30 January Monday

വലിയ കാഴ്ചകളിലേക്ക് തുറന്ന ചെറുജാലകം

എം എസ് അശോകന്‍Updated: Sunday Feb 14, 2016

ഒരു അഞ്ചാംക്ളാസുകാരന്റെ ചിന്തയിലും കാഴ്ചയിലും ഇത്രയേറെ രൂപങ്ങളും വര്‍ണങ്ങളും ഉണ്ടോ എന്ന് അതിശയിക്കും കണ്ണന്‍ എന്ന പതിനൊന്നുകാരന്റെ ചിത്രങ്ങള്‍ കാണുമ്പോള്‍. കണ്ണന്‍ നിരന്തരം വരച്ചുകൊണ്ടിരിക്കുന്നു. അതിന് നേരവും കാലവുമില്ല. ചിലപ്പോള്‍ ദിവസങ്ങളോളം ബ്രഷും ചായവും തൊടില്ല. ഒരു പുസ്തകംവായനയ്ക്കുശേഷം അല്ലെങ്കില്‍ ഒരു പുറംയാത്ര കഴിഞ്ഞ് കാഴ്ചയുടെ തിക്കല്‍ അനുഭവപ്പെടുന്ന ഏതെങ്കിലും നേരത്ത് കണ്ണന്‍ ബ്രഷും ചായവുമെടുക്കും. വര്‍ണങ്ങള്‍ നേരിട്ട് കടലാസിലേക്ക് പകര്‍ന്ന് വേഗത്തിലാണ് വര. ബിംബങ്ങളും വര്‍ണങ്ങളും ഇടകലര്‍ന്ന് അമൂര്‍ത്തമായ കാഴ്ചയിലാകും ചിത്രങ്ങള്‍ എഴുതിത്തീരുക. കുട്ടിക്കാലത്തിന്റെ കുത്തിവരകള്‍ക്കപ്പുറം ആ ചിത്രങ്ങള്‍ വര്‍ണങ്ങളുടെ അര്‍ഥസമ്പുഷ്ടമായ ഭാഷ ആസ്വാദകനിലേക്ക് പകരുന്നുണ്ട്.

