സ്വന്തം ഉള്ളറകളെയും ഭൂതകാലത്തെയും നിഷേധിക്കുന്നവരുടെ കാലമാണിത്. ലോകം തെളിയുന്നതും അതിലിത്രയെങ്കിലും നന്മകള്‍ വിളഞ്ഞതും ഭൂതകാലത്തിലും ചിലര്‍ ജീവിച്ചതുകൊണ്ടുകൂടിയാണെന്ന് തിരിച്ചറിയാത്ത ഒരു തലമുറ ഇന്നുണ്ട്. സാമൂഹ്യമാധ്യമങ്ങളില്‍ അഭിരമിച്ച് ഉപരിപ്ളവമായ സ്വപ്നങ്ങളില്‍ മുഴുകിക്കഴിയുന്നവര്‍. ചുറ്റുപാടിനെയും സഹജീവികളെയും കണ്ടെത്താനോ തിരിച്ചറിയാനോ കഴിയാത്ത ഒരു തലമുറ രൂപപ്പെടുന്നുമുണ്ട്. ഉള്ളിന്റെ കറുപ്പിനെ തിരിച്ചറിയാനാകാതെ വെളുപ്പുകൊണ്ട് പൊതിഞ്ഞ്, വെളുപ്പിനെ പ്രണയിച്ച് അതിലേക്ക് സ്വയം ആവാഹിച്ച് കഴിയുന്നവര്‍ അനിവാര്യമായ ദുരന്തങ്ങളിലേക്ക് നടന്നുചെല്ലുന്നു. വെളുപ്പാണ് നന്മയെന്നും അതുമാത്രമാണ് ശരിയെന്നും കരുതുന്നവരാണ് ഇവര്‍. എന്നാല്‍, കറുപ്പുള്ളിടത്തു മാത്രമേ വെളുപ്പിന് നിലനില്‍ക്കാനാകൂ എന്നും ഇതു രണ്ടും പരസ്പര പൂരകങ്ങളാണെന്നും തിരിച്ചറിയാന്‍ ഇവര്‍ക്കാവുന്നില്ല. കറുപ്പിലും ചില നനമകളുണ്ടെന്നും അതുകൂടി ചേര്‍ന്നാണ് ലോകത്തെ സൃഷ്ടിക്കുന്നതെന്നും കണ്ടെത്താനാകാത്ത കാല്‍പ്പനികതയുടെ ലോകമാണ് അവരുടേത്. ഒന്നിന്റെയും ഉള്ളറകള്‍ കാണാതെ പുറംമോടിയുടെ ചിലന്തിവലകളില്‍ തെന്നിത്തെന്നി ജീവിക്കുന്ന ഒരു സമൂഹത്തെക്കുറിച്ചാണ് നന്മ പെരുമണ്ണയുടെ 'വെളുവെളുത്ത കറുപ്പ്' നാടകം പറയുന്നത്.
സോഷ്യല്‍ മീഡിയയില്‍ അഭിരമിക്കുന്ന നന്ദഗോപന്‍ എന്ന കഥാപാത്രത്തെ ചുറ്റിപ്പറ്റിയാണ് നാടകം സഞ്ചരിക്കുന്നത്. ഭൂതകാല ജീവിതങ്ങള്‍, അതിലെ നന്മകള്‍ എല്ലാം അയാള്‍ക്ക് അന്യമാണ്. സോഷ്യല്‍ നെറ്റ്വര്‍ക്ക് കൂട്ടായ്മ രൂപപ്പെടുത്തിയ വെളുത്ത ലോകം എന്ന ആശയത്തില്‍ ജീവിക്കാന്‍ അയാള്‍ ശ്രമിക്കുന്നേടത്താണ് കാര്യങ്ങള്‍ തുടങ്ങുന്നതും കുഴയുന്നതും. ലോകം വെളുത്തു കാ
