13 August Thursday

ചിത്രജീവിതത്തിന്റെ ജൈവപാത

എം എസ് അശോകന്‍Updated: Sunday Apr 23, 2017

വെള്ളത്തില്‍ നിറങ്ങള്‍ക്കൊപ്പം സ്വയം അലിഞ്ഞ് കടലാസില്‍ കാഴ്ചയുടെ ഒരായിരം അടരുകളായി തെളിയുന്ന ജലച്ചായത്തോടാണ് ഷാജി അപ്പുക്കുട്ടന് ഇപ്പോള്‍ പ്രണയം. അക്രിലിക്കില്‍ ചിത്രങ്ങളെഴുതിയിരുന്ന ഷാജി ജലച്ചായത്തോട് ഇണങ്ങിയിട്ട് കുറച്ചായി. മനുഷ്യനും മണ്ണുമായുള്ള ജൈവ ബന്ധത്തിന്റെ ഗന്ധമോര്‍ത്തെടുക്കാന്‍ ശ്രമിക്കുന്ന ഷാജിയുടെ രചനകള്‍ക്ക് ഏറ്റവും നന്നായി ഇണങ്ങുന്ന മാധ്യമവും ജലച്ചായംതന്നെ.

ഷാജി അപ്പുക്കുട്ടന്‍

ഷാജി അപ്പുക്കുട്ടന്‍

മണ്ണിനെയും മനുഷ്യനെയും ഒന്നിപ്പിക്കുന്ന ജൈവികസത്തയിലേക്കുള്ള അന്വേഷണമാണ് ഷാജിയുടെ രചനകളിലെ ദര്‍ശനം. ഭൌതികലോകത്തിന്റെ ഭാഗമായിരിക്കെതന്നെ അതിന്റെ പ്രലോഭനങ്ങളെ തിരിച്ചറിയുകയും അതിജീവിക്കുകയുംചെയ്യുന്ന മനുഷ്യര്‍ക്ക് മുഖാമുഖം നില്‍ക്കുന്നു ഷാജിയുടെ ക്യാന്‍വാസ്. രമണമഹര്‍ഷിമുതല്‍ ഒ വി വിജയന്റെ കുഞ്ഞുണ്ണിവരെയുള്ളവര്‍ രചനയില്‍ കടന്നുവരുന്നു. ഗോഡ്സ് ഓഫ് എര്‍ത്ത് എന്ന പരമ്പരയിലെ ചിത്രങ്ങളില്‍ കര്‍ഷകരും തൊഴിലാളികളും സാധാരണ മനുഷ്യരുമൊക്കെയാണുള്ളത്. വിശാലമായ പുല്‍ത്തകിടിയില്‍ മേയുന്ന പശുവിനും കിടാവിനുമൊപ്പം ഇരിക്കുന്ന രമണ മഹര്‍ഷി തിരുവണ്ണാമലയിലൂടെ ചിത്രകാരന്‍ നടത്തിയ യാത്രാ പരമ്പരയിലെ ശ്രദ്ധേയ ചിത്രങ്ങളിലൊന്നാണ്. തസ്രാക്കില്‍ സംഘടിപ്പിച്ച ക്യാമ്പില്‍ പങ്കെടുത്ത് ഒ വി വിജയന്‍ കഥാപ്രപഞ്ചത്തിലൂടെ നടത്തിയ ചിത്രയാത്ര തന്റെ രചനാലോകത്തെ മാറ്റിമറിച്ചെന്ന് ഷാജി പറയുന്നു. ജലച്ചായത്തിലെ സുഭഗവര്‍ണങ്ങളില്‍ ലയിച്ചുനില്‍ക്കുന്ന ഷാജിയുടെ ചിത്രങ്ങള്‍ക്ക് മതാതീതമായ ആത്മീയാനുഭൂതി ആസ്വാദകനിലേക്ക് സന്നിവേശിപ്പിക്കാനാകുന്നു. എന്നാല്‍, വിജയന്‍ അവതരിപ്പിച്ച ദാര്‍ശനിക സമസ്യകളുടെ ചിത്രഭാഷ വെല്ലുവിളിയായി നില്‍ക്കുകയാണെന്ന് ഷാജി പറഞ്ഞു.

