03 October Tuesday

ചേക്കുട്ടി: പ്രളയത്തിൽ പിറന്ന ഓമന

വെബ് ഡെസ്‌ക്‌Updated: Tuesday Oct 9, 2018

ചേക്കുട്ടി കേരളത്തിന്റെ അതിജീവനത്തിന്റെ ഓമനയായി മാറിക്കഴിഞ്ഞു. മലയാളികളെല്ലാവരും ഓരോ പാവ വാങ്ങിയാൽ തീരാവുന്ന  പ്രശ്നമേ ചേന്ദമംഗലത്തെ കൈത്തറി മേഖലയ്‌ക്കാകെയുള്ളൂ

 പ്രളയത്തിൽനിന്നുള്ള അതിജീവനത്തിന്റെ മുദ്രയായി മാറുകയാണ്‌ ചേക്കുട്ടിപ്പാവകൾ.  വീണ്ടെടുപ്പിനുള്ള പുതിയ സംഘഗാഥ ചമയ്‌ക്കുന്നു ഈ കുഞ്ഞുപാവകൾ.  പല ഗ്രൂപ്പുകളും പാവനിർമാണം ഏറ്റെടുത്തു കഴിഞ്ഞു. തൊഴിലാളികൾ, വീട്ടമ്മമാർ, ശാസ്‌ത്രസാഹിത്യ പരിഷത്ത് യൂണിറ്റുകൾ, സ്‌കൂൾ, കോളേജ്,  സർവകലാശാലാ വിദ്യാർഥികൾ, കലാകാരന്മാർ, സാഹിത്യകാരന്മാർ, നവ മാധ്യമ ഗ്രൂപ്പുകൾ അങ്ങനെ ആയിരമായിരം കൈകളിലൂടെ ചേക്കുട്ടിപ്പാവകൾ പിറന്നുവീഴുന്നു. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്ന് ആവശ്യക്കാരെത്തുമ്പോൾ പാവകളുടെ വിലയായി എറണാകുളം ചേന്ദമംഗലത്തെ സഹകരണ സംഘത്തിന്റെ അക്കൗണ്ടിലേക്ക്‌  വന്നുചേർന്നത്‌   പത്തുലക്ഷത്തോളം രൂപ.  
 
 
ആഗസ്‌ത്‌ പതിനഞ്ചോടെ ഉയർന്നുപൊങ്ങിയ പ്രളയജലം പതിനാറിന് വൈകിട്ട് ചേന്ദമംഗലത്തെ കൈത്തറിശാലകൾക്ക് മുകളിലൂടെ ഒഴുകാൻ തുടങ്ങി. 22ന്‌ മാത്രമേ തൊഴിലാളികൾക്ക് ഇവിടെ എത്താനായുള്ളൂ. ഓണത്തിനായി നെയ്‌തുവച്ചവയും  തറികളിൽ പാതിനെയ്‌‌തവയും  ശേഖരിച്ചുവച്ച നൂലും നശിച്ചു. ചേന്ദമംഗലം കരിമ്പാടം കൈത്തറി നെയ്‌ത്ത്‌  സഹകരണ സംഘത്തിന് മാത്രമുണ്ടായത്‌ 25 ലക്ഷം രൂപയുടെ നഷ്ടം.  തറികൾക്കുണ്ടായ നാശം  കൂട്ടിച്ചേർത്താൽ  നഷ്ടക്കണക്ക്‌ അമ്പത് ലക്ഷത്തിലേറെ.  അറുപതോളം തൊഴിലാളികുടുംബത്തിന്റെ ജീവനോപാധിയാണ് തകർന്നത്. മിക്ക തൊഴിലാളികളുടെ വീടുകൾക്കും പ്രളയം ആഘാതമേൽപ്പിച്ചിരുന്നു. ചേന്ദമംഗലം കൈത്തറി ഗ്രൂപ്പിൽ ഏഴ് സഹകരണ സംഘങ്ങൾ. അതിൽ ചേന്ദമംഗലത്തുള്ള അഞ്ച് സംഘങ്ങൾക്കും സമാനമായ നഷ്ടമുണ്ടായി.  
 
