ഒന്നിനുമല്ലാതെ വെറുതെ കോറിയിടുന്ന ചിത്രങ്ങള്‍ എന്നാണ് രചനാശൈലിയായി വികസിച്ച ഡൂഡ്ലിങ്ങിന്റെ നിര്‍വചനം. ക്ളാസ് മുറിയിലെ മടുപ്പിനിടയില്‍, ഫോണ്‍ സംഭാഷണത്തിനിടയില്‍, ഗൌരവമുള്ള എഴുത്തിനോ വായനയ്ക്കോ ഇടയില്‍, ആശുപത്രി ക്കിടക്കയിലെ തടവിനുള്ളില്‍ എന്നുവേണ്ട മനസ്സ് സ്വതന്ത്രമായി പറക്കാനാഗ്രഹിക്കുന്ന അബോധത്തിലെല്ലാം ഡൂഡ്ലിങ് സംഭവിക്കാം. വിശ്വകവി രവീന്ദ്രനാഥ ടാഗോറിന്റെ പ്രമുഖ കൈയെഴുത്തുകള്‍ക്കിടയിലെല്ലാം ഇത്തരം കോറിയിടലുകള്‍ ഉണ്ടായിരുന്നു. വിരസത നുഴഞ്ഞുകയറുന്ന വേളകളില്‍ അമേരിക്കന്‍ സെനറ്റ്ഹൌസിലെ ഹോട്ട്സീറ്റിലിരുന്ന് ഡൂഡില്‍ കോറിയിരുന്നവരാണ് പ്രസിഡന്റുമാരായിരുന്ന റൊണാള്‍ഡ് റീഗനും ബില്‍ക്ളിന്റനുമൊക്കെ. ഇത്തരം കുത്തിവരകള്‍ പിന്നീട് ശ്രദ്ധേയമായ സൃഷ്ടികള്‍ക്ക് വഴിതുറക്കാം. ഗൌരവമാര്‍ന്ന രചനാലോകത്തേക്ക് കൈപിടിച്ചുയര്‍ത്താം. കൊച്ചിയില്‍ സ്ഥിരതാമസക്കാരിയായ ഉമയുടെ രചനാവഴികളില്‍ ഇത്തരം കോറിയിടലുകള്‍ക്ക് ചെറുതല്ലാത്ത സ്ഥാനമുണ്ട്. ചുറ്റുപാടുകളുടെ മടുപ്പില്‍നിന്ന് ഊര്‍ന്നിറങ്ങിപ്പോകാന്‍ വെമ്പിയപ്പോഴൊക്കെയാകണം ഉമയുടെ വിരലുകള്‍ ചിത്രങ്ങള്‍ തീര്‍ത്തത്. ഇന്നിപ്പോള്‍ കൊച്ചിയിലെ ചിത്രസമ്പന്നമായ ലോകത്ത് സ്വയം അടയാളപ്പെടുത്തിയ ഒരു നിര പെയ്ന്റിങ്ങുകളുടെ രചയിതാവാണ് ഉമ എന്ന യുവ ചിത്രകാരി.
കവിത കുറിക്കുന്ന ശീലം പണ്ടേയുണ്ടായിരുന്നു. അല്‍പ്പകാലത്തെ ആശുപത്രിവാസത്തിന് ഇടയിലെപ്പോഴോ ആണ് കവിതയ്ക്കൊപ്പം ചിത്രങ്ങളും എഴുതിത്തുടങ്ങിയത്. ആശുപത്രിക്കിടക്കയില്‍ കിടന്നുള്ള കാഴ്ചകളും മറ്റും വരച്ചുതുടങ്ങി. മരുന്നുകളുടെ ഇടവേളയില്‍ ഉറക്കത്തെ ഒഴിപ്പിച്ചുനിര്‍ത്താനുള്ള എളുപ്പവഴിയും മതിമറന്നുള്ള ചിത്രമെഴുത്തുമാത്രമായി. ആശുപത്രി വിട്ടശേഷം ചിത്രപ്രദര്‍ശനങ്ങള്‍ കാണുന്നതും ഗ്യാലറികളില്‍ സമയം ചെലവഴിക്കുന്നതും പതിവായപ്പോള്‍ വര ഒപ്പം നടക്കാന്‍ തുടങ്ങി. കുട്ടിക്കാലംമുതല്‍ എഴുത്തിനോടെന്നപോലെ വരയോടും താല്‍പ്പര്യമുണ്ടായിരുന്നെങ്കിലും ഗൌരവമായെടുക്കാനുള്ള