കണ്ണന്‍

കണ്ണന്‍

കണ്ണൂര്‍ പിലാത്തറ പെരിയാട് കമലിന്റെയും ഷീജയുടെയും ഏകമകനാണ് കണ്ണന്‍. പിലാത്തറ യുപി സ്കൂളിലെ അഞ്ചാംക്ളാസ് വിദ്യാര്‍ഥി. മകന്റെ ചിത്രരചനാശീലത്തില്‍ മാതാപിതാക്കള്‍ അത്ഭുതമൊന്നും കാണുന്നില്ല. രണ്ടുവയസ്സുമുതല്‍ ചിത്രങ്ങള്‍ വരയ്ക്കുന്നതില്‍ കമ്പം കണ്ടതിനാല്‍ ചായവും കടലാസും വാങ്ങി നല്‍കി. കുട്ടികൌതുകം പ്രോത്സാഹിപ്പിക്കാന്‍ രചനാസഹായി പുസ്തകങ്ങള്‍ വാങ്ങിക്കൊടുത്തെങ്കിലും അതിലെ വരകള്‍ പൂരിപ്പിക്കുന്നതിനേക്കാള്‍ കണ്ണന് താലപ്പര്യം സ്വന്തമായ കുത്തിവരകളിലായിരുന്നു. പ്രകൃതിദൃശ്യങ്ങള്‍ പകര്‍ത്തുന്നതിലായി പിന്നെ ശ്രദ്ധ. ചെറുകിട കച്ചവടക്കാരനായ കമല്‍ തന്റെ ഇടവേളകളില്‍ കണ്ണനെ കൂട്ടി ചിത്രപ്രദര്‍ശനങ്ങള്‍ കാണാനും മറ്റും പോകും. കമല്‍ കളിമണ്ണില്‍ ശില്‍പ്പങ്ങള്‍ ചെയ്യാറുണ്ട്. ചിത്രംവരയില്‍ കാര്യമായ ശ്രദ്ധ കാണിക്കുന്നതിനാല്‍ പരിശീലിക്കാന്‍ കുട്ടിയെ ഒരു സ്വകാര്യ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ അയച്ചെങ്കിലും കണ്ണന്‍ അവിടെ തുടര്‍ന്നില്ല. അവന്റെ അഭിരുചിയോട് യോജിച്ചുപോകുന്നില്ലെന്ന പരാതിയോടെ പരിശീലനം അവസാനിപ്പിച്ചു. ആദ്യമല്ലാം നാട്ടിലെ മത്സരവരകളില്‍ പങ്കെടുക്കാന്‍ പോയിരുന്നു. അവന്റെ വരകള്‍ക്ക് അത്തരം വേദികളില്‍ സമ്മാനം കിട്ടാതെ വന്നപ്പോള്‍ കമല്‍തന്നെ പറഞ്ഞു ഇനി മത്സരങ്ങള്‍ക്ക് പോകേണ്ടെന്ന്. എങ്കിലും സ്കൂള്‍തല മത്സരങ്ങളില്‍ കണ്ണന്‍ പങ്കെടുക്കാറുണ്ട്. ഉപജില്ലാതലത്തില്‍ രണ്ടുവട്ടം സമ്മാനിതനുമായി. ജന്മദിനാഘോഷം എന്ന വിഷയമാണ് വരയ്ക്കാന്‍ നല്‍കിയത്. അച്ഛനുമമ്മയും കണ്ണനുമുള്ള ഒരാഘോഷമാണ് അന്ന് വരച്ചത്.
കണ്ണന്റെ വരയില്‍ ഒരുതരത്തിലും ഇടപെടാറില്ലെന്ന് കമല്‍ പറഞ്ഞു. തുടക്കത്തിലെ പ്രകൃതിദൃശ്യ ചിത്രീകരണത്തില്‍നിന്ന് ഇപ്പോഴത്തെ വരകളിലേക്കുള്ള മാറ്റം സ്വാഭാവികമായിരുന്നു. മറ്റൊരു ചിത്രം നോക്കി പകര്‍ത്തുന്ന ശീലം പണ്ടേയില്ല. ഒരു പുസ്തകം വായിച്ചശേഷമോ ഉത്സവാഘോഷം കണ്ടുവന്നശേഷമോ ഒക്കെയാകും വര. തറവാട്ടുവീട്ടില്‍നിന്ന് താമസം മാറിയപ്പോള്‍ കണ്ണന്‍ വരച്ച ഒരു ചിത്രം കമല്‍ പുതിയ വീടിന്റെ ചുമരില്‍ ഫ്രയിം ചെയ്ത് തൂക്കിയിട്ടുണ്ട്. അത്തരം സന്ദര്‍ഭങ്ങളില്‍ അവന്‍ ചിത്രങ്ങളിലൂടെയാണ് സംവദിക്കുക. അമൂര്‍ത്ത സ്വഭാവത്തിലുള്ള ചിത്രമാണെങ്കില്‍ക്കൂടി സാധാരണക്കാരായ തങ്ങളെക്കൂടി സ്പര്‍ശിക്കുന്നതരത്തില്‍ എന്തോ ഒന്ന് കണ്ണന്റെ അത്തരം ചിത്രങ്ങളില്‍ വായിച്ചെടുക്കാനാകുമെന്ന് കമല്‍ പ
റഞ്ഞു. ജലച്ചായത്തിനു പുറമെ പെന്‍സില്‍ ഡ്രോയിങ്ങും ക്ളേമോഡലിങ്ങും കണ്ണന് താല്‍പ്പര്യമുണ്ട്.

കണ്ണന്റെ ചിത്രങ്ങളിലെ വര്‍ണങ്ങളുടെയും രൂപങ്ങളുടെയും ധാരാളിത്തം സമ്പന്നമായ ചിത്രഭാഷയുടെ ലോകം വെളിപ്പെടുത്തുന്നു. ആലങ്കാരികതയ്ക്കപ്പുറം അവ തന്മയത്വത്തോടെയും ഔചിത്യപൂര്‍ണമായും വിന്യസിക്കുന്നു. ബോധപൂര്‍വമായ ശൈലീകരണം സമ്മാനിക്കുന്നതിനേക്കാള്‍ സംവേദനക്ഷമതയും ആസ്വാദ്യതയും ആ ചിത്രങ്ങള്‍ കാഴ്ചക്കാരന് നല്‍കുന്നു. ഈ അവധിക്കാലത്ത് ഗാന്ധിപാര്‍ക്കില്‍ പ്രദര്‍ശിപ്പിക്കാന്‍ ആലോചനയുണ്ട്. അതിനുള്ള ഒരുക്കത്തിലാണ് കമല്‍. 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top