കരിമ്പാടം നെയ്‌ത്ത്‌ സഹകരണ സംഘം സെക്രട്ടറി  അജിത് ഗോതുരുത്ത് പറയുന്നു:
 
പ്രളയത്തിൽനിന്ന് തിരിച്ചുകയറാനുള്ള പ്രവർത്തനങ്ങളിൽ ആദ്യം വേണ്ടത് ശുചീകരണമാണ്. അതിന്  ചെളിയിൽ പുതഞ്ഞ തുണികളും നൂലും ആദ്യം നീക്കംചെയ്യണം. പത്തുദിവസം നാറുന്ന ചെളിയിൽ കുതിർന്നുകിടന്ന തുണിയും നൂലും ബ്ലീച്ച് ചെയ്‌താൽപോലും കറ പോവില്ല.  കത്തിച്ചുകളയുക മാത്രമാണ് വഴി. അതിന് കൈത്തറി ഡയറക്ടറുടെ സന്ദർശനത്തിന് ശേഷമുള്ള അനുമതിക്കായി കാത്തിരിക്കുമ്പോഴാണ് സെപ്തംബർ ഏഴിന് വൈകിട്ട് ഗോപിനാഥ് പാറയിൽ എത്തുന്നത്. അദ്ദേഹം ഒരുദിവസംകൂടി ഇവ നശിപ്പിക്കാതെ  വയ്‌ക്കണേ എന്ന് ആവശ്യപ്പെട്ടു. ഒരു സാരിയുമായി  പോയ ഗോപിനാഥ് രാത്രി എട്ടരയോടെ വിളിച്ചു, തുണിയോ നൂലോ കത്തിക്കരുത്. നാളെ അവരെത്തുമെന്ന്.  പിറ്റേന്ന് പകൽ പതിനൊന്നോടെ ലക്ഷ്‌മി മേനോനൊപ്പം ഗോപിനാഥ് എത്തി.  ഇരുവരും 
പാവനിർമാണത്തിന്  രൂപരേഖയുണ്ടാക്കിയിരുന്നു. അവർ പറഞ്ഞു തുണിയും നൂലും അവർക്കുവേണം; വിജയത്തെ കുറിച്ച് വലിയ  ഉറപ്പില്ലാത്ത ഒരു ശ്രമത്തിനായി. 
 

ചേക്കുട്ടി എന്ന പേര്

 
ഗോപിനാഥും ലക്ഷ്‌മിയും അജിത്തും സംസാരിക്കുന്നതിനിടയിലാണ് ചേറിൽനിന്ന് ഉണ്ടായ ചേന്ദമംഗലത്തിന്റെ കുട്ടി എന്ന നിലയിൽ ചേക്കുട്ടി എന്ന പേര് സ്വീകരിക്കുന്നത്. ഇതിന് വലിയ പ്രചാരം കിട്ടി. ഈ മാതൃകയെ പ്രശംസിച്ച് മുഖ്യമന്ത്രി  ട്വിറ്ററിൽ കുറിപ്പിട്ടു.   ആശ്രയവും പ്രതീക്ഷയുമായി ചേക്കുട്ടി മാറി. സമൂഹമാകെ അതേറ്റെടുത്തു.
 
ഉത്തരവാദ ടൂറിസം ഓപ്പറേറ്ററും ഡിസാസ്റ്റർ മാനേജ്മെന്റ് വിദഗ്‌ധനുമായ ഗോപിനാഥ് പാറയിൽ പറയുന്നു:
 പ്രളയത്തിനുശേഷം  കൈത്തറിസ്ഥാപനങ്ങളുടെ സ്ഥിതിയെന്തെന്ന് കാണാനായാണ് ചേന്ദമംഗലത്തെത്തിയത്. തുടർന്ന്  ലക്ഷ്‌മി  മേനോനുമായി സംസാരിച്ചു. സംഘത്തിൽനിന്നെടുത്ത സാരി അവർക്ക് കൈമാറി. അവരത് രാത്രിതന്നെ കഴുകി വൃത്തിയാക്കി. കറ മായുന്നുണ്ടായിരുന്നില്ല. രാവിലെയാകുമ്പോഴേക്കും പാവ നിർമിക്കാമെന്ന തീരുമാനമെടുക്കുകയുമായിരുന്നു.
 
