30 January Monday

മാറ്റിനിര്‍ത്തപ്പെടലുകളുടെ ശില്പഘടന

എം എസ് അശോകന്‍Updated: Sunday Mar 6, 2016

കണ്ണുകളും വായും മൂടിക്കെട്ടിയിട്ടാണെങ്കിലും അനൂപിന്റെ ശില്‍പ്പങ്ങള്‍ നിറയെ കാണുന്നു, പറയുന്നു. ചുറ്റുപാടിനോടുമാത്രമല്ല, അവനവനോടുകൂടിയാണ് അവ സംസാരിക്കുന്നത്. ഏറ്റവും ഒഴിവാക്കപ്പെട്ടവനുവേണ്ടിയാണ് ആ ശില്‍പ്പങ്ങള്‍ കാണുന്നത്. ഇടുക്കി ജില്ലയിലെ തോപ്രാംകുടിക്കടുത്ത് രാജമുടി പതിനാറാംകുളംകാരനായ അനൂപ് ആന്റണി അവിടെത്തന്നെ സ്ഥിരതാമസമാക്കി പത്തുവര്‍ഷത്തോളമായി ശില്‍പ്പകലയില്‍ ക്രിയാത്മകമായി ഇടപെട്ടുവരികയാണ്. ശില്‍പ്പകല പഠിച്ച് ചിത്രകലയിലേക്കോ മറ്റു മേഖലയിലേക്കോ വഴിമാറുന്നവരാണ് അധികം. അനൂപ് ശില്‍പ്പകലയില്‍ ഉറച്ചുനില്‍ക്കുന്നതുപോലെതന്നെ സ്വന്തം നാട്ടിലും ചുറ്റുപാടിലും പറ്റിനിന്ന് കലാപ്രവര്‍ത്തനം നടത്താന്‍ ആഗ്രഹിക്കുന്ന കലാകാരനാണ്. അത് പകരുന്ന കാഴ്ചകളും തിരിച്ചറിവുകളുമാണ് അനൂപ് ശില്‍പ്പങ്ങളിലൂടെ ആസ്വാദകലോകവുമായി പങ്കുവയ്ക്കുന്നത്.

അനൂപ് ആന്റണി

അനൂപ് ആന്റണി

എല്ലാ മാധ്യമങ്ങളിലും അനൂപ് അനായാസം ശില്‍പ്പവേലചെയ്യുന്നു. സിമന്റും ലോഹവുമാണ് ഒടുവില്‍ ചെയ്തിട്ടുള്ള ശില്‍പ്പങ്ങളുടെ മാധ്യമം. മനുഷ്യനും പ്രകൃതിയും ഇഴചേര്‍ന്ന് നില്‍ക്കുന്ന ശില്‍പ്പങ്ങള്‍ ഏറ്റവും നിസ്സഹായനായ മനുഷ്യരിലേക്കാണ് വെളിച്ചംവീശുന്നത്. വ്യക്തിനിഷ്ഠമായ സങ്കല്‍പ്പങ്ങളിലാണ് അവ ഉറപ്പിച്ചിരിക്കുന്നതെങ്കിലും രാഷ്ട്രീയവും സാമൂഹികവുമായ അവസ്ഥകളുടെ വ്യാഖ്യാനങ്ങളിലേക്ക് ആ ശില്‍പ്പങ്ങള്‍ വളരുന്നു. ഭാരമുള്ള ചിറകുകള്‍ എന്ന ശില്‍പ്പം മനുഷ്യന്റെ സ്വാതന്ത്യ്രേച്ഛയ്ക്കുമേല്‍ വച്ചുപിടിപ്പിക്കപ്പെടുന്ന ബാധ്യതകളുടെ ഭാരത്തിലേക്ക് കാഴ്ചക്കാരനെ നയിക്കുന്നു. ചിറകുകളെ മറ്റൊരുതരത്തില്‍ വ്യാഖ്യാനിക്കുന്ന നിറയെ സുഷിരങ്ങളുള്ള തോണിയില്‍ ചിറകുകള്‍ വിടര്‍ത്തി കൈകള്‍ മാറില്‍ പിണച്ചുകെട്ടി വിദൂരതയിലേക്ക് സ്വപ്നസഞ്ചാരം നടത്തുന്ന മനുഷ്യന്റെ ശില്‍പ്പം. ബോണ്‍സായ് എന്നു പേരിട്ട വലിയ ശില്‍പ്പം ചെടിച്ചട്ടിയില്‍ ഇന്ദ്രിയങ്ങളെല്ലാം മൂടിക്കെട്ടിനില്‍ക്കുന്ന മനുഷ്യരൂപമാണ്. മാറിയ കാലത്തെയും അവിടെ പുനര്‍നിര്‍മിക്കപ്പെടുന്ന മനുഷ്യനും മനുഷ്യനും തമ്മിലും പ്രകൃതിയുമായുമുള്ള ബന്ധങ്ങളെയും സൂക്ഷ്മമായി മനസ്സിലാക്കുന്നതില്‍നിന്ന് വെളിവാകുന്ന പാര്‍ശ്വവല്‍കൃതരുടെ രാഷ്ട്രീയം ഈ ശില്‍പ്പങ്ങളിലെല്ലാം സന്നിവേശിച്ചിരിക്കുന്നു. നഗരവല്‍ക്കരണത്തിന്റെയും പ്രകൃതിയില്‍നിന്നുള്ള അന്യവല്‍ക്കരണത്തിന്റെയും വ്യഥകളിലൂടെ അനൂപ് സഞ്ചരിച്ചെത്തുന്നത് വ്യക്തിനിഷ്ഠമായ ഉണര്‍വുകളിലേക്കാണെന്നുതോന്നുന്നു. അവയാകട്ടെ വിമലമായ മറ്റൊരു ലോകത്തെക്കുറിച്ചുള്ള സ്വപ്നങ്ങളിലേക്ക് പറക്കാനുള്ള ചിറകുകള്‍ ആസ്വാദകന് നല്‍കുന്നുണ്ട്.

