്‍ത്ത പെന്‍സില്‍വരകളില്‍ തെളിയുന്ന ചിത്രങ്ങളാണ് കൂടുതല്‍. ഫൈനാര്‍ട്സ് കോളേജിലെ പഠനകാലത്താണ് രചനാ ശൈലിയില്‍ കാര്യമായ മാറ്റമുണ്ടായത്. നഗ്നത കാലാതിവര്‍ത്തിയും കലയില്‍ ഒട്ടേറെ അര്‍ഥതലങ്ങളെ പോഷിപ്പിക്കുന്നതുമാണെന്നാണ് സബിന്റെ പക്ഷം.

കടലാസില്‍ തേയിലക്കറ പൂശിയുണ്ടാക്കുന്ന പ്രത്യേക ടെക്സ്ചറില്‍ കറുത്ത പെന്‍സിലിനൊപ്പം അല്‍പ്പം നിറങ്ങളുംകൂടി പുതിയ രചനകളില്‍ ഉപയോഗിക്കുന്നുണ്ട്. അടുത്തകാലംവരെയുള്ള ചിത്രങ്ങളില്‍ തിളക്കമുള്ള വര്‍ണങ്ങള്‍ തീരെ ഉപയോഗിച്ചിരുന്നില്ല. വലിയ ഫ്രയിമുകളാണ് കൂടുതല്‍. സബിന്റെ ചിത്രങ്ങളുടെ പ്രമേയങ്ങളെ സാധൂകരിക്കുന്നതാണ് അവയുടെ പ്രത്യക്ഷ കാഴ്ച. നഗ്നമനുഷ്യരൂപങ്ങളെ പ്രത്യേകമായ ഏതെങ്കിലും ചലനത്തോട് ബന്ധിപ്പിച്ചാണ് ചിത്രങ്ങളില്‍ ഉള്‍ച്ചേര്‍ക്കുന്നത്. ഒരേ ചലനഭാവങ്ങള്‍ പേറുന്ന ഒന്നിലേറെ രൂപങ്ങളും കാണാം. മൂണ്‍വാക്കേഴ്സ് എന്ന ചിത്രത്തില്‍ ഒരുകൂട്ടം നഗ്നപുരുഷന്മാര്‍ കൈകള്‍ നടക്കുമ്പോളെന്നപോലെ വീശി കാല്‍മുട്ടുകള്‍ മടക്കിയിരിക്കുന്നതിന്റേതാണ്. നൃത്തവേദിയിലെന്നപോലെ നഗ്നസ്ത്രീശരീരങ്ങള്‍ കൈകള്‍ നീട്ടി മുന്നോട്ടാഞ്ഞു നില്‍ക്കുന്നതാണ് മറ്റൊരു ചിത്രം. 

സബിന്‍ മുടപ്പത്തി

സബിന്‍ മുടപ്പത്തിചിത്രങ്ങളില്‍ ഓര്‍മകളുടെയും സംസ്കൃതിയുടെയും വീണ്ടെടുപ്പുകളെ സവിശേഷരീതിയില്‍ ആവിഷ്കരിക്കാനുള്ള ശ്രമങ്ങളും കാണാം. മനുഷ്യനഗ്നതയെ അങ്ങേയറ്റം സ്വാഭാവികതയോടെയാണ് സബിന്‍ സമീപിക്കുന്നത്. പരിഷ്കാരങ്ങളിലേക്കുള്ള യാത്രയില്‍ മനുഷ്യശരീരത്തിന് നഷ്ടപ്പെട്ട സ്വാതന്ത്യ്രമായോ മനുഷ്യകുലത്തിന് കൈമോശംവന്ന സൌഭാഗ്യമായോ ഒക്കെ അത് മാറുന്നു. എല്ലാ വീണ്ടെടുപ്പുകളെയും സ്വപ്നംകാണുന്നതോടൊപ്പം അതില്‍നിന്ന് നാം എത്രമാത്രം അകലെയാണെന്നും അസാധ്യമായതിന്റെ ബോധ്യംമാത്രമാണ് ഈ ചിത്രങ്ങളെന്നും ആസ്വാദകനെ ഓര്‍മപ്പെടുത്തുകയും ചെയ്യുന്നുണ്ട് സബിന്റെ ആ പരമ്പരയിലെ ചിത്രങ്ങളെല്ലാം. റീപ്ളാന്റേഷന്‍ ഓഫ് വിര്‍ച്യു ഓഫ് വില്ലേജ്, റീ പ്ളാന്റേഷന്‍ ഓഫ് വിര്‍ച്യു ഓഫ് സ്കൈ തുടങ്ങിയ ചിത്രങ്ങള്‍ ഈ നിരയില്‍ പ്രത്യേക ശ്രദ്ധനേടുന്നു.

സംസ്ഥാന ലളിതകലാ അക്കാദമിയുടെ മികച്ച പോര്‍ട്രെയിറ്റ് ചിത്രകാരനുള്ള പുരസ്കാരവും 2009ല്‍ സ്വര്‍ണപ്പതക്കവും  സബിന്‍ നേടിയിട്ടുണ്ട്. കേരളത്തിനകത്തും പുറത്തും നിരവധി ക്യാമ്പുകളിലും റസിഡന്‍സി പ്രോഗ്രാമുകളിലും പങ്കെടുത്തു. ഒറ്റയ്ക്കും കൂട്ടായും പ്രമുഖ ഗ്യാലറികളില്‍ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. മാവേലിക്കര ഫൈനാര്‍ട്സ് കോളേജില്‍ സഹപാഠിയായിരുന്ന ചിത്രകാരി സിജി ആര്‍ കൃഷ്ണനാണ് ഭാര്യ. ആലപ്പുഴ സ്വദേശിയായ സിജി ആദ്യ ബിനാലെയില്‍ പങ്കെടുത്തിരുന്നു. നിലവില്‍ ഇരുവരും ചോറ്റാനിക്കരയില്‍ താമസിച്ച് ചിത്രങ്ങള്‍ വരയ്ക്കുന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..----
പ്രധാന വാർത്തകൾ
-----
-----
 Top