17 September Tuesday
എ. രാമചന്ദ്രൻ വിഷ്വൽ കൾച്ചറൽ ലാബ്‌ ദർബാർ ഹാൾ കലാകേന്ദ്രത്തിൽ

എ രാമചന്ദ്രൻറെ പുസ്തക കലാ ശേഖരങ്ങൾ ഇനി സഹൃദയ ലോകത്തിന്

വെബ് ഡെസ്‌ക്‌Updated: Saturday Aug 31, 2024

കൊച്ചി> അന്തരിച്ച വിഖ്യാത ചിത്രകാരൻ എ രാമചന്ദ്രൻറെ ജ്ഞാനസമ്പത്ത് തലമുറകളിലേക്ക് കൈമാറാനൊരുങ്ങി കേരള ലളിതകലാ അക്കാദമി. രാമചന്ദ്രന്റെ വിപുലമായ ഗ്രന്ഥശേഖരമടങ്ങുന്ന ധ്യാനചിത്ര:  എ. രാമചന്ദ്രൻ വിഷ്വൽ കൾച്ചറൽ ലാബ്‌' ദർബാർ ഹാൾ കലാകേന്ദ്രത്തിൽ സെപ്റ്റംബർ 1 ഞായറാഴ്‌ച മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്‌ഘാടനം ചെയ്യും.

രാമചന്ദ്രന്റെ ശേഖരത്തിലുണ്ടായിരുന്ന നാലായിരത്തോളം പുസ്തകങ്ങളും അദ്ദേഹത്തിന് ലഭിച്ച  പുരസ്കാരങ്ങളടക്കമുള്ള അമൂല്യ വസ്തുക്കളുമുൾപ്പെടുത്തിയാണ് വിഷ്വൽ കൾച്ചറൽ ലാബ് തയാറാക്കിയിരിക്കുന്നത്. രാമചന്ദ്രന്റെ കുടുംബമാണ് ഇവ അക്കാദമിക്ക് സംഭാവന ചെയ്തത്.

രാമചന്ദ്രന്റെ കലയെയും കാഴ്ചപ്പാടുകളെയും കുറിച്ചുള്ള പഠനകേന്ദ്രമായാണ് ധ്യാനചിത്ര വിഭാവനം ചെയ്തിരിക്കുന്നതെന്ന് അക്കാദമി അദ്ധ്യക്ഷൻ മുരളി ചീരോത്ത്, സെക്രട്ടറി എൻ. ബാലമുരളീകൃഷ്ണൻ എന്നിവർ അറിയിച്ചു. 

ക്ലാസിക്കൽ ഇന്ത്യൻ കല, ഐക്കണോഗ്രഫി, ഏഷ്യൻ, ആഫ്രിക്കൻ, ലാറ്റിൻ അമേരിക്കൻ കലാപാരമ്പര്യങ്ങൾ തുടങ്ങിയ വൈവിധ്യമാർന്ന വിഷയങ്ങളിലുള്ള രാമചന്ദ്രൻ്റെ അഗാധമായ താൽപ്പര്യം വെളിപ്പെടുത്തുന്നതാണ് ഈ കലാപുസ്തക ശേഖരം. ലോകത്തിന്റെ നാനാഭാഗത്തുനിന്നുമുള്ള കലാകാരരെക്കുറിച്ചുള്ള പഠനങ്ങളുടെയും മോണോഗ്രാഫുകളുടെയും ഒരു ശേഖരവും ഇതിലുൾപ്പെടുന്നു. രാമചന്ദ്രൻ്റെ തന്നെ തൻ്റെ സ്റ്റുഡിയോയിൽ രൂപകല്പന അതേ പുസ്തക ഷെൽഫുകളിൽ തന്നെയാണ് അക്കാദമിയിൽ പുസ്തകശേഖരമൊരുക്കിയിരിക്കുന്നത്. 

ഞായറാഴ്ച ഉച്ചക്ക് 12നു നടക്കുന്ന ഉദ്‌ഘാടന ചടങ്ങിൽ സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ അധ്യക്ഷത വഹിക്കും.

വ്യവസായ വകുപ് മന്ത്രി പി രാജീവ് മുഖ്യാതിഥിയായിരിക്കും.
വിഖ്യാത ചിത്രകാരനായ എ രാമചന്ദ്രൻ ഫെബ്രുവരി 10ന് തന്റെ 89 ാം വയസ്സിൽ ന്യൂഡൽഹിയിലാണ് അന്തരിച്ചത്. തിരുവനന്തപുരം ജില്ലയിലെ ആറ്റിങ്ങലിൽ 1935ലാണ് ജനനം. 1957ൽ കേരള സർവകലാശാലയിൽനിന്ന് മലയാളത്തിൽ എം.എ ബിരുദമെടുത്തു. 1961ൽ പശ്ചിമ ബംഗാളിലെ വിശ്വഭാരതിയിൽനിന്ന് ഫൈൻ ആർട്‌സിൽ ഡിപ്ലോമയെടുത്തു. 1965ൽ ഡൽഹിയിലെ ജാമിഇ മില്ലിയ്യയിൽ ചിത്രകലാ അധ്യാപകനായി ചേർന്നു. സർവകലാശാലയിൽ ചിത്രകലാ വിഭാഗം മേധാവിയുമായും പ്രവർത്തിച്ചു.

2005ലാണ് പത്മഭൂഷൺ ലഭിച്ചത്. 1969ലും 1973ലും ചിത്രകലയ്ക്കുള്ള ദേശീയ പുരസ്‌കാരം ലഭിച്ചു. 2004ൽ കേരള സർക്കാരിന്റെ രാജാ രവിവർമ പുരസ്‌കാരം ലഭിച്ചു. ചൈനീസ് പണ്ഡിതനും ശാന്തിനികേതനിലെ ചൈനീസ് പഠനകേന്ദ്രം സ്ഥാപകനുമായ ടാൻ യുവാൻ ഷാന്റെ മകൾ ടാൻ യുവാൻ ചമേലിയാണ് ഭാര്യ. മക്കൾ: രാഹുൽ, സുജാത.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top