പച്ചപ്പിന്റെ പാരാവാരമാണ് പല ചിത്രങ്ങളും. മണ്ണിന്റെ ചൂടും ഈര്‍പ്പവും നുകര്‍ന്ന് നീളെപ്പരന്ന് മനുഷ്യരൂപങ്ങള്‍ക്കുചുറ്റും പടര്‍ന്ന പച്ചപ്പ്. അടുക്കിവച്ച ചുടുകട്ടള്‍ക്കു മുകളില്‍ ശയിക്കുന്ന മനുഷ്യരൂപം മണ്ണില്‍നിന്ന് രൂപമെടുത്ത് മണ്ണിലേക്ക് അലിയുന്ന മഹായാത്രയെമാത്രമല്ല ഓര്‍മപ്പെടുത്തുന്നത്. അത്യാര്‍ത്തിയുടെ നിരര്‍ഥകതയെയും വിനാശത്തെയും താക്കീത് ചെയ്യുന്ന സമകാലരാഷ്ട്രീയവും ഉള്‍ക്കൊള്ളുന്നു. ജലത്തിന്റെ മനോധര്‍മത്തിനുകൂടി ഇടമുള്ള സുതാര്യ ഭംഗിയിലൂടെയാണ് ചിത്രകാരന്‍ ഇതെല്ലാം ഓര്‍മപ്പെടുത്തുന്നത്.

വര്‍ണങ്ങള്‍ക്കൊപ്പം ശക്തിയും ഊര്‍ജവുമുള്ള വര ഷാജിയുടെ ചിത്രങ്ങളുടെ കരുത്താണ്. കാണുന്നതെല്ലാം സ്കെച്ച് ചെയ്യുന്നതാണ് പതിവ്. കെ ജി സുബ്രഹ്മണ്യത്തെപ്പോലുള്ള ചിത്രകാരന്മാര്‍ തുറന്നിട്ട വഴികളാണ് ഷാജിയെ പ്രചോദിപ്പിക്കുന്നത്. പ്രാദേശികമായ ജീവിതം, കാഴ്ചകള്‍, രാഷ്ട്രീയം എല്ലാത്തിലേക്കും കണ്ണുകള്‍ തുറന്നുപിടിക്കാനുള്ള ശ്രമം. കലാകാരന്‍ ഗ്യാലറികളുടെ കരാറുകാരനാകരുതെന്ന് ഷാജി കരുതുന്നു. ചുറ്റുപാടും നടക്കുന്നതിനെക്കുറിച്ചെല്ലാം അങ്ങേയറ്റം ബോധ്യമുള്ളവനായി കലാകാരന്‍ മാറുമ്പോള്‍ നിരന്തരമായ ഇടപെടലില്ലാതെ അവന് മുന്നോട്ടുപോകാനാകില്ല. പണവും പ്രശസ്തിയുമല്ല യഥാര്‍ഥ കലാകാരന്‍ അന്വേഷിക്കുന്നത്. നിരന്തരമായ ഇടപെടലിലൂടെ സ്വയം നവീകരിക്കാനും കൂടുതല്‍ സംവേദനക്ഷമമായ ചിത്രഭാഷയിലേക്ക് വളരാനുമാണ് ശ്രമമമെന്ന് ഷാജി പ്രഖ്യാപിക്കുന്നു.

തൃശൂര്‍ ഫൈനാര്‍ട്സ് കോളേജില്‍നിന്ന് ചിത്രകല അഭ്യസിച്ച ഷാജി ബംഗളൂരുവില്‍ കുറെക്കാലം രചന നടത്തി. ഗുരുവായൂര്‍ സ്വദേശിയാണ്. നിലവില്‍ കൊച്ചിയില്‍ താമസം. തൃപ്പൂണിത്തുറയിലെ സ്റ്റുഡിയോയില്‍ മുഴുവന്‍സമയ ചിത്രരചന. ഭാര്യ: സുബി. മക്കള്‍: അലോക്, ആത്മ.

msasokms@gmail.com


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

പ്രധാന വാർത്തകൾ
 Top