ണാന്‍ ആഗ്രഹിക്കുന്നവര്‍ സ്വയം വെളുപ്പിക്കുകയാണ് ചെയ്യുന്നത്. അതിനായി വെളുത്ത വസ്ത്രം, വെളുത്ത ചായമടിച്ച വീട് തുടങ്ങി അങ്ങേയറ്റം ഉപരിപ്ളവമായ കര്‍മങ്ങളിലൂടെയാണ് നന്ദഗോപന്‍ സഞ്ചരിക്കുന്നത്. കറുപ്പിന്റെ കണികകളെപ്പോലും അയാള്‍ വെറുക്കുന്നു. സുഹൃത്തുക്കള്‍, ഭാര്യ ഗോപിക എല്ലാവരോടും അയാള്‍ക്ക് വെറുപ്പാണ്. എന്നാല്‍, അയാളുടെ ഉള്ളിലെ കറുപ്പിനെ നന്നായി തിരിച്ചറിയുന്ന ഭാര്യ ഗോപിക നന്ദഗോപനുമായി പൊരുത്തപ്പെടാന്‍ ബുദ്ധിമുട്ടുന്നുണ്ട്. പലപ്പോഴും അവളെ ഇറക്കിവിടുന്നു അയാള്‍. ഈ ഇറങ്ങിപ്പോക്കുപോലും അയാള്‍ക്ക് നേരംപോക്കാണ്. ഒടുവില്‍ ലോറന്‍സ് വെളുപ്പിന്റെ പ്രതിനിധിയായി എത്തുന്നു. സ്വീകരിച്ചാനയിച്ച് എത്തിയപ്പോഴാണ് ലോറന്‍സ് രോഗിയും കറുത്ത നിറമുള്ളവനുമാണെന്ന് തിരിച്ചറിയുന്നത്. അതോടെ അയാള്‍ അസഹിഷ്ണുത പ്രകടിപ്പിക്കുന്നു. തിരിച്ചുള്ള യാത്രയ്ക്കിടയില്‍ മരിക്കുന്ന ലോറന്‍സിന്റെ മൃതദേഹം മോര്‍ച്ചറിയിലുണ്ട്. മോര്‍ച്ചറിയിലെങ്കിലും അദ്ദേഹത്തിനെ തിരിച്ചറിയാനുകുമോ എന്ന ഗോപികയുടെ ചോദ്യം നന്ദനെ വലയ്ക്കുന്നു. കറുപ്പിനും വെളുപ്പിനുമപ്പുറത്ത് യാഥാര്‍ഥ്യത്തിന്റെ ലോകമുണ്ടെന്നും നന്ദന്‍ തിരിച്ചറിയുന്നു. സ്വയം തിരിച്ചറിയപ്പെടാതെ പോകുന്ന ഒരുവനാണ് താനെന്ന തിരിച്ചറിവനൊടുവില്‍ നന്ദഗോപന്റെ അസ്വസ്ഥതയിലാണ് നാടകം ഒടുങ്ങുന്നത്.
റിയലിസ്റ്റിക് തിയറ്റര്‍ ഭാഷയില്‍ പറഞ്ഞുപോയ നാടകം പുതുലോകത്തെക്കുറിച്ചും നന്മയെക്കുറിച്ചുള്ള അവരുടെ കാല്‍പ്പനികസ്വപ്നത്തെക്കുറിച്ചും ഓര്‍മിപ്പിക്കുന്നു. കടന്നുപോന്ന വഴിയെല്ലാം നിഷേധിച്ചും തങ്ങള്‍ കണ്ടതും കണക്കുകൂട്ടിയതും മാത്രമാണ് ശരിയെന്നു കരുതുന്ന 'മുഖപുസ്തക പോരാളി'കളെയാണ് നാടകം നിരന്തരം ഓര്‍മിപ്പിക്കുന്നത്.
ഗിരീഷ് കളത്തിലാണ് രചനയും സംവിധാനവും. ചമയം, രംഗകല: കെഎംസി പെരുമണ്ണ, ലൈറ്റ:് റോയ് തൃശൂര്‍, സംഗീതം: വിനോദ് നിസരി. ഗിരീഷ് ഇല്ലത്തുതാഴം, രാജന്‍ മുപ്പാലം, കലാമണ്ഡലം ശ്രീരേഖ എന്നിവരാണ് മുഖ്യകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സത്യന്‍ പാറമല്‍, ബിജു, രാമകൃഷ്ണന്‍ എന്നിവരും അരങ്ങിലെത്തുന്നുണ്ട്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..