നമുക്ക് കിട്ടാനിടയുള്ള സഹായങ്ങളെ കുറിച്ചുള്ള ചിന്തകളിൽ കേരളം മുഴുകിയിരിക്കുമ്പോൾ അതിൽനിന്ന് മാറി സാമൂഹ്യമായ അതിജീവനത്തിന്റെ സാധ്യതകളാരായുന്നതിലേക്ക് മറ്റുള്ളവരെ ആനയിക്കുന്ന പ്രക്രിയക്കാണ് ഫോർട്ട്‌ കൊച്ചിയിലെ ദ ബ്ലു യോണ്ടർ എന്ന സ്ഥാപനത്തിന്റെ ഉടമകൂടിയായ ഗോപിനാഥ് തിരികൊളുത്തിയത്. അത് മനസ്സിലാക്കാൻ അജിത് ഗോതുരുത്തിനായി. അതോടെ  ചേക്കുട്ടി പാവചരിത്രത്തിലിടം നേടി.
 

ലക്ഷ്‌മിമേനോൻ

 
അമ്മൂമ്മത്തിരി എന്ന പേരിൽ വിളക്കുതിരി നിർമാണത്തിലൂടെ  വൃദ്ധ മാതാക്കളെ  വരുമാനം സ്വയം കണ്ടെത്താൻ പ്രാപ്തമാക്കിയ ലക്ഷ‌്മി മേനോൻ മലയാളികൾക്ക് സുപരിചിത.    1300 രൂപ വിലയുള്ള ഒരു സാരിയിൽനിന്ന് 9000 രൂപയ്‌ക്കുള്ള പാവകളാണ് ഉണ്ടാക്കുന്നത്. ഇതിനുള്ള സാങ്കേതികവിദ്യ മാത്രമല്ല സാമൂഹ്യസംരംഭമായി മാറ്റിയെടുക്കാനുള്ള വ്യാപാരതന്ത്രം ആവിഷ്‌കരിച്ചതിലും  ലക്ഷ്‌മി വലിയ പങ്ക് വഹിച്ചിട്ടുണ്ട്.
 

പാവനിർമാണം

 
പാവനിർമാണത്തിന്  കരിമ്പാടം സൊസൈറ്റിയിലാണ്‌ തുടക്കം.  തൊഴിലാളി സ്‌ത്രീകളെയാണ്‌ തുണി വെട്ടി പാവ നിർമിക്കുന്നത് പരിശീലിപ്പിച്ചത്‌.     സെപ്തംബർ ഒമ്പതിന്‌ രാവിലെ ഗോപിനാഥും ലക്ഷ്മിയും കുസാറ്റിൽനിന്ന് മൂന്ന് വിദ്യാർഥികളും  പനമ്പിള്ളി നഗറിലെ റോഡരികിൽ ഒരു മേശയിട്ട് പാവനിർമാണം തുടങ്ങി. വഴിപോക്കരുൾപ്പെടെ നിരവധി പേർ ഇതിൽ പങ്കാളികളായി. 25 രൂപ വിലയിട്ട പാവയ‌്ക്ക് ആവശ്യക്കാരുമേറി. തുടർന്നാണ് പാവ നിർമാണമേറ്റെടുക്കാൻ വിവിധ ഗ്രൂപ്പുകൾ വരുന്നത്.
 
ഗൂഗിൾ ഹെഡ്ക്വാർട്ടേഴ്സിലെത്തിയ ലക്ഷ‌്‌മിമേനോൻ ചേക്കുട്ടിപ്പാവയെ ഗൂഗിളിൽ ലോഞ്ച് ചെയ്‌തു. വിദേശങ്ങളിൽനിന്നടക്കം ആവശ്യക്കാരെത്തി. മുൻകൂറായി പണമടച്ച് പാവയെ ബുക്ക് ചെയ്തു. ഇതോടെ സഹകരണസംഘത്തിലെ ജീവനക്കാർക്ക്‌ ആത്മവീര്യം തിരിച്ചുകിട്ടി.
 
ചേക്കുട്ടി കേരളത്തിന്റെ അതിജീവനത്തിന്റെ ഓമനയായി മാറിക്കഴിഞ്ഞു. മലയാളികളെല്ലാവരും ഓരോ പാവ വാങ്ങിയാൽ തീരാവുന്ന പ്രശ്നമേ ചേന്ദമംഗലത്തെ കൈത്തറിമേഖലയ‌്ക്കാകെയുള്ളൂ. കരിമ്പാടം സഹകരണസംഘം കഴിഞ്ഞാൽ മറ്റു സംഘങ്ങളെയും സഹായിക്കാൻ കഴിയും എന്നുതന്നെയാണ് ഗോപിനാഥിന്റെയും ലക്ഷ്മിമേനോന്റെയും വിശ്വാസം.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
----
പ്രധാന വാർത്തകൾ
-----
-----
 Top