വൈപ്പിന്‍ ചെറായി സ്വദേശി ഷിബുവിന്റെ രചനകള്‍ കാര്‍ട്ടൂണുകളായാണ് പരക്കെ അറിയപ്പെടുന്നതെങ്കിലും സ്വരൂപത്തില്‍ അവയെല്ലാം പെയ്ന്റിങ്ങുകള്‍തന്നെയാണ്. പെയ്ന്റിങ്ങിലും ഡ്രോയിങ്ങിലും ഫൈനാര്‍ട്സ് പഠനം പൂര്‍ത്തിയാക്കിയ ഷിബു എല്ലാ മീഡിയവും വഴക്കത്തോടെ കൈകാര്യം ചെയ്യും. ആവിഷ്കരണത്തിന്റെയും ആസ്വാദനത്തിന്റെയും സമകാല സമവാക്യങ്ങളെയാകെ സ്വാംശീകരിക്കുന്ന ഷിബുവിന്റെ രചനകള്‍ ഏറെയും രാജ്യത്തിനുപുറത്താണ് അംഗീകാരം നേടിയതെന്ന പ്രത്യേകതയുമുണ്ട്.
കാര്‍ട്ടൂണുകളിലേതുപോലെ ലളിതവും ശക്തവുമാണ് ഷിബുവിന്റെ രേഖകള്‍. എന്നാല്‍, പെയ്ന്റിങ്ങിന്റെ വര്‍ണചാരുതയും തീക്ഷ്ണതയും അവയെ പരമ്പരാഗത കാര്‍ട്ടൂണ്‍ സങ്കല്‍പ്പങ്ങളില്‍നിന്ന് വേറിട്ട് നിര്‍ത്തുന്നു. എളുപ്പത്തില്‍ ആസ്വാദകനിലേക്ക് എത്തിച്ചേരുന്ന ആശയാടിത്തറയാണ് മറ്റൊരു സവിശേഷത. കാഴ്ചക്കാരനുമായി നിറഞ്ഞ് സംവദിക്കുന്ന അതിലെ ബിംബചേരുവകള്‍ ആസ്വാദകന്റെ കാഴ്ചപ്പാടുകളെ എളുപ്പത്തില്‍ സ്വാധീനിക്കുന്നു. നവമാധ്യമങ്ങളില്‍ ഏറെ പ്രചാരമുള്ള രചനാ രീതിയായി ഇത് കണക്കാക്കപ്പെടുന്നു. പ്രത്യേക രാഷ്ട്രീയത്തെയോ നിലപാടുകളെയോ പ്രതിനിധാനം ചെയ്യുമ്പോഴും വിശാലമായ ലോകവീക്ഷണം മുന്നോട്ടുവയ്ക്കുന്ന രചനാശൈലിയായി ഇത് കണക്കാക്കപ്പെടുന്നുണ്ട്.
രണ്ടു പതിറ്റാണ്ടോളമായി ലോകത്തെ ശ്രദ്ധേയമായ കാര്‍ട്ടൂണ്‍ മത്സരങ്ങളിലെല്ലാം ഷിബുവിന്റെ ചിത്രങ്ങള്‍ സമ്മാനിതമാകുന്നു. ഇതുവരെ നാല്‍പ്പതിലേറെ അന്തര്‍ദേശീയ കാര്‍ട്ടൂണ്‍ മത്സരങ്ങളില്‍ ഷിബു പങ്കെടുത്തുകഴിഞ്ഞു. ചിത്രകലയില്‍ വലിയ പാരമ്പര്യമൊന്നും അവകാശപ്പെടാനില്ലാത്ത ഷിബു ജ്യേഷ്ഠന്‍ നാരായണന്‍കുട്ടിയുടെ വരവഴികളെ പിന്തുടര്‍ന്നാണ് ചിത്രങ്ങളുടെ ലോകത്തെത്തിയത്. കാര്‍ട്ടൂണിസ്റ്റ് സീരിയുടെ കീഴില്‍ വരയഭ്യസിച്ചു. കേരള കാര്‍ട്ടൂണ്‍ അക്കാദമിയുടെ കാരിക്കേച്ചര്‍ മത്സരത്തില്‍ സമ്മാനിതനായത് ഈ രംഗത്ത് ഉറച്ചുനില്‍ക്കാനുള്ള പ്രേരണയായി. തുടര്‍ന്ന് രണ്ടുവട്ടം ഹിന്ദുസ്ഥാന്‍ ടൈംസിന്റെ കാരിക്കേച്ചര്‍ മത്സരത്തില്‍ വിജയിയായി.