സാഹചര്യമില്ലായിരുന്നെന്ന് ഉമ പറഞ്ഞു. അതുകൊണ്ടുതന്നെ അക്കാദമിക്കായി ആ വഴി തെരഞ്ഞെടുക്കാനുമായില്ല. കടലാസില്‍ കുത്തിക്കോറിയിരുന്ന രചനകള്‍ പലതും പിന്നീട് ക്യാന്‍വാസിലേക്ക് പകര്‍ത്തി. വലുപ്പം കുറഞ്ഞ രചനകളായിരുന്നു ആദ്യകാലങ്ങളിലേത്. അക്രിലിക്കില്‍ വരച്ച ചെറുചിത്രങ്ങള്‍ രചനാശൈലിയുടെയും പ്രമേയത്തിന്റെയും കാര്യത്തില്‍ മൌലികവും വിപുലവുമാണ്. സ്വകാര്യമായ ഇച്ഛകളും സങ്കല്‍പ്പങ്ങളും ധാരാളമായി ഉമയുടെ ചിത്രങ്ങളില്‍ കടന്നുവരുമ്പോള്‍തന്നെ രാഷ്ട്രീയതീവ്രത

ഉമ വരച്ച സെല്‍ഫ്് പോര്‍ട്രെയിറ്റ്
നിറയുന്ന രചനകളും പില്‍ക്കാലങ്ങളില്‍ ഉണ്ടായിട്ടുണ്ട്. കൊച്ചിയില്‍ നടന്ന വനിതാ പാര്‍ലമെന്റിന്റെ ചിത്രരചനാക്യാമ്പില്‍ ഉമയുടെ ചിത്രം ശ്രദ്ധ നേടി. അകിട് പൊതിഞ്ഞുകെട്ടി, തലയില്‍ കുടുങ്ങിയ കുടവും പേറി വെള്ളത്തിലേക്ക് തലനീട്ടിനില്‍ക്കുന്ന ആടിന്റെ ഇമേജുള്ള ഏറ്റവും പുതിയ രചനയിലൂടെ ഉമ ശക്തമായൊരു രാഷ്ട്രീയം ഉന്നയിക്കുന്നു. ദൈവത്തിന്റെ സ്വന്തം നാടെന്ന അപകട പ്രഘോഷണത്തെ ബ്ളാക്ക് ബോര്‍ഡില്‍ എഴുതിവച്ച കവിതയിലൂടെ തുറന്നുകാട്ടുന്നു മറ്റൊരു രചന. പ്രതിലോമകരമായ വലതു രാഷ്ട്രീയം വാണിജ്യ താല്‍പ്പര്യങ്ങള്‍ മുന്‍നിറുത്തി നടത്തുന്ന ഇടപെടലിന്റെ അവിശുദ്ധതയിലേക്കാണ് ഈ ചിത്രം വിരല്‍ചൂണ്ടുന്നത്. അക്രിലിക്കിലും ചാര്‍ക്കോളിലുമുള്ള സെല്‍ഫ് പോര്‍ട്രെയ്റ്റുകളും രചനകളിലുണ്ട്.
സംസ്ഥാന ലളിതകലാ അക്കാദമിയുടെ വാര്‍ഷിക പ്രദര്‍ശനത്തിനുള്ള ചിത്രങ്ങളുടെ തെരഞ്ഞെടുപ്പില്‍ ഒരുപറ്റം ചിത്രകാരന്മാരെ ഒഴിവാക്കിയതു സംബന്ധിച്ച പരാതികള്‍ ഇപ്പോള്‍ ഉയരുകയാണ്. തന്റെ ചിത്രവും അക്കൂട്ടത്തില്‍ ഒഴിവാക്കപ്പെട്ടതിനെക്കുറിച്ച് ഉമ പറഞ്ഞു. ഇക്കാര്യങ്ങളില്‍ ചിത്രകാരന്മാരുടെ അക്കാദമിക് പിന്‍ബലവും വിധേയത്വവുംമാത്രം പരിഗണിക്കപ്പെടുന്നതിനോടുള്ള പ്രതിഷേധവും ഉമയുടെ വാക്കുകളില്‍ പ്രകടം. ഓര്‍മക്കുറിപ്പ് എന്ന ടൈറ്റിലോടുകൂടിയ പുതിയ ചിത്രമാണ് ഉമ അയച്ചിരുന്നത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..