കേരള സര്‍വകലാശാലയില്‍നിന്ന് 2007ല്‍ ബിഎഫ്എ നേടിയ അനൂപ് വെല്ലുവിളികളെ തരണംചെയ്തുതന്നെയാണ് ശില്‍പ്പനിര്‍മാണത്തില്‍ തുടരുന്നത്. ചിത്രം വരയ്ക്കുന്നതില്‍നിന്ന് വ്യത്യസ്തമായി കാഴ്ചകളെയും കാഴ്ചപ്പാടുകളെയും ത്രിമാനതലത്തില്‍ ആവിഷ്കരിക്കുന്നതിന്റെ ആനന്ദവും തൃപ്തിയും ശില്‍പ്പവേലയില്‍നിന്ന് ലഭിക്കുന്നതായി അനൂപ് പറഞ്ഞു. നിര്‍മിക്കാനും സൂക്ഷിച്ചുവയ്ക്കാനും മറ്റൊരിടത്തേക്ക് കൊണ്ടുപോകാനുമുള്ള പ്രയാസംമാത്രമല്ല ശില്‍പ്പികള്‍ നേരിടുന്നത്. പൊതുവില്‍ കേരളത്തിന്റെ കലാലോകത്ത് ശില്‍പ്പവേലയ്ക്ക് അര്‍ഹമായ പരിഗണന കിട്ടുന്നില്ലെന്ന ഖേദവും അനൂപിനുണ്ട്. കമീഷന്‍ ജോലികളാണ് ശില്‍പ്പികളെ നിലനിറുത്തുന്നത്. അക്കാദമികളുടെ ഈ രംഗത്തെ ഇടപെടല്‍ മറ്റു താല്‍പ്പര്യങ്ങള്‍ക്ക് വഴങ്ങിപ്പോകുന്നതായും അനൂപ് കരുതുന്നു.

2006 മുതല്‍ മൂന്നുവര്‍ഷം തുടര്‍ച്ചയായി അനൂപിന്റെ ശില്‍പ്പങ്ങള്‍ സംസ്ഥാന പ്രദര്‍ശനത്തില്‍ ഉള്‍പ്പെട്ടിരുന്നു. 2006ലും 2007ലും അക്കാദമിയുടെ പ്രത്യേക പരാമര്‍ശവും നേടി. പത്തുവര്‍ഷത്തോളമായി കേരളത്തിനകത്തും പുറത്തും പ്രദര്‍ശനങ്ങള്‍ നടത്തിവരുന്നു. നിരവധി സംസ്ഥാന ക്യാമ്പുകളിലും പങ്കെടുത്തു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..----
പ്രധാന വാർത്തകൾ
-----
-----
 Top