ചൈനയില്‍ നടന്ന ആദ്യ ഫ്രീ കാര്‍ട്ടൂണ്‍ വെബ് ഇന്റര്‍നാഷണലില്‍ ഷിബുവിന്റെ രചന പ്രത്യേക പരാമര്‍ശംനേടി. തുര്‍ക്കിയില്‍ നടന്ന ഐഡിന്‍ ഡോഗന്‍ കാര്‍ട്ടൂണ്‍ ഫെസ്റ്റിവലില്‍ സമ്മാനിതമായ ഷിബുവിന്റെ രചന ലോകശ്രദ്ധ നേടി. വിശാലമായ മരുഭൂമിയിലെ മണല്‍ക്കാടുകളില്‍ കുതിച്ചുച്ചാടുന്ന ഡോള്‍ഫിനുകളെ ചിത്രീകരിച്ച ദി ഡെസേര്‍ട്ട് എന്ന ചിത്രമായിരുന്നു അത്. ആഗോള താപനവും കാലാവസ്ഥാ വ്യതിയാനവും ആഗോള ചര്‍ച്ചകളില്‍ കടന്നുവരുന്ന കാലമായിരുന്നു അത്. ഭീഷണമായ ഭാവിയുടെ പ്രവചനംപോലെ ദി ഡെസേര്‍ട്ട് കാഴ്ചകളെ പൊള്ളിച്ചു. വെട്ടിയൊഴിച്ച മരക്കുറ്റികളില്‍ വലിച്ചുകെട്ടിയ തന്ത്രികളില്‍ സംഗീതം മീട്ടുന്നയാളുടെ ചിത്രമാണ് മറ്റൊന്ന്. പാരിസ്ഥിതിക ഭീഷണികളിലേക്കും അര്‍ഥം നഷ്ടപ്പെട്ട വികസനവായ്ത്താരികളുടെ പൊള്ളത്തരത്തിലേക്കും ചിന്തകളെ നയിക്കാന്‍ പോന്നതായിരുന്നു ആ ചിത്രം. വേനല്‍ കുടിച്ചുതീര്‍ത്ത ഈര്‍പ്പത്തിന്റെ ഓര്‍മയില്‍ വരണ്ട മണ്ണിലൂടെ വഞ്ചിയൂന്നിപ്പോകുന്ന മനുഷ്യന്റെ ചിത്രം വിപുലമായ അര്‍ഥവ്യാപ്തികളിലേക്കാണ് തുഴയെറിയുന്നത്.
ബെല്‍ജിയത്തിലും പോളണ്ടിലും ചൈനയിലും ജപ്പാനിലുമെല്ലാം നിരവധി രചനകള്‍ ഇതിനകം പ്രദര്‍ശിപ്പിച്ചുകഴിഞ്ഞു. ഇതിനകം മുപ്പത്തഞ്ചോളം രാജ്യാന്തര പ്രദര്‍ശനങ്ങളില്‍ ഷിബുവിന്റെ രചനകള്‍ എത്തിക്കഴിഞ്ഞെങ്കിലും കേരളത്തില്‍ ഷിബുവിന്റെ ചിത്ര സമാഹാരത്തിന്റെ പ്രദര്‍ശനം ഇതുവരെ നടന്നിട്ടില്ല. ഫോട്ടോഗ്രാഫിയും കംപ്യൂട്ടര്‍ അധിഷ്ഠിത ഡിസൈനിങ്ങും ഷിബുവിന് താല്‍പ്പര്യമുള്ള മേഖലകളാണ്.
msasokms@gmail.com
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..